Tuesday, December 22, 2020

കള്ളൻ ബിരുദം

 രണ്ട് ദിവസം കസ്റ്റഡിയിൽ പോലീസിന്റെ ക്രൂര മർദ്ദനം. 55 ദിവസം ജയിൽ വാസം. പിന്നെ പത്രക്കാർ ആഘോഷിച്ച  മോഷണ ബിരുദം. പോലീസ് കൊടുത്ത വാർത്ത ഉപ്പും മസാലയും ചേർത്ത് വിളമ്പിയപ്പോൾ  യാതൊരു തെറ്റും ചെയ്യാത്ത അഞ്ചൽ അഗസ്ത്യക്കോട്  താമസക്കാരനായ രതീഷ് നാട്ടുകാരുടെ മുമ്പിൽ കള്ളനായി. ഈ ബിരുദം ലഭിക്കുന്നതിന് മുമ്പ് അയാൾ ആട്ടോ ഡ്രൈവർ ആയിരുന്നു. കള്ളനെന്ന്  പോലീസ് പറഞ്ഞത് പത്രത്തിലൂടെ സ്ഥിരപ്പെട്ടപ്പോൾ നാട്ടുകാർക്കും കള്ളനായി. അമ്മയും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന ആ ചെറിയ കുടുംബം മാത്രം ആപത്ത് കാലത്തും അയാളോടൊപ്പം നിന്നു. അഞ്ചലിൽ ഒരു മെഡിക്കൽ സ്റ്റോറിൽ മോഷണം നടന്നപ്പോൾ  സി.സി.ടി.വിയിൽ കണ്ട രൂപത്തോട് സാദൃശ്യം  ഉണ്ടായത് രതീഷിന്റെ കുറ്റമല്ലല്ലോ. രണ്ട് ദിവസം അറസ്റ്റ് രേഖപ്പെടുത്താതെ  കുറ്റം സമ്മതിക്കാൻ ഇടിയോടെ ഇടി. എങ്കിലും രതീഷ് പിടിച്ച് നിന്നു കുറ്റം സമ്മതിക്കാതെ.

ഇപ്പോൾ അഞ്ച് വർഷത്തിന് ശേഷം വടക്ക് തിരൂരിൽ പിടികൂടപ്പെട്ട മോഷ്ടാവിന്റെയും  അഞ്ചലിലെ മോഷണ സ്ഥലത്ത് നിന്നും കിട്ടിയ മോഷ്ടാവിന്റെയും വിരലടയാളം  ഒന്നാണെന്ന് സ്ഥിതീകരിച്ചപ്പോൾ പോലീസ് ഭാഷ്യം അതേപടി പകർത്തിയ പത്രക്കാർ മോഷ്ടാവാക്കിയ  രതീഷ് കുറ്റവിമുക്തനായി. ഇതിനിടയിൽ അയാൾ എന്തും മാത്രം സഹിച്ചു. അതവിടെ നിൽക്കട്ടെ, സംശയം പോലും ഏശാത്ത ആ കുടുംബം എന്ത് പിഴച്ചു. പത്ര വാർത്ത വന്ന കാലഘട്ടത്തിലും തുടർന്നും  അവർ എന്തും മാത്രം സഹിച്ചു. ആ കുട്ടികൾ അന്ന് പള്ളീക്കൂടത്തിൽ പോയപ്പോൾ എന്തും മാത്രം വേദന തിന്ന് കാണണം.


മനുഷ്യാവകാശ ദിനം കഴിഞ്ഞ ദിവസം കടന്ന് പോയി. മനുഷ്യനായി ജീവിക്കാനുള്ള അവകാശം കിട്ടാതെ വരുന്ന  ഒരു വിഭാഗമാണ് കുറ്റാരോപിതർ. അന്വേഷണ സംഘം സംശയത്തിന്റെ പേരിൽ പിടിക്കുന്നവർ കുറ്റാരോപിതർ മാത്രമാണ്. അവർ കുറ്റം ചെയ്തു എന്ന് ആധികാരപ്പെട്ട കോടതി പറയുന്നത് വരെ അവർ കുറ്റാരോപിതർ മാത്രമാണ്.  അതിനു മുമ്പ് പത്രക്കാർ അവനെ        കുറ്റക്കാരനാക്കി വിധിച്ച് കഴിയും അത് പെണ്ണ് കേസിലായാലും മോഷണ കേസിലായാലും മറ്റേത് കേസിലായാലും ഫോട്ടോ സഹിതം  വാർത്ത പ്രസിദ്ധപ്പെടുത്തുന്നു. ആ വാർത്ത ഏറ്റ് പിടിച്ച് നവ മാധ്യമങ്ങൾ  പ്രതിയെ വിചാരണ ചെയ്ത് ശിക്ഷ വിധിച്ച് കഴിയും. ഇതെല്ലാം സംഭവിക്കുന്നത് പോലീസ് ഭാഷ്യത്തോടൊപ്പം കുറ്റാരോപിതന്  പറയാനുളളത് തുല്യ പ്രാധാന്യത്തിൽ പ്രസിദ്ധീകരിക്കാൻ പത്രക്കാർ മുതിരാത്തത് കൊണ്ടാണ്.


 വെറും സംശയത്തിന്റെ പേരിലോ പ്രതിക്കെതിരെയുള്ള വൈരാഗ്യത്താൽ മനപൂർവം കൊടുക്കുന്ന വ്യാജ പരാതിയുടെ അടിസ്ഥാനത്തിലെടുക്കുന്ന കേസുകളിലോ    നിരപരാധിയായ ഒരാളുടെ ഫോട്ടോ പോലീസ് എടുത്ത് പത്രത്തിൽ പ്രസിദ്ധീകരിക്കാൻ കൊടുക്കുമ്പോൾ അയാൾ അനുഭവിക്കുന്ന വേദന എത്രമാത്രമാണെന്നും അയാളുടെ കുടുംബാംഗങ്ങൾ അനുഭവിക്കുന്ന പീഡനത്തിന്റെ അളവ് എന്തും മാത്രമാണെന്നും തിരിച്ചറിയാതെ കേസിന്റെ വിധി വരുന്നതിന് മുമ്പ് തന്നെ അയാളെ പ്രതിയാക്കി അയാളുടെ അണ്ടർ വയറിന്റെ നിറം വരെ എന്താണെന്ന് അച്ച് നിരത്തുന്ന ഈ പ്രക്രിയ തന്നെയല്ലേ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം. 

No comments:

Post a Comment