Wednesday, February 26, 2020

പാണ്ടി കല്യാണം....

പാണ്ടിക്കല്യാണം എന്ന് ഈ കുറിപ്പുകൾക്ക് തലക്കെട്ട് കൊടുക്കാം.   പാലക്കാട്  ജില്ലയിലെ ആലത്തൂർ നഗരത്തിൽ നിന്നും അൽപ്പം ഒഴിഞ്ഞ സ്ഥലത്തുള്ള  സർക്കാർ വക റ്റി.ബിയുടെ മുറ്റത്ത് ഇരിക്കുകയായിരുന്നു  ഞാൻ. ആ വിശ്രമ കേന്ദ്രത്തിന്റെ മുമ്പിൽ റോഡിന് എതിർവശത്ത് നോക്കെത്താത്ത ദൂരത്തോളം  പാട  ശേഖരങ്ങളായിരുന്നു അന്ന്.
വർഷങ്ങൾക്കപ്പുറത്തുള്ള  ഒരു കുംഭ മാസ സായാഹ്നത്തിലായിരുന്നു  ഞാൻ അവിടെ സന്ദർശകനായി ചെന്നത്.
അങ്ങ് ദൂരെ ദൂരെ  പാടത്തിന്റെ വിളുമ്പിൽ  ചുവന്ന സൂര്യൻ  അന്തരീക്ഷമാകെ  ചുവപ്പ് വർണ്ണത്തിലാക്കിയ മാന്ത്രിക കാഴ്ചകണ്ട്  എല്ലാം മറന്നിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. എന്റെ കൂടെ ഉണ്ടായിരുന്നവർ  മറ്റെന്തോ ആവശ്യത്തിന് നഗരത്തിലേക്ക് പോയിരുന്നു.
ആ കാലം എന്റെ യാത്രകളുടെ കാലമായിരുന്നു.
 മര വ്യാപാരിയായ (തടി കച്ചവടക്കാരൻ) ഉറ്റ സ്നേഹിതൻ വ്യാപാരാവശ്യാർത്ഥം  സഞ്ചരിക്കുമ്പോൾ എന്നെ കൂടെ കൂട്ടും. അങ്ങിനെ ഞാൻ  കേരളത്തിലെയും തമിഴ് നാട്ടിലെയും മിക്കവാറും മലകളും ചവിട്ടി. ഖസാക്കിന്റെ ഇതിഹാസ ഭൂമി   കാണാമെന്ന് കരുതിയാണ് പാലക്കാട് വഴിയുള്ള  ഈ യാത്രയിൽ ചേർന്നത് , നിർഭാഗ്യവശാൽ അത് നടന്നില്ല. കല്ലടിക്കോടൻ മല  കഴിഞ്ഞ ദിവസം കയറി ഇറങ്ങാൻ കഴിഞ്ഞു. അതിന്  ശേഷമാണ് ഇപ്പോൾ ആലത്തൂരെത്തിയത്.
സന്ധ്യ കുണുങ്ങി കുണുങ്ങി വരുന്നതേയുള്ളൂ. അപ്പോൾ  രണ്ട് വണ്ടികൾ നിറയേ  തമിഴന്മാർ അവിടെ വന്നിറങ്ങി. അകത്തേക്ക് പോയി. പിന്നെ അവിടെ ബഹളമയമായി. മനോഹരമായ ആ  നിശ്ശബ്ദതതയും സന്ധ്യാ രാഗത്തിന്റെ പ്രഭാവവും  എല്ലാമെല്ലാം നിമിഷ  നേരം കൊണ്ട് അപ്രത്യക്ഷമായി. ഗേറ്റിന് മുകളിലും  പുറത്തും എല്ലായിടത്തും വിളക്കുകൾ പ്രകാശിപ്പിക്കപ്പെട്ടു. എഡേയ്, എങ്കേടാ...പയലേ...വാ ഇങ്കേ...എൻ ബാഗെങ്കേ.....പേച്ചുകളാൽ  മുഖരിതമായി.
ഞാൻ റ്റി.ബി. വാച്ചറെ വിളിച്ച് കാര്യം തിരക്കി.
“സാർ, നാളെ ഒരു പാണ്ടി കല്യാണമുണ്ട്, അതിന്റെ ആൾക്കാരാണിത്, ആ നിൽക്കുന്ന, ഗുണ്ട് പോലുള്ളവനാണ് മണവാളൻ....“
ഞാൻ നോക്കി, പാളക്കരയൻ  അണ്ടർ വയറിട്ട, ഒരു കരിങ്കുറ്റി, അയാൾ അവിടെയെല്ലാം പാഞ്ഞ് നടന്ന് കൂടെ വന്നവരോട് ഉച്ചത്തിൽ തട്ടികയറുകയാണ്. അയാളുടെ  പൗഡർ ടിൻ കാണാനില്ലത്രേ...
