Sunday, March 29, 2015

സ്നേഹിച്ച് കീഴടക്കി.

ഇന്ന് എനിക്ക് അത്യധികം സന്തോഷമുള്ള ഒരു ദിവസമാണ്. എനിക്ക് മാത്രമല്ല, മറ്റ് അനേകം പേർക്കും  ഇന്ന്   ആ സന്തോഷം അനുഭവിക്കാൻ കഴിഞ്ഞു.രണ്ടര വർഷത്തെ വേർപിരിയലിനും  വിവിധ കോടതികളിലെ  വ്യവാഹാരങ്ങൾക്കും   ശേഷം   ഇന്ന് ഞങ്ങളുടെ സ്നേഹിതനും ഭാര്യയും  ഒരുമിച്ച് ജീവിക്കാനുറച്ച്   പരസ്പരം ധാരണയിലെത്തുകയും  സ്നേഹിതൻ  തന്റെ   വീട്ടിലേക്ക്  ഭാര്യയെയും   രണ്ട് വയസ്സും നാല് വയസ്സും പ്രായമുള്ള അവരുടെ രണ്ട് ആൺ കുട്ടികളെയും  കൂട്ടിക്കൊണ്ട് വരുകയും ചെയ്തു.  ഈ കൂടി ചേരൽ അസാദ്ധ്യമാണെന്ന് കഴിഞ്ഞ  ആഴ്ചവരെ ഞങ്ങൾ  കരുതി. പക്ഷേ  ഒരു പ്രദേശം മുഴുവൻ  ആ ഭർത്താവിന്റെ പുറകിൽ അണി  നിരന്ന്  മദ്ധ്യസ്ത ശ്രമങ്ങൾ  നടത്തിയപ്പോൽ  അസാദ്ധ്യമായത്  സാധ്യമാവുകയാണുണ്ടയത്.  .നിയമത്തിന്റെ ആനുകൂല്യം ഉപയോഗിച്ച് എളുപ്പത്തിൽ    ഭാര്യയെ  മൊഴി ചൊല്ലാൻ  ഭർത്താവിന് സാദ്ധ്യമായിട്ടും  അയാൾ ക്ഷമ അവലംബിച്ച് ഒരോതവണയും  കോടതിയിൽ വെച്ച് കാണുമ്പോൾ അവളെ  ജീവിതത്തിലേക്ക്  ക്ഷണിച്ച് കൊണ്ടിരുന്നു. അവർ  തമ്മിൽ വേർ പിരിഞ്ഞ്  ജീവിക്കേണ്ട വിധത്തിലുള്ള  ഒരു കാരണവും കാണാത്തതിനാൽ  കേസിന്റെ ഒരു    അവധി ദിവസം   കോടതി   ഭാര്യയോട്   ഭർത്താവിന്റെ    കൂട്ടത്തിൽ പോയി താമസിച്ച് കൂടേ  എന്ന്  ചോദിച്ചിട്ടും ഭാര്യ വഴങ്ങിയിരുന്നില്ല.
 രണ്ടാമത്തെ കുഞ്ഞിനെ  പ്രസവിക്കാൻ  പോയ ഭാര്യ ഇനി അങ്ങോട്ടില്ലാ എന്ന്  വെട്ടി  തുറന്ന്  പറയാൻ  തക്ക വിധത്തിൽ  കാരണങ്ങളൊന്നും  ആദ്യത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും നിസ്സാര കാര്യങ്ങൾ  ഊതി വീർപ്പിച്ച്  പിന്നീട്   പ്രശ്നങ്ങൾ വലുതാക്കുകയാണുണ്ടായത്. പക്ഷേ  കുഞ്ഞുങ്ങൾ അയാൾക്ക്  ജീവനായിരുന്നു.  വാശിയും വൈരാഗ്യവും വർദ്ധിച്ച്   ഭാര്യയെ ഉപേക്ഷിച്ചാൽ  അവൾക്കും  ആളെ കിട്ടും   തനിക്കും മറ്റൊരു ഭാര്യയെ കിട്ടുമെങ്കിലും തന്റെ കുഞ്ഞുങ്ങളാണ് അനാഥരാകുന്നതെന്ന     തിരിച്ചറിവ്  അയാൾക്കുണ്ടായിരുന്നതിനാൽ   ഇരുഭാഗവും വക്കീലന്മാരുടെ സാന്നിദ്ധ്യത്തിൽ   ഭർത്താവ് ഭാര്യയോട്  ഇങ്ങിനെ പറഞ്ഞു"  നീ കിടക്കുന്ന റൂമിൽ ഞാൻ വരില്ല, നീ എനിക്ക് ഭക്ഷണം തരേണ്ടാ, നീ എന്റെ വസ്ത്രം കഴുകി  തരേണ്ടാ, എന്റെ കുഞ്ഞുങ്ങളുടെ അമ്മയായി  എന്റെ കൂടെ താമസിച്ചാൽ  മാത്രം  മതി"    ഇത്  ഭാര്യയുടെ വക്കീലിനെ വല്ലാതെ സ്വാധീനിച്ചു. അവരും  മദ്ധ്യസ്തതാ ശ്രമത്തിൽ പങ്ക് ചേർന്നു. അടുത്ത അവധിക്ക്  ഭർത്താവ് താമസിക്കുന്ന പ്രദേശത്തെ പ്രമുഖരെല്ലാം  അയാളുടെ കൂടെ  കോടതിയിൽ പോയി.  ഫലം ഭാര്യ വിട്ട് വീഴ്ചക്ക് തയാറായി. ഇന്ന് ഭർത്താവും ഞങ്ങൾ ചില സുഹൃത്തുക്കളും  ഭാര്യയുടെ  വീട്ടിൽ  പോയി അവരെയും കുട്ടികളെയും കൂട്ടി  കൊണ്ട് വന്നു.
അവനവന്റെ കാര്യം മാത്രം നോക്കി  ജീവിക്കുന്ന ആധുനിക സംസ്കാരത്തിൽ നിന്നും വ്യത്യസ്തമായി  സമൂഹത്തിലെ ഒരാളുടെ വേദന  സമൂഹത്തിന്റെ മൊത്തം വേദനയായി കണക്കിലെടുത്ത് പരിഹാരം തേടാനുറച്ച് ഇറങ്ങി തിരിച്ച ആ പഴയ  നാട്ടിൻപുറം സംസ്കാരം  പുനർ ജീവിച്ചപ്പോൾ നന്മ  മാത്രമാണുണ്ടായത്.

