Thursday, November 23, 2023

ഇനിയും മറക്കാനാവില്ല...

 നവംബർ 23....ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത തീയതി. അന്നാണ് വാപ്പാ ഞങ്ങളെ വിട്ട് പിരിഞ്ഞ് പോയത്.

വർഷങ്ങൾ എത്രയായി എന്നതല്ല, ഇനിയും എത്ര വർഷങ്ങൾ കഴിഞ്ഞാലും ആ വേർപാട് മനസ്സിൽ ഉണ്ടാക്കിയ വേദനക്ക് ശമനം ഉണ്ടാവില്ല എന്നതാണ് സത്യം. കാരണം ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ചപ്പോൾ സ്വന്തം കാര്യം നോക്കാൻ അദ്ദേഹം മറന്ന് പോയിരുന്നല്ലോ. ഏവർക്കും മാതൃകയായിരുന്നു അദ്ദേഹം, അത് കൊണ്ട് തന്നെ ആവശ്യപ്പെടാതെ തന്നെ മറ്റുള്ളവരാൽ ബഹുമാനിക്കപ്പെടുകയും ചെയ്തു. ജീവിതത്തിന്റെ തത്രപ്പാടിനാൽ വെറും കാലി ചായയും ചാർമിനാർ സിഗററ്റുമായി ചുരുങ്ങിയപ്പോൾ മാരകമായ ക്ഷയ രോഗം ബാധിക്കുന്നതിന് ഒരു തടസ്സവുമില്ലായിരുന്നു. ആ കാലത്തെ പാവപ്പെട്ടവരുടെ കൂട്ടുകാരനായ ക്ഷയ രോഗം കാർന്ന് തിന്നുമ്പോഴും ആവശ്യമായ പരിരക്ഷ നൽകാൻ ആർക്കും കഴിഞ്ഞില്ല. അന്നത്തെ കാലഘട്ടവും അപ്രകാരമായിരുന്നല്ലോ.

ഫോട്ടോകൾ സ്റ്റുഡിയോവിൽ മാത്രം പരിമിതമായിരുന്ന അന്ന് പൈസാ മുടക്കി ഒരു ഫോട്ടോ എടുക്കാൻ  അദ്ദേഹം തുനിഞ്ഞില്ല, അത് കൊണ്ട് തന്നെ പിൽ കാലത്ത് വാപ്പായുടെ ഒരു ഫോട്ടോ കിട്ടാൻ ബന്ധുക്കളുടെ വിവാഹ ചടങ്ങുകളിൽ ഏതെങ്കിലുമൊന്നിൽ അദ്ദേഹം പതിഞ്ഞ് കാണുമോ എന്ന പ്രതീക്ഷയിൽ അത് കണ്ടെത്താൻ ഞാൻ ഏറെ അലഞ്ഞുവെങ്കിലും നിരാശമാത്രമായിരുന്നു ഫലം,

രാത്രി ഏറെ ചെന്നും മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെട്ടത്തിൽ വായന ശാലയിൽ നിന്നും കൊണ്ട് വരുന്ന പുസ്തകങ്ങൾ വായിച്ച് തീർക്കുന്ന വാപ്പാ ആയിരുന്നല്ലോ എന്റെ വായനാ ശീലത്തിന്  പ്രചോദനമായത് 

മരിക്കുന്നതിന് ഒരാഴ്ച മുമ്പ് കൊട്ടാരക്കരയിൽ നിന്നും  ആലപ്പുഴയിൽ എത്തിയ എന്നോട് “അടുത്ത ആഴ്ചയേ എന്തെങ്കിലും ഉണ്ടാകൂ എന്നും അന്ന് വന്നാൽ മതി വെറുതെ ലീവ് നഷ്ടപ്പെടുത്തേണ്ട എന്ന് “ സ്വന്തം മരണത്തെ പറ്റി പ്രവചിച്ചപ്പോൾ ,അത് ഏതോ സാധാരണ സംഭവത്തെ പറ്റി പറയും പോലുള്ള മട്ടായിരുന്നു.

ആലപ്പുഴ പടിഞ്ഞാറേ ജമാ അത്ത് പള്ളിയിലെ കബർസ്ഥാനിൽ അടക്കിയപ്പോൾ മറമാടിയ സ്ഥലം തിരിച്ചറിയാൻ  ഒരു അടയാളക്കല്ല് പോലും സ്ഥാപിക്കാൻ അന്ന് കഴിവില്ലായിരുന്നു. സിനിമാ സംവിധായകൻ ഫാസിലിന്റെ (ഫാസിൽ അന്ന് കുട്ടിയായിരുന്നു) അമ്മാവന്റെ മകൻ ബാബുവും മൂന്ന് കൂട്ടുകാരും ചേർത്തലയിൽ പന്ത് കളി കാണാൻ പോകും വഴി വളവനാട് വെച്ച് ഉണ്ടായ അപകടത്തിൽ മരിച്ച് പടിഞ്ഞാറേ ജമാ അത്ത് പള്ളിയിൽ കബറടക്കിയിരുന്ന  സ്ഥലത്തിന് സമീപമാണ് വാപ്പായെയും അടക്കിയതെന്ന തീരിച്ചറിവിൽ നിര നിരയായുള്ള ആ നാല് കബറിടങ്ങൾക്ക് സമീപത്തെ ആ സ്ഥലം സന്ദർശിക്കുമ്പോൾ പഞ്ചസാര പോലെ വെളുത്ത ആ പൂഴി മണ്ണിൽ ഇവിടെയെവിടെയോ വാപ്പാ ഉറങ്ങുന്നു എന്ന വിശ്വാസത്തിൽ പ്രാർത്ഥനാ നിരതനായി ഇന്നും നിൽക്കാറുണ്ട്.

 നവംബർ ഇരുപത്തി മൂന്നാം തീയതിയായ ഇന്നും മനസ്സ് കൊണ്ട് ആ സ്ഥലം സന്ദർശിച്ച് വാപ്പാക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.


No comments:

Post a Comment