വാച്ചർ കൂടുതൽ വിവരം നൽകി. തമിഴ് നാട്ടിൽ നിന്നും ഇവിടെ വന്ന് പെണ്ണ് കെട്ടുന്ന  സമ്പ്രദായം ധാരാളമായുണ്ട്. പെൺ കുട്ടിയുടെ വീട്ടുകാർക്ക് ഒരു പൈസാ ചെലവില്ല. ഒരു നിബന്ധന മാത്രം. പെണ്ണ് വെളുത്തതാകണം, തമിഴന്റെ ഭാഷയിൽ  “നല്ല ശെമപ്പായിരിക്കണം“ പിന്നെ പ്രശ്നമൊന്നുമില്ല.  ഇതിനായി ബ്രോക്കറന്മാർ ധാരാളമുണ്ട്. അവർ  നാട്ടുമ്പുറങ്ങളിൽ  നിർദ്ധനരായ കുടുംബങ്ങളിൽ  പരതി നടന്ന് പെണ്ണുറപ്പിക്കും.മൂന്ന് നാലെണ്ണം  പുര നിറഞ്ഞിരിക്കുന്ന  വീട്ടുകാർ  ഒരെണ്ണമെങ്കിലും  ഇറങ്ങട്ടെ എന്ന് കരുതി  വഴങ്ങും. മാത്രമല്ല, മൂത്തവളെ കെട്ടുന്ന തമിഴൻ  ഏതെങ്കിലും  ഗ്രാമത്തിലെ  സെമീന്ദാരോ മറ്റോ ആണെങ്കിൽ പെണ്ണിന്റെ കുടുംബം രക്ഷപെട്ടു. ഈ കാരണങ്ങളാൽ  പാവപ്പെട്ടവരായ  മലയാളി കുടുംബ നാഥന്മാർ  പലപ്പോഴും ഈ കല്യാണത്തിന് തയാറാകുന്നുണ്ട്.
അപ്പോൾ പെണ്ണോ അവൾക്ക് സമ്മതമായിരിക്കുമോ? ഞാൻ വാച്ചറോട് ചോദിച്ചു.
“ആര് അന്വേഷിക്കുന്നു, അതൊക്കെ, അവൾ കഴുത്ത് നീട്ടിക്കൊടുക്കും, , കൊടുത്തേ പറ്റൂ, അവളുടെ ഇളയത്തുങ്ങൾ രക്ഷ പെടുന്ന കാര്യമല്ലേ!“ അയാൾ പറഞ്ഞ് നിർത്തി.
പിറ്റേന്ന് വാച്ചറുടെ സഹായഹ്ത്തോടെ ആ കല്യാണം കാണാൻ ഞാൻ പോയി. ആലത്തൂരിന്റെ ഉൾ ഭാഗത്തൊരു പട്ടിക്കാടൻ ഗ്രാമത്തിലെ  ചെറിയ വീട്. കുറച്ച് ആൾക്കാർ  മാത്രം അവിടുണ്ട്. കൂട്ടത്തിൽ ഇന്നലെ കണ്ട പാണ്ടിപ്പട മൊത്തമായുണ്ട്.
പെൺകുട്ടിയെ ഞാൻ കണ്ടു. വെളുത്ത് കൊലുന്നനെയുള്ള ഒരു  സുന്ദരി .പെൺകുട്ടിയുടെ അരികിൽ ആ തമിഴൻ വീപ്പക്കുറ്റി സന്തോഷവാനായി നിൽപ്പുണ്ട്.
  ആ പെൺകുട്ടിയുടെ  മുഖത്ത്എല്ലാ ദുഖവും ഘനീഭവിച്ച്  പ്രകടമായി  കാണാം. ഇടക്കിടക്ക് അവൾ ഇടംകണ്ണിട്ട്  മണവാളനെ നോക്കും, പിന്നെ ഉടനെ വിദൂരതയിലേക്ക് കണ്ണ് പായിക്കും. അവൾ കരയുകയായിരുന്നു.
ഒരു പാട് സ്വപ്നങ്ങൾ അവളുടെ ഉള്ളിൽ ഉണ്ടായിരുന്നിരിക്കാം. അവൾ ആരെങ്കിലുമായി പ്രണയത്തിലായിരുന്നിരിക്കാം, അതെല്ലാം ഉപേക്ഷിച്ച് ഇത് വരെ കാണാത്ത നാട്ടിലേക്ക് അപരിചിതരായ ആൾക്കരുടെ അടുത്തേക്ക് അവൾ യാത്ര ആവുകയാണ്. ജനിച്ച സ്ഥലവും ഉറ്റവരെയും കാണണമെങ്കിൽ തമിഴൻ ഭർത്താവ് കനിയണം. ഈ ചിന്തകളെല്ലാം അവളുടെ ഉള്ളിൽ കിടന്ന് വിങ്ങുന്നത് കൊണ്ടായിരിക്കാം, ആ കണ്ണിൽ നിന്നും കുടു കുടെ കണ്ണീർ പ്രവഹിച്ച് കൊണ്ടിരിക്കുന്നത്. കുട്ടിയുടെ അമ്മ അവരുടെ ഇളയ കുട്ടികളുമായി മാറി നിൽപ്പുണ്ട്. ലോകത്തുള്ള മൊത്തം നിർവികാരതയും ഒരുമിച്ച് ആ സ്ത്രീയുടെ മുഖത്ത് ഞാൻ കണ്ടു.
മനസ്സിൽ  വല്ലാത്ത അസ്വസ്ഥതയുമായാണ് ഞാൻ തിരികെ റ്റി.ബി.യിലെത്തിയത്.
എന്റെ ആരുമല്ല ആ പെൺകുട്ടിയും അമ്മയും. എന്നാലും....മനുഷ്യരുടെ നിസ്സഹായത എത്രത്തോളമെന്നത് ഞാൻ അന്ന് കണ്ടു.
