മൂന്ന് തലമുറ വരെ നീണ്ട സിവിൽ കേസുകൾ ഉണ്ട്. മുൻസിഫ്ഫ് കോടതി, അപ്പീൽ സുബ് കോടതി, ഹൈക്കോടതി, അവസാനം സുപ്രീം കോടതി, ഇതെല്ലാം കഴിഞ്ഞ് ഒരു വിധിയുമായി എത്തുമ്പോൾ ചെറുപ്പക്കാരൻ മൂത്ത് നരച്ചിരിക്കും ചിലപ്പോൾ അടുത്ത തലമുറയോ അതിനടുത്ത തലമുറയോ ആയിരിക്കും അവശേഷിച്ചിരിക്കുക. അങ്ങിനെ അവസാനം നിരന്തര നിയമ പോരാട്ടത്തിനും സാമ്പത്തിക ചെലവുകൾക്കും വർഷങ്ങളെടുത്ത സമയ നഷ്ടത്തിന് ശേഷം ഒരു വിധി കയ്യിൽ കിട്ടിയാൽ പിന്നെ അത് നടപ്പിലാക്കി കിട്ടാൻ വിധി നടത്ത് എന്ന പ്രക്രിയയിലൂടെയാണ് കേസ് കടന്ന് പോകേണ്ടത്. അതിനും സമയവും സമ്പത്തും നഷ്ടപ്പെട്ട് ഒടുവിൽ വിധി നടപ്പിലാക്കാൻ കോടതി ഉത്തരവിട്ട് കോടതി ഉദ്യോഗസ്ഥനും സിൽബന്തികളും തർക്ക സ്ഥലത്തെത്തുമ്പോൾ അവിടെ പുതിയ ഒരു അവതാരം ഹാജരുണ്ടാവും. അയാളെ ക്ളൈമന്റ് അല്ലെങ്കിൽ തർക്കക്കാരൻ അല്ലെങ്കിൽ കൈവശക്കാരൻ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടും. (അത് കേസിലെ പ്രതി നിർമ്മിച്ച് കൊണ്ട് വന്നതാണ്. അതായത് ഈ വസ്തു ഒരിക്കലും വിധി നടപ്പാക്കി ഒഴിപ്പിക്കില്ലാ എന്ന നിർബന്ധ ബുദ്ധി) ക്ളൈമന്റിന് പറയാനുള്ളതും കേട്ട് അതിനെതിരെ അപ്പീലും മറ്റ് പോ്യി പറയാനുള്ളതും കേട്ട് മിക്കവാറും അയാളുടെ അപേക്ഷ തള്ളുമ്പോൾ ആ അപേക്ഷ തള്ളിയ ഉത്തരവിന്മേൽ അടുത്ത അപ്പീൽ. എല്ലാം കഴിഞ്ഞ് വാദി തന്റെ സ്ഥലം ഒഴിപ്പിച്ചെടുക്കാൻ വരുമ്പോൾ വിധി നടപ്പിലാക്കേണ്ട കോടതി പ്രതിനിധി ആയ ആമീൻ പോലീസ് സഹായം ആവശ്യപ്പെടും, കാരണം ഇത്രയും കാലം കേസ് നടത്തിയവൻ അടുത്ത ഏതെങ്കിലും ഉടക്ക് ഉണ്ടാക്കിയേക്കാം. ക്രമ സമാധാന ചുമതല നൽകാൻ കോടതി ഉത്തരവ് പോലീസിന് ലഭിക്കുമ്പോൾ അവർ സഹായത്തിനെത്തും. വിധി നടപ്പിലാക്കി സ്ഥലം ഒഴിപ്പിക്കും.
Tuesday, December 29, 2020
വിധി നടപ്പിലാക്കുമ്പോൾ.....
Tuesday, December 22, 2020
കള്ളൻ ബിരുദം
രണ്ട് ദിവസം കസ്റ്റഡിയിൽ പോലീസിന്റെ ക്രൂര മർദ്ദനം. 55 ദിവസം ജയിൽ വാസം. പിന്നെ പത്രക്കാർ ആഘോഷിച്ച മോഷണ ബിരുദം. പോലീസ് കൊടുത്ത വാർത്ത ഉപ്പും മസാലയും ചേർത്ത് വിളമ്പിയപ്പോൾ യാതൊരു തെറ്റും ചെയ്യാത്ത അഞ്ചൽ അഗസ്ത്യക്കോട് താമസക്കാരനായ രതീഷ് നാട്ടുകാരുടെ മുമ്പിൽ കള്ളനായി. ഈ ബിരുദം ലഭിക്കുന്നതിന് മുമ്പ് അയാൾ ആട്ടോ ഡ്രൈവർ ആയിരുന്നു. കള്ളനെന്ന് പോലീസ് പറഞ്ഞത് പത്രത്തിലൂടെ സ്ഥിരപ്പെട്ടപ്പോൾ നാട്ടുകാർക്കും കള്ളനായി. അമ്മയും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന ആ ചെറിയ കുടുംബം മാത്രം ആപത്ത് കാലത്തും അയാളോടൊപ്പം നിന്നു. അഞ്ചലിൽ ഒരു മെഡിക്കൽ സ്റ്റോറിൽ മോഷണം നടന്നപ്പോൾ സി.സി.ടി.വിയിൽ കണ്ട രൂപത്തോട് സാദൃശ്യം ഉണ്ടായത് രതീഷിന്റെ കുറ്റമല്ലല്ലോ. രണ്ട് ദിവസം അറസ്റ്റ് രേഖപ്പെടുത്താതെ കുറ്റം സമ്മതിക്കാൻ ഇടിയോടെ ഇടി. എങ്കിലും രതീഷ് പിടിച്ച് നിന്നു കുറ്റം സമ്മതിക്കാതെ.
