Saturday, December 12, 2020

സൈബർ സെല്ലും ദുരുപയോഗവും

 ഇന്നലെ രാത്രിയിൽ എന്റെ ഫോണിലേക്ക്  +036682 എന്ന നമ്പറിൽ നിന്നും ഒരു വിളി വന്നു. ആ നമ്പറും കാളിന്റെ രീതിയും കണ്ടപ്പോൾ അത്  വിദേശത്ത് നിന്നുമായിരിക്കാം എന്നെനിക്ക് തോന്നി. പലരും എന്നെ അങ്ങിനെ വിളിക്കാറുണ്ട്.  അതിനാൽ  ഞാൻ ഫോൺ എടുത്ത് വിളിക്കുന്നതാരെന്ന് തിരക്കി.

“നിങ്ങളാരാണ്“ എന്ന മറു ചോദ്യം (സ്വരം പുരുഷന്റേതാണ്) എനിക്ക് മറുപടിയായി ലഭിച്ചതിനാൽ അൽപ്പം അസഹിഷ്ണതയാൽ “ എന്റെ ഫോണീലേക്ക് വിളിച്ചിട്ട് ഞാൻ ആരെന്ന് തിരക്കുന്നത് ശരിയായ നടപടിയല്ലാ, ആദ്യം നിങ്ങൾ  ആരെന്ന് പറയൂ എന്നിട്ട് ഞാൻ ആരെന്ന് പറയാം എന്ന് ഞാൻ പറഞ്ഞു. ഉടനെ നിങ്ങൾ  ആരെന്ന് പറയൂ എന്ന ദുശ്ശാഠ്യം നിറഞ്ഞ് നിന്ന ആവശ്യം വീണ്ടും എന്റെ ഫോണിലൂടെ ഒഴുകി എത്തി. ഒട്ടും മടിക്കാതെ  “നിങ്ങളാരെന്ന് പറയാതെ ഞാൻ ആരെന്ന് പറയില്ല“ എന്ന എന്റെ ദുശ്ശാഠ്യവും ആവർത്തിച്ചു.


“എങ്കിൽ സൈബർ സെല്ലുകാർ  ചോദിക്കുമ്പോൾ നിങ്ങളാരെന്ന് പറഞ്ഞാൽ മതി “ എന്നായി വിളിക്കുന്ന ആൾ. ‘ഓഹോ! എന്നാൽ അങ്ങിനെ ആകട്ടെ ഞാൻ അവിടെ പറഞ്ഞോളാം, എന്നെ വിരട്ടാൻ നോക്കേണ്ടാ, അത് കയ്യിൽ വെച്ചാൽ മതിയെന്നും നിങ്ങൾ സംസാരിക്കുന്നത് ഞാൻ റിക്കാർഡ് ചെയ്യുന്നുണ്ട് എന്നും ഞാൻ ഒട്ടും മയമില്ലാതെ പറഞ്ഞു.. ഒരു തെറ്റും ചെയ്യാത്ത ഞാൻ എന്തിന് ഭയക്കണം.


“നിങ്ങളുടെ ഫോണിൽ നിന്നും പല നമ്പറുകളിലേക്ക് ഫോൺ ചെയ്യുന്നുണ്ട്, അത് സൈബർ സെല്ലുകാർ  ചോദിച്ചൊളും“ എന്ന് വീണ്ടും അയാൾ പറഞ്ഞപ്പോൾ “എന്റെ ഫോണിൽ നിന്നും പല ഫോണിലേക്കും ഓരോ ദിവസവും കാളുകൾ പോവുകയും  പല നമ്പറുകളിൽ നിന്നും എന്റെ ഫോണിലേക്ക് കാളുകൾ വരുകയും  ചെയ്യുന്നത് നിങ്ങൾ ടാപ്പ് ചെയ്യുന്നുണ്ട് അത് കൊണ്ടാണല്ലോ നിങ്ങൾ അങ്ങിനെ പറഞ്ഞത്, അതിന് ഞാൻ സൈബർ സെല്ലിലേക്ക് പരാതി കൊടുക്കും എന്നായി ഞാൻ. “ കൊടുക്ക് ....കൊടുക്ക്...നമുക്ക് കാണാം...എന്നായി  അയാൾ.  തുടർന്ന് ഞാൻ ശബ്ദം ഉയർത്തി “ഷട്ടപ്പ് യുവർ ടാക്കിംഗ് എന്ന് പറഞ്ഞപ്പോൾ “ നിങ്ങൾ ഷൗട്ട് ചെയ്യെണ്ടാ,  എന്നോ മറ്റോ പറഞ്ഞ് അയാൾ കാൾ കട്ടാക്കി.


