Tuesday, January 16, 2018

പ്രേം നസീറും കുറെ ഓര്‍മ്മകളും.

ജനുവരി 16 ആയ ഇന്ന്  പ്രേം നസീറിന്റെ ഇരുപത്തി ഒന്‍പതാമത് ചരമ വാര്‍ഷികമാണ്. പകരം വെക്കാനാളില്ലാത്ത  ഈ അതുല്യ നടന്റെ സിനിമാ റിക്കാര്‍ഡുകള്‍ ഇനിയും തിരുത്തപ്പെട്ടിട്ടില്ല . അദ്ദേഹവുമായി ബന്ധപ്പെട്ടു രണ്ടു മറക്കാനാവാത്ത  ഓര്‍മ്മകള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒന്ന് അദ്ദേഹം കാരണം എന്റെ ബാല്യകാല സുഹൃത്തിനെ  ഞാന്‍  മര്‍ദ്ദിച്ചു . രണ്ടാമത്തേത്  എന്റെ ജീവിതം തന്നെ മാറ്റി  മറിക്കാനായി  ഇരുപത്തി അഞ്ചു രൂപാ അദ്ദേഹം എനിക്ക് തന്നു.
ആദ്യത്തേത് എന്റെ വളരെ കുഞ്ഞു നാളിലെ ഓര്‍മ്മയാണ്. അന്ന് ഞാന്‍ വിശ്വസിച്ചിരുന്നത്, സിനിമയിലെ രൂപങ്ങള്‍ എല്ലാം ജീവനുള്ളതായിരുന്നു  എന്നാണു.  . എന്റെ ബാല്യകാല സുഹൃത്ത് തടിയന്‍ ശുക്കൂര്‍  അതിനെ ഖണ്ഡിച്ചു  പറഞ്ഞു  അതെല്ലാം  വെറും ഫോട്ടോകള്‍ ആണെന്ന്.നസീര്‍  എന്റെ ഇഷ്ട്ട താരമായിരുന്നു ആ  നസീര്‍ വെറും ഫോട്ടോ ആണെന്ന് പറഞ്ഞാല്‍ ഞാനെങ്ങിനെ സഹിക്കും. പക്ഷെ അവനോടു അതിനെ പറ്റി  അടികൂടാന്‍ പോയാല്‍ തടിയന്‍ എന്നെ  ഒരു പരുവമാക്കും. അങ്ങിനെയിരിക്കെ  അവന്റെ വാദം ശരിയാണെന്ന് തെളിയിക്കാന്‍ ഒരു സംഭവം ഉണ്ടായി.  ആലപ്പുഴ ശീമാട്ടിയിലും  ശ്രീ കൃഷ്ണായിലും  രണ്ടു നസീര്‍ പടം ഒരുമിച്ചു വന്നു. ജീവനോടെയാണ്  സ്ക്രീനില്‍  വരുന്നതെങ്കില്‍  ഒരേ സമയം  രണ്ടിടത്തും വരാന്‍ പറ്റില്ലല്ലോ. വാദം ജയിച്ച  ശുക്കൂര്‍ എന്നെ കളിയാക്കി ആര്‍ത്തു ചിരിച്ചു. എന്റെ ഉള്ളു ചുട്ടു നീറി. അവസരം വരാന്‍ ഞാന്‍ നോക്കി ഇരുന്നപ്പോള്‍  ദാ...ശുക്കൂര്‍  പള്ളിയില്‍  നമസ്കരിക്കുന്നു. നമസ്കാരത്തില്‍ ആര് എന്ത് ചെയ്താലും പ്രതികരിക്കരുതെന്നാണ് നിയമം. അവന്‍ സുജൂദ് (സാഷ്ട്ടാംഗ നമസ്കാരം) പോയ നേരം ഞാന്‍ അവന്റെ മുതുകില്‍ ഒരിടി കൊടുത്തു. എന്റെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു  അവന്‍ നമസ്കാരം ഉപേക്ഷിച്ചു  എഴുനെറ്റു  വന്നു എന്നെ കുനിച്ചു നിര്‍ത്തി രണ്ടിടി തന്നു. അങ്ങിനെ നസീര്‍ കാരണം  ഞങ്ങള്‍ ഇടി കൂടി.
 കാലങ്ങള്‍ എത്രയോ കഴിഞ്ഞിട്ടും  ഈ കഥ പറഞ്ഞു ഞാനും അവനും ചിരിക്കുമായിരുന്നു. ഞാന്‍ കൊട്ടാരക്കരയിലായപ്പോള്‍  അവന്‍ കൊച്ചി പള്ളുരുത്തിയില്‍ എക്സയ്സ് വകുപ്പില്‍ ജോലിയിലായി. ഒരു ദിവസം  റോഡില്‍ കുഴഞ്ഞു വീണു  ആ കൂട്ടുകാരന്‍  മരിച്ചു  എന്ന് അറിയാന്‍ കഴിഞ്ഞു.

