Wednesday, January 31, 2018

നിലാവ്...നിലാവ്...നിലാവ് മാത്രം


മകര നിലാവ് പരന്നൊഴുകുന്നു.  ഇന്ന്  വെളുത്ത വാവാണ് . പൂര്‍ണ ചന്ദ്രന്‍  മാനത്ത് പൂത്തുലഞ്ഞു നില്‍ക്കുമ്പോള്‍  വളരെ വര്‍ഷങ്ങള്‍പുറകിലേക്ക് മനസ് സഞ്ചരിക്കുകയാണ് .  ആലപ്പുഴയിലെ വട്ടപ്പള്ളിയിലെ മണല്‍   പ്രദേശം  ഇത് പോലെ  പൂ നിലാവില്‍  വെട്ടി തിളങ്ങുന്ന നേരം  വെറുതെ മാനത്തേക്ക് നോക്കി  ആ മണല്‍ പരപ്പില്‍  മലര്‍ന്നു കിടക്കുന്നത് എത്രമാത്രം സന്തോഷ പ്രദമായിരുന്നു. "മാനസ മൈനേ  വരൂ" എന്ന്  മനസ്സില്‍ തട്ടി പാടാന്‍ തോന്നി പോകുന്ന അന്തരീക്ഷം.  എങ്ങും നിശ്ശബ്ദത. നിലാവ് മാത്രം ശബ്ദമില്ലാത്ത ചിരിയുമായി മാനത്ത്  പ്രകാശം ചൊരിഞ്ഞു  നില്‍ക്കുമായിരുന്നു..  വല്ലാത്ത അനുഭൂതിയാണ് അപ്പോഴുണ്ടാകുക.
 ആ കാലം  എന്നെന്നേക്കുമായി  കടന്നു പോയിരിക്കുന്നു.  ഒരിക്കല്‍ കൂടി ആ മണലില്‍ മലര്‍ന്നു കിടന്നു ചന്ദ്രനെ നോക്കുവാന്‍  അതിയായ  ആഗ്രഹം  തോന്നുന്നു.   ഒരിക്കലും  സാധിക്കാത്ത  അതി മോഹം.

ആ മണല്‍ പരപ്പ് അവിടെ   ഇന്നില്ല. അവിടമെല്ലാം നിറയെ വീടുകളാണിപ്പോള്‍. ഞാനും അവിടില്ല. എങ്കിലും "ആ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി" എന്ന് പാടാന്‍  തോന്നി പോകുന്നല്ലോ. 

Tuesday, January 23, 2018

പെണ്ണുങ്ങള്‍ മീന്‍ പൊരിച്ചത് തിന്നാറില്ലാ.