രാത്രി സമയത്തെ എന്റെ ഈ ഫോൺ വിളിയിൽ എനിക്കൽപ്പം ദേഷ്യം കൂടി പോയോ എന്ന സംശയത്താലും എന്റെ ഭാഗത്ത് നിന്നും തെറ്റുകൾ സംഭവിച്ചിട്ടുണ്ടോ എന്നും അറിയുന്നതിനായി ഞാൻ ഇന്നത്തെ ഫോൺ ഡീറ്റൈൽസ് പരിശോധിച്ചു. ഇല്ലാ ഒരു വിളിയും തെറ്റായി അങ്ങിനെ ഉണ്ടായിട്ടില്ല. ഇന്നലത്തെ കാളുകളും പരിശോധിച്ചു.


ഞങ്ങളുടെ സൽമാന് തിരുവനന്തപുരം ജില്ലയിലെ അരുവിക്കര സഹകരണ നഴ്സിംഗ് കോളേജിൽ  ബി.എസ്.സി. നഴ്സിംഗിന് അഡ്മിഷൻ ലഭിച്ചിരുന്നു. പക്ഷേ ആ കോളേജിൽ ആൺകുട്ടികൾക്ക് കോളേജ് വക ഹോസ്റ്റൽ സംവിധാനം ഇല്ലാത്തതിനാലും കൊട്ടാരക്കരയിൽ നിന്നും പോയി വരാൻ ദൂരം ഒരു പ്രതിബന്ധമാകയാലും അരുവിക്കര താമസ സൗകര്യം തേടി  ഞാൻ തിരുവനന്തപുരത്ത് എന്റെ സ്നേഹിതനും പൊതുക്കാര്യ പ്രസക്തനുമായ മെഹബൂബ് സാഹിബിന്റെ സഹായം തേടുകയും അദ്ദേഹത്തിന്റെ നിർദ്ദേശത്താൽ നെടുമങ്ങാടുള്ള  ഡോക്ടർ സുലൈമാനെ ഫോണിൽ ബന്ധപ്പെടുകയും അദ്ദേഹം എന്റെ പൂർവ സുഹൃത്തും പണ്ഡിതനും വാഗ്മിയുമായ  ജവാദ് സാറിന്റെ നമ്പർ തരുകയും ചെയ്തു. എസ്.എം.എസ്ലൂടെ കിട്ടിയ ആ നമ്പറിൽ ഞാൻ ജവാദ് സാറിനെ  വിളിച്ചു. ഫോൺ എടുത്ത ആൾ  നിങ്ങൾ “ രാവിലെ മുതൽ  ജവാദ് സാറിനെ വിളിക്കുന്നുണ്ടല്ലോ നിങ്ങൾ റോംഗ് നമ്പറിലാണ് വിളിക്കുന്നതെന്ന് പല തവണ പറയുന്നില്ലേ “ എന്നായി.  ഞാൻ സോറി പറയാൻ ആരംഭിച്ചപ്പോൾ ഒരു സ്ത്രീ  സ്വരം കേട്ടു.“ പോലീസിൽ വിളിച്ച് ആ നമ്പർ അങ്ങ് കൊടുക്ക്, പെണ്ണുങ്ങളുടെ  ഫോണിൽ വിളിക്കുന്നത് ഓരോർത്തന്മാരുടെ സൂക്കേടാ....“ ഞാൻ മറുപടി പറയുന്നതിന് മുമ്പ് കാൾ കട്ടായി.


പിന്നീട് ജവാദ് സാറിന്റെ മറ്റൊരു ഫോൺ നമ്പർ കിട്ടി സാറിനെ വിളിച്ച് സൽമാന്റെ താമസ സൗകര്യം ഏർപ്പാട് ചെയ്യാൻ  അപേക്ഷിച്ചപ്പോൾ മുകളിലെ സംഭവം ഞാൻ അദ്ദേഹത്തൊട് പറഞ്ഞു. “ആ നമ്പർ പണ്ട് ഞാൻ ഉപയോഗിച്ചതായിരുന്നു ഇപ്പോൾ പുതിയ നമ്പറാണ് ആ നമ്പറിലാണ് നിങ്ങൾ ഇപ്പോൾ വിളിച്ചത്  “ എന്ന് അദ്ദേഹം എന്നെ സമാധാനിപ്പിച്ചു, 


