Tuesday, January 23, 2018

പെണ്ണുങ്ങള്‍ മീന്‍ പൊരിച്ചത് തിന്നാറില്ലാ.

എന്റെ കുഞ്ഞു പ്രായത്തില്‍ എന്റെ ഉമ്മയും മൂത്ത സഹോദരിയും   വയറു നിറയെ  ആഹാരം കഴിക്കുന്നത്‌ ഞാന്‍ കണ്ടിട്ടേ ഇല്ല. ദിവസത്തില്‍ ഒരു നേരമാണ് ചോറ് വെയ്പ്.  രാത്രി പത്തുമണി ആകും ചോറ് വെന്ത് ഞങ്ങള്‍ക്ക് വിളമ്പി തരുവാന്‍. ആദ്യം വാപ്പാക്ക്  ചോറ് ഒരു പാത്രത്തില്‍ വിളമ്പി വെക്കും. പിന്നീട് ഞങ്ങള്‍ക്ക്. അത് കഴിയുമ്പോഴേക്ക് കഷ്ട്ടിച്ച്  ബാക്കി വരുന്നത് മൂത്ത സഹോദരിക്ക്. അപ്പോഴേക്കും കലം കാലിയാകും. ആ കാലഘട്ടം  കേരളത്തിന്റെ പട്ടിണിക്കാലമായിരുന്നു. ഉമ്മാക്ക് വേണമെന്നുണ്ടെങ്കില്‍  ആദ്യമേ തന്നെ കഴിക്കാം.  ആരും തടയില്ലാ എന്ന് ഉമ്മാക്ക് തന്നെ ബോദ്ധ്യമുണ്ട്. പക്ഷെ ഉമ്മാ ചെയ്യില്ല. വാപ്പാ  ഉണ്ട് കഴിയുമ്പോഴേക്കും അല്‍പ്പം ചോറ് നിര്‍ബന്ധമായി പാത്രത്തില്‍  ബാക്കി വെച്ചിരിക്കും.  അതാണ്‌ ഉമ്മാക്ക് ലഭിക്കുന്നത്. പലപ്പോഴും കറി  കാണില്ലാ. കറി  വെച്ച ചട്ടിയില്‍ ഉമ്മാ ആ ചോറിട്ടു കുഴച്ചു കഴിക്കാമായിരുന്നു. മീന്‍ സുലഭമായ ആലപ്പുഴയില്‍ അപൂര്‍വമായേ ഞങ്ങള്‍  മീന്‍ പൊരിക്കുകയുളൂ. അഥവാ പൊരിചാലും  ഒരു കഷണം മാത്രം. അത് വാപ്പാക്ക്  നല്‍കും. അദ്ദേഹം അതിന്റെ ഒരു മൂലയില്‍ നിന്നും അല്‍പ്പം നുള്ളി എടുക്കും, ബാക്കി ഉമ്മയെ ഏല്‍പ്പിക്കും. ഉമ്മ അത് ഞങ്ങള്‍ക്ക് വീതിച്ചു നല്‍കും. അതില്‍ അല്‍പ്പം പോലും ഉമ്മയും സഹോദരിയും കഴിക്കില്ല,  ആവശ്യപ്പെടുകയുമില്ല. പലപ്പോഴും ഞാന്‍ ആലോചിക്കും, ഉമ്മാ അത് മുഴുവന്‍ എടുത്താലും  പെങ്ങള്‍ക്ക് കൊടുത്താലും  ഞങ്ങള്‍ ഒരു പരാതിയും ഉന്നയിക്കുകയില്ലല്ലോ എന്ന് . പക്ഷെ അവര്‍ രണ്ടു പേരും എല്ലാം മറ്റുള്ളവര്‍ക്ക് നല്കുന്നതല്ലാതെ  സ്വന്തമായി എടുക്കുന്ന സ്വഭാവം അന്നും കാട്ടിയിരുന്നില്ല , പിന്നെയും കാട്ടിയിട്ടില്ല. വാപ്പായാണ് വീട്ടിലെ ഏക വരുമാനക്കാരന്‍. വാപ്പാ അദ്ധ്വാനിച്ചാലേ വീട്ടില്‍ അടുപ്പ് പുകയുള്ളൂ. ആ വാപ്പയെ നില നിര്‍ത്തേണ്ടത് വീടിന്റെ ആവശ്യമായിരുന്നു.കിട്ടുന്ന തുക അതേ പടി വീട്ടില്‍ കൊണ്ട് വരുന്ന വാപ്പ  പുറത്ത് നിന്നുമൊന്നും കഴിക്കാറില്ലായിരുന്നല്ലോ. പകല്‍ മുഴുവന്‍ പട്ടിണിയായിരുന്നു  അത് കൊണ്ട് തന്നെ വാപ്പാക്ക്  എന്ത് കൊടുക്കുന്നതിലും ഞങ്ങള്‍ക്ക് പരാതിയില്ലായിരുന്നു. ഉമ്മയുടെയും സഹോദരിയുടെയും ത്യാഗം  സ്വമേധയാ ഉള്ളതായിരുന്നു. ആരും  അവരെ നിര്‍ബന്ധിച്ചില്ല . എന്നാലും അവര്‍ സന്തോഷത്തോടെ വരിയിലെ അവസാനത്തെ അംഗങ്ങളായി  മാത്രം നില കൊണ്ടു . ആണ്‍കുട്ടികള്‍ വേണം വീട് പുലര്‍ത്താനെന്നും  അത് കൊണ്ട് ആഹാരത്തില്‍ അവര്‍ക്ക്  മുന്‍ ഗണന  നല്‍കേണ്ടത് തങ്ങളുടെ ആവശ്യമാണെന്നും സ്ത്രീകള്‍ കരുതി വിശ്വസിചിരുന്നത്  പോലെയായിരുന്നു അന്നത്തെ സ്ത്രീകളുടെ രീതി. അതില്‍   അവര്‍ക്ക് പരാതികള്‍ ഇല്ലായിരുന്നു എന്ന് മാത്രമല്ലാ, തങ്ങളുടെ ത്യാഗത്തില്‍ അവര്‍ സംതൃപ്തരുമായിരുന്നു. ഈ ശീലത്തിന് അപവാദമുണ്ടായിരുന്നെങ്കിലും അത് ന്യൂനാല്‍ ന്യൂന പക്ഷം മാത്രമായിരുന്നു. അങ്ങിനെയുള്ളവരോട് സമൂഹത്തിനു  പുച്ഛവുമായിരുന്നു.
പുരുഷന് വേണ്ടി സ്ത്രീയെ സൃഷ്ടിച്ചിരുന്നത് പോലെ  സ്ത്രീക്ക് വേണ്ടി പുരുഷനെയും സൃഷ്ടിച്ചിരുന്ന വിധത്തില്‍  തന്നെയായിരുന്നു  കാര്യങ്ങള്‍  കഴിഞ്ഞു വന്നിരുന്നത്.. പരസ്പരം പൂരകങ്ങളായ രണ്ടു ജീവികള്‍ അതായിരുന്നു സ്ത്രീയും പുരുഷനും. 

No comments:

Post a Comment