എന്റെ കുഞ്ഞു പ്രായത്തില്‍ എന്റെ ഉമ്മയും മൂത്ത സഹോദരിയും   വയറു നിറയെ  ആഹാരം കഴിക്കുന്നത്‌ ഞാന്‍ കണ്ടിട്ടേ ഇല്ല. ദിവസത്തില്‍ ഒരു നേരമാണ് ചോറ് വെയ്പ്.  രാത്രി പത്തുമണി ആകും ചോറ് വെന്ത് ഞങ്ങള്‍ക്ക് വിളമ്പി തരുവാന്‍. ആദ്യം വാപ്പാക്ക്  ചോറ് ഒരു പാത്രത്തില്‍ വിളമ്പി വെക്കും. പിന്നീട് ഞങ്ങള്‍ക്ക്. അത് കഴിയുമ്പോഴേക്ക് കഷ്ട്ടിച്ച്  ബാക്കി വരുന്നത് മൂത്ത സഹോദരിക്ക്. അപ്പോഴേക്കും കലം കാലിയാകും. ആ കാലഘട്ടം  കേരളത്തിന്റെ പട്ടിണിക്കാലമായിരുന്നു. ഉമ്മാക്ക് വേണമെന്നുണ്ടെങ്കില്‍  ആദ്യമേ തന്നെ കഴിക്കാം.  ആരും തടയില്ലാ എന്ന് ഉമ്മാക്ക് തന്നെ ബോദ്ധ്യമുണ്ട്. പക്ഷെ ഉമ്മാ ചെയ്യില്ല. വാപ്പാ  ഉണ്ട് കഴിയുമ്പോഴേക്കും അല്‍പ്പം ചോറ് നിര്‍ബന്ധമായി പാത്രത്തില്‍  ബാക്കി വെച്ചിരിക്കും.  അതാണ്‌ ഉമ്മാക്ക് ലഭിക്കുന്നത്. പലപ്പോഴും കറി  കാണില്ലാ. കറി  വെച്ച ചട്ടിയില്‍ ഉമ്മാ ആ ചോറിട്ടു കുഴച്ചു കഴിക്കാമായിരുന്നു. മീന്‍ സുലഭമായ ആലപ്പുഴയില്‍ അപൂര്‍വമായേ ഞങ്ങള്‍  മീന്‍ പൊരിക്കുകയുളൂ. അഥവാ പൊരിചാലും  ഒരു കഷണം മാത്രം. അത് വാപ്പാക്ക്  നല്‍കും. അദ്ദേഹം അതിന്റെ ഒരു മൂലയില്‍ നിന്നും അല്‍പ്പം നുള്ളി എടുക്കും, ബാക്കി ഉമ്മയെ ഏല്‍പ്പിക്കും. ഉമ്മ അത് ഞങ്ങള്‍ക്ക് വീതിച്ചു നല്‍കും. അതില്‍ അല്‍പ്പം പോലും ഉമ്മയും സഹോദരിയും കഴിക്കില്ല,  ആവശ്യപ്പെടുകയുമില്ല. പലപ്പോഴും ഞാന്‍ ആലോചിക്കും, ഉമ്മാ അത് മുഴുവന്‍ എടുത്താലും  പെങ്ങള്‍ക്ക് കൊടുത്താലും  ഞങ്ങള്‍ ഒരു പരാതിയും ഉന്നയിക്കുകയില്ലല്ലോ എന്ന് . പക്ഷെ അവര്‍ രണ്ടു പേരും എല്ലാം മറ്റുള്ളവര്‍ക്ക് നല്കുന്നതല്ലാതെ  സ്വന്തമായി എടുക്കുന്ന സ്വഭാവം അന്നും കാട്ടിയിരുന്നില്ല , പിന്നെയും കാട്ടിയിട്ടില്ല. വാപ്പായാണ് വീട്ടിലെ ഏക വരുമാനക്കാരന്‍. വാപ്പാ അദ്ധ്വാനിച്ചാലേ വീട്ടില്‍ അടുപ്പ് പുകയുള്ളൂ. ആ വാപ്പയെ നില നിര്‍ത്തേണ്ടത് വീടിന്റെ ആവശ്യമായിരുന്നു.കിട്ടുന്ന തുക അതേ പടി വീട്ടില്‍ കൊണ്ട് വരുന്ന വാപ്പ  പുറത്ത് നിന്നുമൊന്നും കഴിക്കാറില്ലായിരുന്നല്ലോ. പകല്‍ മുഴുവന്‍ പട്ടിണിയായിരുന്നു  അത് കൊണ്ട് തന്നെ വാപ്പാക്ക്  എന്ത് കൊടുക്കുന്നതിലും ഞങ്ങള്‍ക്ക് പരാതിയില്ലായിരുന്നു. ഉമ്മയുടെയും സഹോദരിയുടെയും ത്യാഗം  സ്വമേധയാ ഉള്ളതായിരുന്നു. ആരും  അവരെ നിര്‍ബന്ധിച്ചില്ല . എന്നാലും അവര്‍ സന്തോഷത്തോടെ വരിയിലെ അവസാനത്തെ അംഗങ്ങളായി  മാത്രം നില കൊണ്ടു . ആണ്‍കുട്ടികള്‍ വേണം വീട് പുലര്‍ത്താനെന്നും  അത് കൊണ്ട് ആഹാരത്തില്‍ അവര്‍ക്ക്  മുന്‍ ഗണന  നല്‍കേണ്ടത് തങ്ങളുടെ ആവശ്യമാണെന്നും സ്ത്രീകള്‍ കരുതി വിശ്വസിചിരുന്നത്  പോലെയായിരുന്നു അന്നത്തെ സ്ത്രീകളുടെ രീതി. അതില്‍   അവര്‍ക്ക് പരാതികള്‍ ഇല്ലായിരുന്നു എന്ന് മാത്രമല്ലാ, തങ്ങളുടെ ത്യാഗത്തില്‍ അവര്‍ സംതൃപ്തരുമായിരുന്നു. ഈ ശീലത്തിന് അപവാദമുണ്ടായിരുന്നെങ്കിലും അത് ന്യൂനാല്‍ ന്യൂന പക്ഷം മാത്രമായിരുന്നു. അങ്ങിനെയുള്ളവരോട് സമൂഹത്തിനു  പുച്ഛവുമായിരുന്നു.
പുരുഷന് വേണ്ടി സ്ത്രീയെ സൃഷ്ടിച്ചിരുന്നത് പോലെ  സ്ത്രീക്ക് വേണ്ടി പുരുഷനെയും സൃഷ്ടിച്ചിരുന്ന വിധത്തില്‍  തന്നെയായിരുന്നു  കാര്യങ്ങള്‍  കഴിഞ്ഞു വന്നിരുന്നത്.. പരസ്പരം പൂരകങ്ങളായ രണ്ടു ജീവികള്‍ അതായിരുന്നു സ്ത്രീയും പുരുഷനും. 