വർഷങ്ങൾ ഒരു പാട് കഴിഞ്ഞിരിക്കുന്നു.ഇന്ന്  സായാഹ്നത്തിൽ  വീടിൽ നിന്നും ഇറങ്ങി  ഞങ്ങളുടെ പാലം ജങ്ഷനിൽ എത്തി പടിഞ്ഞാറ് മാനത്തേക്ക് നോക്കിയപ്പോൾ അവിടെ ചുവന്ന സൂര്യൻ  ഒരു തീ ഗോളമായി അന്തരീക്ഷത്തെ ചുവപ്പണിയിച്ച് നിൽക്കുന്ന കാഴ്ചകണ്ടപ്പോൾ ആലത്തൂരിലെ ആ പെൺ കുട്ടിയുടെ ഓർമ്മ മനസ്സിലേക്ക് കടന്ന് വന്നു.    ഇപ്പോൾ ആ പെൺ കുട്ടി  ഒരു കുടുംബിനിയായി, ഗുണ്ട് പോലുള്ള  ഒരു പറ്റം കുട്ടികളെയും പ്രസവിച്ച് തമിഴ് നാടിന്റെ ഏതോ കോണിൽ കഴിയുന്നുണ്ടായിരിക്കാം. എല്ലാം തന്റെ വിധിയെന്ന് സമാധാനിച്ച്  രാപകലുകൾ  കടത്തി വിട്ട് പിന്നെ എല്ലാത്തിലും അലിഞ്ഞ് ചേർന്ന്  ഒരു സാധാരണക്കാരിയായി ജീവിക്കുന്നുണ്ടായിരിക്കാം . എങ്കിലും ആ കല്യാണം അന്ന്  എന്റെ ഉള്ളിൽ ഉണ്ടാക്കിയ അസ്വസ്ഥതക്ക് കാരണം ഇനിയും എനിക്ക്  പിടി കിട്ടിയിട്ടില്ല.

Saturday, February 22, 2020

സൗഹൃദം പുലർത്തേണ്ടത്,അർഹതയുള്ളവരുമായി.

സൗഹൃദം  എന്റെ ദുർബലതയാണ്.
കൗമാരക്കാരോടു ഞാൻ ചങ്ങാത്തം കൂടും, പടു കിഴവനും കിഴവികളുമായും എനിക്ക് ചങ്ങാത്തം ഉണ്ട്.
ചെറുപ്പക്കാരുടെ തോളിൽ കയ്യിട്ട് അവരോട് തമാശ പറയുമ്പോൾ    അത് കാണുന്നവർ പറയും,  “തരക്കാരോട്  കൂട്ട് കൂടിയാൽ പോരേ?“
പ്രായമായവരോട്  കൊച്ച് വർത്തമാനങ്ങൾ പറയുമ്പോൾ  അത് കാണുന്നവർ പറയും “ വല്യമ്മയേയും വല്യപ്പനുമേ യും കിട്ടിയുള്ളോ  കൂട്ടു കൂടാൻ?“
പക്ഷേ സൗഹൃദത്തിന് എന്നും പതിനാറ് വയസ്സെന്നാണ് എന്റെ അഭിപ്രായം.  അത് കൊണ്ട് തന്നെ  ബാല്യകാല സുഹൃത്തുക്കളും, സഹപാഠികളും എനിക്ക് എന്നും എപ്പോഴും ഹരം തന്നെയായി മാറി. അവരെ തിരക്കി പലപ്പോഴും ഞാൻ അലഞ്ഞു. നീണ്ട വർഷങ്ങൾക്ക് ശേഷം പലരേയും കണ്ടെത്തി. എത്ര ആന്വേഷിച്ചിട്ടും പഴയ കൂട്ടുകാരിൽ പലരേയും കണ്ടെത്താനായുമില്ല. അങ്ങിനെയിരിക്കേ  എന്റെ ഒരു സഹപാഠിയുടെ  വാസസ്ഥലം യാദൃശ്ചികമായി എനിക്ക് അറിയാൻ കഴിഞ്ഞു. കിലോ മീറ്ററുകൾ താണ്ടി  ഞാൻ  ആ സ്ഥലത്തെത്തി  അവന്റെ വീട് കണ്ടു പിടിച്ചു. വാതിൽക്കൽ സെക്യൂരിറ്റിയോട്  വിവരങ്ങൾ പറഞ്ഞ് അനുവാദം വാങ്ങി ഞാൻ അവന്റെ ആഫീസ് മുറിയിലെത്തി. ഗാഢമായ ബന്ധമായിരുന്നു ഞാനും അവനും തമ്മിൽ, അത് കൊണ്ട് തന്നെ എന്നെ തിരിച്ചറിയുമ്പോൾ അവന്റെ മുഖത്തുണ്ടാകുന്ന അതിശയവും സന്തോഷവും  എത്രമാത്രമാകുമെന്ന് എനിക്ക് തീർച്ചയുണ്ടായിരുന്നു.
അൽപ്പ നേരം കാത്തിരിക്കേണ്ടി വന്നു, അവനെത്തി ചേരാൻ. വന്ന ഉടൻ അവൻ എന്നെ സൂക്ഷിച്ച് നോക്കി. ബസ്സിൽ യാത്ര ചെയ്തു മുഷിഞ്ഞ് മുണ്ടും ഷർട്ടുമായിരുന്നു എന്റെ വേഷം. സത്യ സായി ബാബായുടെ പോലുള്ള മുടി പോയി ഇപ്പോൾ കഷണ്ടി ബാധിച്ച എന്നെ തിരിച്ചറിയാത്തത് കൊണ്ടാകാം അവന്റെ മുഖത്ത് ഒരു നിർവികാര ഭാവം.