ഇപ്പോൾ അഞ്ച് വർഷത്തിന് ശേഷം വടക്ക് തിരൂരിൽ പിടികൂടപ്പെട്ട മോഷ്ടാവിന്റെയും അഞ്ചലിലെ മോഷണ സ്ഥലത്ത് നിന്നും കിട്ടിയ മോഷ്ടാവിന്റെയും വിരലടയാളം ഒന്നാണെന്ന് സ്ഥിതീകരിച്ചപ്പോൾ പോലീസ് ഭാഷ്യം അതേപടി പകർത്തിയ പത്രക്കാർ മോഷ്ടാവാക്കിയ രതീഷ് കുറ്റവിമുക്തനായി. ഇതിനിടയിൽ അയാൾ എന്തും മാത്രം സഹിച്ചു. അതവിടെ നിൽക്കട്ടെ, സംശയം പോലും ഏശാത്ത ആ കുടുംബം എന്ത് പിഴച്ചു. പത്ര വാർത്ത വന്ന കാലഘട്ടത്തിലും തുടർന്നും അവർ എന്തും മാത്രം സഹിച്ചു. ആ കുട്ടികൾ അന്ന് പള്ളീക്കൂടത്തിൽ പോയപ്പോൾ എന്തും മാത്രം വേദന തിന്ന് കാണണം.
മനുഷ്യാവകാശ ദിനം കഴിഞ്ഞ ദിവസം കടന്ന് പോയി. മനുഷ്യനായി ജീവിക്കാനുള്ള അവകാശം കിട്ടാതെ വരുന്ന ഒരു വിഭാഗമാണ് കുറ്റാരോപിതർ. അന്വേഷണ സംഘം സംശയത്തിന്റെ പേരിൽ പിടിക്കുന്നവർ കുറ്റാരോപിതർ മാത്രമാണ്. അവർ കുറ്റം ചെയ്തു എന്ന് ആധികാരപ്പെട്ട കോടതി പറയുന്നത് വരെ അവർ കുറ്റാരോപിതർ മാത്രമാണ്. അതിനു മുമ്പ് പത്രക്കാർ അവനെ കുറ്റക്കാരനാക്കി വിധിച്ച് കഴിയും അത് പെണ്ണ് കേസിലായാലും മോഷണ കേസിലായാലും മറ്റേത് കേസിലായാലും ഫോട്ടോ സഹിതം വാർത്ത പ്രസിദ്ധപ്പെടുത്തുന്നു. ആ വാർത്ത ഏറ്റ് പിടിച്ച് നവ മാധ്യമങ്ങൾ പ്രതിയെ വിചാരണ ചെയ്ത് ശിക്ഷ വിധിച്ച് കഴിയും. ഇതെല്ലാം സംഭവിക്കുന്നത് പോലീസ് ഭാഷ്യത്തോടൊപ്പം കുറ്റാരോപിതന് പറയാനുളളത് തുല്യ പ്രാധാന്യത്തിൽ പ്രസിദ്ധീകരിക്കാൻ പത്രക്കാർ മുതിരാത്തത് കൊണ്ടാണ്.
വെറും സംശയത്തിന്റെ പേരിലോ പ്രതിക്കെതിരെയുള്ള വൈരാഗ്യത്താൽ മനപൂർവം കൊടുക്കുന്ന വ്യാജ പരാതിയുടെ അടിസ്ഥാനത്തിലെടുക്കുന്ന കേസുകളിലോ നിരപരാധിയായ ഒരാളുടെ ഫോട്ടോ പോലീസ് എടുത്ത് പത്രത്തിൽ പ്രസിദ്ധീകരിക്കാൻ കൊടുക്കുമ്പോൾ അയാൾ അനുഭവിക്കുന്ന വേദന എത്രമാത്രമാണെന്നും അയാളുടെ കുടുംബാംഗങ്ങൾ അനുഭവിക്കുന്ന പീഡനത്തിന്റെ അളവ് എന്തും മാത്രമാണെന്നും തിരിച്ചറിയാതെ കേസിന്റെ വിധി വരുന്നതിന് മുമ്പ് തന്നെ അയാളെ പ്രതിയാക്കി അയാളുടെ അണ്ടർ വയറിന്റെ നിറം വരെ എന്താണെന്ന് അച്ച് നിരത്തുന്ന ഈ പ്രക്രിയ തന്നെയല്ലേ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം.
Saturday, December 19, 2020
മുനിസിപ്പാലിറ്റി വക പൈപ്പ് വെള്ളം.
ആലപ്പുഴ അന്നും ഇന്നും നാല് ചുറ്റും വെള്ളവും എന്നാൽ കുടിക്കാൻ ഒരു തുള്ളി വെള്ളവുമില്ലാത്ത നാടാണ് . പണ്ട് കുടി വെള്ളത്തിന് ആകെ ആശ്രയം മുനിസിപ്പാലിറ്റി വക പൈപ്പ് വെള്ളം മാത്രം. പൈപ്പ് നിരത്തിന് സമീപം പ്രധാനപ്പെട്ട ഇടങ്ങളിലാണ് ഉണ്ടായിരുന്നത്. ആ പൈപ്പിന് സമീപത്ത് നിന്ന് പന്ത്രണ്ട് വയസ്സ്കാരനായ ഞാൻ തുണി ഇല്ലാതെ ഓടിയത് ഇന്ന് ടൈൽസ് പാകിയ കുളി മുറിയിൽ വിശാലമായി കുളിക്കുമ്പോൽ ഇടക്കിടെ ഓർമ്മിക്കാറുണ്ട്.
മുനിസിപ്പാലിറ്റി ടാപ്പിന് കീഴിൽ മൺ കുടങ്ങളും അലൂമിനിയം കുടങ്ങളും സ്ഥാപിച്ച് ഉടമസ്തർ കൂടുതലും സ്ത്രീകൾ നാട്ട് വർത്തമാനങ്ങളിൽ ഏർപ്പെടുമായിരുന്നു. പല പ്രണയങ്ങളും മൊട്ടിട്ടിരുന്നതും ടാപ്പിന് ചുവട്ടിൽ നിന്നുമായിരുന്നുവല്ലോ. കമിതാക്കൾ പരസ്പരം കാണുന്നതും സന്ദേശങ്ങൾ കൈമാറുന്നതും ടാപ്പിൻ സമീപത്ത് നിന്നുമാണ്. അന്ന് പ്രണയത്തിന്റെ അസംസ്ക്രത പേര് “ലപ്പടിക്കുക“ എന്നായിരുന്നു. അവനും അവളും ലപ്പാണ് എന്ന് പറഞ്ഞാൽ അവർ പ്രണയത്തിലാണ് എന്നാണർത്ഥം. മുതിർന്ന സ്ത്രീകളും പുരുഷന്മാരും അവർക്ക് ലപ്പടി സാധിക്കാത്ത കാരണത്താൽ ലപ്പടിക്കുന്ന ചെറുപ്പക്കാരെ അസൂയയോടെ നോക്കുകയും കമിതാക്കളുടെ വീടുകളിൽ പ്രണയ വാർത്ത കൃത്യമായി എത്തിക്കുകയും ചെയ്തിരുന്നു.