Tuesday, January 16, 2018

പ്രേം നസീറും കുറെ ഓര്‍മ്മകളും.

ജനുവരി 16 ആയ ഇന്ന്  പ്രേം നസീറിന്റെ ഇരുപത്തി ഒന്‍പതാമത് ചരമ വാര്‍ഷികമാണ്. പകരം വെക്കാനാളില്ലാത്ത  ഈ അതുല്യ നടന്റെ സിനിമാ റിക്കാര്‍ഡുകള്‍ ഇനിയും തിരുത്തപ്പെട്ടിട്ടില്ല . അദ്ദേഹവുമായി ബന്ധപ്പെട്ടു രണ്ടു മറക്കാനാവാത്ത  ഓര്‍മ്മകള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒന്ന് അദ്ദേഹം കാരണം എന്റെ ബാല്യകാല സുഹൃത്തിനെ  ഞാന്‍  മര്‍ദ്ദിച്ചു . രണ്ടാമത്തേത്  എന്റെ ജീവിതം തന്നെ മാറ്റി  മറിക്കാനായി  ഇരുപത്തി അഞ്ചു രൂപാ അദ്ദേഹം എനിക്ക് തന്നു.
ആദ്യത്തേത് എന്റെ വളരെ കുഞ്ഞു നാളിലെ ഓര്‍മ്മയാണ്. അന്ന് ഞാന്‍ വിശ്വസിച്ചിരുന്നത്, സിനിമയിലെ രൂപങ്ങള്‍ എല്ലാം ജീവനുള്ളതായിരുന്നു  എന്നാണു.  . എന്റെ ബാല്യകാല സുഹൃത്ത് തടിയന്‍ ശുക്കൂര്‍  അതിനെ ഖണ്ഡിച്ചു  പറഞ്ഞു  അതെല്ലാം  വെറും ഫോട്ടോകള്‍ ആണെന്ന്.നസീര്‍  എന്റെ ഇഷ്ട്ട താരമായിരുന്നു ആ  നസീര്‍ വെറും ഫോട്ടോ ആണെന്ന് പറഞ്ഞാല്‍ ഞാനെങ്ങിനെ സഹിക്കും. പക്ഷെ അവനോടു അതിനെ പറ്റി  അടികൂടാന്‍ പോയാല്‍ തടിയന്‍ എന്നെ  ഒരു പരുവമാക്കും. അങ്ങിനെയിരിക്കെ  അവന്റെ വാദം ശരിയാണെന്ന് തെളിയിക്കാന്‍ ഒരു സംഭവം ഉണ്ടായി.  ആലപ്പുഴ ശീമാട്ടിയിലും  ശ്രീ കൃഷ്ണായിലും  രണ്ടു നസീര്‍ പടം ഒരുമിച്ചു വന്നു. ജീവനോടെയാണ്  സ്ക്രീനില്‍  വരുന്നതെങ്കില്‍  ഒരേ സമയം  രണ്ടിടത്തും വരാന്‍ പറ്റില്ലല്ലോ. വാദം ജയിച്ച  ശുക്കൂര്‍ എന്നെ കളിയാക്കി ആര്‍ത്തു ചിരിച്ചു. എന്റെ ഉള്ളു ചുട്ടു നീറി. അവസരം വരാന്‍ ഞാന്‍ നോക്കി ഇരുന്നപ്പോള്‍  ദാ...ശുക്കൂര്‍  പള്ളിയില്‍  നമസ്കരിക്കുന്നു. നമസ്കാരത്തില്‍ ആര് എന്ത് ചെയ്താലും പ്രതികരിക്കരുതെന്നാണ് നിയമം. അവന്‍ സുജൂദ് (സാഷ്ട്ടാംഗ നമസ്കാരം) പോയ നേരം ഞാന്‍ അവന്റെ മുതുകില്‍ ഒരിടി കൊടുത്തു. എന്റെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു  അവന്‍ നമസ്കാരം ഉപേക്ഷിച്ചു  എഴുനെറ്റു  വന്നു എന്നെ കുനിച്ചു നിര്‍ത്തി രണ്ടിടി തന്നു. അങ്ങിനെ നസീര്‍ കാരണം  ഞങ്ങള്‍ ഇടി കൂടി.
 കാലങ്ങള്‍ എത്രയോ കഴിഞ്ഞിട്ടും  ഈ കഥ പറഞ്ഞു ഞാനും അവനും ചിരിക്കുമായിരുന്നു. ഞാന്‍ കൊട്ടാരക്കരയിലായപ്പോള്‍  അവന്‍ കൊച്ചി പള്ളുരുത്തിയില്‍ എക്സയ്സ് വകുപ്പില്‍ ജോലിയിലായി. ഒരു ദിവസം  റോഡില്‍ കുഴഞ്ഞു വീണു  ആ കൂട്ടുകാരന്‍  മരിച്ചു  എന്ന് അറിയാന്‍ കഴിഞ്ഞു.