എടാ...ഞാൻ...എന്റെ വാക്കുകൾ മുഴുമിപ്പിക്കുന്നതിന്  മുമ്പ് പ്രൗഢയായ  ഒരു സ്ത്രീ വാതിൽക്കൽ വന്നു ചോദ്യ ഭാവത്തിൽ എന്നെയും അവനെയും നോക്കി.
“എന്റെ കൂടെ പഠിച്ചതാണ്“ അവൻ പറഞ്ഞു. അപ്പോൾ അവൻ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.
“ചായക്ക് മധുരം ഇടണോ“ അവന്റെ ഭാര്യ എന്നോട്  പുഞ്ചിരിയോടെ തിരക്കി.
“അയാൾ ചായയും കാപ്പിയും കുടിക്കില്ല“ അവൻ ഭാര്യയോട് പറഞ്ഞു. അവർ അകത്തേക്ക് പോയി. ഞാൻ ചായയും കാപ്പിയും കുടിക്കാത്തത് വരെ അവൻ ഓർത്ത് വെച്ചിരിക്കുന്നു. പിന്നെന്താണ്` അവൻ ഇത്രയും വർഷങ്ങൾക്ക് ശേഷം എന്നെ കണ്ടിട്ടും ശവം കുത്തിയിരിക്കുന്നത് പോലെ എന്റെ മുമ്പിലിരിക്കുന്നത്. എത്രയോ തവണ വിശന്നിരിക്കുന്ന ഞങ്ങൾ പോറ്റി ഹോട്ടലിൽ കയറി ഇഡ്ഡിലിയും ചമ്മന്തിയും കഴിച്ചിരിക്കുന്നു, ബീച്ചിൽ കറങ്ങി നടന്നിരിക്കുന്നു..അതെല്ലാം അവൻ മറക്കാൻ കഴിയില്ല എന്നെനിക്കറിയാം. എന്നിട്ടും അവനെന്താണ് ഒന്നും മിണ്ടാതെ വിദൂരതയിൽ നോക്കി ഇരിക്കുന്നത്. ഞാൻ  തമാശയുടെ കെട്ടഴിച്ചു, “എന്താടാ...പെമ്പ്രന്നോത്തിയുമായി പിണക്കത്തിലാണോ?
“ഹേയ്! അതെല്ലാം മോശപ്പെട്ട  സ്വഭാവമല്ലേ“?
“എന്താ ഭാര്യയുമായി പിണങ്ങുന്നതോ അത് മോശപ്പെട്ട സ്വഭാവമാണോ?“
“ഞാൻ ഡീസന്റായി ജീവിച്ച് വരികയാണ്, ആ വക  വൃത്തി കെട്ട സ്വഭാവമൊന്നും എനിക്കില്ല,  പറയുക, ഇയാളെന്താ വന്നത്..?
“നിന്നെ ഒന്നു കാണാൻ....ഒരു പാട് നാളായി  ആഗ്രഹിക്കുന്നു, ഇപ്പോഴാണ് നിന്റെ വീട് കണ്ടെത്തിയത്....“ പറഞ്ഞ് മുഴുമിക്കുന്നതിന് മുമ്പ് അവൻ എന്നോട് മടിച്ച് മടിച്ച്  ചോദിച്ചു.“ എന്തെങ്കിലും സഹായം  ചെയ്ത് തരണമോ?“
അവൻ എന്റെ വിവരങ്ങളൊന്നും തിരക്കിയില്ല, വിവാഹം, കുഞ്ഞുങ്ങൾ, ജോലി, ഒന്നും തിരക്കിയില്ല.അതിന് മുമ്പ് എന്നെ സഹായിക്കാൻ ഒരുങ്ങുകയാണ്.
 ഞാൻ മുഖത്ത് ചിരി വരുത്തി കൊണ്ട് എഴുന്നേറ്റു. അവന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി, അപ്പോഴേക്കും അവന്റെ ഭാര്യ വീണ്ടും വാതിൽക്കൽ ആവിർഭവിച്ചിരുന്നു.‘
ഞാൻ മുമ്പോട്ട് നടന്നു, എന്നിട്ട് തിരിഞ്ഞ് നിന്നു പറഞ്ഞു“ എടാ ആവശ്യമില്ലാത്ത രോമമേ, നിന്നെ ഒന്ന് കാണാനുള്ള ആഗ്രഹം കൊണ്ട് വന്ന് പോയതാണ്, കാരണം സൗഹൃദത്തിന് അത്രയും വിലയുണ്ട് എന്റെ മനസ്സിൽ.    നിന്നെ പോലെ നിർഗുണ പരബ്രഹ്മത്തിന്റെ ഒരു സഹായവും എനിക്ക് ആവശ്യമില്ല. നിനക്ക് വേണമെങ്കിൽ എന്തെങ്കിലും ഞാൻ അങ്ങോട്ട് തരാം..വേണോടാ...ആ പഴയ ഇഡ്ഡില്യും ചമ്മന്തിയും....
അവന്റെയു മുഖം കൂമ്പാള പോലെ  വെളുക്കുന്നതും, അവന്റെ ഭാര്യയുടെ മുഖത്ത്  അമ്പരപ്പ് പരക്കുന്നതും കണ്ടില്ലെന്ന് നടിച്ച് ഞാൻ പെട്ടെന്ന് അവിടം വിട്ടു പോന്നു.

Thursday, February 13, 2020

കോടതി ആമീൻ

ആമീൻ!
