Tuesday, February 17, 2015

സായിപ്പിന്റെ പ്രേതം... ഒരു അനുഭവം...

       പ്രേതം ഉണ്ടോ?! എനിക്കറിയില്ല. പണ്ട് സിനിമായിൽ അഭിനയിക്കാൻ മദ്രാസ്സിൽ പോയപ്പോൾ കിടക്കാൻ ഇടം കിട്ടാതിരുന്ന നാളുകളിൽ  കുറച്ച് ദിവസം  ഒരു സിമിത്തേരിയിലെ മാർബിൽ കുടീരത്തിൽ  ഉറങ്ങിയ കഥ മുമ്പ് ഞാൻ നിങ്ങളുമായി പങ്ക് വെച്ചിട്ടുണ്ട്. ഈ അനുഭവം അതിനും മുമ്പു അഭിമുഖീകരിച്ചിട്ടുള്ളതാണ്. അത് എന്റെ ബ്ലോഗിൽ പോസ്റ്റ് ചെയ്തിട്ടുള്ളതുമാണ്. വായിച്ച് നോക്കി നിങ്ങൾ പറയുക പ്രേതം ഉണ്ടോ?

                            സായിപ്പിന്റെ പ്രേതം...ഒരു  അനുഭവം    
    നേരം       വെളുപ്പാൻ കാലമായി   എന്ന   വിശ്വാസത്താൽ  ഞങ്ങൾ ആ നിലാവെളിച്ചത്തിൽ ഇടവഴി  താണ്ടി ആലിശ്ശേരി  റോഡിൽ  പ്രവേശിച്ചു. മഞ്ഞിൻ കണങ്ങളിലൂടെ നിലാവ്   നിറഞ്ഞൊഴുകുന്നുണ്ടായിരുന്നതിനാൽ   വല്ലാതെ  തണുപ്പ്   അപ്പോൾ  അനുഭവപ്പെട്ടിരുന്നു.
       ഒൻപത് വയസ് കാരനായ    എന്നോടൊപ്പം  ഉണ്ടായിരുന്നത്  എന്റെ ഉമ്മുമ്മായുടെ  അനുജത്തിയാണ്  .  അവരെ ഞങ്ങൾ  തങ്കമ്മാ എന്ന്  വിളിച്ചിരുന്നു.
 ആട്ടോ റിക്ഷാ  നിലവിൽ  വന്നിട്ടീല്ലാത്ത  ആ കാലഘട്ടത്തിൽ   മുസ്ലിം സ്ത്രീകൾ  പകൽ  യാത്ര  ചെയ്തിരുന്നില്ല. വൃദ്ധകളായിരുന്നാലും   സന്ധ്യ കഴിഞ്ഞ്  ഇരുട്ട് പരന്നതിന്  ശേഷമോ  വെളുപ്പാൻ കാലത്തോ  ആണ് ബന്ധു വീടുകളിലേക്കും  തിരിച്ചും  യാത്ര  ചെയ്തിരുന്നത്. .
  രണ്ട് ദിവസത്തിന് മുമ്പ്  തങ്കമ്മാ ഞങ്ങളുടെ വീട്ടിൽ  വിരുന്ന് വന്ന്  താമസിച്ചിരുന്നു. ഇപ്പോൾ  ഞങ്ങൾ ആലപ്പുഴ ശവക്കോട്ട പാലത്തിന് വടക്ക് വശമുള്ള  അവരുടെ  വീട്ടിലേക്ക്   തിരികെ  പോവുകയുമാണ്.  വെളുപ്പാൻ കാലത്തെ യാത്രയിൽ   ഒരു  ആൺ  തുണക്ക് പയ്യനായ  എന്നെ  അവർ   ഇന്നലെ രാത്രിയിലേ  ഏർപ്പാടാക്കി  വെച്ചിരുന്നല്ലോ.