രണ്ടാമത്തെ സംഭവം എന്റെ സിനിമാ അഭിനയവുമായി ബന്ധപ്പെട്ടതാണ്. സിനിമാ തലയ്ക്കു കയറി  അഭിനയിക്കാന്‍ മദ്രാസിലേക്ക് ഒളിച്ചു പോയ ഞാന്‍ നസീറുമായി കണ്ടു മുട്ടി.  ആ കൂടി കാഴ്ച  "ശ്മശാനത്തിലെ  രാത്രി " എന്ന എന്റെ അനുഭവ  കുറി പ്പിലുണ്ട്.  അതില്‍ ഞാന്‍ ഇങ്ങിനെ എഴുതി
""പലതും ഈ സിനിമാ ഫീല്‍ഡില്‍  ഞാൻ കണ്ടു.പലതും അനുഭവിച്ചുഏറെവിവരിക്കാനുള്ള അനുഭവങ്ങൾ.

ഷൂട്ടിംഗ്‌ ഏരിയായിലെ ജോലിക്കാരോട്‌ കെ.പി.ഉമ്മറിന്റെതലക്കനവും പുശ്ചത്തോടുമുള്ള പെരുമാറ്റവും അതുല്യ നടൻപി.ജെആന്റണിയുടെ "മോനേഎന്ന സ്നേഹവും വിനയവുംനിറഞ്ഞ വിളിയും     അവരെപറ്റി പറഞ്ഞ്‌ കേട്ടത്‌ ശരിയാണെന്ന്‌ എനിക്ക്‌ബോദ്ധ്യപ്പെട്ടു.ഷീലാമ്മയുടെ അഭിനയ പാടവം  നേരിൽ ഞാൻകണ്ടു.ബഹദൂറിന്റെ നിഷ്കളങ്കമായ ചിരിയും തമാശകളുംഇടപെടലും എനിക്കു അനുഭവിക്കാൻ കഴിഞ്ഞുമധു സാറിന്റെഅന്തസുറ്റ പെരുമാറ്റവും നസീർ സാറിന്റെ മാന്യമായസമീപനവും ഒരിക്കലും ഞാൻ മറക്കില്ല.ഷൂട്ടിംഗ്‌ കഴിഞ്ഞ ഒരുസാ യാഹ്നത്തിൽ കാറിൽ കയറുന്നതിനു മുമ്പു ഡ്രൈവർ വരാൻകാത്തിരുന്ന ചില നിമിഷങ്ങളിൽ ഞാൻ എന്റെ മദിരാശിവരവിന്റെ ഉദ്ദേശം അദ്ദേഹത്തോടു പറയാൻ ധൈര്യം കാട്ടി.നസീര്‍സാര്‍ 5 രൂപയുടെ അഞ്ച്‌ നോട്ടുകൾ എന്റെ കയ്യിൽതന്നിട്ടുപറഞ്ഞു:-

