പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ട് വന്ന് തൊണ്ടി എടുപ്പിക്കലും കുറ്റകൃത്യം എങ്ങിനെയാണ് ചെയ്തതെന്ന് അയാളെക്കൊണ്ട് പറയിപ്പിക്കലും പോലീസിന്റെ സ്ഥിരം പതിവാണ്. കുറ്റം തെളിയിക്കാനും മറ്റും ആ കർമ്മങ്ങൾ അത്യന്താപേക്ഷിതമാണ് സമ്മതിച്ചു. പക്ഷേ ആ നടപടികൾ ഉൽസവ പ്രതീതിയൊടെ ചെയ്യണമെന്ന് എന്താ ഇത്ര നിർബന്ധം. നാട്ടുകാരെ വരുത്തുക, മാധ്യമക്കാർക്ക് അറിവ് കൊടുത്ത് അവർ ക്യാമറായും സന്നാഹങ്ങളുമായി കൂട്ടത്തോടെ തമ്പടിക്കുക അവിടെ നടക്കുന്ന ഓരോ ചലനങ്ങളും ക്യാമറായിൽ ഒപ്പി എടുക്കുക എന്നിട്ടത് ചൂടോടെ ചാനലുകളിലും പിറ്റേന്ന് പത്രങ്ങളിലും എത്തിക്കുക ഇത് നിത്യ സംഭവങ്ങളായി തീർന്നിരിക്കുകയാണ്.
പ്രതികൾക്ക് മാതാ പിതാക്കൾ, കുട്ടികൾ, ഭാര്യ സഹോദരങ്ങൾ ഇവരെല്ലാം ഉണ്ടായിരിക്കും അവർ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങൾ പോലീസും പത്രക്കാരും തിരിച്ചറിയേണ്ടതില്ല അവർ അർമാദ ലഹരിയിലാണ്. പക്ഷേ ആ കർമ്മത്തിൽ ഭാഗഭാക്കാകുന്ന പൊതുജനം തിരിച്ചറിയേണ്ട ഒരു സത്യം ഉണ്ട്.ആ പ്രതിയും ഒരു മനുഷ്യ ജീവിയാണ് എന്നത്.. സ്വാഭാവികമായി ഈ വരികൾ വായിക്കുന്ന നിങ്ങളുടെ മനസ്സിൽ ഇപ്പോൾ ഒരു പ്രതികരണം വന്ന് കഴിഞ്ഞു. “അവൻ ആ മാതിരി കൃത്യം ചെയ്തിട്ടല്ലേ?“ അനുഭവിക്കട്ടെ അവനും ബന്ധുക്കളും“ എന്ന്.
തിരിച്ച് നിങ്ങളോട് ഒരു മറു ചോദ്യം ഉന്നയിക്കുകയാണ്. നിങ്ങൾ അത് നേരിൽ കണ്ടോ? ഇല്ലല്ലോ. പിന്നെ നിങ്ങൾ എങ്ങിനെ തീരുമാനിക്കുന്നു അവൻ ആ പ്രവർത്തി ചെയ്തുവെന്ന്. പോലീസ് കൊടുത്ത കഥ അതേപടി പത്രങ്ങളും ചാനലുകളും കോപ്പി പേസ്റ്റ് ചെയ്യുന്നു, അത് നിങ്ങൾ കാണുന്നു, വായിക്കുന്നു സംഭവത്തിന് ശേഷമുള്ള തുടർ ദിവസങ്ങളിൽ ഈ വാർത്തകൾ സജീവമായി നില നിൽക്കുന്നു, നിങ്ങളുടെ മനസ്സിൽ അവൻ തന്നെ പ്രതി അവനെ ക്രൂശിക്കുക എന്ന മുറവിളി ഉയരുന്നു. അവന് പറയാനുള്ളത് എന്തെന്ന് എപ്പോഴെങ്കിലും ഒരു പത്രമോ ചാനലോ പുറത്ത് വിടുമോ? നമ്പി നാരായണനെ നമ്മളെല്ലാവരും മറിയം റഷീദായുടെ ഫ്രോക്കുമായി കൂട്ടിക്കെട്ടിയിരുന്നു..അവസാനം എന്തായി.?
ഇപ്പോൾ നിങ്ങളുടെ മനസ്സിലുണ്ടായ ചോദ്യം പ്രസക്തമാണ്. “ഇങ്ങിനെയെല്ലാമാണെങ്കിൽ ഒരു പ്രതിയെയും ഒന്നും ചെയ്യാനൊക്കില്ലല്ലോ“ എന്ന്. അയാൾ പ്രതി അല്ല സുഹൃത്തേ! അയാൾ കുറ്റാരോപിതനാണ് അയാളെ കുറ്റക്കാരനെന്ന് വിധിക്കുന്നത് വരെ അയാൾ കുറ്റാരോപിതൻ മാത്രമാണ്`. നാട്ടിലെ നിയമ പരമായ എല്ലാ അവകാശങ്ങൾക്കും അർഹനാണയാൾ.
