Friday, June 7, 2024

സിനാന് 13 വയസ്സ്

 ഇന്ന് ജൂൺ ഏഴ് തീയതി.

ഞങ്ങളുടെ സിനാൻ ഇന്ന് 13 വയസ്സിലെത്തി. എല്ലാ വർഷവും ജൂൺ ഏഴിന് അവന്റെ ജന്മ ദിനത്തിൽ  അവന്റെ ഏതെങ്കിലും ഫോട്ടോയുമായെത്തി  നിങ്ങളോട് അവന്റെ വിശേഷങ്ങൾ ഞാൻ പങ്ക് വെക്കാറുണ്ട്.. ഇന്നും അത് ചെയ്യുന്നു. അവ്ന്റെ ഫോട്ടോകളിൽ എനിക്കിഷ്ടപ്പെട്ട ഒരു ഫോട്ടോ ഇവിടെ ചേർക്കുകയും ചെയ്യുന്നു.

ഇപ്പോഴും സിനാൻ സ്വയമേ നടക്കാറില്ല. വർത്തമാനം പറയുകയുമില്ല. പക്ഷേ കഴിഞ്ഞ വർഷത്തേക്കാളും മോൻ  മെച്ചപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കാര്യങ്ങൾ  സാവധാനത്തിൽ നിറുത്തി നിറുത്തി പറഞ്ഞാൽ  അവന് മനസ്സിലാകും, അതനുസരിച്ച് ചലനങ്ങളിൽ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ അവനെ കൊതുക് കടിച്ച് പിടിച്ച് ഇരുന്നാലും അവൻ അനങ്ങുകയില്ല. ജീവിതത്തിലെ പല വേദനകളോടൊപ്പമുള്ളതായിരിക്കും ഈ ഉപദ്രവവും എന്ന് അവൻ കരുതിക്കാണും. എന്നാൽ ഇപ്പോൾ കൊതുക് കടിച്ചാൽ അവൻ ചൊറിയുന്നുണ്ട്. അതായത് പ്രതികരണ ശേഷി ഉണ്ടാകുന്നുണ്ട്.എന്നതിന്റെ അടയാളമാകാമത്.

മറ്റ് ചില കാര്യങ്ങളിൽ   അവന് മുമ്പുള്ള  സ്വഭാവം ഇപ്പോഴും തുടരുന്നു. അതായത് ഇപ്പോഴും അവന് പാട്ട് കേൾക്കുന്നത് ഹരം തന്നെയാണ് ശാസ്ത്രീയ സംഗീതവും   പഴയ പാട്ടുകളുമാണ് താല്പര്യം. തലയാട്ടി രസിച്ച്കൊണ്ടിരിക്കും..  റാഫിയുടെ ദുനിയാ കെ രക് വാലേ പോലുള്ള പാട്ടുകളും, മലയാളത്തിലെ ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ പോലുള്ള പാട്ടുകളും  പുതിയ പാട്ടുകളിൽ ആട് ജീവിതത്തിലെ “പെരിയോനേ“  പാട്ടും  ക്ഷ  ഇഷ്ടായിട്ടുണ്ട് എന്ന് ഭാവങ്ങളിൽ നിന്നും വ്യക്തമാകുന്നു.

 ആഹാരത്തിൽ ഇഡിലും സാമ്പാറും അതിപ്രിയമാണല്ലോ.

ഇവിടെ നിന്നും 8 കിലോ മീറ്റർ ദൂരത്തിൽ കലയപുരം എന്ന സ്ഥലത്ത്  സിനാനെ പോലുള്ള കുട്ടികൾക്കായുള്ള സ്കൂളിൽ അവനെ കഴിഞ്ഞ വർഷം ചേർത്തു. രാവിലെ അവന്റെ മാതാപിതാക്കൾ സൈഫുവും ഷൈനിയും കോടതിയിൽ പോകുന്നതിനു മുമ്പ്   അവനെ വാഹനത്തിൽ സ്കൂളിൽ കൊണ്ട് വന്ന് വിടും. വൈകുന്നേരം സ്ഥാപനത്തിലെ ബസ്സിൽ അവിടത്തെ ജീവനക്കാർ മറ്റ് കുട്ടികളോടൊപ്പം അവനെ വീട്ടിൽ കൊണ്ട്  എത്തിക്കുകയും ചെയ്യും. സ്കൂളിൽ അവൻ കൂട്ടുകാരുമായി ഇടപെടുന്നുണ്ട്. അവരെ അവനും അവർക്ക് അവനെയും  വലിയ കാര്യമാണ്.  സിനാനോട് വീട്ടിൽ വെച്ച് കൂട്ടുകാരുടെ പേര് പറഞ്ഞ് സംസാരിച്ചാൽ അവൻ കണ്ണുകൾ വിടർത്തി മുഖത്ത് ഭാവങ്ങൾ പ്രകടിപ്പിക്കാറുണ്ട്. അവന്റെ കൂട്ടുകാരെ പറ്റി പറയാൻ അവന്റെ ഉള്ളകം ത്രസിക്കുന്നുണ്ടായിരിക്കാം. അവന് അതിന് കഴിയുന്നില്ലല്ലോ. എങ്കിലും ആ ഭാവമാറ്റം  ശുഭകരമായി എനിക്ക് അനുഭവപ്പെടുന്നു. വികാരങ്ങൾ പ്രതിഫലിപ്പിക്കാനുള്ള ശ്രമം എപ്പോഴും നാളെയെ പറ്റി നമുക്ക് പ്രതീക്ഷ നൽകുമല്ലോ

പ്രസവ സമയം 10 ദിവസം മുമ്പേ ആയിരുന്നു എന്ന കാരണത്താൽ ശ്വാസം മുട്ട് പ്രതിരോധിക്കാൻ  സ്വകാര്യ ആശുപത്രിക്കാർ ഇങ്ക്വിബേറ്ററിൽ മോനെ വെക്കുകയും തുടർന്നു ബന്ധപ്പെട്ട  ഡോക്ടറുടെ അനാസ്ഥയാൽ അവന് വിപത്ത് സംഭവിക്കുകയും ചെയ്തെന്നാണ് അറിയാൻ സാധിച്ചത്. പിന്നീട് സുപ്രസിദ്ധ ന്യൂറോ ച്കിൽസകൻ ഡോക്ടർ  മാർത്താണ്ഡൻ പിള്ളയുടെ ചികിൽസയിലാവുകയും ചെയ്തു. ഇപ്പോഴും മരുന്നുകൾ കഴിക്കുന്നുണ്ട്. ഇടക്കിടക്ക് ഫിസിയോ തെറാപ്പിയും, ഉണ്ട്.പിന്നെ മുകളിൽ ഇരിക്കുന്ന വലിയ ഡോക്ടറോട് ഹൃദയത്തിൽ തട്ടി പ്രാർഥിക്കാറുമുണ്ട്. അത് കൊണ്ട് തന്നെ  അവൻ നടക്കുമെന്നും സംസാരിക്കുമെന്നും സാധാരണ ജീവിതം കഴിച്ച് കൂട്ടുമെന്നും ഞങ്ങൾക്കെല്ലാം


ശുഭ പ്രതീക്ഷയുമുണ്ട്.

അതിനാലാണ്  ഞങ്ങളുടെ സിനാന് വേണ്ടി നിങ്ങളും പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നതു. പ്രാർത്ഥിക്കുമല്ലോ.


ഷരീഫ് കൊട്ടാരക്കര

No comments:

Post a Comment