"നാട്ടിൽ പോയി പഠനം തുടരുക..."  അഞ്ച്‌ നോട്ടുകളിൽ നാലുഎണ്ണം ഞാൻ ചിലവഴിച്ചുഅഞ്ചാമത്തേത്‌  വർഷത്തെഡയറിയിൽ എന്റെ സിനിമാ ഭ്രാന്തിന്റെ ഓർമ്മക്കായി സൂക്ഷിച്ചുഎങ്കിലും കാലങ്ങൾ വരുത്തി വെച്ച പഴക്കവും പ്രാണികളുടെആക്രമണവും എന്റെ പഴയ ഡയറികളിൽ ചിലതുനശിപ്പിച്ചപ്പോൾ  അഞ്ചു രൂപാ നോട്ടും ജീർണ്ണിച്ചു പോയി......"

ഇന്ന് ഈ പതിനാറാം തീയതി  ആ വലിയ മനുഷ്യന്‍ അന്തരിച്ച ദിവസമാണ്. അന്ന്  അദ്ദേഹം എന്നെ നാട്ടിലെക്കു പറ ഞ്ഞയചില്ലായിരുന്നു എങ്കില്‍  തമിഴ് നാട്ടിലെ ഏതെങ്കിലും മൂലയില്‍ ഞാനിന്നും കഴിഞ്ഞേനെ. ആ ഓര്‍മ്മ എന്നുമെന്റെ മനസ്സില്‍ നില നില്‍ക്കും.






Friday, January 12, 2018

യക്ഷിയും ചുണ്ണാമ്പും

ധനു മാസം അവസാനിക്കാറായി.  മകരം ഉടനെ പിറക്കും.  മകരമാസ നിലാവ്  മഞ്ഞിന്‍  കണങ്ങളിലൂടെ തെന്നി നീങ്ങും . ഈ  അന്തരീക്ഷത്തില്‍ പാലപ്പൂവിന്റെ     മണം  അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കും . യക്ഷികള്‍ ഈ  നിലാവില്‍    ചോരയും നീരുമുള്ള ചെറുപ്പക്കാരെ തിരക്കി ഇറങ്ങുമെന്നാണ്  പഴംകഥകള്‍  പറഞ്ഞു തരുന്നത്.  വിജനമായ വീഥി. നിലാവില്‍ മുങ്ങിയ പരിസരം. ഏകാന്ത പഥികനായി  നടന്നു പോകുന്ന നമ്മുടെ പിമ്പില്‍  പാദസരങ്ങളുടെ കിലുക്കം, കൂട്ടത്തില്‍ ഒരു ചോദ്യവും "ചുണ്ണാമ്പു  ഉണ്ടോ " നമ്മള്‍ തിരിഞ്ഞു നോക്കിയാല്‍  തീര്‍ന്നു കാര്യം നമ്മുടെ കട്ടയും പടവും മടക്കി  പനയുടെ മുകളിലേക്ക്  കൊണ്ട് പോകും.
 കഥ  ഇവിടം വരെ എത്തിയപ്പോള്‍  സംശയം ഉള്ളില്‍  തലപൊക്കുന്നു. പണ്ട് മുറുക്കാന്‍ പൊതി സര്‍വ സാധാരണമായിരുന്നു   ഇപ്പോള്‍ മുറുക്കാന്‍ ചവക്കുന്ന  ചെറുപ്പക്കാരില്ല,  അത് കൊണ്ട് തന്നെ ചുണ്ണാമ്പു  കൊണ്ട് നടക്കാറുമില്ല.  അപ്പോള്‍ യക്ഷി എന്ത് ചെയ്യും? എന്ത് ചോദിച്ചു  നമ്മളെ  തിരിച്ചു നടത്തും. ഒരൊറ്റ വഴിയെ ഉള്ളൂ  യക്ഷിയുടെ മുമ്പില്‍. "യുവാവേ മോബൈലുണ്ടോ കയ്യില്‍........ ഒന്ന് വിളിക്കാനാ...." എന്ന് ചോദിക്കുക ,  അതല്ലാതെ മറ്റെന്തെങ്കിലും  മാര്‍ഗമുണ്ടോ യക്ഷിക്ക് പറഞ്ഞു കൊടുക്കാന്‍..പാവം പട്ടിണി കിടക്കാതിരിക്കാനാ.....

Saturday, January 6, 2018

ആത്മഹത്യ ചെയ്യാന്‍ പോകുന്നവന്‍ മഴയത്ത് കുട പിടിക്കുമോ?