ഇനി നമുക്ക് വെറുതെ ഒന്ന് ചിന്തിക്കാം..സത്യത്തിൽ അയാൾ ആ കുറ്റം ചെയ്തിട്ടില്ലെങ്കിലോ..അപ്പോൾ ഈ ആൾക്കൂട്ടവും പ്രതിയെ കല്ലെറിയലും ആക്രോശവും അവനെ തൂക്കണം മുറവിളിയും വാനിൽ നിന്നിറക്കി നാലഞ്ച് പോലീസുകാരുടെ മദ്ധ്യത്തിൽ വിലങ്ങിട്ട് കൊണ്ട് വരവുമെല്ലാം നമ്മൾ ആഘോഷിക്കുന്നത് നമ്മൾ ആ പ്രതിയേക്കാളും കുറ്റക്കാരായത് കൊണ്ടല്ലേ?
ഞാൻ ഒന്നുകൂടി ആവർത്തിക്കുന്നു, ഒരു കേസ് തെളിയിക്കാൻ പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ട് വരുന്നതും മറ്റ് വിശദ വിവരങ്ങൾ ആരായുന്നതും തെറ്റാണെന്നല്ല ഞാൻ പറഞ്ഞ് കൊണ്ട് വരുന്നത്. ഈ ചടങ്ങുകൾക്കെല്ലാം ഈ മാധ്യമ പടയുടെ പ്രസക്തി എന്താണ് എന്നതാണ്. പൊതുജനത്തിന്റെ സാന്നിദ്ധ്യവും ആക്രോശവും എന്തിനാണ്`? കാരണം അവൻ കുറ്റക്കാരനാണ്`എന്ന് വിധിക്കപ്പെട്ടില്ലല്ലോ.
അവൻ കുറ്റം സമ്മതിച്ചല്ലോ പിന്നെന്താണ് കുഴപ്പമെന്നുള്ള ചോദ്യത്തിന് അവനെ ശരിക്കും അകത്തിട്ട് പൊരിച്ചിട്ട് അവൻ എന്ത് ചെയ്യണമെന്ന തിരക്കഥ തയാറാക്കിയാണ് അവനെ സംഭവ സ്ഥലത്ത് കൊണ്ട് വരുന്നതെന്ന് എത്ര പേർക്കറിയാം?
ആത്യന്തികമായി ഈ പ്രവർത്തികളുടെ ഫലമെന്താണ്. മാധ്യമങ്ങൾ ചാനലിൽ കാണിക്കുന്നതും പത്രങ്ങളിൽ എഴുതുന്നതും പോലീസ് കഥയാണ്. അത് വായിക്കുന്ന ദൃശ്യങ്ങൾ കാണുന്ന നിങ്ങളുടെ മനസ്സിൽ ഒരു വിചാരണ രൂപം കൊള്ളുകയും അവസാനം ആ കുറ്റാരോപിതൻ പ്രതിയായി തന്നെ സ്ഥിരപ്പെടുകയും ചെയ്യുന്നു. തെളിവുകളുടെ അഭാവത്താൽ അവനെ വെറുതെ വിട്ടാലും ആ വെറുതെ വിടൽ നിഷ്ക്കളങ്കമാണെന്ന് വിശ്വസിക്കാൻ നിങ്ങൾക്ക് ആവാതെ വരും. അതിനെ തുടർന്നുള്ള പ്രതികരണങ്ങൾ ഒട്ടും ശുഭമല്ലെന്ന് പല കേസുകളിലൂടെയും നാം കണ്ട് കഴിഞ്ഞു. പ്രതി എങ്ങിനെയെല്ലാമോ ആരെയോസ്വാധീനിച്ച് ശിക്ഷയിൽ നിന്നും രക്ഷപെട്ടു എന്നായിരിക്കും നാം മുഖ പുസ്തകത്തിലും മറ്റും കുത്തിക്കുറിച്ചിട്ടുള്ളത്.
ഇപ്പോൾ കേരളത്തിൽ നടന്ന് കൊണ്ടിരിക്കുന്ന പ്രമാദമായ ഒരു കേസിൽ അടുത്ത ദിവസം ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ നിന്നുമുണ്ടായ ഒരു വിധിയിലെ പരാമർശങ്ങൾ കൂടി ഞാനിവിടെ കുറിക്കുന്നു.
“ മാധ്യമങ്ങൾ പരിധി വിട്ടു.......കോടതികൾക്ക് മുന്നിലുള്ള വസ്തുതകൾ അറിയാതെയും നിയമ വശങ്ങളും വ്യവസ്തകളും മനസ്സിലാക്കാതെയും മാധ്യമ വിചാരണ മുൻ ധാരണകളുണ്ടാക്കുന്നു. വിമർശനം ജനാധിപത്യത്തിന്റെ നട്ടെല്ലാണ്. ആ ജോലിയാണ് മാധ്യമങ്ങൾ ചെയ്യേണ്ടത്.കേസിൽ ശരിയുടെയും ന്യായത്തിന്റെയും യുക്തിയുടെയും പരിധിക്കപ്പുറം മാധ്യമങ്ങൾ കടന്നിരിക്കുകയാണെന്നും നീതി നിർവഹണ കോടതിയെ ഇനിയെങ്കിലും അവരുടെ ജോലി ചെയ്യാൻ വിടണമെന്നും കോടതി പറഞ്ഞു “
No comments:
Post a Comment