കോഴി  കൂവുകയും അന്തരീക്ഷം വെട്ടമിട്ട് നിൽക്കുകയും  ചെയ്തപ്പോൾ   പുലർച്ചയായി  എന്ന ധാരണയിൽ,   അപ്പോഴും  നല്ല  ഉറക്കത്തിലായ  എന്നെ അവർ ഉണർത്തി  കൂടെ കൂട്ടി.  നിലാവ് പ്രകാശം  ചൊരിഞ്ഞിരുന്നെങ്കിലും  അന്തരീക്ഷത്തിലെ നിശ്ശബ്ദത  എന്നെ വല്ലാതെ  ഭയപ്പെടുത്തിയതിനാൽ ഞാൻ  തങ്കമ്മയോട്   ചേർന്ന് നടന്നു. ആലിശ്ശേരി റോഡിലൂടെ   വടക്കോട്ട്  നടന്നിരുന്ന ഞങ്ങൾ   മുഹമ്മദൻ സ്കൂൾ ജംക്ഷനിലെത്തി ചേർന്ന ആ സമയത്ത് തന്നെയാണ് കടപ്പുറം റോഡേ  നടന്ന് വന്നിരുന്ന രണ്ട് പോലീസുകാരുമായി  കണ്ട് മുട്ടിയത്.  തണുപ്പിനെ അതി ജീവിക്കാൻ    പോലീസുകാർ  തലയിൽ  തോർത്ത് ചുറ്റി  കെട്ടിയിരുന്നു. ഒരാൾ  കയ്യിൽ  നീളമുള്ള  ടോർച്ച്  വഹിച്ചപ്പോൾ  അപരന്റെ കയ്യിൽ  ലാത്തിയാണുണ്ടായിരുന്നത്.  അന്ന്  ആ കവലയിൽ  ഒരു  ഭീമൻ വാളൻ പുളി  വൃക്ഷം  നിന്നിരുന്നതിനാൽ  നിലാവിനെ  ആ വൃക്ഷം  തടഞ്ഞ് വെച്ച്  ആ പ്രദേശമാകെ  ഇരുട്ടിലാഴ്ത്തി. പോലീസ് കാരൻ  ഞങ്ങളുടെ  നേരെ    ടോർച്ചടിച്ച്    ചോദിച്ചു "  രാത്രി  രണ്ട്  മണിക്ക്  നിങ്ങൾ  എവിടെ  പോകുന്നു?"
" രാത്രി  രണ്ട്  മണിയോ?!  നേരം  പുലർന്നില്ലേ?" തങ്കമ്മായുടെ  ശബ്ദത്തിന് പതർച്ചയുണ്ടായിരുന്നെന്ന്  എനിക്ക് തോന്നി.
"വല്യമ്മേ! നേരം പുലർന്നിട്ടില്ല,  മണി  രണ്ടായതേ ഉള്ളൂ, ഇവിടെ കടത്തിണ്ണയിൽ പുലരുന്നത്  വരെ ഇരുന്നിട്ട് പിന്നെ  പോയാൽ  മതി,  ഈ സമയമല്ലാത്ത സമയത്ത് പോയി  വല്ല  കുരുത്തക്കേടിലും ചെന്ന് ചാടേണ്ടാ..."  തങ്കമ്മായുടെ  കയ്യിലുണ്ടായിരുന്ന പൊതിയേ നോക്കിയാണ്  പോലീസുകാരൻ  അപ്രകാരം  നിർദ്ദേശിച്ചത്.
  പോലീസുകാർ  ആലിശ്ശേരി റോഡിലൂടെ  തെക്കോട്ട് നടന്ന് പോയപ്പോൾ ഞങ്ങൾ ജംഗ്ഷനിലെ ഒരു പീടിക തിണ്ണയിൽ  കയറി  ഇരുന്നു.
   ഇപ്പോൾ   അവിടെ  കാണുന്ന കലക്ട്രേറ്റ്  കെട്ടിടം  അന്ന് അവിടെ  ഉണ്ടായിരുന്നില്ല.  അതിനും  വടക്ക് വശം        കണ്ണൻ വർക്കി  പാലവും  കടന്ന്  ചെല്ലുന്നത്   ലത്തീൻ പള്ളിയിലെ ശ്മശാനത്തിലാണ്. അവിടെ വരി വരിയായി  കല്ലറകൾ  നിരന്ന് നിന്നിരുന്നത്  പകൽ സമയങ്ങളിൽ  ഞാൻ  കണ്ടിരുന്നതാണല്ലോ. ആ സിമിത്തേരിയിലെ  ഏതോ കല്ലറയിൽ നിന്നും പാതിരാത്രി  കഴിഞ്ഞ്   ഒരു സായിപ്പിന്റെ പ്രേതം  കുതിര വണ്ടിയിൽ മുഹമ്മദൻ സ്കൂൾ  