പ്രാർത്ഥനകളുടെ അവസാനം പറയുന്ന  ആമീൻ എന്ന പദമല്ല ഞാൻ ഉദ്ദേശിച്ചത്. കോടതിയിലെ ഉദ്യോഗസ്തനായ  ആമീനാണ്  ഇവിടെ പരാമർശ വിഷയം.
ന്യായാധിപന്റെ വിധി  സിവിൽ കേസുകളിൽ  നടപ്പിലാക്കുന്ന ചുമതലയാണ്  ആമീനുള്ളത്. ജപ്തി ചെയ്യൽ, കേസിനാസ്പദമായ വസ്തു  പ്രതിയിൽ നിന്നും വാദിക്ക് ഒഴിപ്പിച്ച് കൊടുക്കുക, പ്രതിയിൽ നിന്നും വാദിക്ക്  കിട്ടാനുള്ള  തുക  ഈടാക്കി കിട്ടുന്നതിന്  പ്രതിയെ സിവിൽ  വാറന്റിൽ  അറസ്റ്റ് ചെയ്ത്  ഹാജരാക്കുക, അയാളെ  സിവിൽ ജെയിലിൽ  കൊണ്ട് വിടുക  തുടങ്ങി പലവിധ ചുമതലകളാണ് ആമീനുള്ളതിനാൽ നാട്ടും പുറങ്ങളിൽ ആമീൻ ഒരു ഭയങ്കര അധികാരമുള്ള വ്യക്തിയാണ്. കോടതിയിലെ  ഉദ്യോഗസ്തരിൽ  പരമോന്നതനായ  ശിരസ്തദാറോട് പോലും ചിലപ്പോൾ ഗ്രാമീണർ പണ്ട് ചോദിക്കാറുണ്ടായിരുന്നത്രേ!
“സാർ  എന്നാണ് ആമീനാകുന്നത്?“ ആമീന്  ലോവർ  ഡിവിഷൻ ക്ളർക്കിന്റെ  ശമ്പളമേ ഉള്ളൂ എന്ന  സത്യം പാവത്തിനറിയില്ലല്ലോ.
ഹേഡങ്ങത്തയും  എസ്.ഐ.യുമാണല്ലോ നമ്മുടെ ഭാഷ.
പണ്ട് വസ്തുക്കൾ ഏക്കർ കണക്കിന് ഉണ്ടായിരുന്നപ്പോൾ അതിൽ ഭാഗം പിരിവും ഉടമസ്താവകാശ തർക്കവും മറ്റും കേസാവുകയും കേസിന്റെ വിധി സമ്പാദിച്ചവർ  വസ്തു കൈവശക്കാരിൽ നിന്നും ഒഴിപ്പിക്കാൻ  കോടതിയിൽ  നിന്നും ഉത്തരവും വാങ്ങി ആമീൻ സഹിതം സ്ഥലത്തെത്തും. ആമീൻ ചില നടപടി ക്രമങ്ങൾക്ക് ശേഷം  വസ്തു പ്രതിയിൽ നിന്നും  ഒഴിപ്പിച്ച് വാദിക്ക് കൊടുത്തതായി സ്ഥലത്ത് പ്രഖ്യാപിച്ച് റിപ്പോർട്ട് കോടതിക്ക് നൽകും. റിപ്പോർട്ടിൽ ചിലപ്പോൽ പ്രതിയും  വാദിയും ഒപ്പിടും.  മിക്കവാറും പ്രതി ഒപ്പിടില്ല. തന്റെ കൈവശ ഭൂമി നഷ്ടപ്പെടുന്നതിൽ ആരാണ് സന്തോഷിക്കുക. അയാളുടെ വക സ്വകാര്യ സ്വത്തുക്കൾ വല്ലതുമുണ്ടെങ്കിൽ അതെടുത്തും ഉത്തരവിൽ പറയാത്ത നിർമ്മാണങ്ങൾ ഉണ്ടെങ്കിൽ  അത് പൊളിച്ച് കൈവശപ്പെടുത്തിയും   അയാൾ കരഞ്ഞും കൊണ്ട് സ്ഥലം കാലിയാക്കും. ചിലപ്പോൽ അയാൾ അതിന് തയാറില്ലെങ്കിൽ  ആമീൻ ആ വക സാധനങ്ങൾ കസ്റ്റഡിയിലെടുത്ത് കൊടതിയിൽ ഹാജരാക്കും. പിന്നീട് അവയിൽ അവകാശം സ്ഥാപിച്ച് പ്രതിക്ക് കൊണ്ട് പോകാം. അപ്രകാരം ഒരു വസ്തു ഒഴിപ്പിന് ഞങ്ങളുടെ പ്രഖ്യാതനായ  ഒരു ആമീൻ സ്ഥലത്ത് പോയി  ഉത്തരവ് നടപ്പിലാക്കി  വാദിക്ക് കൊടുത്തതിന് ശേഷം പ്രതി പൊളിച്ച് കൊണ്ട് പോകാത്തതും  അവരുടെ പാർപ്പിടവുമായ ഷെഡ്  പൊളീച്ച് കോടതിയിൽ കൊണ്ട് വന്നു. ഷെഡിലുണ്ടായിരുന്ന ലൊട്ട് ലൊടുക്ക് സർവ സാധനങ്ങളും “ഭീകരൻ“ കോടതിയിൽ കൊണ്ട് വന്നിരുന്നു. കോടതിയുടെ മുറ്റത്തുള്ള പ്ളാവിന്റെ ചുവട്ടിൽ നിക്ഷേപിച്ചിരുന്ന