Tuesday, March 17, 2015

പൊട്ടനെ ചെട്ടി ചതിച്ചാൽ......

പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും  എന്നൊരു ചൊല്ലു പറഞ്ഞ്  കേട്ടിട്ടുണ്ട്. പക്ഷേ അത് നേരിൽ കണ്ടപ്പോൾ മുകളിലിരിക്കുന്നവന്റെ വിധി നടപ്പാക്കൽ   ചാതുര്യം തിരിച്ചറിഞ്ഞ്    അന്തം വിട്ട് പോയി.
  മൂന്ന്  വർഷത്തിന് മുമ്പ്  ഞങ്ങളുടെ മുമ്പിൽ വെച്ച്  ആ പെൺകുട്ടി  അയാളോട്  കെഞ്ചി പറഞ്ഞു " എന്നെ ഉപേക്ഷിക്കല്ലേ " എന്ന്. ഞങ്ങളെല്ലാം വളരെ ഏറെ ഉപദേശിച്ചിട്ടും അയാൾ കൂട്ടാക്കിയില്ല. കേവലം ദിവസങ്ങൾ  മാത്രം നീണ്ട വിവാഹബന്ധം അവസാനിപ്പിച്ച്  അയാൾ കൈ കഴുകി. വിവാഹശേഷമുള്ള വിരുന്നിൽ  പങ്കെടുത്ത സ്നേഹിതന്മാരിൽ ഒരാൾ  "ഹലോ" എന്നും പറഞ്ഞ് കയ്യും നീട്ടി മുമ്പോട്ട് ചെന്നപ്പോൾ നാട്ടുമ്പുറത്ത്കാരിയായ  നവ വധു  നാണീച്ച് പുറകോട്ട് മാറി എന്നിടത്ത്   തുടങ്ങി  കുഴപ്പങ്ങൾ.   വിരുന്ന് കഴിഞ്ഞ്   പുറത്തേക്കിറങ്ങുമ്പോൾ ആ "  ഹലോ"  പിശാച്   വരന്റെ ചെവിയിൽ പറഞ്ഞു  "എവിടെന്ന് കിട്ടിയെടാ ഈ  പട്ടിക്കാടിനെ" എന്ന്.
       ആദ്യ രാത്രിയിൽ ബർമൂഡാ ധരിച്ച മണവാളൻ പെണ്ണിനോട്  തിരക്കി  "നിനക്ക് ബർമൂഡാ  ഇല്ലേ"  എന്ന് . ബർമൂഡാ പോയിട്ട്  പാന്റ് പോലും ഇടാത്ത   കുഗ്രാമക്കാരി  പെൺകുട്ടി  അന്തം വിട്ട് നിന്നപ്പോൾ  തലയിൽ കൈ വെച്ച്  അയാൾ തന്റെ തലയിലെഴുത്തിനെ പറ്റി പരിതപിക്കുകയായിരുന്നു എന്നാണ്  പിന്നീട്  മദ്ധ്യസ്തതക്ക് ചെന്ന ഞങ്ങളോട്  ആ പാവം പെണ്ണ് പറഞ്ഞത്. നിറയെ സ്വർണവും തുകയും കൊടുത്ത്   സ്വന്തമായി വീടു പോലുമില്ലാത്ത ഈ മരക്കഴുതക്ക്   ആ പെൺകുട്ടിയെ  അവളുടെ രക്ഷകർത്താക്കൾ കെട്ടിച്ച് കൊടുത്തത് ഇയാൾ ഏതോ വലിയ കമ്പനിയിലെ  എം.ഡി.യോ മറ്റോ  ആണെന്ന് തെറ്റിദ്ധരിച്ചിട്ടായിരുന്നു. പക്ഷേ കല്യാണ പിറ്റേന്ന് മുതൽ  കടക്കാർ വീടിൻ മുമ്പിൽ വന്ന്  നിരന്നപ്പോൾ  പെണ്ണിന്റെ സ്വർണാഭരണങ്ങൾ  ഓരോന്നായി ഊരി വാങ്ങി വിറ്റു  കടം വീട്ടി  കമ്പനി എം.ഡി.
