ഈ അടിച്ചേൾപ്പിക്കൽ തീർത്തും അസഹനീയമായിരിക്കുന്നു.
വർത്തമാന പത്രത്തിനുള്ളിൽ വിവിധ വ്യവസായികളുടെ പരസ്യത്തിനായുള്ള നോട്ടീസുകൾ കുത്തിച്ചേർത്തു നമ്മുടെ വീടുകളിനുള്ളിലേക്ക് അടിച്ചേൽപ്പിക്കുന്ന പ്രവണതയെ പറ്റിയാണ് സൂചിപ്പിക്കുന്നത്. ദിവസവും വലുതും ചെറുതുമായുള്ള മൂന്ന് നാല് നോട്ടീസുകൾ പത്രത്തിനോടൊപ്പം അടക്കം ചെയ്ത് നമ്മുടെ അടുത്തെത്തിക്കുക. നമ്മൾ ആവശ്യപ്പെടാതെ വീട്ടിനുള്ളിൽ എത്തുന്ന ഈ നോട്ടീസുകൾ ഉമ്മറത്തും പരിസരത്തും ചിതറി കിടന്ന് മാലിന്യമാകുക. നമ്മളെ കൊണ്ട് ഈ പരസ്യം വായിപ്പിച്ചേ അടങ്ങൂ എന്ന നിർബന്ധ ബുദ്ധിയാണ് ഇതിന് പുറകിൽ.
പത്രം വീട്ടിലെത്തിക്കുന്ന പയ്യനോട് മേലിൽ ഈ നോട്ടീസുകൾ പത്രത്തിലാക്കി കൊണ്ട് വരരുതെന്ന് കർശനമായി താക്കീത് ചെയ്തെങ്കിലും അവൻ നിസ്സഹായനായി പറഞ്ഞു. ഇത് ഞങ്ങൾ പത്രത്തിൽ ഉള്ളടക്കം ചെയ്യുന്നതല്ല, ഓരോ ബസ് സ്ടാന്റിലും ഇതിനായി ആൾക്കാർ ഉണ്ട്, അവർ നിർബന്ധമായി പത്രക്കെട്ടുകൾ എടുത്ത് അതിനുള്ളിൽ നോട്ടീസുകൾ കയറ്റി വിടുകയാണ്. അവർക്ക് അതിന് കൂലിയായി നോട്ടീസിന്റെ ഉടമസ്ഥർ നിശ്ചിത തുക നൽകുന്നുമു ണ്ട്.
അവൻ പറഞ്ഞതിൽ കുറച്ചൊക്കെ സത്യമുണ്ട്, എങ്കിലും പത്ര വിതരണക്കാർക്കും അൽപ്പ സ്വൽപ്പം വിഹിതം ഈ വിഷയത്തിലുണ്ട് എന്നതും മറച്ച് വെച്ച് കൂടാ. അങ്ങിനെ ഈ കൈത്തൊഴിൽ തഴ്ച്ച് വളർന്നിരിക്കുന്നു അതിനോടൊപ്പം നമ്മുടെ മുറ്റവും പരിസരവും ചിതറിക്കിടക്കുന്ന അനാവശ്യ കടലാസ്സിനാൽ മലിനമാക്കപ്പെടുകയും ചെയ്യുന്നു.
ഇത് അത്രക്ക് ഗൗരവമായ വിഷയമാണോ അവഗണിച്ചാൽ പോരേ? നോട്ടീസുകൾ കത്തിച്ച് കളഞ്ഞാൽ പോരേ? എന്ന ചോദ്യത്തിന് നമുക്ക് ആവശ്യമില്ലാത്ത ഒരു വസ്തു നമ്മുടെ ഉമ്മറത്ത് കൊണ്ടിടുന്നത് ഒരു തരത്തിൽ നമ്മളിലേക്കുള്ള ഒരു അധിനിവേശമായി തന്നെ കാണേണ്ടിയിരിക്കുന്നു എന്ന മറുപടിയാണുള്ളത്. മുറ്റം അടിച്ച് വാരുന്ന നമ്മുടെ സ്ത്രീകൾ മറ്റുള്ളവരുടെ നിർബന്ധനത്തിന് പിഴ ഒടുക്കുന്നതെന്തിന്?