വേനൽക്കാലങ്ങളിൽ കുളങ്ങളിൽ വെള്ളം വറ്റുമ്പോൾ കുളിക്കുന്നതിനും പൊതു നിരത്തിലുള്ള ടാപ്പുകൾ സമീപം താമസിക്കുന്നവർ ഉപയോഗിക്കും. ആലപ്പുഴ വട്ടപ്പള്ളിയിലെ ഞങ്ങളുടെ വീടിന് കുറച്ചകലെയുണ്ടായിരുന്ന ടാപ്പിൽ നിന്നായിരുന്നു ഞങ്ങൾ വെള്ളം എടുത്തിരുന്നത്. .. ആ കാലങ്ങളിൽ ഞങ്ങൾ പോലീസിനേക്കാളും ഭയപ്പെട്ടിരുന്നത് മുനിസിപ്പാലിറ്റി ജീവനക്കാരെ ആയിരുന്നു. മുനിസിപ്പാലിറ്റിയിലെ ജീവനക്കാർ പൊതുജനങ്ങൾ ടാപ്പിന് സമീപം കുളിക്കുകയോ വെള്ളം ദുർവിനിയോഗം ചെയ്യുകയോ ചെയ്യുന്നത് കണ്ടാൽ അപ്പോൾ തന്നെ പിടിച്ച് കൊണ്ട് പോയി ഫൈൻ അടിക്കും. ഭായി എന്നറിയപ്പെട്ടിരുന്ന ഒരു ജീവനക്കാരനായിരുന്നു വട്ടപ്പള്ളീ ഭാഗത്തെ ഡ്യൂട്ടിക്കാരൻ. ഭായി എല്ലാവർക്കും പേടി സ്വപ്നമായിരുന്നുവല്ലോ.
അന്നൊരു വേനൽക്കാലത്ത് കുളത്തിൽ വെള്ളമില്ലാത്തതിനാൽ ഞാൻ അടുത്തുള്ള ടാപ്പിനെ ആശ്രയിച്ചു. കുടങ്ങളിലെ വെള്ളമെടുപ്പ് അവസാനിക്കുമ്പോഴാണ് ഞങ്ങൾ കുളിക്കാൻ ടാപ്പിന് കീഴിൽ കയറുന്നത്. എന്നാലും ആ സമയം തന്നെ ലക്ഷ്യമിട്ട് ചിലപെൺപിള്ളാര് വന്ന് ഞങ്ങൾ ആൺകുട്ടികൾ കുളിക്കുന്നത് ഏറ് കണ്ണിട്ട് നോക്കും. അത് കൊണ്ട് തന്നെ ഞങ്ങൾ കുളി ദീർഘിപ്പിക്കും.അന്ന് പള്ളീക്കൂടത്തിൽ പോകാനുള്ള ധൃതിയിൽ ഒരു തോർത്തുമുടുത്ത് പന്ത്രണ്ട് വയസ്സുകാരനായ ഞാൻ ടാപിന് കീഴിൽ ഇരുന്നു കുളിക്കാൻ തുടങ്ങി. മുഖത്ത് സോപ്പിട്ട് കഴിഞ്ഞ് ടാപ്പ് തിരിക്കുമ്പോൾ അടുത്ത് നിന്ന പെണ്ണ് വിളിച്ച് കൂവി. “ഭായി വരുന്നേയ്........“സോപ്പ് പത കണ്ണിലുണ്ടാക്കിയ നീറ്റൽ വക വെക്കാതെ ഞാൻ റോഡിലേക്ക് നോക്കിയപ്പോൾ ദാ...വരുന്നെടാ...യമകാലൻ...ദജ്ജാൽ...ഭായി...സൈക്കിളിൽ ഞാൻ അവിടെ നിന്നും പറ പറന്നു. ഭായി പുറകിൽ നിന്നും അലറുന്നു...എടാ....പന്നീ.....“ഞാൻ ജീവനും കൊണ്ട് എച്.ബി.യുടെ വീടിന് സമീപമുള്ള പറമ്പിൽ കൂടി ഓടി. അപ്പോഴാണ് അരയിൽ ചുറ്റിയ എന്റെ തോർത്ത് അഴിഞ്ഞ് പോയത്. തോർത്ത് എടുത്തുടുക്കാതെ ഞാൻ വാച്ച്കാരി പാത്തുമായിത്തായുടെ വീടിന് സമീപത്ത് കൂടി പറപറന്നു എന്റെ വീട്ടിലെത്തിയിട്ടേ ഓട്ടം നിന്നുള്ളൂ. ഓടുന്ന വേളയിൽ ഞാൻ അലമുറയിട്ടിരുന്നു, ഭായി....ഭായി...ഭായി. അത് കൊണ്ട് കണ്ട് നിന്നിരുന്ന വീടുകളിലെ പെണ്ണുങ്ങൾക്ക് കാര്യം മനസ്സിലായി. ചിലർ പൊട്ടി ചിരിച്ചു, ചിലർ മൂക്കത്ത് വിരൽ വെച്ചു..ചില പിള്ളാർ..“വെള്ള കുണ്ടി ഓടുന്നേയ് എന്ന് കളിയാക്കി ആർത്തു വിളിച്ചു. ഉമ്മാ ഉടനെ നിക്കർ എടുത്ത് തരുകയും ഞാൻ നാണം മറച്ച് കഴിഞ്ഞ് തല തുവർത്തുകയും ചെയ്തു. എങ്കിലും എന്റെ വിറയൽ മാറിയിരുന്നില്ല.