രണ്ടാമത്തെ സംഭവം എന്റെ സിനിമാ അഭിനയവുമായി ബന്ധപ്പെട്ടതാണ്. സിനിമാ തലയ്ക്കു കയറി  അഭിനയിക്കാന്‍ മദ്രാസിലേക്ക് ഒളിച്ചു പോയ ഞാന്‍ നസീറുമായി കണ്ടു മുട്ടി.  ആ കൂടി കാഴ്ച  "ശ്മശാനത്തിലെ  രാത്രി " എന്ന എന്റെ അനുഭവ  കുറി പ്പിലുണ്ട്.  അതില്‍ ഞാന്‍ ഇങ്ങിനെ എഴുതി
""പലതും ഈ സിനിമാ ഫീല്‍ഡില്‍  ഞാൻ കണ്ടു.പലതും അനുഭവിച്ചുഏറെവിവരിക്കാനുള്ള അനുഭവങ്ങൾ.

ഷൂട്ടിംഗ്‌ ഏരിയായിലെ ജോലിക്കാരോട്‌ കെ.പി.ഉമ്മറിന്റെതലക്കനവും പുശ്ചത്തോടുമുള്ള പെരുമാറ്റവും അതുല്യ നടൻപി.ജെആന്റണിയുടെ "മോനേഎന്ന സ്നേഹവും വിനയവുംനിറഞ്ഞ വിളിയും     അവരെപറ്റി പറഞ്ഞ്‌ കേട്ടത്‌ ശരിയാണെന്ന്‌ എനിക്ക്‌ബോദ്ധ്യപ്പെട്ടു.ഷീലാമ്മയുടെ അഭിനയ പാടവം  നേരിൽ ഞാൻകണ്ടു.ബഹദൂറിന്റെ നിഷ്കളങ്കമായ ചിരിയും തമാശകളുംഇടപെടലും എനിക്കു അനുഭവിക്കാൻ കഴിഞ്ഞുമധു സാറിന്റെഅന്തസുറ്റ പെരുമാറ്റവും നസീർ സാറിന്റെ മാന്യമായസമീപനവും ഒരിക്കലും ഞാൻ മറക്കില്ല.ഷൂട്ടിംഗ്‌ കഴിഞ്ഞ ഒരുസാ യാഹ്നത്തിൽ കാറിൽ കയറുന്നതിനു മുമ്പു ഡ്രൈവർ വരാൻകാത്തിരുന്ന ചില നിമിഷങ്ങളിൽ ഞാൻ എന്റെ മദിരാശിവരവിന്റെ ഉദ്ദേശം അദ്ദേഹത്തോടു പറയാൻ ധൈര്യം കാട്ടി.നസീര്‍സാര്‍ 5 രൂപയുടെ അഞ്ച്‌ നോട്ടുകൾ എന്റെ കയ്യിൽതന്നിട്ടുപറഞ്ഞു:-

"നാട്ടിൽ പോയി പഠനം തുടരുക..."  അഞ്ച്‌ നോട്ടുകളിൽ നാലുഎണ്ണം ഞാൻ ചിലവഴിച്ചുഅഞ്ചാമത്തേത്‌  വർഷത്തെഡയറിയിൽ എന്റെ സിനിമാ ഭ്രാന്തിന്റെ ഓർമ്മക്കായി സൂക്ഷിച്ചുഎങ്കിലും കാലങ്ങൾ വരുത്തി വെച്ച പഴക്കവും പ്രാണികളുടെആക്രമണവും എന്റെ പഴയ ഡയറികളിൽ ചിലതുനശിപ്പിച്ചപ്പോൾ  അഞ്ചു രൂപാ നോട്ടും ജീർണ്ണിച്ചു പോയി......"

ഇന്ന് ഈ പതിനാറാം തീയതി  ആ വലിയ മനുഷ്യന്‍ അന്തരിച്ച ദിവസമാണ്. അന്ന്  അദ്ദേഹം എന്നെ നാട്ടിലെക്കു പറ ഞ്ഞയചില്ലായിരുന്നു എങ്കില്‍  തമിഴ് നാട്ടിലെ ഏതെങ്കിലും മൂലയില്‍ ഞാനിന്നും കഴിഞ്ഞേനെ. ആ ഓര്‍മ്മ എന്നുമെന്റെ മനസ്സില്‍ നില നില്‍ക്കും.






No comments:

Post a Comment