 അയാൾ അവളോട് അൽപ്പം  സ്നേഹം കാണിച്ചിരുന്നെങ്കിൽ  ഇതെല്ലാം അവൾ സഹിച്ചേനെ      . എല്ലാ രാത്രികളിലും   അവളെ  അവഗണിച്ച് അയാൾ  ബർമൂഡായും ഇട്ട് തിരിഞ്ഞ് കിടന്നപ്പോൾ  നാട്ടും പുറത്ത്കാരി  ഒരു ദിവസം രാത്രി   കട്ടിലിൽ നിന്ന് അയാളെ തള്ളിയിട്ട്  കയ്യിൽ കിട്ടിയ തലയിണ വെച്ച്  താങ്ങി കൊടുത്തു എന്ന്  മാത്രമല്ല അയാളുടെ ബർമൂഡാ വലിച്ചുരിഞ്ഞ്  എടുത്ത് അത് കഷണം കഷണമാക്കി കീറി    .  പൂർണ നഗ്നനായ  എം.ഡി. ഉറക്കച്ചടവിൽ വാതിൽ തുറന്ന് പുറത്ത് ചാടി അലറി പറഞ്ഞു "ഒരു വട്ട് കേസിനെയാണ് എന്റെ തലയിൽ വെച്ച് കെട്ടിയതെന്ന്"  എന്താണ്  തന്റെ പ്രകോപനത്തിന്  കാരണമെന്ന്   ബന്ധുക്കളോട്    പറയാനാവാതെ പെൺകുട്ടി കരഞ്ഞ് കൊണ്ടിരുന്നപ്പോൾ അയാളുടെ വീട്ടുകാർ  തീർച്ചപ്പെടുത്തി   ഇത് ഒന്നില്ലെങ്കിൽ വട്ട്  അല്ലെങ്കിൽ പ്രേത ബാധ  എന്ന്.  പെൺകുട്ടിയുടെ ആൾക്കാർക്ക് അറിയിപ്പ് പോയി അവർ വന്നു.  ഈ അവസ്ഥയിലാണ്     ഞങ്ങൾ  ഇടപെട്ടത്. മദ്ധ്യസ്തർ  രണ്ട് കൂട്ടരോടും സംസാരിച്ചു, പെണ്ണിനെയും ചെറുക്കനേയും   ഒറ്റക്ക്  കണ്ടും   സംസാരിച്ചു. അയാൾ പിടി വാശിയിൽ  തന്നെ നിന്നു  " എനിക്ക് വേണ്ടാ ഈ വട്ട് കേസിനെ"  പെൺകുട്ടി   അപ്പോൾ  അയാളോട്  കെഞ്ചി പറഞ്ഞു " എന്നെ ഉപേക്ഷിക്കല്ലേ " എന്ന്.   പെണ്ണിന് വട്ടാണെന്ന ആരോപണത്തോടെ  ഉപേക്ഷിക്കപ്പെട്ടാൽ നാട്ടിൻ പുറങ്ങളിൽ പുനർ വിവാഹ സാദ്ധ്യത  പ്രയാസമാകും  എന്നുള്ള  തിരിച്ചറിവ്  അവൾക്കുണ്ടായിരുന്നല്ലോ. പക്ഷേ അവളുടെ അപേക്ഷകളെല്ലാം  നിഷ്കരണം നിരസിക്കപ്പെട്ടപ്പോൾ  അയാൾ കൈപറ്റിയ തുകയും സ്വർണവും തിരികെ  കൊടുക്കാൻ  പെൺ വീട്ടുകാർ  ആവശ്യപ്പെട്ടു.  ഇനി അയാളുടെ കൂടെ അവളെ  കഴിയാൻ വിടാതിരിക്കുന്നതാണ് ബുദ്ധിയെന്ന്    നാട്ടിൽ  തിരക്കിയപ്പോൾ  അറിഞ്ഞ വിവരങ്ങളിൽ നിന്നും  അവർ തീർച്ചപ്പെടുത്തി.  നമ്മുടെ എം.ഡി.യുടെ പക്കൽ  കൂറ  പോലുമില്ലാത്തതിനാൽ  കൊടുക്കേണ്ട തുകക്ക്   അവധി ചെക്കും  ഉടമ്പടിയും ഒപ്പിട്ട് അയാൾ    പെൺകുട്ടിയുടെ പിതാവിന് നൽകി   വിവാഹ ബന്ധം ഉഭയ സമ്മതത്തോടെ  വേർപിരിഞ്ഞു.  ആ പെൺകുട്ടി  ഉഭയസമ്മത പത്രത്തിൽ കരഞ്ഞ് കൊണ്ടാണ്  ഒപ്പിട്ടത് എന്ന് ഞങ്ങൾക്ക് പൂർണ ബോദ്ധ്യമുണ്ടല്ലോ.   .
