Wednesday, April 18, 2018

കുടുംബ കോടതിയിൽ നിന്നുമൊരു കാഴ്ച.

കുടുംബ കോടതിയുടെ വരാന്തയിലൂടെ  നടന്ന് പോകുമ്പോഴാണ് യാദൃശ്ചികമായി  എന്റെ  നോട്ടം ആ അമ്മയിലും  മകനിലും പതിഞ്ഞത്. അമ്മ ചെറുപ്പമാണ്, മകന് 5 വയസ്സ് പ്രായവും. അവൻ ചരിഞ്ഞ് ചരിഞ്ഞ്  നോക്കുന്നതാരെയെന്ന് ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ  അൽപ്പമകലെ  ഒരു ചെറുപ്പക്കാരൻ അവനെ തന്നെ നോക്കി ഇരിക്കുന്നുണ്ട്, അയാളെയാണ്. ആ കുട്ടി  എത്തി നോക്കിക്കൊണ്ടിരുന്നത്. ആ നോട്ടത്തിലെ ആകാംക്ഷയും ദയനീയതയും കണ്ടതിനാൽ അവരുടെ സമീപം നിന്നിരുന്ന  എനിക്ക് പരിചയമുള്ള  വക്കീൽ ഗുമസ്തനെ വിളിച്ച് ഞാൻ കേസിന്റെ വിവരം തിരക്കി.  സാധാരണ കുടുംബ വഴക്ക് തന്നെ അവരുടേതും. വിവാഹ മോചനത്തിന്റെ വിളുമ്പിൽ വരെ എത്തിയിട്ടുണ്ട്. സന്തതി ആയി  ഒരു ആൺകുട്ടി മാത്രമാണുള്ളത്.  അവന് അഛൻ പ്രാണനാണ്. അഛന് മകനും പ്രിയപ്പെട്ടതാണ്. ശക്തമായ ഈഗോ ആ ഭാര്യാഭർത്താക്കന്മാരിൽ വേരൂന്നിയിരിക്കുന്നതിനാൽ രണ്ട് പേരിലും വാശിയുടെ ദുർഭൂതം ആവേശിച്ചിരിക്കുന്നു. വിട്ട് വീഴ്ച്ചക്ക് ആരും തയാറില്ല. അഛനും മകനും  കോടതി വരാന്തയിൽ ഇങ്ങിനെ തമ്മിൽ കാണാൻ കഴിയും. കുട്ടിയെ വിട്ട് കിട്ടാൻ അയാൾ വേറെ കേസ് കൊടുത്തിട്ടുമുണ്ട്. ഒത്ത് തീർപ്പു ചർച്ചകളും കൗൺസിലിംഗും രണ്ട് മൂന്നു തവണ കഴിഞ്ഞിരിക്കുന്നു.  രണ്ട് പേരും അവരവരുടെ കരയിൽ തന്നെ ഇപ്പോഴും  നിൽക്കുന്നു.
അവരെ കടന്ന് പോകുമ്പോഴും ആ കുട്ടിയുടെ നോട്ടം എന്റെ മനസിൽ നിന്നും മാഞ്ഞ് പോയിരുന്നില്ല.  ജീവിതകാലം മുഴുവൻ അവൻ  ഈ കോടതി വരാന്ത  ഓർമ്മിക്കും.  ഒരു പക്ഷേ അവന്റെ സ്വഭാവ രൂപീവത്കരണത്തിന് വരെ ഈ കോടതി  വരാന്തയിലെ ഇരിപ്പും അവന്റെ അഛന്റെ വാൽസല്യം  ലഭ്യമില്ലായ്കയും നിമിത്തമായേക്കാം. മറ്റ് കുട്ടികളെ തിരക്കി  അവരുടെ അഛന്മാർ സ്കൂളീൽ എത്തുമ്പോൾ തന്റെ അഛനെ കുറിച്ച് അവൻ ഏതൊരു വികാരത്തോടെയായിരിക്കും ചിന്തിക്കുക.
അവന്റെ വേദ്നയും നിരാശയും  ആ മാതാപിതാക്കൾക്ക് ബാധകമല്ലല്ലോ. അവരുടെ ഭാഗം കേസ് ജയിക്കണം.  അവളെ തോൽപ്പിക്കണമെന്ന് അയാളും,  അയാളെ തോൽപ്പിക്കണമെന്ന് അവളും.  രണ്ട് പേരും അവരുടെ ഭാഗം ജയിക്കുമായിരിക്കും.  പക്ഷേ തോൽക്കുന്നത് ആ കുഞ്ഞും  അവന്റെ  കുഞ്ഞ് സ്വപ്നങ്ങളും  മാത്രമായിരിക്കും.




