വിഷം.... കൊടും വിഷം.....
ഏഴാം ക്ളാസ്സിൽ പഠിക്കുമ്പോൾ ഉച്ച നേരങ്ങളിൽ കഴിക്കാനായി ചിലപ്പോൾ അലൂമിനിയം തൂക്ക് പാത്രത്തിൽ ഞാൻ ചോറും അൽപ്പം മുളകു ചമ്മന്തിയുമായി സ്കൂളിൽ പോകുമായിരുന്നു.ആലപ്പുഴ കൊമ്മാടിക്കാരനായ ഭാസ്കരനായിരുന്നു എന്റെ അടുത്ത കൂട്ടുകാരൻ. ഉച്ചക്ക് ഞാൻ അവനുമായിരുന്നു ആഹാരം കഴിച്ചിരുന്നു. അവന്റെ പാത്രത്തിൽ ഞാൻ കൈ ഇട്ട് ചീര തോരനും മറ്റും വാരി തിന്നും. അവൻ എന്റെ പാത്രത്തിൽ നിന്നും മുളക് ചമ്മന്തി വാരി എടുക്കും. ഞങ്ങൾക്ക് പരസ്പരം ഈ കാര്യത്തിൽ എതിർപ്പോ തടസ്സമോ ഇല്ലായിരുന്നു. ഭാസ്കരനെ അന്യനായോ ഇതര മതസ്തനായോ ഞാൻ ഒരിക്കലും കണ്ടിരുന്നില്ല.അവൻ എന്നോടും അപ്രകാരം തന്നെ ആണെന്നാണ് എനിക്കിപ്പോഴും വിശ്വസിക്കാൻ ഇഷ്ടം. വിദ്യാഭ്യാസ കാലത്തിന് ശേഷം അവനെ ഞാൻ ഇത് വരെ കണ്ടിട്ടില്ലങ്കിലും.
മുസ്ലിം കേന്ദ്രമായ സക്കര്യാ ബസാറിലും വട്ടപ്പള്ളിയിലും അപൂർവമായാണ് ഇതര മതസ്തർ താമസിച്ചിരുന്നത്. എന്റെ വീടിന്റെ കിഴക്ക് വശം കാർത്യായനി അമ്മൂമ്മയും കുടുംബവും വാസു ചേട്ടനും ശിവാനന്ദൻ ചേട്ടനും മറ്റും താമസിച്ചിരുന്നു. കാർത്യായനി അമ്മൂമ്മയുടെ വീട്ടിലെ രവി അണ്ണനും, രാധ ചേച്ചിയും സരള ചേച്ചിയും അവർ അന്യരാണെന്ന് ഇത് കുത്തിക്കുറിക്കുന്ന സമയത്ത് പോലും എനിക്ക് വിചാരമില്ല.
44 പേർ ജോലി ചെയ്തിരുന്ന കൊട്ടാരക്കര സബ് കോടതിയിൽ ആ കാലത്ത് ഏക മുസ്ലിം ജീവി ഞാൻ മാത്രമായിരുന്നു. പക്ഷേ എനിക്കങ്ങിനെ ഒരു ചിന്തയോ അവർക്കാർക്കും എന്നോടപ്രകാരമോ കാഴപ്പാടോ ഇല്ലായിരുന്നു.ഇന്നും എന്റെ ഉണ്ണിയും (ഉണ്ണി ക്രിഷ്ണൻ), സുരേഷ്, മനോജ്, വിജയൻ പിള്ള തുടങ്ങിയവർ എന്നെ അണ്ണാ എന്ന് സംബോധന ചെയ്യുന്നു,അവർ എന്റെ സഹോദരങ്ങളെ പോലെയാണ് ബഹുമാന്യനായ ഡിസ്റ്റ്റിക്റ്റ്. (റിട്ട) ജില്ലാ ജഡ്ജ് വാസൻ സാർ ഇന്നും എന്റെ കുടുംബ കാര്യങ്ങൾ അന്വേഷിക്കാറുണ്ട്.
