Saturday, February 22, 2020

സൗഹൃദം പുലർത്തേണ്ടത്,അർഹതയുള്ളവരുമായി.

സൗഹൃദം  എന്റെ ദുർബലതയാണ്.
കൗമാരക്കാരോടു ഞാൻ ചങ്ങാത്തം കൂടും, പടു കിഴവനും കിഴവികളുമായും എനിക്ക് ചങ്ങാത്തം ഉണ്ട്.
ചെറുപ്പക്കാരുടെ തോളിൽ കയ്യിട്ട് അവരോട് തമാശ പറയുമ്പോൾ    അത് കാണുന്നവർ പറയും,  “തരക്കാരോട്  കൂട്ട് കൂടിയാൽ പോരേ?“
പ്രായമായവരോട്  കൊച്ച് വർത്തമാനങ്ങൾ പറയുമ്പോൾ  അത് കാണുന്നവർ പറയും “ വല്യമ്മയേയും വല്യപ്പനുമേ യും കിട്ടിയുള്ളോ  കൂട്ടു കൂടാൻ?“
പക്ഷേ സൗഹൃദത്തിന് എന്നും പതിനാറ് വയസ്സെന്നാണ് എന്റെ അഭിപ്രായം.  അത് കൊണ്ട് തന്നെ  ബാല്യകാല സുഹൃത്തുക്കളും, സഹപാഠികളും എനിക്ക് എന്നും എപ്പോഴും ഹരം തന്നെയായി മാറി. അവരെ തിരക്കി പലപ്പോഴും ഞാൻ അലഞ്ഞു. നീണ്ട വർഷങ്ങൾക്ക് ശേഷം പലരേയും കണ്ടെത്തി. എത്ര ആന്വേഷിച്ചിട്ടും പഴയ കൂട്ടുകാരിൽ പലരേയും കണ്ടെത്താനായുമില്ല. അങ്ങിനെയിരിക്കേ  എന്റെ ഒരു സഹപാഠിയുടെ  വാസസ്ഥലം യാദൃശ്ചികമായി എനിക്ക് അറിയാൻ കഴിഞ്ഞു. കിലോ മീറ്ററുകൾ താണ്ടി  ഞാൻ  ആ സ്ഥലത്തെത്തി  അവന്റെ വീട് കണ്ടു പിടിച്ചു. വാതിൽക്കൽ സെക്യൂരിറ്റിയോട്  വിവരങ്ങൾ പറഞ്ഞ് അനുവാദം വാങ്ങി ഞാൻ അവന്റെ ആഫീസ് മുറിയിലെത്തി. ഗാഢമായ ബന്ധമായിരുന്നു ഞാനും അവനും തമ്മിൽ, അത് കൊണ്ട് തന്നെ എന്നെ തിരിച്ചറിയുമ്പോൾ അവന്റെ മുഖത്തുണ്ടാകുന്ന അതിശയവും സന്തോഷവും  എത്രമാത്രമാകുമെന്ന് എനിക്ക് തീർച്ചയുണ്ടായിരുന്നു.
അൽപ്പ നേരം കാത്തിരിക്കേണ്ടി വന്നു, അവനെത്തി ചേരാൻ. വന്ന ഉടൻ അവൻ എന്നെ സൂക്ഷിച്ച് നോക്കി. ബസ്സിൽ യാത്ര ചെയ്തു മുഷിഞ്ഞ് മുണ്ടും ഷർട്ടുമായിരുന്നു എന്റെ വേഷം. സത്യ സായി ബാബായുടെ പോലുള്ള മുടി പോയി ഇപ്പോൾ കഷണ്ടി ബാധിച്ച എന്നെ തിരിച്ചറിയാത്തത് കൊണ്ടാകാം അവന്റെ മുഖത്ത് ഒരു നിർവികാര ഭാവം.
എടാ...ഞാൻ...എന്റെ വാക്കുകൾ മുഴുമിപ്പിക്കുന്നതിന്  മുമ്പ് പ്രൗഢയായ  ഒരു സ്ത്രീ വാതിൽക്കൽ വന്നു ചോദ്യ ഭാവത്തിൽ എന്നെയും അവനെയും നോക്കി.
“എന്റെ കൂടെ പഠിച്ചതാണ്“ അവൻ പറഞ്ഞു. അപ്പോൾ അവൻ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.
“ചായക്ക് മധുരം ഇടണോ“ അവന്റെ ഭാര്യ എന്നോട്  പുഞ്ചിരിയോടെ തിരക്കി.