കാലം കഴിഞ്ഞ് പോയി. ഇന്ന് ആലപ്പുഴയിൽ പൊതു ടാപ്പ് അപൂർവമാണ്. ദാരിദ്രിയം മാറിയപ്പോൾ എല്ലാവരും പൈപ്പ് കണക്ഷൻ എടുത്ത് അവരവരുടെ വീടകങ്ങളിൽ വെള്ളം എത്തിച്ചു. എങ്കിലും വട്ടപ്പള്ളിയിൽ പോകുമ്പോൾ ഞാൻ ആ ടാപ്പുകൾ നിന്നിരുന്ന സ്ഥലം നോക്കി നിൽക്കും ആ പന്ത്രണ്ട് വയസ്സുകാരന്റെ സ്ട്രീക്കിംഗ് ഓർമ്മയിൽ വരുമ്പോൾ അറിയാതെ ചിരിച്ച് പോകും. ഭായി ഇപ്പോൾ സ്വർഗത്തിലെ ടാപ്പുകൾ പരിശോധിക്കുകയായിരിക്കും. വിശാലമായ കുളി മുറികളിൽ ഷവർ ബാത്തിന് കീഴെ നിന്ന് കുളിക്കുന്ന ഇന്നത്തെ ആലപ്പുഴക്കാർ പണ്ടത്തെ ഈ ടാപ്പുകളെ ഓർമ്മിക്കുന്നുണ്ടോ ആവോ?
Saturday, December 12, 2020
സൈബർ സെല്ലും ദുരുപയോഗവും
ഇന്നലെ രാത്രിയിൽ എന്റെ ഫോണിലേക്ക് +036682 എന്ന നമ്പറിൽ നിന്നും ഒരു വിളി വന്നു. ആ നമ്പറും കാളിന്റെ രീതിയും കണ്ടപ്പോൾ അത് വിദേശത്ത് നിന്നുമായിരിക്കാം എന്നെനിക്ക് തോന്നി. പലരും എന്നെ അങ്ങിനെ വിളിക്കാറുണ്ട്. അതിനാൽ ഞാൻ ഫോൺ എടുത്ത് വിളിക്കുന്നതാരെന്ന് തിരക്കി.
“നിങ്ങളാരാണ്“ എന്ന മറു ചോദ്യം (സ്വരം പുരുഷന്റേതാണ്) എനിക്ക് മറുപടിയായി ലഭിച്ചതിനാൽ അൽപ്പം അസഹിഷ്ണതയാൽ “ എന്റെ ഫോണീലേക്ക് വിളിച്ചിട്ട് ഞാൻ ആരെന്ന് തിരക്കുന്നത് ശരിയായ നടപടിയല്ലാ, ആദ്യം നിങ്ങൾ ആരെന്ന് പറയൂ എന്നിട്ട് ഞാൻ ആരെന്ന് പറയാം എന്ന് ഞാൻ പറഞ്ഞു. ഉടനെ നിങ്ങൾ ആരെന്ന് പറയൂ എന്ന ദുശ്ശാഠ്യം നിറഞ്ഞ് നിന്ന ആവശ്യം വീണ്ടും എന്റെ ഫോണിലൂടെ ഒഴുകി എത്തി. ഒട്ടും മടിക്കാതെ “നിങ്ങളാരെന്ന് പറയാതെ ഞാൻ ആരെന്ന് പറയില്ല“ എന്ന എന്റെ ദുശ്ശാഠ്യവും ആവർത്തിച്ചു.
“എങ്കിൽ സൈബർ സെല്ലുകാർ ചോദിക്കുമ്പോൾ നിങ്ങളാരെന്ന് പറഞ്ഞാൽ മതി “ എന്നായി വിളിക്കുന്ന ആൾ. ‘ഓഹോ! എന്നാൽ അങ്ങിനെ ആകട്ടെ ഞാൻ അവിടെ പറഞ്ഞോളാം, എന്നെ വിരട്ടാൻ നോക്കേണ്ടാ, അത് കയ്യിൽ വെച്ചാൽ മതിയെന്നും നിങ്ങൾ സംസാരിക്കുന്നത് ഞാൻ റിക്കാർഡ് ചെയ്യുന്നുണ്ട് എന്നും ഞാൻ ഒട്ടും മയമില്ലാതെ പറഞ്ഞു.. ഒരു തെറ്റും ചെയ്യാത്ത ഞാൻ എന്തിന് ഭയക്കണം.
“നിങ്ങളുടെ ഫോണിൽ നിന്നും പല നമ്പറുകളിലേക്ക് ഫോൺ ചെയ്യുന്നുണ്ട്, അത് സൈബർ സെല്ലുകാർ ചോദിച്ചൊളും“ എന്ന് വീണ്ടും അയാൾ പറഞ്ഞപ്പോൾ “എന്റെ ഫോണിൽ നിന്നും പല ഫോണിലേക്കും ഓരോ ദിവസവും കാളുകൾ പോവുകയും പല നമ്പറുകളിൽ നിന്നും എന്റെ ഫോണിലേക്ക് കാളുകൾ വരുകയും ചെയ്യുന്നത് നിങ്ങൾ ടാപ്പ് ചെയ്യുന്നുണ്ട് അത് കൊണ്ടാണല്ലോ നിങ്ങൾ അങ്ങിനെ പറഞ്ഞത്, അതിന് ഞാൻ സൈബർ സെല്ലിലേക്ക് പരാതി കൊടുക്കും എന്നായി ഞാൻ. “ കൊടുക്ക് ....കൊടുക്ക്...നമുക്ക് കാണാം...എന്നായി അയാൾ. തുടർന്ന് ഞാൻ ശബ്ദം ഉയർത്തി “ഷട്ടപ്പ് യുവർ ടാക്കിംഗ് എന്ന് പറഞ്ഞപ്പോൾ “ നിങ്ങൾ ഷൗട്ട് ചെയ്യെണ്ടാ, എന്നോ മറ്റോ പറഞ്ഞ് അയാൾ കാൾ കട്ടാക്കി.
രാത്രി സമയത്തെ എന്റെ ഈ ഫോൺ വിളിയിൽ എനിക്കൽപ്പം ദേഷ്യം കൂടി പോയോ എന്ന സംശയത്താലും എന്റെ ഭാഗത്ത് നിന്നും തെറ്റുകൾ സംഭവിച്ചിട്ടുണ്ടോ എന്നും അറിയുന്നതിനായി ഞാൻ ഇന്നത്തെ ഫോൺ ഡീറ്റൈൽസ് പരിശോധിച്ചു. ഇല്ലാ ഒരു വിളിയും തെറ്റായി അങ്ങിനെ ഉണ്ടായിട്ടില്ല. ഇന്നലത്തെ കാളുകളും പരിശോധിച്ചു.