ഇപ്പോഴും എ ന്റെ മനസ്സിൽ എന്റെ പരിചയക്കാർ ഇതര മതത്തിൽ പെട്ടവരായാലും അവരെ വേറിട്ട് കാണാൻ കാണാൻ കഴിയുന്നില്ല. പക്ഷേ ഞാൻ ഉൾപ്പെട്ട സമുദായത്തൊട് പൊതുവേ ചിലരുടെ പ്രതികരണം കാണുമ്പോൾ വല്ലാത്ത വേദനയാണ് അനുഭവപ്പെടുന്നത്. പലസ്തീൻ പ്രശ്നത്തിലും കളമശ്ശേരി യഹോവാ സാക്ഷികളുടെ കണ്വെൻഷൻ സെന്ററിലെ ബോംബ് സ്ഫോടന സംഭവത്തിലും ഓൺ ലൈൻ മാധ്യമ പ്രതികരണങ്ങൾ കാണുമ്പോൾ അന്തം വിട്ട് പോവുന്നു. തെറ്റിനെതിരെ അത് ആരായാലും ശക്തമായി പ്രതികരിക്കണം.ആവശ്യമാണ് സമ്മതിക്കുന്നു. പക്ഷേ അത് ആ വ്യക്തി ഉൾപ്പെടുന്ന സമുദായത്തൊട് പൂർണമായി തിരിയുന്നത് കാണുമ്പോൾ ഭയം തോന്നുകയാണ്. ഇത്രയും പകയുമായാണോ നിങ്ങൾ ഈ സമുദായത്തെ കാണുന്നത്. കാണുമ്പോഴും നമസ്കാരം പറയുമ്പോഴും ചിരിക്കുമ്പോഴും നിങ്ങളുടെ മനസ്സിലെ കാഴ്ചപ്പാട് മറ്റൊന്നായിരുന്നുവോ.!
നിങ്ങളുടെ നാല് തലമുറക്കപ്പുറം ഈ സമുദായത്തിലെ എല്ലാവരും നിങ്ങളുടെ മതത്തിൽ പെട്ടവർ തന്നെയായിരുന്നു അല്ലാതെ ഇവിടെ താമസിക്കുന്ന ഇപ്പോൾ ആരോപണവിധേയമാകുന്ന മതത്തിലെ ഒരുത്തരും മക്കയിൽ നിന്നും മദീനയിൽ നിന്നും നേരിട്ട് വന്നവരല്ല. ഏതെങ്കിലും ശങ്കരന്റെയോ വാസു പിള്ളയുടെയോ ഗോവിന്ദന്റെയോ പിൻ തലമുറക്കാരാണവർ.
ഈ ഭാരതത്തിൽ അധിനിവേശം നടത്തിയ പോർത്ത്ഗീസുകാരെയും ഡച്ച്കാരെയും ഇംഗ്ളീഷ്കാരെയും ഫ്രഞ്ച്കാരെയും അതാത് രാജ്യത്തിന്റെ പേരുമായി കൂട്ടിച്ചേർത്ത് പറയുമ്പോൾ മുസ്ലിം അധിനിവേശക്കാരെ എന്തിന് മതവുമായി ബന്ധപ്പെട്ട് വിളിക്കുന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും മനസ്സിലെ പക മാറുന്നില്ല എന്നതല്ലേ സത്യം.
മനസ്സിലെ തെറ്റിദ്ധാരണകൾ മാറ്റി വെക്കാൻ സമയമായിരിക്കുന്നു.
ഈ മണ്ണിന്റെ ചോര തന്നെ എല്ലാവരുടെയും സിരകളിലൂടെ ഒഴുകുന്നത്. അതിന്റെ നിറം ചുവ്പ്പാണ് ആ ചോര ആവശ്യം വരുമ്പോൾ അപ്പോൾ ജാതിയും മതവും നോക്കാതെയല്ലേ നമ്മൾ സ്വീകരിക്കുന്നതും കൊടുക്കുന്നതും. പിന്നെന്തിന് മനസ്സിൽ കൊടും വിഷവുമായി നിങ്ങൾ കഴിയുന്നത്. ഒരേ സൂര്യന്റെ ചൂട് കിരണങ്ങളാണ് നമ്മളിലേവരിലും പതിക്കുന്നത് ഒരേ ചന്ദ്രന്റെ തണുത്ത രശ്മികൾ നമ്മെ തഴുകുന്നു. ഒരേ വായു നാം ശ്വസിക്കുന്നു. ഒരേ ആകാശത്തിന് കീഴിൽ പരസ്പരം കണ്ടും സ്നേഹിച്ചും കഴിയേണ്ടവരാണ് നാം.
ഒരു കോവിഡ് കാരണം കുറേ നാൾ നാം അനുഭവിച്ചത് ഒരിക്കലും മറക്കാതിരിക്കുക.
No comments:
Post a Comment