ഇതൊന്നും ആ മാതാപിതാക്കൾക്ക് ചിന്താ വിഷയമല്ലല്ലോ.

Sunday, April 15, 2018

വിഷം കൊടിയ വിഷം

“ഇവളെ  എല്ലാം ഇപ്പോഴേ കൊന്നത്  നന്നായി അല്ലെങ്കിൽ നാളെ ഇന്ത്യക്ക് എതിരെ തന്നെ ബോംബായി വന്നേനെ“
ആർ.എസ്.എസ്. നേതാവിന്റെ മകൻ  വിഷ്ണു നന്ദകുമാറിന്റേതാണ് ഈ വാക്കുകൾ. ഇവൾ എന്ന് വിഷ്ണു ചൂണ്ടിക്കാണിച്ചത് കശ്മീരിൽ ബലാൽസംഗത്തിനിരയായി  കൊല്ലപ്പെട്ട പെൺകുട്ടിയും.
അനിയാ വിഷ്ണൂ! ആ വാക്കുകളേക്കാളും  കേരള ജനതയെ ഭയപ്പെടുത്തുന്നത് ആ വാക്കുകളുടെ ഉടമയുടെ മനസിനെയാണ്. ഈ മനസും പേറിയാണോ  എന്റെ പ്രിയപ്പെട്ട അനിയൻ ഞങ്ങളുടെ മദ്ധ്യത്തിൽ കഴിയുന്നത്.  ഞങ്ങളെ കാണുമ്പോഴെല്ലാം ആ മനസിൽ  തിളച്ച് പൊന്തുന്നത്,  ഇത് പോലുള്ള വിഷലിപ്തമായ  വികാര വിചാരങ്ങളാണോ?  ഞങ്ങളെന്ത് ചെയ്തു  പൊന്നനിയാ ഇത്രയും പക ഞങ്ങളുടെ നേരെ ഉണ്ടാകാൻ.. ഞങ്ങളെന്ത് തെറ്റാണ് അനിയാ  ചെയ്തത്.  വന്നവരെയെല്ലാം കൈനീട്ടി അഭയം കൊടുക്കുന്നവനാണ് ഹിന്ദു എന്നാണ് ഞങ്ങളുടെ വിശ്വാസം. ഒരു പ്രാവിന് അഭയം കൊടുക്കാൻ തന്റെ ശരീരത്തിൽ നിന്നും  മാംസം അറുത്ത് ദാനം ചെയ്ത  ശിബി ചക്രവർത്തിയുടെ  കഥ  നാം പഠിച്ചിട്ടുണ്ടല്ലോ. സനാതന  മതത്തിന്റെ അസൽ രൂപമാണ് അത്. ഹിന്ദുക്കൾക്ക്  ദവാ വായ്പില്ലെങ്കിൽ  മാലിക്ക് ദീനാറിനും കൂട്ടാളികൾക്കും  ഇവിടെ ഈ കേരളക്കരയിൽ ഇടം കൊടുക്കുകയും  തങ്ങളുടെ സഹോദരിമാരെയും പെങ്ങന്മാരെയും  അവർക്ക് വിവാഹം ചെയ്ത് കൊടുക്ക്കയുമില്ലായിരുന്നല്ലോ. അന്നും ഇന്നും ഹിന്ദുവിന് മനസിന് വിശാലതയുണ്ട്. അത് കൊണ്ട് തന്നെ ഒരു അമ്മ പെറ്റ സഹോദരന്മാരെ പോലെ ഞങ്ങൾ എല്ലാവരും  ഇവിടെ ഒത്തൊരുമയോടെ കഴിയുന്നു. തെളി നീര് നിറഞ്ഞ നീലജല തടാകം പോലെ പരിശുദ്ധമാണ് ഞങ്ങളുടെ ഈ നാട്,  അതിലെന്തിനാ അനിയാ നഞ്ച് കലക്കാൻ വരുന്നത്. ഞങ്ങൾ ഒരുമിച്ച് ഓണം  ആഘോഷിക്കുന്നു, പെരുന്നാളുകൾ ആഘോഷിക്കുന്നു, തോളിൽ കയ്യിട്ട് നടക്കുന്നു  ഞങ്ങൾക്ക് പരസ്പരം ഒരു വ്യത്യാസവും അനുഭവ പ്പെടുന്നില്ല.
 അത് കൊണ്ട് എന്റെ പ്രിയപ്പെട്ട അനുജൻ മനസിൽ നിന്നും ഈ കാളകൂട വിഷമെല്ലാം കഴുകി കളഞ്ഞ് ഒരു യഥാർഥ ഹിന്ധുവായി ജീവിക്കണേ!

