ഇന്ന് മെയ് 27...
വർഷങ്ങൾക്കപ്പുറത്ത് ഒരു മെയ് 27 നാണ് പട്ടാ പകലിൽ എന്റെ ജീവിതത്തിൽ ഇരുട്ട് വന്ന് വീണത്. അന്നാണ് എസ്.എസ്.എൽ.സി. ഫലം പുറത്ത് വന്നത്. പത്രത്തിലെ കുനുകുനാ അക്കങ്ങളിൽ കൂടി അതി സൂക്ഷ്മതയോടെ പരതി നടന്നിട്ടും എന്റെ നമ്പർ കാണാൻ കഴിഞ്ഞില്ല. കയർ ഫാക്ടറിയിൽ ഉച്ചവരെ ജോലി ചെയ്ത് കഴിഞ്ഞാണ് ഉച്ച കഴിഞ്ഞുള്ള പരീക്ഷ എഴുതിയതെങ്കിലും ജയിക്കുമെന്ന ആത്മ വിശ്വാസം വളരെ വലുതായിരുന്നു. ഞാൻ ജയിക്കുമെന്ന് ആലപ്പുഴ വട്ടപ്പള്ളിയിൽ ഉള്ള എല്ലാവരും വിശ്വസിച്ചു. കാരണം കിട്ടുന്ന എല്ലാ പേപ്പറും നോട്ടീ3സും പത്രങ്ങളും വായിക്കുന്ന എനിക്ക് പരീക്ഷ ഒരു പരീക്ഷണമേ അല്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു. അദ്ധ്യാപകർക്കും ആ വിശ്വാസമുണ്ടായിരുന്നു. എല്ലാ കണക്ക് കൂട്ടലും തെറ്റി. ഞാൻ തോറ്റു.
പക്ഷേ ഞാൻ കരഞ്ഞില്ല. കരഞ്ഞത് എസ്.എസ്.എൽ.സി. ബുക്ക് കയ്യിൽ കിട്ടിയപ്പോഴായിരുന്നു. ഏറെ കഷ്ടപ്പെട്ട് പഠിക്കുന്ന കുട്ടികൾക്ക് കിട്ടുന്ന ഫസ്റ്റ് ക്ളാസിന്റെ മാർക്ക് എനിക്കുണ്ട്. അന്ന് അത് അപൂർവമായിരുന്നല്ലോ. പക്ഷേ ഇംഗ്ളീഷിന് മാത്രം 100ൽ 35 മാർക്ക്. അന്ന് ആ വിഷയത്തിന് 100ൽ 40 മാർക്ക് വേണമായിരുന്നു . 5 മാർക്കിന്റെ കുറവിൽ ഫസ്റ്റ് ക്ളാസിന്റെ മാർക്കുള്ള ഞാൻ തോറ്റു. വെറുതെ കരഞ്ഞു എന്ന് പറഞ്ഞാൽ ശരിയാവില്ല, വിങ്ങി വിങ്ങി കരഞ്ഞു.
സെപ്റ്റംബറിൽ വീണ്ടും എഴുതി ആദ്യ പരീക്ഷയേക്കാളും കുറവ് മാർക്കായാലും ഞാൻ എസ്.എസ്.എൽ.സി. എന്ന കടമ്പ കടന്നു. പക്ഷേ എന്റെ ഒരു വർഷം നഷ്ടപ്പെട്ടു. ആ നഷ്ടം എന്റെ ജീവിതത്തിന്റെ ഗതി മാറ്റി. ഒരിക്കൽ പോലും പ്രതീക്ഷിക്കാത്ത കടവിലേക്കായിരുന്നു എന്റെ യാത്ര. അടുത്ത അദ്ധ്യയന വർഷം വരെ വെറുതെ ഇരിക്കേണ്ടാ എന്ന് കരുതി ഹോമിയോപ്പതി പഠിക്കാൻ ഞാൻ പൊന്നാനിക്ക് സമീപം എടപ്പാളിലേക്ക് യാത്ര ചെയ്തു. ആ യാത്ര ജീവിതത്തിന്റെ ഗതി മാറ്റി വിട്ടു . ഏന്തെല്ലാമെന്തെല്ലാം അനുഭവത്തിലൂടെ ഇന്ന് ഇവിടെയെത്തി.
സായിപ്പിന്റെ ഭാഷക്ക് 5 മാർക്ക് കുറഞ്ഞ് പോയതിന്റെ കഥ ആയി മാറി എന്റെ ജീവിതം.
No comments:
Post a Comment