കത്തിച്ച് കളഞ്ഞാൽ പോരേ എന്ന ചോദ്യത്തിന് ഇപ്പോൽ കടത്തി വിടുന്ന നോട്ടീസുകൾ മിക്കതും പ്ളാസ്റ്റിക് കോട്ടിംഗ് ഉള്ളതാണ്, അത് കത്തിക്കുമ്പോൾ ഉണ്ടാകുന്ന മാലിന്യ വായു മറ്റൊരുത്തന് ലാഭമുണ്ടാക്കുവാനായി നാമെന്തിന് ശ്വസിക്കണം എന്നൊരു മറു ചോദ്യവുമുണ്ട്.
കുറച്ച് കാലങ്ങൾക്ക് മുമ്പ് പത്ര ഉടമകൾ ഈ നോട്ടീസ് വിതരണം പത്രത്തിൽ ഉള്ളടക്കം ചെയ്ത് നടത്തുന്നതിനെ കർശനമായി എതിർക്കുകയും ഈ പരിപാടി നിത്തി വെക്കുകയും ചെയ്തിരുന്നു. അവരുടെ പരസ്യ വിഭാഗത്തിന് വരുമാനം കുറഞ്ഞു വന്നതിനാലാകാം അവർ അന്ന് പ്രതിഷേധിച്ചത്. അങ്ങിനെ കുറച്ച് കാലം ശല്യം ഒഴിഞ്ഞ് കിട്ടി. ഇപ്പോൾ ശങ്കരൻ വീണ്ടും അറ്റ് ദി കോക്കനട്ട് ട്രീയിലായിരിക്കുന്നു.
മറ്റൊരു അധിനിവേശമാണ്, നമ്മൾ രസകരമായി അസ്വദിച്ച് കൊണ്ടിരിക്കുന്ന സിനിമയ്ക്കിടയിൽ കയറ്റി വിടുന്ന പരസ്യ വീഡിയോകൾ. പരസ്യക്കാരന് ലാഭമുണ്ടാക്കാൻ അവൻ നമ്മുടെ ആസ്വാദനത്തിലേക്ക് കടന്ന് കയറി അവന്റെ ഞഞ്ഞാ പിഞ്ഞാ നമ്മിലേക്ക് കുത്തി ചെലുത്തുന്നു. അങ്ങിനെ നീ സുഖിച്ച് രസിച്ച് കാണണ്ടാ മോനേ!, ഇതും കൂടി കാണെടാ എന്ന മട്ട്.
ഇതൊന്നും ആരും നിയന്ത്രിക്കാനോ തടയാനോ വരില്ലാ എന്നാണ് ഇതിന്റെ പുറകിലുള്ള ഹുങ്കും ധിക്കാരവും. ശരിയാണ് നമുക്കെന്ത് ചെയ്യനൊക്കും. നമ്മുടെ ആസ്വാദ്യതയിലേക്ക് നമ്മൾ ആവശ്യപ്പെടാതുള്ള ഈ കടന്ന് കയറ്റത്തിന് നമ്മൾ കീഴടങ്ങുകയല്ലാതെ വേറെ മാർഗമെന്ത്.
എന്തായാലും ഞാൻ ഒരു തീരുമാനമെടുത്തിട്ടുണ്ട്. ഏത് പരസ്യമാണൊ നമ്മളെ ലക്ഷ്യമാക്കി നമ്മുടെ അനുവാദമില്ലാതെ വിക്ഷേപിക്കുന്നത് ആ പരസ്യത്തിനടിസ്ഥാനമായ ഉൽപ്പന്നം അത് എത്ര അനുപേക്ഷണീയമായാലും അത് വേണ്ടെന്ന് വെക്കുക. കോടാനുകോടി മനുഷ്യരിൽപ്പെട്ട വെറും ഒരു അംഗമായ എന്റെ ഈ വർജ്ജിക്കൽ നിസ്സാരമാണെങ്കിലും ആ പ്രവർത്തി എന്റെ മനസ്സാക്ഷിയെ സമാധാനപ്പെടുത്തുമല്ലോ. എന്നോട് യോജിക്കുന്നെങ്കിൽ നിങ്ങളും ഈ മാർഗത്തിൽ നിങ്ങളുടെ പ്രതിഷേധം നടപ്പിൽ വരുത്തുക.
No comments:
Post a Comment