ഞങ്ങളുടെ സൽമാന് തിരുവനന്തപുരം ജില്ലയിലെ അരുവിക്കര സഹകരണ നഴ്സിംഗ് കോളേജിൽ ബി.എസ്.സി. നഴ്സിംഗിന് അഡ്മിഷൻ ലഭിച്ചിരുന്നു. പക്ഷേ ആ കോളേജിൽ ആൺകുട്ടികൾക്ക് കോളേജ് വക ഹോസ്റ്റൽ സംവിധാനം ഇല്ലാത്തതിനാലും കൊട്ടാരക്കരയിൽ നിന്നും പോയി വരാൻ ദൂരം ഒരു പ്രതിബന്ധമാകയാലും അരുവിക്കര താമസ സൗകര്യം തേടി ഞാൻ തിരുവനന്തപുരത്ത് എന്റെ സ്നേഹിതനും പൊതുക്കാര്യ പ്രസക്തനുമായ മെഹബൂബ് സാഹിബിന്റെ സഹായം തേടുകയും അദ്ദേഹത്തിന്റെ നിർദ്ദേശത്താൽ നെടുമങ്ങാടുള്ള ഡോക്ടർ സുലൈമാനെ ഫോണിൽ ബന്ധപ്പെടുകയും അദ്ദേഹം എന്റെ പൂർവ സുഹൃത്തും പണ്ഡിതനും വാഗ്മിയുമായ ജവാദ് സാറിന്റെ നമ്പർ തരുകയും ചെയ്തു. എസ്.എം.എസ്ലൂടെ കിട്ടിയ ആ നമ്പറിൽ ഞാൻ ജവാദ് സാറിനെ വിളിച്ചു. ഫോൺ എടുത്ത ആൾ നിങ്ങൾ “ രാവിലെ മുതൽ ജവാദ് സാറിനെ വിളിക്കുന്നുണ്ടല്ലോ നിങ്ങൾ റോംഗ് നമ്പറിലാണ് വിളിക്കുന്നതെന്ന് പല തവണ പറയുന്നില്ലേ “ എന്നായി. ഞാൻ സോറി പറയാൻ ആരംഭിച്ചപ്പോൾ ഒരു സ്ത്രീ സ്വരം കേട്ടു.“ പോലീസിൽ വിളിച്ച് ആ നമ്പർ അങ്ങ് കൊടുക്ക്, പെണ്ണുങ്ങളുടെ ഫോണിൽ വിളിക്കുന്നത് ഓരോർത്തന്മാരുടെ സൂക്കേടാ....“ ഞാൻ മറുപടി പറയുന്നതിന് മുമ്പ് കാൾ കട്ടായി.
പിന്നീട് ജവാദ് സാറിന്റെ മറ്റൊരു ഫോൺ നമ്പർ കിട്ടി സാറിനെ വിളിച്ച് സൽമാന്റെ താമസ സൗകര്യം ഏർപ്പാട് ചെയ്യാൻ അപേക്ഷിച്ചപ്പോൾ മുകളിലെ സംഭവം ഞാൻ അദ്ദേഹത്തൊട് പറഞ്ഞു. “ആ നമ്പർ പണ്ട് ഞാൻ ഉപയോഗിച്ചതായിരുന്നു ഇപ്പോൾ പുതിയ നമ്പറാണ് ആ നമ്പറിലാണ് നിങ്ങൾ ഇപ്പോൾ വിളിച്ചത് “ എന്ന് അദ്ദേഹം എന്നെ സമാധാനിപ്പിച്ചു,
ഞാൻ ഈ രണ്ട് സംഭവങ്ങളും ഇവിടെ കുറിച്ചത് എന്റെ ഫോൺ നമ്പർ എങ്ങിനെയോ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നെനിക്ക് സംശയം തോന്നുന്നത് കൊണ്ടാണ് കാരണം രണ്ടാമത്തെ സംഭവത്തിൽ എനിക്ക് കിട്ടിയ മറുപടി “രാവിലെ മുതൽ നിങ്ങൾ വിളിക്കുന്നല്ലോ“ എന്നാണ്. ഞാൻ ഒരു തവണയേ വിളിച്ചുള്ളൂ. ആദ്യത്തെ സംഭവത്തിൽ എന്റെ നമ്പറിൽ നിന്നും കാളുകൾ പോകുന്നു എന്നായിരുന്നു ആക്ഷേപം. ഞാൻ അറിയാതെ എന്റെ ഫോണിൽ നിന്നും കാളുകൽ പോകുന്നില്ല എന്നെനിക്കുറപ്പുണ്ട്. പിന്നെന്തിന് അയാൾ അങ്ങിനെ പറഞ്ഞു. ഒരേ നമ്പർ ഉള്ള രണ്ട് ഫോൺ ഉണ്ടാകുമോ? അഥവാ ആർക്കെങ്കിലും കടന്ന് കയറി എന്റെ ഫോൺ ഉപയോഗിക്കാൻ സാധിക്കുമോ? അങ്ങിനെയെങ്കിൽ കാൾ ഡീറ്റൈൽസ് എന്റെ ഫോണീൽ വരേണ്ടതല്ലേ?