ആ സാധനങ്ങളിൽ, ചട്ടി, കലം, ദൈവങ്ങളുടെ ഫോട്ടോകൾ , തുടങ്ങിയവ ഉൾപ്പെട്ടിരുന്നു. വേണമെങ്കിൽ  ആ വക സാധങ്ങൾ അവിടെ  ഉണ്ടായിരുന്ന പ്രതികൾക്ക് എടുത്ത് കൊണ്ട് പോകുന്നതിന് ഒരു നിയമ തടസ്സവും ഇല്ലായിരുന്നു. അമീൻ വാദിയെ  തന്റെ അധികാരം കാണിക്കാൻ ഈ സാധങ്ങൾ കോടതിയിലേക്ക് കൊണ്ട് വന്നതാണ്. പ്രതികൾ  സാധുക്കളായ  ദളിതുകളായിരുന്നു. അവർ ഹൈ കോടതി വരെയും കേസ് പറഞ്ഞെങ്കിലും  എല്ലാറ്റിലും  പരാജയമടയുകയും വസ്തുവിൽ നിന്നും ഒഴിഞ്ഞ് കൊടുക്കേണ്ടിയും വന്നു. അവർ  കോടതി മുറ്റത്ത്  കൂട്ടമായി വന്ന് തങ്ങളുടെ വക സാധനങ്ങൾ നിരീക്ഷിച്ച് കൊണ്ട് നിന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. ആമീൻ  വിധിയുടമസ്തനായ വാദിയുടെ മുമ്പിൽ തന്റെ വീരകൃത്യം പ്രകടിപ്പിച്ച്   ഗമയോടെ  കവാത്ത് ചെയ്തു നിന്നിട്ട് ഇങ്ങിനെ ഉച്ചത്തിൽ പറഞ്ഞു.
“ചട്ടിയും കലവും സർവതും കൊണ്ട് വന്നു  കേട്ടോ അവർക്ക്  ആവശ്യമുണ്ടെങ്കിൽ അപേക്ഷ നൽകി കോടതിയിൽ നിന്നും എടുത്തോണ്ട് പോട്ടെ.“.
അത് കേട്ട  പ്രതികളിലൊരാളായ പ്രായം ചെന്ന സ്ത്രീ പറഞ്ഞു. “സാർ ഒരെണ്ണം കൊണ്ട് വരാൻ വിട്ട് പോയി“
ചോദ്യ ഭാവത്തിൽ ആമീനദ്ദേഹം അവരെ നോക്കിയ  ആ ക്ഷണത്തിൽ  അവർ ഉടു മുണ്ടുരിഞ്ഞ് അയാളുടെ നേരെ എറിഞ്ഞു, ഇത്  മറന്ന് പോയതാ, ഇന്നാ, എടുത്തോ“
അപ്പോൾ  ആമീൻ സാറിന്റെ മുഖത്ത് കണ്ട  ആ ഭാവം വർഷങ്ങൾക്ക് ശേഷവും  എനിക്ക് മറക്കാൻ കഴിഞ്ഞിട്ടില്ല. 

Friday, February 7, 2020

പ്ളാസ്റ്റിക്ക് നിരോധനം

ശീലമായി തീർന്ന  ഒരു സ്വഭാവം  മാറ്റുമ്പോൾ ഉണ്ടാകുന്ന  ബുദ്ധിമുട്ട്  പറഞ്ഞറിയിക്കാൻ സാധിക്കില്ല.
പ്ളാസ്റ്റിക്ക് നിരോധനത്തെ പറ്റിയാണ് പറഞ്ഞ് വരുന്നത്.
കടകളിലേക്ക് ചെല്ലുക സാധനങ്ങൾ വാങ്ങുക, കടക്കാരൻ സൗജന്യമായി തരുന്ന പ്ളാസ്റ്റിക്ക് കവറിൽ  ഉള്ളടക്കം ചെയ്ത് സാധനങ്ങളുമായി വീട്ടിലെത്തുക ഇതായിരുന്നു ഏറെ   വർഷങ്ങളായി നാം  പഠിച്ചിരുന്ന ശീലം .  മൽസ്യം, പച്ചക്കറി, പഴങ്ങൾ, പലവ്യഞജ്നങ്ങൾ ബേക്കറികളിലെ പാക്കറ്റ്കൾ  മുതലായ എല്ലാവിധ  ഉരുപ്പടികളും മലയാളികൾ ഇപ്രകാരമാണ്  വീട്ടിലേക്ക് വഹിക്കുന്നത്.
 മുൻ കൂട്ടി നോട്ടീസ്      തന്നാണ് നിരോധനം   ഏർപ്പെടുത്തിയതെങ്കിലും  അത് ഒരു ഒന്ന് ഒന്നര നിരോധനമായി പോയി.
പ്ളാസ്റ്റിക്ക് ഭൂമിയിലെ ആവാസ വ്യവസ്ഥക്ക്  സാരമായ തരത്തിൽ ദോഷം വരുത്തി വെക്കുന്നു എന്നും അത് കൊണ്ട് തന്നെ ഈ നിരോധനം പരിസ്ഥിതി  സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്  എന്നും  ഒരു തർക്കവുമില്ല.