കാലം ഓടി  പോയി.  രണ്ട്  പേരും പുനർവിവാഹ നടത്തി. പറഞ്ഞ  അവധിക്ക് പെൺകുട്ടിയുടെ  തുക  കൊടുത്തില്ലെങ്കിലും എം.ഡി. പിന്നീട്   അത്   കൊടുത്ത് തീർത്തു. ആ പെൺകുട്ടി  പുതിയ ഭർത്താവുമായി      ഇപ്പോൾ  സുഖമായി  കഴിയുന്നു  എന്നാണ്  ഞങ്ങൾ  അറിഞ്ഞത്   . എം.ഡി.ക്കും കിട്ടി ഒരു പെണ്ണിനെ. അയാളുടെ ആഗ്രഹപ്രകാരമുള്ള  സൗന്ദര്യവും പരിഷ്കാരവും  ഒത്തിണങ്ങിയ ഒരു പെണ്ണ്.  ജീൻസ് ധാരിയായ  അവൾ റോഡിലൂടെ നടന്ന് പോയാൽ  പഴയ മലയാള സിനിമാ ഗാനം പോലെ "അവൾ നടന്നാൽ ഭൂമി  തരിക്കും" എന്ന   മട്ടിലുള്ള  ഒരെണ്ണം. നഗര മദ്ധ്യത്തിൽ വളർന്ന അവൾ വീട്ടിൽ നിൽക്കുമ്പോൾ ബർമൂഡായാണ് ധരിക്കുന്നതത്രേ!. എല്ലാം കൊണ്ടും എം.ഡി. ഹാപ്പിയായി.കാലം കടന്ന്  പോയപ്പോൾ  ഭാര്യയുടെ വിനീത ദാസനായി  എന്തും അനുസരിച്ചും ചെയ്തു കൊടുത്തും  അയാൾ സമയം പോക്കി. പക്ഷേ  ഒരു ദിവസം അയൽക്കാർ കണ്ടത്  ഒരു ടെമ്പോ വാൻ വന്ന്   നിൽക്കുന്നതും പുതിയ പെണ്ണിന്റെ  ലൊട്ട് ലൊടുക്ക്     സാധനങ്ങൾ പെൺകുട്ടിയുടെ പിതാവിന്റെ നേത്ർത്വത്തിൽ  വണ്ടിയിൽ കയറ്റുന്നതുമാണ്. പുറകെ പെണ്ണും വെളിയിൽ വന്ന് പിതാവിന്റെ കാറിൽ കയറി. .എം.ഡി. വലിയ വായിലേ  നിലവിളിച്ച് കൊണ്ട് കാറിന്റെ ചുറ്റും നടന്ന്  എന്നെ ഉപേക്ഷിച്ചിട്ട് പോകല്ലേ  എന്ന്    അലമുറയിട്ടെങ്കിലും  വാഹനം ഭുറ്ർ എന്നും പറഞ്ഞ് മുമ്പോട്ട് പോയി.  പണ്ടത്തെ  നാട്ടിൻ പുറത്തുകാരി  എന്നെ ഉപേക്ഷിക്കല്ലേ  എന്ന് പറഞ്ഞ് കരഞ്ഞത്  പലരും അപ്പോൾ ഓർത്ത് കാണും.  പരിഷ്കാരി പെണ്ണ്  പോകാൻ  കാരണമെന്തെന്ന് ഇപ്പോഴും ഞങ്ങൾക്കറിയില്ല. .  റസ്റ്റിറ്റ്യൂഷൻ ഒഫ് കൺജ്യൂവൽ റൈറ്റിന്  (ഭാര്യാ ധർമം അനുഷ്ഠിക്കുന്നതിന്   എതിർ കക്ഷിക്ക്  നിദ്ദേശം കൊടുക്കുവാൻ   കോടതിയിൽ  ഫയൽ ചെയ്യുന്ന കേസ്)  കേസ് കൊടുക്കുന്നതിന് എം.ഡി.  ഉപദേശത്തിനായി  ഞങ്ങളെ സമീപിച്ചെങ്കിലും  സമയ  കുറവിനാൽ  ഞങ്ങൾക്ക് ,,ഒന്നിലും  ഇടപെടാൻ സാധിച്ചില്ല. . എം.ഡി. ഇപ്പോൾ "ഞാൻ അവളെ ഒഴിയില്ലാ" എന്ന പല്ലവിയുമായി  നടക്കുകയാണ്.  ഇടക്കിടക്ക്  നീ എവിടെ നിൻ നിഴലെവിടെ  എന്ന  ഈരടി മൂളുന്നുമുണ്ട്. ഇതെല്ലാം കാണുമ്പോൾ    മുകളിലിരിക്കുന്ന കാർന്നോരുടെ  വിധി നടത്തൽ കണ്ട്  നമ്മൾ  മനുഷ്യർ   അന്തം വിടാതെന്ത് ചെയ്യും.