ഇനി മറ്റൊരു വിഷയം ഇവിടെ കുറിക്കേണ്ടതുണ്ട്. മേൽ പറഞ്ഞ രണ്ട് സംഭവങ്ങളിലും എന്റെ ഭാഗത്ത് നിന്നും യാതൊരു കുറ്റവുമില്ല. പക്ഷേ ആ സ്ത്രീ ഒന്നും പരിശോധിക്കാതെ ഒരു വിശദീകരണവും ചോദിക്കാതെ ഉടനേ പറഞ്ഞത് പോലീസിൽ വിളിച്ച് പറയുക എന്നാണ്. പോലീസ് തിരക്കിയാൽ ഞാൻ പറയുന്നത് വളരെ നിസ്സാരമായി തെളിയിക്കപ്പെടും. എന്റെ ഫോണിലെ വിളികൾ അതിൽ എസ്.എം.എസിൽ വന്ന നമ്പറുകൾ ഇതെല്ലാം നിമിഷങ്ങൾക്കകം സത്യമെന്തെന്ന് പുറത്ത് കൊണ്ട് വരും. പക്ഷേ ജനങ്ങളുടെ ക്ഷമയില്ലായ്മ, മുൻ പിൻ നോക്കാതെ ഉടനെ “അവനെ ക്രൂശിക്കുക“ എന്ന മുറവിളി. ഇത് നിയമ അവബോധം കൂടി പോകുമ്പോഴുള്ള കുഴപ്പങ്ങളാണ്. മിണ്ടിപ്പോയാൽ അത് മനപൂർവമാണോ അല്ലയോ എന്ന് നോക്കാതെ ഒരു ഇരയെ കിട്ടിയ സന്തോഷത്താൽ എന്നെ ഉപദ്രവിച്ചേ ഞാൻ അവനെ പിടിച്ചേ എന്ന മുറവിളി നിയമം ദുരുപയോഗം ചെയ്യലാണ്.
ഐ.പി.സി.354 മുതലുള്ള വകുപ്പുകൾ സ്ത്രീ സംരക്ഷണത്തിന് വേണ്ടിയുള്ളതാണ്. പക്ഷേ ഒരുത്തനെ കുരുക്കിലാക്കാൻ അതിലേതെങ്കിലും ഒന്നെടുത്ത് വീശിയാൽ മതി അവന്റെ കാര്യം കട്ടപ്പൊക. ഉടനെ വെണ്ടക്കാ കാളത്തിൽ പത്രക്കാർ അച്ച് നിരത്തും, പിന്നീട് നിരപരാധി എന്ന് കണ്ടാലും പണ്ടത്തെ വാർത്തകൾ കറയായി തന്നെ അവശേഷിക്കും. അതേ പോലെ തന്നെയാണ് സൈബർ സെല്ലിൽ ലഭിക്കുന്ന അപേക്ഷകളും. അബദ്ധത്തിൽ കൈ തട്ടി കാൾ പൊകുന്നതും മനപ്പൂർവം ഉപദ്രവിക്കാൻ വിളിക്കുന്നതും രണ്ടും രണ്ടാണ്. പരാതികൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പൗരനാണ്. സൈബർ സെല്ലിൽ കൊടുക്കാൻ ഇരയെ കിട്ടിയല്ലോ എന്ന ആഹ്ളാദം പൊങ്ങച്ചം നടിക്കലാണ്.
ഉത്തമ വിശ്വാസം ഇല്ലാത്ത സംഭവങ്ങളിൽ നിയമം ദുരുപയോഗിക്കുന്നത് ശിക്ഷാർഹമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
Monday, December 7, 2020
നെഹ്രു ട്രോഫി ചില ഓർമ്മകൾ.
വളരെ വളരെ വർഷങ്ങൾക്ക് മുമ്പ് കുഞ്ഞുന്നാളിൽ എന്നെ എന്റെ മാമാ (അമ്മാവൻ) സൈക്കിളിൽ വെച്ച് ആലപ്പുഴ ബോട്ട് ജെട്ടിയിൽ കൊണ്ട് പോയി. അവിടെ അന്ന് വലിയ തിരക്കായിരുന്നു എങ്കിലും തോട് വട്ടക്കായലിനോട് ചേർന്ന ഭാഗം (ഇന്നത്തെ പുന്നമടക്കായൽ) വരെ കാണാൻ സാധിക്കുന്ന വിധമുള്ള ഒരു ഇടത്ത് മാമാ എന്നെ കൊണ്ട് വന്ന് നിർത്തി. ഏതോ ഒരു വലിയ ഒരാൾ വരുന്നു എന്നറിഞ്ഞതിനാൽ അദ്ദേഹത്തെ കാണുന്നതിനാണ് ഈ പുരുഷാരം അവിടെ തടിച്ച് കൂടിയിരുന്നത് എന്ന് എനിക്ക് മനസ്സിലായി. സമയം കുറേ കഴിഞ്ഞപ്പോൾ ദൂരെ നിന്ന് ഒരു പറ്റം വലിയ വള്ളങ്ങളും പുറകെ ബോട്ടുകളും കൂടി ചേർന്ന് ഒരു ഘോഷയാത്രയായി ജെട്ടിയിലേക്ക് വരുന്നത് കാണാൻ സാധിച്ചു. പുറകെ വന്നിരുന്ന ഒന്ന് രണ്ട് ബോട്ടുകളിൽ എനിക്ക് അന്ന് ഏറെ ഭയമുണ്ടായിരുന്ന ജീവി ആയ അറ്റം ചുവന്ന കൂമ്പാള തൊപ്പിയും കളസവും ഇട്ട പോലീസുകാർ ഉണ്ടായിരുന്നത് കണ്ട് ഞാൻ ഭയന്ന് മാമായെ പറ്റി പിടിച്ചു. എന്റെ പോലീസ് ഭയം നന്നായറിഞ്ഞിരുന്ന മാമാ എന്നെ ചേർത്ത് പിടിച്ച് സമാധാനിപ്പിച്ചു, “അവർ ഒന്നും ചെയ്യില്ലെടാ നീ പേടിക്കേണ്ടാ, നീ ആ മുമ്പിൽ വരുന്ന വള്ളത്തിലേക്ക് നോക്ക് , അതിൽ നിൽക്കുന്ന ആളെ നോക്ക് “
ഞാൻ നോക്കി കണ്ണിമക്കാതെ നോക്കി എന്നിട്ട് മാമായുടെ മുഖത്തേക്ക് നോക്കി. മാമാ ചിരിച്ച് കൊണ്ട് പറഞ്ഞു“ അതാണ് ചാച്ചാജി, നമ്മുടെ നാട് ഭരിക്കുന്ന പ്രധാന മന്ത്രി.“ എനിക്കൊന്നും മനസ്സിലായില്ല, എന്റെ മുമ്പിലൂടെ ആ വള്ളം വേഗത്തിൽ തുഴഞ്ഞ് പോയപ്പോൾ ഞാൻ ആ ആളെ കണ്ടു. വെളുത്ത് ചുകന്ന് കാണാൻ നല്ല രസമുള്ള ഒരാള്. തലയിൽ വെളുത്ത തൊപ്പി വെച്ചിരിക്കുന്നു. ഓടുന്ന വള്ളത്തിൽ മറിഞ്ഞ് വീഴാതിരിക്കാൻ അടുത്ത് നിൽക്കുന്ന ഒരാളുടെ തോളിൽ പിടിച്ച് നിൽക്കുന്നു. പുരുഷാരം ആവേശം കൊണ്ട് അലറി വിളിച്ചു. മാമാ എന്നെ എടുത്ത് തോളിൽ വെച്ചു. ഹോ! ജനത്തിന്റെ എന്തൊരു ബഹളവും തുള്ളലുമായിരുന്നു. ബോട്ട് അടുത്തൊരു കടവിൽ അടുപ്പിച്ച് അതിൽ നിന്നും പോലീസുകാർ തുരു തുരാ ചാടി ഇറങ്ങി ജനങ്ങളെ നിയന്ത്രിച്ചു.
