കഴിഞ്ഞ് പോയ കാലത്ത് ലോക്ളാസ് കാണികളെ ആകർഷിക്കാൻ തെലുങ്കിൽ മന്ത്രവാദികളുടെയും മായാജാലത്തിന്റെയും സിനിമകൾ നിർമ്മിച്ച് അത് തമിഴിൽ ഡബ്ബ് ചെയ്ത് പ്രദർശിപ്പിച്ച് വന്നിരുന്ന സമ്പ്രദായം നില നിന്നിരുന്നു..വെള്ളി ശനി ഞായർ തിങ്കൾ ദിവസങ്ങളിൽ ആ സിനിമകൾ നല്ല കളക്ഷൻ തീയേറ്ററുകാർക്ക് നൽകുമായിരുന്നു എന്ന് ഇന്നും ഓർമ്മിക്കുന്നു. അന്നത്തെ സെക്സ് ബോംബുകളായ ജ്യോതി ലക്ഷിമിയും ജയമാലിനിയും വിജയ ലളിതയുമെല്ലാം അൽപ്പ മാത്ര വസ്ത്രധാരിണികളായി നിന്നും ഇരുന്നും കിടന്നുമുള്ള പോസ്റ്ററുകളായിരുന്നു ഈ സിനിമകളുടെ സവിശേഷത.
ആ സിനിമകളിലെല്ലാം മന്ത്ര വാദികളും മായാ ജാലങ്ങളും നിറയെ ഉണ്ടായിരുന്നു. വലിയ ഒരു മാക്സിയും ധരിച്ച് ഉണ്ടക്കണ്ണൂകളും കപ്പടാ മീശയും താടിയുമുള്ള കാഴചയിൽ ഭീമാകാരന്മാരായ മന്ത്രവാദികൾ രംഗത്ത് വന്ന് കയ്യിലെ മായാ ദണ്ഡ് വീശി “ജയ് പാതാള ഭൈരവി“ എന്നോ ജയ് മൊട്ട ഗോപുര മുനി“ എന്നോ ജയ് ജംഭാ ജയ് ബിംഭാ“ “ജീ ഭൂം ഭാ “ എന്നൊക്കെ അലറി പറയുമ്പോൾ സുന്ദരികൾ വന്ന് നൃത്തം ചെയ്യുന്നതും വിശിഷ്ട ഭോജ്യങ്ങൾ നിറച്ച താലങ്ങളും പാനീയങ്ങളും പറന്ന് വരുകയും ആവശ്യക്കാരുടെ മുമ്പിൽ നിരക്കുകയും ചെയ്യുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്. ചിലപ്പോൾ മന്ത്ര വടി വീശി “അവളെവിടെ കാണിച്ച് തരൂ“ എന്ന് അലറുമ്പോൾ ഏതെങ്കിലും കണ്ണാടിയിലോ ഇന്നത്തെ റ്റി.വി. പോലുള്ള പെട്ടിയിലോ ഉദ്ദേശിക്കുന്ന ആളെ കാണിച്ച് തരും..അടിമയായ ഭൂതത്തൊട് മന്ത്ര വടി വീശി പ്രശ്യാം മിലിഷ്യാം ഇജിപ്ഷ്യാം “എന്നൊക്കെ പറയുമ്പോൾ ആവശ്യമുള്ള ആഹാരം കൊണ്ട് വരുന്നു നമ്മളെ ഉദ്ദേശിച്ച സ്ഥലത്ത് കൊണ്ട് പോകുന്നു അങ്ങിനെയൊക്കെയുള്ള വിഭ്രമാത്മകമായ അനുഭവങ്ങളെ ആ വക സിനിമകളിൽ നമ്മൾ കണ്ടിരുന്നു. അന്നതെല്ലാം കാണുമ്പോൾ വട്ട് കേസെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് പതിവ്.
കാലം കുറേ ഇങ്ങ് കടന്ന് വന്നപ്പോൾ ആ വട്ട് കേസെല്ലാം കുറച്ചൊക്കെ യാത്ഥാർത്ഥ്യമായി പരിണമിക്കു ന്നത് കണ്ട് ഇന്ന് അന്തം വിട്ട് പോവുകയാണ്.
നമുക്ക് ഇഷ്ടമുള്ള ആഹാരം വസ്ത്രം ആഭരണം ചെരുപ്പ്, വാച്ച് മൊബൈൽ തുടങ്ങി എല്ലാ ലൊട്ട് ലൊടുക്ക് സാധനങ്ങളും നമ്മൾ “ജയ് പാതാള ഭൈരവി ഭൂം ഭാ“ എന്ന ഓൺ ലൈൻ കച്ചവട മന്ത്രം ഉരുവിട്ടാൽ ഭൂതം വീട്ട് പടിക്കൽ കൊണ്ട് വരുന്നു. കള്ളൻ ആര് കുറ്റം ചെയ്തവൻ ആര് എന്ന ചോദ്യം “ജയ് മൊട്ട ഗോപുര മുനി എന്ന മന്ത്രം സി.സി. റ്റി. വിയോട ഉരുവിടുമ്പോൾ ആള് ഇതാണ് എന്ന് മറുപടി മണി മണിയായി ആ ഭൂതം കാണിച്ച് തരുന്നു. ഏത് അവളുടെ സെക്സ് നൃത്തം കാണണോ വീഡിയോ എന്ന ഭൂതത്തൊട് ജയ് ജംഭാ ജയ് ബിംഭാ...ജീ ഭൂം ഭാ.. എന്ന മന്ത്രം ചൊല്ലി ബട്ടണിൽ ക്ളിക്കിയാൽ ദാ വരുന്നു സംഗതി പട പടാന്ന്.......
ചുരുക്കി പറഞ്ഞാൽ പണ്ട് സിനിമാക്കാർ പടമെടുത്ത് കാണിച്ച മന്ത്രവാദ അതിശയങ്ങളെല്ലാം ഇന്ന് ഒരു അതിശയവുമില്ലാതെ നമ്മൾ അനുഭവിച്ച് കൊണ്ടേ ഇരിക്കുന്നുവല്ലോ
No comments:
Post a Comment