8 comments:

  1. ക്ഷിപ്രഭംഗുരം ബന്ധങ്ങള്‍

    ReplyDelete
  2. Shareeffikkaa
    Ithu Kalakki
    athe athe
    പൊട്ടനെ ചെട്ടി ചതിച്ചാൽ...
    theerchayaayum mattethum
    Sambhavikkum
    alppam vaikiyaanenkilum
    Kollaam
    Aashamsakal

    ReplyDelete
  3. അക്കരപ്പച്ച കണ്ട്‌ ചാടിയതല്ലേ.അനുഭവിക്കട്ടെ!!!

    ReplyDelete
    Replies
    1. അയാൾ ഇപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കുന്നു....പ്രിയ സുധി

      Delete
  4. ദൈവത്തിന്റെ വിധി നടത്തൽ കണ്ട് അൽഭുതപ്പെടുക തന്നെ വേണം. ഒരാളുടെ മനസ്സിനെ വേദനിപ്പിക്കുമ്പോൾ അത് ഒരു ബൂമറാങ്ങ് പോലെ തിരിച്ച് വരും എന്ന് ആരും ആലോചിക്കില്ല. എന്നാൽ കാലങ്ങൾക്ക് ശേഷമുണ്ടാകുന്ന ഈ തിരിച്ചടി എത്രയെത്ര ആളുകൾക്കാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത് ! പ്രത്യേകിച്ചും വിവാഹ ബന്ധങ്ങളിൽ ഇണകൾക്ക് യാതൊരു ബഹുമാനവും നൽകാതെ ചിവിട്ടി പുറത്താക്കുന്നവർ അതോർത്ത് ഖേദിക്കാനുള്ള സാഹചര്യം പിന്നീട് വരിക തന്നെ ചെയ്യും!

    ReplyDelete
    Replies
    1. ഈ സഭവത്തിലും അത് തന്നെ സംഭവിച്ചു പ്രിയ മുനീർ....

      Delete