ചാച്ചാജി എന്ന് വിളിക്കപ്പെട്ട ആൾ വള്ളത്തിൽ നിന്നും കരക്കിറങ്ങി അതിലുണ്ടായിരുന്ന തുഴക്കാരെ കൈ വീശി കാണിച്ചു. അവർ തുഴ ഉയർത്തി സന്തോഷം പ്രകടിപ്പിച്ചു. ആരോടെല്ലാമോ അദ്ദേഹം സംസാരിച്ച് കൊണ്ട് മുകളിൽ നിർത്തിയിരുന്നതും നാല് ചുറ്റും പോലീസുകാരാൽ വളഞ്ഞിരിക്കുന്നതുമായ ഒരു വലിയ കാറിലേക്ക് നടന്നു. ആ സമയം സമീപത്തുള്ള ഹോട്ടലിൽ നിന്നോ മറ്റോ റേഡിയോയിൽ നിന്നും ഏതോ പരിപാടിയുടെ ഭാഗമായി ദേശീയ ഗാനത്തിന്റെ അവസാന ഭാഗം ഉയർന്ന് കേട്ടു. ചാച്ചാജി ആ നിമിഷം അവിടെ ബ്രേക്കിട്ടത് പോലെ നിന്നു. ജനവും ചലനമറ്റ് നിന്നു, പോലീസുകാർ അറ്റൻഷനിലുമായി നിന്നു. ദേശീയ ഗാനം അവസാനിച്ചപ്പോൾ അദ്ദേഹം കാറിലേക്ക് നടന്ന് കയറി.
തിരികെ സൈക്കിളിൽ കയറി വീട്ടിലേക്ക് തിരിച്ചപ്പോൾ മാമാ അന്ന് നടന്നത് പറ ഞ്ഞ് തന്നു. എല്ലാമെനിക്ക് അപ്പോൾ മനസിലായില്ല, അത്രക്ക് പ്രായമേ എനിക്കുണ്ടായിരുന്നുള്ളുവല്ലോ.വീട്ടിൽ വന്ന് അവിടെ ഉണ്ടായിരുന്നവരോടും മാമാ ആ സംഭവം പറഞ്ഞു. വട്ടക്കായലിൽ ചാച്ചാജിക്ക് കാണാൻ വള്ളം കളി നടത്തിയെന്നും കളി കണ്ട അദ്ദേഹം ആവേശത്താൽ സീറ്റിൽ നിന്നും എഴുന്നേറ്റ് തുള്ളി ചാടി എന്നും അവസാനം ജയിച്ച ചുണ്ടനിലേക്ക് അദ്ദേഹം ചാടി കയറി എന്നും കൂടെ ഉണ്ടായിരുന്നവരും സംരക്ഷകരും ബോട്ടിൽ കയറാൻ ആവശ്യപ്പെട്ടിട്ട് അതിൽ കയറാതെ ജയിച്ച ആ ചുണ്ടൻ വള്ളത്തിൽ തന്നെ നിന്ന് തുഴക്കാരെ കൊണ്ട് തുഴയിപ്പിച്ച് ആലപ്പുഴ എത്തിയതാണെന്നും അവിടെ കൂടിയിരുന്നവർ പറഞ്ഞതായി മാമാ വിവരിച്ചു.
വർഷങ്ങൾ കുറേ ഏറെ കഴിഞ്ഞ് .നെഹ്രു ട്രോഫി കാണാൻ ഞാൻ പലതവണകളിൽ പോയി. അവിടെ എല്ലാവരും കാൺകെ ചുണ്ടൻ വള്ളത്തിന്റെ ആകൃതിയിലുള്ള ആ ട്രോഫി പ്രദർശിപ്പിച്ചിരുന്നു. ഡെൽഹിയിൽ ചെന്ന ചാച്ചാജി ആ ട്രോഫി നിർമ്മിച്ച് അതിൽ തന്റെ കയ്യൊപ്പ് ഇട്ട് ആലപ്പുഴക്ക് അയച്ചുവത്രേ!.
ഒരു നാട്ടിൻ പുറത്തിന്റെ മാത്രമായ കായികാഭ്യാസം നാട് ഭരിക്കുന്ന ഭരണ തലവൻ പങ്കെടുത്ത് വികാര വിവശനായി ആ കായിക കേളിയെ ബഹുമാനിച്ച് തന്റെ കയ്യൊപ്പ് ഇട്ട് ട്രോഫി നൽകുമ്പോൾ ആ ട്രോഫിക്ക് അദ്ദേഹത്തിന്റെ പേർ അല്ലാതെ മറ്റെന്ത് പേരാണ് യോജിക്കുക. ആ പേരിടൽ അർത്ഥപൂർണമാണ്. അതല്ലാതെ മറ്റെന്ത് പേര് ആ ട്രോഫിക്ക് യോജിക്കും?. അദ്ദേഹം വള്ളം തുഴച്ചിൽക്കാരനല്ലാതെ തന്നെ ആ ട്രോഫിയുമായി ബന്ധപ്പെട്ടിരിക്കുന്നു, അതായത ഇപ്രകാരമൊരു സംഭവം അദ്ദേഹത്താൽ നിർമ്മിക്കപ്പെട്ടില്ലാ എങ്കിൽ ആ ട്രോഫി തന്നെ ചരിത്രത്തിൽ ഉണ്ടാവില്ലാ എന്ന് സാരം.