“അയാൾ ചായയും കാപ്പിയും കുടിക്കില്ല“ അവൻ ഭാര്യയോട് പറഞ്ഞു. അവർ അകത്തേക്ക് പോയി. ഞാൻ ചായയും കാപ്പിയും കുടിക്കാത്തത് വരെ അവൻ ഓർത്ത് വെച്ചിരിക്കുന്നു. പിന്നെന്താണ്` അവൻ ഇത്രയും വർഷങ്ങൾക്ക് ശേഷം എന്നെ കണ്ടിട്ടും ശവം കുത്തിയിരിക്കുന്നത് പോലെ എന്റെ മുമ്പിലിരിക്കുന്നത്. എത്രയോ തവണ വിശന്നിരിക്കുന്ന ഞങ്ങൾ പോറ്റി ഹോട്ടലിൽ കയറി ഇഡ്ഡിലിയും ചമ്മന്തിയും കഴിച്ചിരിക്കുന്നു, ബീച്ചിൽ കറങ്ങി നടന്നിരിക്കുന്നു..അതെല്ലാം അവൻ മറക്കാൻ കഴിയില്ല എന്നെനിക്കറിയാം. എന്നിട്ടും അവനെന്താണ് ഒന്നും മിണ്ടാതെ വിദൂരതയിൽ നോക്കി ഇരിക്കുന്നത്. ഞാൻ  തമാശയുടെ കെട്ടഴിച്ചു, “എന്താടാ...പെമ്പ്രന്നോത്തിയുമായി പിണക്കത്തിലാണോ?
“ഹേയ്! അതെല്ലാം മോശപ്പെട്ട  സ്വഭാവമല്ലേ“?
“എന്താ ഭാര്യയുമായി പിണങ്ങുന്നതോ അത് മോശപ്പെട്ട സ്വഭാവമാണോ?“
“ഞാൻ ഡീസന്റായി ജീവിച്ച് വരികയാണ്, ആ വക  വൃത്തി കെട്ട സ്വഭാവമൊന്നും എനിക്കില്ല,  പറയുക, ഇയാളെന്താ വന്നത്..?
“നിന്നെ ഒന്നു കാണാൻ....ഒരു പാട് നാളായി  ആഗ്രഹിക്കുന്നു, ഇപ്പോഴാണ് നിന്റെ വീട് കണ്ടെത്തിയത്....“ പറഞ്ഞ് മുഴുമിക്കുന്നതിന് മുമ്പ് അവൻ എന്നോട് മടിച്ച് മടിച്ച്  ചോദിച്ചു.“ എന്തെങ്കിലും സഹായം  ചെയ്ത് തരണമോ?“
അവൻ എന്റെ വിവരങ്ങളൊന്നും തിരക്കിയില്ല, വിവാഹം, കുഞ്ഞുങ്ങൾ, ജോലി, ഒന്നും തിരക്കിയില്ല.അതിന് മുമ്പ് എന്നെ സഹായിക്കാൻ ഒരുങ്ങുകയാണ്.
 ഞാൻ മുഖത്ത് ചിരി വരുത്തി കൊണ്ട് എഴുന്നേറ്റു. അവന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി, അപ്പോഴേക്കും അവന്റെ ഭാര്യ വീണ്ടും വാതിൽക്കൽ ആവിർഭവിച്ചിരുന്നു.‘
ഞാൻ മുമ്പോട്ട് നടന്നു, എന്നിട്ട് തിരിഞ്ഞ് നിന്നു പറഞ്ഞു“ എടാ ആവശ്യമില്ലാത്ത രോമമേ, നിന്നെ ഒന്ന് കാണാനുള്ള ആഗ്രഹം കൊണ്ട് വന്ന് പോയതാണ്, കാരണം സൗഹൃദത്തിന് അത്രയും വിലയുണ്ട് എന്റെ മനസ്സിൽ.    നിന്നെ പോലെ നിർഗുണ പരബ്രഹ്മത്തിന്റെ ഒരു സഹായവും എനിക്ക് ആവശ്യമില്ല. നിനക്ക് വേണമെങ്കിൽ എന്തെങ്കിലും ഞാൻ അങ്ങോട്ട് തരാം..വേണോടാ...ആ പഴയ ഇഡ്ഡില്യും ചമ്മന്തിയും....
അവന്റെയു മുഖം കൂമ്പാള പോലെ  വെളുക്കുന്നതും, അവന്റെ ഭാര്യയുടെ മുഖത്ത്  അമ്പരപ്പ് പരക്കുന്നതും കണ്ടില്ലെന്ന് നടിച്ച് ഞാൻ പെട്ടെന്ന് അവിടം വിട്ടു പോന്നു.

No comments:

Post a Comment