Saturday, April 14, 2018

കശ്മീർ പെൺകുട്ടി പ്രതിഷേധം എന്തിന് വേണ്ടി.

കാശ്മീർ പെൺകുട്ടിയുടെ ദുരന്തത്തെ കുറിച്ച് സോഷ്യൽ മീഡിയായിൽ  വന്ന  ലേഖനങ്ങളിൽ  ചിലത്  കഥ അറിയാതെ ആട്ടം  കാണുന്ന മട്ടിലുള്ളതായിരുന്നു. ആ വക പോസ്റ്റ് ഇട്ടവരിൽ ചിലർ മതേതര ഭാവക്കാരും ചിലർ സംഘപരിവാറുമായി ബന്ധപ്പെട്ടവരും മറ്റ് ചിലർ  പെൺകുട്ടിയുടെ സമുദായത്തെ  ജന്മനാ അസഹിഷ്ണതയോടെ കാണുന്നവരുമായിരുന്നു.  അവർ പെൺകുട്ടിക്ക് സംഭവിച്ച  ദുരന്തത്തെ  അനുതാപത്തോടെ കാണുന്നു എന്ന മട്ടിലായിരുന്നു  പ്രകടനങ്ങൾ.  പക്ഷേ  നിരീക്ഷണത്തിൽ  അവരുടെ ഉള്ളിൽ ഇരമ്പുന്ന പെൺകുട്ടിയുടെ സ്മുദായത്തോടുള്ള വെറുപ്പ്  പട്ടിൽ പൊതിഞ്ഞ വാളായി അനുഭവപ്പെട്ടു.  അവർ പറയുന്നു  “ആ പെൺകുട്ടിയെ പറ്റി ദുഖിക്കുന്നു, പക്ഷേ അതിനോടൊപ്പം ഇതിനു മുമ്പ് പീഡിപ്പിക്കപ്പെട്ട്  കൊല്ലപ്പെട്ട ഇന്ന ഇന്ന  പെൺകുട്ടികളെയും കുറിച്ച് നമുക്ക് അനുതാപപ്പെടാം.“  പോസ്റ്റിന് മറുപടി നൽകിയവർ  മൊഴിഞ്ഞു,
“ആ പെൺകുട്ടികളെ കുറിച്ചും ഞങ്ങൾ അനുതാപപ്പെടുന്നു.“  പക്ഷേ  അവർക്ക് നൽകേണ്ട മറുപടി  അതായിരുന്നില്ല.
പെൺകുട്ടിക്ക് സംഭവിച്ച  ദുരന്തത്തിൽ എല്ലാവരും ദുഖിതരാണ്, അതോടൊപ്പം മറ്റ് പെൺകുട്ടികൾക്ക് സംഭവിച്ചതിലും.  പക്ഷേ ഇത് വെറുമൊരു പീഡന സംബന്ധമായ  പ്രതിഷേധം മാത്രമല്ല സുഹൃത്തുക്കളേ!  ഒരു സമുദായത്തോടുള്ള അസഹിഷ്ണതയാൽ ആ സമുദായത്തെ ഭയപ്പെടുത്തി ഞങ്ങളുടെ ഗ്രാമാതിർത്തിയിൽ നിന്നും  വിരട്ടി ഓടിക്കാൻ മുൻ കൂട്ടി തയാറാക്കിയ നീച പ്രവർത്തി എന്നിടത്താണ് ഈ സംഭവത്തിന്റെ ഗുരുതര  സ്വഭാവം കണ്ടെത്തേണ്ടത്.  ജാതി മത ഭേദമന്യേ ഉയർന്നവനും താഴ്ന്നവനും  വ്യത്യാസമില്ലാതെ ഏതൊരു പൗരനും  ഈ മഹത്തായ ജനാധിപത്യ രാജ്യത്തിൽ യഥേഷ്ടം താമസിക്കാൻ ഇന്ത്യൻ ഭർണഘടന അനുവാദം തന്നിരിക്കവേ  ഒരു  നാടോടി കൂട്ടം തങ്ങളുടെ അയലത്ത് വന്ന് താമസിക്കുന്നതിലുള്ള വെറുപ്പിനാൽ  അവരെ ഭയപ്പെടുത്തി ഓടിക്കുക എന്ന ലക്ഷ്യത്തിനായി ആ‍ കൂട്ടത്തിലുള്ള പെൺകുട്ടിയെ നീചമായി കൈകാര്യം ചെയ്ത് അതി ക്രൂരമായി തലക്കടിച്ച് കൊന്നതിലുള്ള പ്രതിഷേധമാണ് സുഹൃത്തുക്കളേ നാം ഇപ്പോൾ  നടത്തി കൊണ്ടിരിക്കുന്നത്.   അതിനെ സാധാരണവത്കരിച്ച് കാണാനുള്ള നിങ്ങളുടെ ഈ വ്യഗ്രത്യുണ്ടല്ലോ  അതിനെതിരായാണ്  ആദ്യം പ്രതിഷേധിക്കേണ്ടത്. നാളെ  ഇന്ത്യയിൽ എവിടെയും  ചിലർ ഇത് പ്രയോഗിച്ചേക്കാം.  അത് മുൻ കൂട്ടി കണ്ട്  ഈ പ്രവണത മുളയിലേ  നുള്ളി  കളയേണ്ടിയിരിക്കുന്നു.  ഒരു സമുദായത്തിന്  നേരെയും മറ്റൊരു സമുദായവും ഈ പ്രവർത്തി  ആവർത്തിക്കരുത്,  അല്ലെങ്കിൽ മഹത്തായ നമ്മുടെ രാജ്യം ഛിന്നഭിന്നമായി തീരും.  അതിനാൽ കശ്മീർ പെൺകുട്ട്യുടെ ദാരുണാന്ത്യത്തെ പറ്റി നാം ശക്തിയായി പ്രതിഷേധിക്കുക  തന്നെ വേണം.