എങ്കിലും  അരക്കിലോ വെണ്ടക്ക, പേപ്പറിൽ പൊതിഞ്ഞ് തരുന്നത് ഒരു പൊതി, പലചരക്ക് കടയിൽ നിന്നും ഒരു കിലോ പഞ്ചസാര ഒരു പൊതി,  ബേക്കറിയിൽ നിന്നും കപ്പലണ്ടി തൊലി കളഞ്ഞത് ഒരു പൊതി, രാത്രിയിൽ ആഹാര ശേഷം കഴിക്കാൻ ഒരു കിലോ  ഞാലി പൂവൻ പഴം ഒരു പൊതി, അങ്ങിനെ രണ്ട് കൈകളിലും പല പൊതികളുമായി നിന്ന് ആട്ടോ റിക്ഷ  കൈ കാണിച്ച് നിറുത്താൻ   കൈ   വേറൊരെണ്ണം വേണമല്ലോ എന്ന് പരിതപിക്കുന്ന അവസ്തയാണ്` ഇപ്പോൾ. പണ്ട് എല്ലാ പൊതികളും കൂടി ഒരു പ്ളാസ്റ്റിക്ക്  കവറിലാക്കി, ഒരു കയ്യിൽ തൂക്കി , മറ്റേ കൈ കൊണ്ട്  എതിരെ വരുന്നവർക്ക് സലാം വെച്ച്  ശൂ ന്ന് നമുക്ക് പോകാമായിരുന്നു.
   എന്നാൽ വീട്ടിൽ നിന്ന് തമിഴൻ ഇറങ്ങുമ്പോൾ കയ്യിൽ കരുതുന്ന ശംഖ് മാർക്ക്   കായം  തുണി സഞ്ചി ഒന്ന് പൊതിഞ്ഞ് കക്ഷത്ത് വെച്ചാൽ ഈ പ്രശ്നം തീരില്ലേ എന്ന ചോദ്യം പ്രസക്തമാണ് സമ്മതിച്ചു. പക്ഷേ എവിടെയെങ്കിലും യാത്രയും കഴിഞ്ഞ്  വീട്ടിലേക്കുള്ള തിരിച്ച് വരവ് നേരത്ത് അടുക്കള മന്ത്രിണി വിളിച്ച് അര കിലോ പഞ്ചസാരയും  പിന്നെ ഇത്തിരി ചായപ്പൊടിയും വാങ്ങി വരണേ    എന്നാലേ ഇവിടെ വന്നാൽ ചായ കിട്ടൂ എന്ന് മൊഴിഞ്ഞാൽ  കായം സഞ്ചി എടുക്കാൻ  എങ്ങിനെ കഴിയും. നമ്മൾ യാത്രയിൽ ആയിരുന്നല്ലോ. പോകുന്നിടത്തെല്ലാം കായം സഞ്ചി കക്ഷത്ത് വെക്കാൻ പറ്റുമോ?
അടുത്ത വീട്ടിലെ പെൺകുട്ടിയുടെ  കല്യാണത്തിന് ആ വീട്ടുകാർ  വരുന്ന വിരുന്ങ്കാർക്ക്  വെള്ളവും ചായയും കൊടുക്കാൻ പേപ്പർ ഗ്ളാസ്സ് വാങ്ങാൻ ചെന്നപ്പോൾ  സാധനം നിരോധിച്ചിരിക്കുന്നു. വരുന്നവർക്ക്  ചായ കൊടുക്കാതിരിക്കാനൊക്കുമോ?  അവസാനം  പണ്ടെങ്ങോ ഏതോ മൂലയിൽ വലിച്ചെറിഞ്ഞിരുന്ന  സ്റ്റീൽ ടംബ്ളർ  തൂത്ത് തുടച്ച്  കഴുകി വെടിപ്പാക്കി തന്നത്  വാങ്ങി തൃപ്തിപ്പെടേണ്ടി വന്നു. എന്നാലും ആ പേപ്പർ ഗ്ളാസിന്റെ ഗമാലിറ്റി  സ്റ്റീൽ ടംബ്ളറിന് ഉണ്ടാകുമോ?
എന്ത് ആവാസ വ്യവസ്തയും നിരോധനവും പറഞ്ഞാലും നിരോധിക്കുന്ന സാധനങ്ങൾക്ക്  പകരം മാർഗം കണ്ടെത്തിയിട്ട് വേണമായിരുന്നു ഈ  നിരോധന പ്രക്രിയ എന്ന് തോന്നി പോകുന്നു.

Monday, February 3, 2020

മത സൗഹാർദ്ദം കേരളത്തിൽ

വൃത കാലമായിരുന്നു അന്ന്.
സ്ഥലത്തെ  പ്രധാന  നായർ കുടുംബത്തിലെ ഒരു  പുരുഷന്  എ.ബി. പോസറ്റീവ്  രക്തം വേണം. ആയിരത്തിൽ  എട്ട് പേർക്ക്  മാത്രം കാണുന്ന  അത്രക്ക് സുലഭമല്ലാത്ത  ഈ ഇനം രക്തം വിശ്വാസമുള്ള വ്യക്തിയിൽ നിന്നും  ലഭിക്കണമെന്ന ചിന്തയാൽ കുടുംബാംഗങ്ങൾ  അതിനായി രക്ത ദാതാവിനെ അന്വേഷിച്ച് നടന്നപ്പോൾ  വിവരമറിഞ്ഞ ഞാൻ  വൃതത്താൽ ക്ഷീണിതനായിരുന്നിട്ടും ആ രാത്രിയിൽ പോയി അയാൾക്ക് രക്തം  നൽകി. പിന്നീട്   പലപ്പോഴും എന്നെ കാണുന്ന സന്ദർഭങ്ങളിൽ അയാൾ എന്നെ നോക്കി ചിരിച്ച് കൊണ്ട് പറയും “ഇക്കായുടെ രക്തമാണ് എന്റെ സിരകളിൽ കൂടി ഓടുന്നത്.“
മറ്റൊരു വൃതകാലത്ത്  ഒരു ഉൾ നാടൻ  ഗ്രാമത്തിൽ രോഗിയായ സ്നേഹിതനെ  കാണാൻ പോയി തിരികെ വരുന്ന സമയം ബസ്സ് കിട്ടാത്തതിനാൽ നടന്ന് നടന്ന്  ഒരു അമ്പലത്തിന്റെ മുൻ വശമുള്ള  ചായക്കടയിൽ കയറിയതും  എനിക്ക് നോമ്പ് ആണെന്നറിഞ്ഞപ്പോൾ നോമ്പോ മുസ്ലിം സമുദായമോ അവർക്ക് അപരിചിതമായിരുന്നിട്ടും  ആ ചായക്കടക്കാരനും ഭാര്യയും എനിക്ക് നോമ്പ് തുറക്കാനും  നമസ്ക്കരിക്കാനും സൗകര്യം ചെയ്ത അനുഭവം  ഞാൻ  ഇവിടെ കുറിച്ചിരുന്നു.
ചെറുപ്പത്തിൽ കയറ് കമ്പനിയിൽ ജോലിയിലായിരിക്കവേ  ഈഴവ സമുദായത്തിലെ അംഗമായ തങ്കമണി ചേച്ചി കൊണ്ട് വരുന്ന തൂക്ക് പാത്രത്തിലെ ചോറാണ് പട്ടിണിക്കാരനായ എന്റെ വിശപ്പകറ്റിയതെന്ന അനുഭവവും ഞാൻ ഇവിടെ പങ്ക് വെച്ചിരുന്നല്ലോ. 
പരേതനായ മൊയ്തു മൗലവി ചെറുപ്പത്തിൽ ഒരു ഹിന്ദു സ്ത്രീയുടെ മുലപ്പാൽ കുടിച്ച് വളർന്നതും  അവരുടെ അവസാന കാലം വരെ  അമ്മയുടെ സ്ഥാനത്ത് അവരെ കണ്ട് ആദരിച്ചിരുന്നതും അവരുടെ മരണ ശേഷം  അവരുടെ മകളെ തന്റെ സഹോദരിയെ പോലെ പരിപാലിച്ചിരുന്നതും ഈ കഥ അറിഞ്ഞ ജസ്റ്റിസ് ക്രിഷ്ണയ്യർ തന്റെ എല്ലാ സ്റ്റേജിലും  ഈ ചരിത്രം പ്രസാംഗിച്ചിരുന്ന സംഭവവും നമുക്കറിയാം.
ആലപ്പുഴയിൽ പണ്ട് വളരെ പണ്ട് ഒരു ഹിന്ദു കുടുംബത്തിലെ അച്ചി, തന്റെ നായർക്ക് ഇതര സംബന്ധമുണ്ടെന്ന് കണ്ട് പിടിച്ചതിനെ തുടർന്ന് പ്രതികാര ചിന്തയാൽ  മകളുമായി വീട് വിട്ടിറങ്ങി  ഭർത്താവിന്റെ കുടുംബത്തിന്റെ മുഖത്ത് കരി തേക്കണമെന്ന ചിന്തയാൽ  ഇസ്ലാം മതം സ്വീകരിച്ച് മകളെ  ഒരു മുസ്ലിമിന് പിൽക്കാലത്ത് കല്യാണം കഴിച്ച് കൊടുക്കുകയും ചെയ്തു. ആ മകളുടെ മകനാണ് എന്റെ വാപ്പയുടെ വാപ്പ.
കേരളത്തിലെ ബഹുഭൂരിഭാഗം മുസ്ലിങ്ങളുടെയും  ചരിത്രം നോക്കിയാൽ  ഇപ്രകാരം പല കാരണങ്ങളാൽ മത പരിവർത്തനം ചെയ്തു വന്നവരാണെന്ന് മനസ്സിലാക്കാൻ കഴിയും. അതായത് ഇവിടെയുള്ള പൂർവ സമുദായം തന്നെയാണ് അവരുടെയും പൂർവ സമുദായം. തലമുറ തലമുറയായി ഇവിടെ ജനിച്ച് ഇവിടെ വളർന്ന് സഹോദര സമുദായ അംഗങ്ങളുമായി  ഇടപഴകി  ഏകോദര സഹോദരങ്ങളെ പോലെ ജീവിച്ച് വന്നവർ.
ഉണർന്നിരിക്കുമ്പോൾ  അവർ ജാതി വ്യത്യാസമില്ലാതെ  ഒരുമിച്ച് കഴിഞ്ഞു, ഉറങ്ങാനായി മാത്രം തങ്ങളുടെ കൂരകൾ തിരക്കി പോയവർ.
ഉത്തരേന്ത്യയിലെ വർഗീയ കാറ്റ് ഇവിടെ ചിലപ്പോഴൊക്കെ  അനക്കം സൃഷ്ടിക്കാൻ ശ്രമിച്ചിട്ടും  പരാജയപ്പെട്ട് പത്തി താഴ്തുകയാണുണ്ടായത്.
എന്റെ മതം എനിക്ക് ജീവനാണെങ്കിലും അപരന്റെ    മതത്തെ ഞാൻ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെങ്കിൽ എന്ത്  സ്പർദ്ധ, എന്ത് മത വൈരം?