മഴ ചെറുതായി ചാറുന്നുണ്ട്. ആലപ്പുഴ വട്ടപ്പള്ളിയിലൂടെ സക്കര്യാ ബസാറിലേക്ക് ഞാൻ നടക്കുകയാണ്.
നാളെ വലിയ പെരുന്നാളാണ്. ഇന്ന് പെരുന്നാൾ രാവും. ആലപ്പുഴയിൽ പെരുന്നാളിനെക്കാളും തലേ ദിവസം പെരുന്നാൾ രാവിനാണ് ആഘോഷം കൂടുതൽ. അത് കൊണ്ടാണ് ഇന്ന് തന്നെ ഞാൻ ഇവിടെ എത്തിയത്.
നിരത്തിലൂടെ നടക്കുമ്പോൾ പഴയ മുഖങ്ങളെ കാണാൻ എന്റെ കണ്ണ് ഉഴറി പാഞ്ഞു. ഒന്ന് സൊറ പറയാൻ വിശേഷങ്ങൾ ആരായാൻ മനസ്സിന് തിടുക്കമായി. കളിച്ച് വളർന്ന വീടും പരിസരവും കൂട്ടുകാരുമായി കളിച്ച് മറിഞ്ഞ മണൽ മൈതാനവും പിന്നെ പണ്ടത്തെ ആളെയും ആ വേലിക്കെട്ടും കാണുവാൻ കുറച്ച് സമയം മുമ്പ് ഞാൻ പോയിരുന്നു. എത്രയോ വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ എത്തുന്നത്. വീട് നിന്നിടത്ത് ഇരു നില കെട്ടിടം, വേലി നിന്നിടം മതിൽ. പിന്നെ ആ ആൾ ഹോ! അവരെല്ലാം ഏതോ സ്ഥലത്ത് എന്നെ ഓർക്കുകയോ ഓർക്കാതിരിക്കുകയോ ചെയ്ത് ഭാര്യയുടെ ഉമ്മയുടെ അല്ലെങ്കിൽ ഉമ്മുമ്മയുടെ റോൾ നിർവഹിച്ച് ജീവിക്കുകയായിരിക്കാം. ഇപ്പോൾ എന്റേതല്ലാത്ത പണ്ട് എന്റെ സ്വന്തമായിരുന്ന വീടിനെ അപരിചിതനെ പോലെ ഞാൻ നോക്കി നിന്നു.
മഴക്കാലത്ത് ഉമ്മയുടെ വഴക്ക് അവഗണിച്ച് ചൂണ്ടയും എടുത്ത് പാഞ്ഞ് ചെന്നിരുന്ന കുളങ്ങൾ ഞാൻ തിരക്കി . ആ കുളങ്ങളെല്ലാം നികത്തി അവിടെയെല്ലാം വലിയ കെട്ടിടങ്ങൾ....മണൽ നിറഞ്ഞ മൈതാനം നിറയെ വീടുകൾ. ബാല്യത്തിൽ കബഡി കളിച്ചിരുന്ന മാടനും പ്രാവും കളിച്ചിരുന്ന സ്ഥലമാണെന്ന് തിരിച്ചറിയാത്ത വിധം ആസ്ഥലം മാറിയിരിക്കുന്നല്ലോ
മനസ്സിന് വിങ്ങൽ അനുഭവപ്പെട്ടു പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെട്ടത് പോലെ.
സക്കര്യാ ബസാറിലെത്തി പടക്ക കടകൾ തിരക്കി. പെരുന്നാളിന് ഇറച്ചി പോലെ ഒഴിച്ച് കൂടാത്തതാണല്ലോ പടക്കവും. അബ്ദുക്കായും കുപ്പായം ഇടാത്ത കോയാ ഇക്കായും ഉണ്ടോ? അവരെല്ലാം പടക്ക വിൽപ്പനയുടെ തിരക്കിലായിരിക്കാം.
എല്ലാവരും എന്നെ സൂക്ഷിച്ച് നോക്കുന്നു . ഇത് ആരാ ഒരു പുതിയ കക്ഷി. ഞാൻ ഒരു പഴയ ആലപ്പുഴക്കാരനാണേ എന്ന് വിളിച്ച് കൂവി.
“ആര് പറഞ്ഞ് അല്ലാ എന്ന്...“.ജീവിത പങ്കാളിയുടെ സ്വരം കേട്ട് ഞാൻ ഞെട്ടി ഉണർന്നു. പകലുറക്ക സ്വപ്നം എന്നെ വല്ലാതെ തരളിതനാക്കി. കാര്യങ്ങൾ മനസ്സിലാക്കിയത് പോലെ അവൾ ചിരിച്ചു.
.ആലപ്പുഴയുമില്ല സക്കര്യാ ബസാറുമില്ല. പെരുന്നാൽ രാവ് തിരക്കുമില്ല. ഇവിടെ കൊട്ടാരക്കരയിൽ മിഥുന മാസത്തിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ഈ പെരുന്നാൾ രാവിൽ വിരസതയുടെ വീർപ്പ് മുട്ടലുമായി ഞാൻ ഉറങ്ങി ഉണർന്നു.
അങ്ങ് ദൂരെ ദൂരെ സക്കര്യാ ബസാറിൽ പെരുന്നാൾ രാവ് തിമിർത്ത് ആഘോഷിക്കുകയായിരിക്കും. എപ്പോഴും ഈ ദിവസത്തിൽ അവിടെ പോകാൻ ആഗ്രഹിക്കുന്ന എന്നാൽ ആ ആഗ്രഹം നിറവേറ്റാൻ കഴിയാത്ത ഈയുള്ളവന്റെ എല്ലാ ആശംസകളും നിങ്ങൾക്ക് അർപ്പിക്കുന്നു ചങ്ങാതിമാരേ!
ഈദ് മുബാരക്ക്.
ഷരീഫ് കൊട്ടാരക്കര.
No comments:
Post a Comment