Friday, February 6, 2015

സൗജന്യമായി ഒരു ചുംബനം

പഴയ  ഡയറി താളുകളിലൂടെ   വെറുതെ    ഊളിയിട്ടപ്പോൾ  വായിച്ച ആ സംഭവം  വർഷങ്ങൾക്ക്  ശേഷവും ഇന്ന്  എന്നെ     ചിരിപ്പിച്ചു.
ഓഫീസിലെ ഒരു ജീവനക്കാരന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കൊല്ലം കടവൂർ എന്ന സ്ഥലത്ത് ഒരു കൃസ്തീയ ദേവാലയത്തിൽ  എത്തി ചേർന്നതായിരുന്നു ഞങ്ങൾ.  വിവാഹ ചടങ്ങുകൾക്ക്  ശേഷം വധുവിന്റെ വീട്ടിലെത്തി   ആഹാരം കഴിച്ചതിന്  ശേഷം  തിരികെ പോകാനായി    ഞങ്ങൾ തിരക്ക് കൂട്ടി   . വിവാഹത്തോടനുബന്ധിച്ചുള്ള   മറ്റ്  ചടങ്ങുകൾ  ബന്ധുക്കളും മറ്റും ചേർന്ന് ഒരു ഭാഗത്ത്  തകൃതിയായി   നടത്തുന്നു. ലത്തീൻ കത്തോലിക്കാ സഭാംഗങ്ങളായിരുന്നു  വധൂവരന്മാർ.  അവർ ഒരുമിച്ച് നിന്ന്  തലതൊട്ടപ്പന്മാരേയും കാർന്നോന്മാരെയും സ്വീകരിക്കുകയും  അവരുടെ ആശീർവാദം വാങ്ങുകയും ചെയ്യുന്ന  ചടങ്ങായിരുന്നു  അപ്പോൾ  നടന്നിരുന്നത്.  തിരികെ  പോകാനുള്ള ധൃതിയിൽ  കാർന്നോന്മാരുടെ ഒരു സംഘം തന്നെ  അവിടെ  നിന്ന്  തിക്കും  തിരക്കും  കൂട്ടിയപ്പോൾ അവരെല്ലാവരും  തിരക്ക്  ഒഴിവാക്കാൻ വരി വരിയായി  നിന്നു. അമ്മാച്ചന്മാരും തലതൊട്ടപ്പന്മാരും വധുവിനെ  ആശീർവദിക്കുമ്പോൾ   വധു  അവരെ    ചുംബിക്കുന്നുമുണ്ട്.
ഞങ്ങൾ  തിരികെ പോകാൻ  വാഹനത്തിൽ  കയറിയപ്പോൾ  നാരായണൻ കുട്ടിയെ കാണാനില്ല. ശ്ശെടാ! ഇയാളെവിടെ പോയി  എന്ന്  ഞങ്ങൾ  അമ്പരന്ന്  വാഹനത്തിൽ  നിന്നും  ഇറങ്ങി  വീണ്ടും കല്യാണ വീട്ടിൽ  എത്തി നാരായണൻ കുട്ടിയെ ആ തിരക്കിൽ  അന്വേഷിക്കാൻ   തുടങ്ങി.  അപ്പോൾ  ഞങ്ങളുടെ ആമീൻ  പരമേശ്വരൻ  നായർ  വിളിച്ച് കൂവി. "ദാണ്ടെ  നിൽക്കുന്നു അയാൾ! "  ഞങ്ങൾ നോക്കിയപ്പോൾ നാരായണൻ കുട്ടി തലതൊട്ടപ്പന്മാരുടെയും അമ്മാച്ചന്മാരുടെയും കൂട്ടത്തിൽ     വധുവിനെ  ആശീർവദിക്കാനും   ഉമ്മ  കിട്ടാനും  വരിയിൽ  നിൽക്കുകയാണ്.  പരമേശ്വരൻ നായർ ചെന്ന്  അയാളുടെ  കോളറിൽ  പിടിച്ച് വലിച്ച് "ഇവിടെ  വാടോ  മുതു കഴുതേ! "  എന്ന്  അമറി. സൈക്കിളിൽ നിന്ന് വീണിട്ട് എഴുന്നേറ്റ്  വരുമ്പോഴുള്ള  ഇളിഞ്ഞ ചിരിയുമായി  നാരായണൻ കുട്ടി  ഞങ്ങളോടൊപ്പം  വന്ന്  വണ്ടിയിൽ  കയറി. നാണമില്ലല്ലോടാ  മുതു  ഖണ്ഡേ!  നിനക്ക്,  നീ ഏത്  വകയിലാടാ  പെണ്ണീന്റെ അമ്മാച്ചനായത്" പരമേശ്വരൻ  നായർക്ക്  അരിശം  സഹിക്കാനാവാതെ  ചീറിയപ്പോൾ   നാരായണൻ കുട്ടി  കൂളായി  പ്രതികരിച്ചു " വരന്റെ  കൂട്ടക്കാർ കരുതും  ഞാൻ  വധുവിന്റെ  ഏതോ  അമ്മാച്ചനാണെന്ന്...വധുവിന്റെ  ആൾക്കാർ  കരുതും  ഞാൻ  വരന്റെ അമ്മാച്ചനാണെന്ന്.... ഏതിനത്തിലായാലും  എനിക്ക് പെണ്ണിന്റെ   ഉമ്മ  ഉറപ്പ്....  "

1 comment:

  1. വെറുതെ ഒരു ഉമ്മ കളഞ്ഞു ....ശ്ശ്ശോ ...

    ReplyDelete