ഞാൻ ഈ രണ്ട് സംഭവങ്ങളും ഇവിടെ കുറിച്ചത് എന്റെ ഫോൺ നമ്പർ എങ്ങിനെയോ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നെനിക്ക് സംശയം തോന്നുന്നത് കൊണ്ടാണ് കാരണം രണ്ടാമത്തെ സംഭവത്തിൽ എനിക്ക് കിട്ടിയ മറുപടി “രാവിലെ മുതൽ നിങ്ങൾ വിളിക്കുന്നല്ലോ“ എന്നാണ്. ഞാൻ ഒരു തവണയേ വിളിച്ചുള്ളൂ. ആദ്യത്തെ  സംഭവത്തിൽ എന്റെ നമ്പറിൽ നിന്നും കാളുകൾ പോകുന്നു എന്നായിരുന്നു ആക്ഷേപം. ഞാൻ അറിയാതെ എന്റെ ഫോണിൽ നിന്നും കാളുകൽ പോകുന്നില്ല എന്നെനിക്കുറപ്പുണ്ട്. പിന്നെന്തിന് അയാൾ അങ്ങിനെ പറഞ്ഞു. ഒരേ നമ്പർ ഉള്ള രണ്ട് ഫോൺ ഉണ്ടാകുമോ? അഥവാ ആർക്കെങ്കിലും കടന്ന് കയറി എന്റെ ഫോൺ ഉപയോഗിക്കാൻ സാധിക്കുമോ? അങ്ങിനെയെങ്കിൽ കാൾ ഡീറ്റൈൽസ് എന്റെ ഫോണീൽ വരേണ്ടതല്ലേ?


ഇനി മറ്റൊരു വിഷയം ഇവിടെ കുറിക്കേണ്ടതുണ്ട്.  മേൽ പറഞ്ഞ രണ്ട് സംഭവങ്ങളിലും  എന്റെ ഭാഗത്ത് നിന്നും യാതൊരു കുറ്റവുമില്ല. പക്ഷേ ആ സ്ത്രീ ഒന്നും പരിശോധിക്കാതെ ഒരു വിശദീകരണവും ചോദിക്കാതെ ഉടനേ പറഞ്ഞത്  പോലീസിൽ  വിളിച്ച് പറയുക എന്നാണ്. പോലീസ് തിരക്കിയാൽ  ഞാൻ പറയുന്നത് വളരെ നിസ്സാരമായി  തെളിയിക്കപ്പെടും. എന്റെ ഫോണിലെ വിളികൾ  അതിൽ എസ്.എം.എസിൽ വന്ന നമ്പറുകൾ  ഇതെല്ലാം നിമിഷങ്ങൾക്കകം സത്യമെന്തെന്ന് പുറത്ത് കൊണ്ട് വരും.  പക്ഷേ ജനങ്ങളുടെ  ക്ഷമയില്ലായ്മ,  മുൻ പിൻ നോക്കാതെ  ഉടനെ “അവനെ ക്രൂശിക്കുക“  എന്ന മുറവിളി. ഇത് നിയമ അവബോധം കൂടി പോകുമ്പോഴുള്ള കുഴപ്പങ്ങളാണ്. മിണ്ടിപ്പോയാൽ  അത് മനപൂർവമാണോ അല്ലയോ എന്ന് നോക്കാതെ  ഒരു ഇരയെ കിട്ടിയ സന്തോഷത്താൽ എന്നെ ഉപദ്രവിച്ചേ ഞാൻ അവനെ പിടിച്ചേ എന്ന മുറവിളി നിയമം ദുരുപയോഗം ചെയ്യലാണ്.


ഐ.പി.സി.354 മുതലുള്ള വകുപ്പുകൾ സ്ത്രീ  സംരക്ഷണത്തിന് വേണ്ടിയുള്ളതാണ്. പക്ഷേ ഒരുത്തനെ കുരുക്കിലാക്കാൻ അതിലേതെങ്കിലും ഒന്നെടുത്ത് വീശിയാൽ മതി അവന്റെ കാര്യം കട്ടപ്പൊക. ഉടനെ വെണ്ടക്കാ കാളത്തിൽ പത്രക്കാർ അച്ച് നിരത്തും,  പിന്നീട് നിരപരാധി എന്ന് കണ്ടാലും പണ്ടത്തെ വാർത്തകൾ  കറയായി തന്നെ അവശേഷിക്കും. അതേ പോലെ തന്നെയാണ് സൈബർ സെല്ലിൽ ലഭിക്കുന്ന അപേക്ഷകളും.  അബദ്ധത്തിൽ കൈ തട്ടി കാൾ പൊകുന്നതും മനപ്പൂർവം ഉപദ്രവിക്കാൻ വിളിക്കുന്നതും രണ്ടും രണ്ടാണ്. പരാതികൊടുക്കണോ വേണ്ടയോ എന്ന്  തീരുമാനിക്കേണ്ടത് പൗരനാണ്. സൈബർ സെല്ലിൽ കൊടുക്കാൻ  ഇരയെ കിട്ടിയല്ലോ എന്ന ആഹ്ളാദം പൊങ്ങച്ചം നടിക്കലാണ്.


  ഉത്തമ വിശ്വാസം ഇല്ലാത്ത  സംഭവങ്ങളിൽ  നിയമം ദുരുപയോഗിക്കുന്നത് ശിക്ഷാർഹമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

No comments:

Post a Comment