റെയില്‍ വെ ട്രാക്കിന്  സമീപം വിജനമായ  സ്ഥലത്ത്    വെയിലത്ത് കുടയും പിടിച്ചു  ഒരു കലുങ്കിനു മുകളില്‍  നീരന്നിരിക്കുന്ന നാല് പെണ്‍കുട്ടികളെ കണ്ടപ്പോള്‍ എനിക്ക്  അപായ ശങ്ക തോന്നി. നാലും സ്കൂള്‍ കുട്ടികളാണെന്ന് യൂണിഫോമില്‍ നിന്നും വ്യക്തമായി.  ക്ലാസ് സമയത്ത് എന്തെങ്കിലും സംഘര്‍ഷത്തില്‍ പെട്ട് അരുതാത്തതെന്തിനെങ്കിലും ഒരുങ്ങി വന്നവരാണോ ഇവര്‍. പതിനൊന്നരയുടെ ട്രെയിന്‍ വരാറാകുന്നു. രണ്ടും കല്‍പ്പിച്ചു ചോദിച്ചു " എന്താ കുട്ടികളെ  നിങ്ങള്‍ ഈ ഒഴിഞ്ഞ  സ്ഥലത്ത് വന്നു  ഇരിക്കുന്നത്? "
"  ഇവിടെയാ  ഒഴിഞ്ഞ സ്ഥലമുള്ളത്  അത്  കൊണ്ടാ ഇവിടെ വന്നിരിക്കുന്നത്. " മുഖമടച്ചുള്ള മറുപടിയായിരുന്നു ഒരുത്തിയുടെത്. കൂട്ടത്തില്‍ മറ്റൊരുത്തി  ഒരു മടിയും കൂടാതെ പറഞ്ഞു. " ഞങ്ങള്‍ ചാകാനോന്നും വന്നതല്ലാ ചേട്ടാ....ചാകാനായിരുന്നെങ്കില്‍  വെയിലത്ത് കുട പിടിക്കുമോ?
അത് ശരിയാണല്ലോ വെയില്‍ കൊള്ളാതിരിക്കാന്‍ അവര്‍ കുട പിടിച്ചിരുന്നു. ഞാന്‍ പതുക്കെ അവിടെ നിന്നും  സ്ഥലം വിട്ടു. പക്ഷെ  ആ "കുട പിടി" ചോദ്യം  വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള   വിങ്ങല്‍ സൃഷ്ടിക്കുന്ന  ഒരു രംഗം  എന്റെ  ഉള്ളിലേക്ക്  കടത്തി  വിട്ടു.. പണ്ട്    ഇതേ വാചകം എന്റെ ബാപ്പ  മരണശയ്യയില്‍ വെച്ച് എന്നോട്പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ രോഗത്തിന്റെ അവസാന ഘട്ടത്തില്‍ മരണം സുനിശ്ചിതമായ  ദിവസങ്ങളില്‍  ബാപ്പയെ  കാണുന്നതിനു വേണ്ടി  മയിലുകള്‍ക്കപ്പുറത്ത്  നിന്നും ഞാന്‍  ഓടി  വരുമ്പോള്‍ അവശമായ ആ സ്ഥിതിയില്‍ ബാപ്പാ ചാരി ഇരുന്നു തന്റെ ഇഷ്ടപ്പെട്ട  ചാര്‍മിനാര്‍ സിഗരററ്  വലിക്കുന്നതാണ് കണ്ടത്.
"സിഗരറ്റ് എന്തിനാണ് വലിക്കുന്നത് "  എന്ന  ആകുലതയോടുള്ള എന്റെ  ചോദ്യത്തിനു വിളറിയ ഒരു ചിരിയോടെ ബാപ്പ പറഞ്ഞത്. " കടലില്‍ ചാടി മരിക്കാന്‍ ഒരുങ്ങി പുറപ്പെട്ടവന്‍ ജലദോഷം വരും എന്ന് കരുതി മഴയത്ത് കുട പിടിക്കുമോടാ.." എന്നാണു.  ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ പോകും എന്ന് ബാപ്പാക്കുറപ്പായിരുന്നു.    എന്നിട്ടും മരണഭീതി ഇല്ലാതെ  അദ്ദേഹം കഴിഞ്ഞു കൂടി.
പഴയ ഈ സംഭവം ഓര്‍മ്മിക്കാനായിരുന്നോ ആ പെണ്‍കുട്ടികള്‍ അവിടെ വന്നിരുന്നത്!