Tuesday, April 10, 2018

ആലപ്പുഴ മെഡിക്കൽ കോളേജും അനുഭവവും

ആലപ്പുഴ മെഡിക്കൽ കോളേജ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ആലപ്പുഴ മെഡിക്കൽ കൊളേജിനെ വ്യത്യസ്തമാക്കിയത് ജീവനക്കാരുടെ സ്നേഹ സമ്പൂർണമായ പെരുമാറ്റവും രോഗികളോടും കൂട്ടിരുപ്പുകാരോടുമുള്ള വിനയത്തോടെയുള്ള ഇടപെടലിനാലും കാരണത്താലാണ്.
ഇത് പഴയകാല ചരിത്രം. ഈ മാസം എട്ടാം തീയതി ആലപ്പുഴ മെഡിക്കൽ കോളേജ് സന്ദർശിക്കേണ്ട ആവശ്യം ഉണ്ടായി. ഇളയ സഹോദരൻ നെഞ്ച് വേദനയാൽ അവിടെ ഇന്റൻസീവ് കെയർ യൂണീറ്റിൽ പ്രവേശിപ്പിക്കപ്പെട്ടു എന്ന് വിവരം കിട്ടി 100 കിലോ മീറ്റർ സഞ്ചരിച്ച് ആ ആശുപത്രിയിൽ എത്തി ചേർന്നപ്പോൾ പഴയ അഭിപ്രായങ്ങളെല്ലാം ദൂരെ വലിച്ചെറിയേണ്ട അവസ്ഥയാണ് അഭിമുഖീകരിക്കേണ്ടി വന്നത്. ഐ.സി.യിലെ രോഗിയെ കാണാൻ സന്ദർശകരെ അനുവദിക്കാറില്ല. അങ്ങിനെ അനുവദിക്കുന്നത് ശരിയല്ലാ എന്ന് 100 വട്ടം സമ്മതിക്കാം. പക്ഷേ അപ്രകാരം സന്ദർശനം വിലക്കിയിരിക്കുകയാണ്, ഇന്നയിന്ന കാരണത്താൽ എന്ന് സൗമ്യ സ്വരത്തിൽ പറയുന്നതിന് എന്താണ് തടസ്സം. ഇത്രയും ദൂരെ നിന്നും വന്ന എന്റെ ആവശ്യം അറിയിച്ചപ്പോൾ ഞാൻ അഭിമുഖീകരിച്ചത് ഒരു പെൺ കടുവയെയാണ്.. നിങ്ങൾ രോഗിയെ സ്വകാര്യ് ആശുപത്രിയിൽ കൊണ്ട് പോകാമായിരുന്നല്ലോ, അവിടെ എപ്പോഴും രോഗിയെ കയറി കാണാമായിരുന്നല്ലോ, എന്നൊക്കെയായിരുന്നു, ഫ്ളോറൻസ് നൈറ്റിംഗലിന്റെ പ്രതിനിധിയായ ആ മഹിളാ മണിയുടെ അലറൽ. ഇന്ത്യൻ പീനൽ കോഡ് 354 വകുപ്പും അതിന്റെ ഉപ വകുപ്പും എന്റെ മുമ്പിൽ ദംഷ്ട്ര വെളിപ്പെടുത്തി മുരളിയപ്പോൾ ഒന്ന് തുറിച്ച് നോക്കുക പോലും ചെയ്യാതെ എന്റെ ത്ടി സ്കൂട്ടാക്കി ഞാൻ മൂലയിലേക്ക് മാറി ഒതുങ്ങി നിന്നു. സ്ത്രീ സംരക്ഷണ നിയമങ്ങൾ നിലവിലുള്ള കാലത്തോളം കമാന്ന് ഒരു അക്ഷരം മിണ്ടരുത് എന്ന് എന്റെ ഉള്ളിലെ ഭീരു കേണു കൊണ്ടിരുന്നു. പക്ഷേ അവിടെ നിന്നുകൊണ്ട് പിന്നീട് വന്ന സന്ദർശകരോടെല്ലാം ആ വനിതയുടെ പ്രകടനം എന്നോടുള്ളതിനേക്കാളും മോശമായിരുന്നെന്ന് കണ്ടപ്പോൾ തിരുവനന്തപുരത്തേക്കാളും കഷ്ടമായി തീർന്നു ആലപ്പുഴ എന്ന സത്യം എനിക്ക് ബോദ്ധ്യപ്പെട്ടു.
ഒരു ജീവനക്കാരിയുടെ പ്രകടനം മാത്രം കണക്കിലെടുത്തല്ല ഞാനിങ്ങനെ അഭിപ്രായപ്പെട്ടത്, അവിടെ ചെലവഴിച്ച ചുരുക്കം ചില മണിക്കൂറിൽ അവിടെ കണ്ടതും അനുഭവപ്പെട്ടതുമായ മൊത്തത്തിലുള്ള ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിച്ചാണ് ഞാൻ ഈ അഭിഅപ്രായം വെളിപ്പെടുത്തുന്നത്. പതിവായുള്ള കുത്തിവെപ്പിന് കയ്യിൽ ഉറപ്പിക്കുന്ന നിസ്സാരവിലക്കുള്ള കാൻഡുലക്ക് പോലും പുറത്തേക്ക് ചീട്ടെഴുതുന്ന ഡോക്ടറന്മാരും ആശുപത്രി കെട്ടിടത്തിൽ നിന്നും ലാബിലേക്ക് പോകേണ്ട അതി ദൂരവും അതും 10 ടെസ്റ്റിന് 10 തവണയായി (ഒരു ദിവസത്തിൽ തന്നെ) കൂട്ടിരുപ്പുകാരെ ഓടിപ്പിക്കുന്ന ക്രൂര വിനോദവും ആലപ്പുഴ മെഡിക്കൽ കോളേജിന്റെ തമാശകളുടെ പ്രത്യേകതയാണ്.
ഇതിലേറെ എന്നെ വേദനിപ്പിക്കുന്നത് രാഷ്ട്രീയത്തിനപ്പുറം ഞാൻ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന മന്ത്രി ഴ്രീ സുധാകരന്റെ തട്ടകത്തിലാണ് ഈ മെഡിക്കൽ കോളേജ് എന്നുള്ളതാണ്. ഞാൻ മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒരിക്കലും ഇഷ്ടപ്പെടാത്ത വെച്ച് പൊറുപ്പിക്കാത്ത അദ്ദേഹം ഒരു തവണ ആ ആതുരാലയത്തിൽ തന്റെ വകുപ്പല്ലെങ്കിൽ കൂടി ഒന്ന് വെറുതെ ചുറ്റി അടിച്ചാൽ ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിന് ബോദ്ധ്യപ്പെടും.
അല്ലെങ്കിൽ ജനം പണ്ട് കോഴിക്കോട് ജനകീയ വിചാരണ നടത്തി കഴുത്തിൽ ചൂല് കെട്ടിയിട്ട അവസ്ഥ താമസം വിനാ ആ ആശുപത്രിയിൽ ഉണ്ടാകും എന്ന് തീർച്ച.