4 comments:

 1. .നിയമത്തിന്റെ ആനുകൂല്യം ഉപയോഗിച്ച് എളുപ്പത്തിൽ ഭാര്യയെ മൊഴി ചൊല്ലാൻ ഭർത്താവിന് സാദ്ധ്യമായിട്ടും അയാൾ ക്ഷമ അവലംബിച്ച് ഒരോതവണയും കോടതിയിൽ വെച്ച് കാണുമ്പോൾ അവളെ ജീവിതത്തിലേക്ക് ക്ഷണിച്ച് കൊണ്ടിരുന്നു. ഽ///////
  കോടതിയിൽ വെച്ച്‌ ,ഭാര്യ അയാളെ വെറുത്തതിന്റെ കാരണം പറഞ്ഞു കാണില്ലേ???അതിവിടെ പറഞ്ഞില്ലല്ലോ.

  ReplyDelete
  Replies
  1. വേർ പിരിഞ്ഞ് താമസിക്കുവാനുണ്ടായ കാരണങ്ങൾ ആദ്യത്തിൽ നിസ്സാരമായിരുന്നെങ്കിലും പിന്നീട് പലരും ഇടയിൽ നിന്ന് അത് ഊതി വീർപ്പിച്ച് കൊണ്ടിരുന്നു. കാരണങ്ങൾ എല്ലാം നിസ്സരമായിരുന്നെങ്കിലും അത് എണ്ണി പറയാൻ തുനിഞ്ഞാൽ കുറിപ്പുകൾക്ക് നീളം വെയ്ക്കുമെന്ന് കരുതി ചുരുക്കിയതാണ്. ഉദാഹരണത്തിന് ഒരു കാരണം അയാൾക്ക് സംസ്കാരം കുറവായിരുന്നെന്നും ദേഷ്യം വരുമ്പോൾ ഭാര്യയെ ചീത്ത വിളിക്കുമെന്നുമായിരുന്നു.

   Delete
 2. സമൂഹത്തിലെ ഒരാളുടെ വേദന സമൂഹത്തിന്റെ മൊത്തം വേദനയായി കണക്കിലെടുത്ത് പരിഹാരം തേടാനുറച്ച് ഇറങ്ങി തിരിച്ച ആ പഴയ നാട്ടിൻപുറം സംസ്കാരം പുനർ ജീവിച്ചപ്പോൾ നന്മ മാത്രമാണുണ്ടായത്.

  ReplyDelete