അങ്ങിനെയാണ് ഒരു പേര് ഇടൽ കർമ്മം നടക്കേണ്ടത് അല്ലാതെ....... ആ വിഷയം.ഞാൻ പൂർത്തിയാക്കാതെ വിടുന്നു.
ഒരു സ്ഥാപനത്തിന്റെ പേര് മാറ്റലുമായി ബന്ധപ്പെട്ട് നെഹ്രു ട്രോഫിക്ക് നെഹ്രുവിന്റെ നാമകരണം ചെയ്തതിനെ സംബന്ധിച്ച് എന്ത് പ്രസക്തി എന്ന പരാമർശം ഉണ്ടായതിനാൽ ആ ട്രോഫിയും നെഹ്രുവുമായുണ്ടായ ബന്ധം എന്തായിരുന്നു എന്ന് ഇപ്പോൾ പറയേണ്ടി വന്നതാണ്.
Thursday, December 3, 2020
പോലീസ് സ്റ്റേഷനുകളിൽ സി.സി.റ്റി.വി
പോളീസ് സ്റ്റേഷനുകളിൽ സി.സി.റ്റി.വി സ്ഥാപിക്കണമെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നു. മാത്രമല്ല, അന്വേഷണ ഏജൻസികളായ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ, റവന്യൂ ഇന്റലിജൻസ്, തുടങ്ങി ചോദ്യം ചെയ്യാനും അറസ്റ്റിനും അധികാരമുള്ള എല്ലാ ഓഫീസുകളിലും ഈ സംവിധാനങ്ങൾ സ്ഥാപിക്കണം എന്നും പരമോന്നത കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളിലെ പ്രവേശന കവാടം, പുറത്തേക്ക് പോകുന്ന വഴി, മെയിൻ ഗേറ്റ്, ലോക്കപ്പ്, ഇടനാഴി, ലോക്കപ്പ്, ലോബി, റിസിപ്ഷൻ, ലോക്കപ്പിന് പുറത്തുള്ള ഭാഗങ്ങളിലും സി.സി.റ്റി.വി. സ്ഥാപിക്കണമെന്നും പ്രസ്തുത നിർദ്ദേശം പാലിക്കപ്പെടുന്നുവെന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉറപ്പ് വരുത്തണമെന്നും കോടതി ഉത്തരവിട്ടു. മനുഷ്യാവകാശ ലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി സ്റ്റേഷനുകളിൽ ഇപ്രകാരം സി.സി.റ്റിവിയും റിക്കാർഡിംഗ് സംവിധാനവും സ്ഥാപിക്കണമെന്ന് 2018ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ 14 സംസ്ഥാനങ്ങൾ മാത്രമാണ് ഈ ഉത്തരവ് അനുസരിച്ചത്.
ലോക്കപ്പ് മർദ്ദനം ഒഴിവാക്കാൻ ഫലപ്രദമായ ഒരു പോംവഴിയാണിതെന്ന് നമുക്ക് തത്വത്തിൽ സമ്മതിക്കാം. പക്ഷേ കോടതി ഇന്ന് കാണുന്നത് പോലീസ് ഇന്നലെയേ കാണും. ഒരുത്തനെ ഇടിക്കണമെന്ന് പോലീസിന് തോന്നിയാൽ അവൻ ഇടി വാങ്ങിയിരിക്കും. അതിന് സ്റ്റേഷനും ലോക്കപ്പുമൊന്നും ആവശ്യമില്ല. അവനെ പിടിച്ച് വണ്ടിയിൽ കയറ്റുക, വണ്ടി ഇങ്ങനെ ഓടിക്കൊണ്ടിരിക്കും അവൻ ഇടി വാങ്ങിക്കൊണ്ടുമിരിക്കും. എന്നിട്ട് ഇടിച്ച് ഒരു പരുവത്തിലാക്കി സ്റ്റേഷനിൽ കൊണ്ട് വന്ന് ലോക്കപ്പിൽ നിക്ഷേപിക്കുക, പിന്നെ ഒന്നും ചെയ്യാതെ സി.സി.റ്റി.വി. നോക്കി സല്യൂട്ട് ചെയ്യുക, അത് മതിയാകുമല്ലോ..പിന്നേയ്! പോലീസിനോടാ കളി. കാലാകാലങ്ങളായുള്ള ഒരു നടപടിക്രമമാണ് ഈ ഇടി അത് നിർത്തുന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ് സാറേ!
കസ്റ്റഡി പ്രതിയെ ഇടിച്ച് ഒരു പരുവത്തിലാക്കിയിട്ട് മജിസ്റ്റ്രേട്ടിന്റെ മുമ്പിൽ ഹാജരാക്കുമ്പോൾ, അദ്ദേഹത്തിന്റെ ഒരു ചോദ്യമുണ്ട് പ്രതിയോട് (നിയമ പരമായ ഒരു ചടങ്ങാണത്) “പരാതി വല്ലതും ഉണ്ടോ?“ ഭൂരിഭാഗം പ്രതികളും ഒന്നുമില്ലാ പരാതി എന്ന് മൊഴിയും. കാരണം പുറത്തിറങ്ങുമ്പോൾ ബാക്കി ഇടി കൂടി അവന് കിട്ടുമെന്നറിയാം. അല്ലെങ്കിൽ ജയിലിൽ ചെന്നിട്ട് അവരുടെ വകയായി നടയടി ലഭിക്കും. ജെയിലും പോലീസ് സ്റ്റേഷനും അഛനും കൊച്ചാഛനുമാണല്ലോ!
പോലീസിനെ തെരഞ്ഞെടുക്കുന്നതിലും പരിശീലനം നൽകുന്നതിലും അടിമുടി മാറ്റങ്ങളാണ് ആവശ്യമുള്ളത്. അത് ശാസ്ത്രീയവുമായിരിക്കണം. അല്ലാതെ ഇരുട്ട് കൊണ്ട് ഓട്ടയടച്ചത് കൊണ്ട് ഒരു പ്രയോജനവുമില്ല.