പോളീസ് സ്റ്റേഷനുകളിൽ സി.സി.റ്റി.വി സ്ഥാപിക്കണമെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നു. മാത്രമല്ല, അന്വേഷണ ഏജൻസികളായ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ, റവന്യൂ ഇന്റലിജൻസ്, തുടങ്ങി ചോദ്യം ചെയ്യാനും അറസ്റ്റിനും അധികാരമുള്ള എല്ലാ ഓഫീസുകളിലും ഈ സംവിധാനങ്ങൾ സ്ഥാപിക്കണം എന്നും പരമോന്നത കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളിലെ പ്രവേശന കവാടം, പുറത്തേക്ക് പോകുന്ന വഴി, മെയിൻ ഗേറ്റ്, ലോക്കപ്പ്, ഇടനാഴി, ലോക്കപ്പ്, ലോബി, റിസിപ്ഷൻ, ലോക്കപ്പിന് പുറത്തുള്ള ഭാഗങ്ങളിലും സി.സി.റ്റി.വി. സ്ഥാപിക്കണമെന്നും പ്രസ്തുത നിർദ്ദേശം പാലിക്കപ്പെടുന്നുവെന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉറപ്പ് വരുത്തണമെന്നും കോടതി ഉത്തരവിട്ടു. മനുഷ്യാവകാശ ലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി സ്റ്റേഷനുകളിൽ ഇപ്രകാരം സി.സി.റ്റിവിയും റിക്കാർഡിംഗ് സംവിധാനവും സ്ഥാപിക്കണമെന്ന് 2018ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ 14 സംസ്ഥാനങ്ങൾ മാത്രമാണ് ഈ ഉത്തരവ് അനുസരിച്ചത്.
ലോക്കപ്പ് മർദ്ദനം ഒഴിവാക്കാൻ ഫലപ്രദമായ ഒരു പോംവഴിയാണിതെന്ന് നമുക്ക് തത്വത്തിൽ സമ്മതിക്കാം. പക്ഷേ കോടതി ഇന്ന് കാണുന്നത് പോലീസ് ഇന്നലെയേ കാണും. ഒരുത്തനെ ഇടിക്കണമെന്ന് പോലീസിന് തോന്നിയാൽ അവൻ ഇടി വാങ്ങിയിരിക്കും. അതിന് സ്റ്റേഷനും ലോക്കപ്പുമൊന്നും ആവശ്യമില്ല. അവനെ പിടിച്ച് വണ്ടിയിൽ കയറ്റുക, വണ്ടി ഇങ്ങനെ ഓടിക്കൊണ്ടിരിക്കും അവൻ ഇടി വാങ്ങിക്കൊണ്ടുമിരിക്കും. എന്നിട്ട് ഇടിച്ച് ഒരു പരുവത്തിലാക്കി സ്റ്റേഷനിൽ കൊണ്ട് വന്ന് ലോക്കപ്പിൽ നിക്ഷേപിക്കുക, പിന്നെ ഒന്നും ചെയ്യാതെ സി.സി.റ്റി.വി. നോക്കി സല്യൂട്ട് ചെയ്യുക, അത് മതിയാകുമല്ലോ..പിന്നേയ്! പോലീസിനോടാ കളി. കാലാകാലങ്ങളായുള്ള ഒരു നടപടിക്രമമാണ് ഈ ഇടി അത് നിർത്തുന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ് സാറേ!
കസ്റ്റഡി പ്രതിയെ ഇടിച്ച് ഒരു പരുവത്തിലാക്കിയിട്ട് മജിസ്റ്റ്രേട്ടിന്റെ മുമ്പിൽ ഹാജരാക്കുമ്പോൾ, അദ്ദേഹത്തിന്റെ ഒരു ചോദ്യമുണ്ട് പ്രതിയോട് (നിയമ പരമായ ഒരു ചടങ്ങാണത്) “പരാതി വല്ലതും ഉണ്ടോ?“ ഭൂരിഭാഗം പ്രതികളും ഒന്നുമില്ലാ പരാതി എന്ന് മൊഴിയും. കാരണം പുറത്തിറങ്ങുമ്പോൾ ബാക്കി ഇടി കൂടി അവന് കിട്ടുമെന്നറിയാം. അല്ലെങ്കിൽ ജയിലിൽ ചെന്നിട്ട് അവരുടെ വകയായി നടയടി ലഭിക്കും. ജെയിലും പോലീസ് സ്റ്റേഷനും അഛനും കൊച്ചാഛനുമാണല്ലോ!
പോലീസിനെ തെരഞ്ഞെടുക്കുന്നതിലും പരിശീലനം നൽകുന്നതിലും അടിമുടി മാറ്റങ്ങളാണ് ആവശ്യമുള്ളത്. അത് ശാസ്ത്രീയവുമായിരിക്കണം. അല്ലാതെ ഇരുട്ട് കൊണ്ട് ഓട്ടയടച്ചത് കൊണ്ട് ഒരു പ്രയോജനവുമില്ല.
No comments:
Post a Comment