ജംഗ്ഷനിൽ എത്തി  കടപ്പുറം  റോഡിലൂടെ  പോകുമെന്നും  പ്രേതത്തിന്റെ അകമ്പടിയായി വരുന്ന പട്ടി ഓരിയിട്ട്   കുതിര വണ്ടിയോടൊപ്പം  ഓടുമെന്നും  കുതിരയുടെ മണി കിലുക്കം  പലരും  കേട്ടിട്ടുണ്ടെന്നും  ആരെങ്കിലും സായിപ്പിനേയും പട്ടിയേയും  നേരിൽ കണ്ട് പോയാൽ  അവൻ പിറ്റേന്ന് മസൂരിക്ക്   പനിച്ച് കിടപ്പിലാകുമെന്ന കഥ ഞാൻ സ്കൂളീൽ വെച്ച് കേട്ടിരുന്നു.  ഈ കഥ തങ്കമ്മായോട് അപ്പോൾ  ഞാൻ   പറഞ്ഞപ്പോൾ  അവർ  ദേഷ്യപ്പെട്ട്  എന്നോട്  പറഞ്ഞു " എന്നെ പേടിപ്പിക്കല്ലേടാ  ഹമുക്കേ  "  എന്ന്. ഏതായാലും അവർ എന്നോട്  ചേർന്നിരിക്കുകയും   വിശുദ്ധ ഖുർ ആനിലെ  "ഫലഖും,നാസും"  അദ്ധ്യായങ്ങൾ  ചുണ്ടിന് കീഴിൽ  പിറുപിറുക്കുകയും ചെയ്തതിൽ നിന്നും     ഭയം അവരെയും ബാധിച്ചു എന്ന് ഞാൻ  മനസിലാക്കി. തണുപ്പും ഭയവും  ഉൽക്കണ്ഠയും എന്നെ വിറപ്പിച്ചപ്പോൾ കുതിര വണ്ടിയുടെ മണി കിലുക്കം  ദൂരെ നിന്നും  കേൽക്കുന്നുണ്ടോ  എന്നായിരുന്നുഎന്റെ ചെവികൾ  ശ്രദ്ധിച്ച് കൊണ്ടിരുന്നത്. പിൽക്കാലത്ത്  പ്രസിദ്ധ  സിനിമാ സംവിധായകനായി അറിയപ്പെട്ട ഫാസിലിന്റെ  ഉമ്മയുടെ  കുടുംബ വീട്  നിന്നിരുന്ന ഭാഗത്ത് നിന്നും  അപ്പോൾ  പട്ടിയുടെ ഓരിയിടൽ   ഞങ്ങൾ  കേട്ടു..  പട്ടിയുടെ  ഓരിയിടൽ അവസാനിച്ചപ്പോഴേക്കും  ദൂരെ  നിന്നും  കുതിരവണ്ടിയുടെ  കട കട ശബ്ദവും  കുതിരയുടെ   മണി കിലുക്കവും കേൾക്കാൻ  തുടങ്ങി.  എന്റെ അടി വയറ്റിൽ നിന്നും  ഒരു തീ ഗോളം  തലയിലേക്ക് വരുന്നെന്നും  എനിക്ക് ഛർദ്ദിക്കണമെന്നും  അപ്പോൾ   തോന്നലുണ്ടായി. തങ്കമ്മാ "ഫലഖും നാസും"  പാരായണം ഉച്ചത്തിലാക്കി. അതേ!  കുതിര വണ്ടി  തന്നെ. ഇപ്പോൾ അത്    ഫാസിലിന്റെ  കുടുംബ വീടും  കടന്ന്    മുഹമ്മദൻ  സ്കൂളിന്റെ  ഗേറ്റിലെത്തി  മുമ്പോട്ട്         ജംഗ്ഷൻ ലക്ഷ്യമാക്കി  വരുകയാണ്. ഞാൻ കണ്ണടച്ച് തല കുനിച്ചിരുന്നു. തങ്കമ്മായും  അപ്രകാരം ചെയ്തൂ. സായിപ്പ് ഞങ്ങളെ    കാണേണ്ടാ...സായിപ്പിനെ ഞങ്ങൾക്കും കാണേണ്ട....
വണ്ടിയുടെ  ശബ്ദം  ഞങ്ങളെ  കടന്ന് പടിഞ്ഞാറ് കടപ്പുറം  റോഡിലേക്ക്  തിരിഞ്ഞ്  അകന്ന്  പോയെങ്കിലും  മണി  കിലുക്കം ആ മഞ്ഞിലൂടെ  അപ്പോഴും  ഒഴുകി വന്നിരുന്നു. നാവ് വരണ്ട്  ഏതാണ്ട്  ബോധം  നശിച്ച് ഞങ്ങൾ  ഇരുന്ന  ആ  സമയത്താണ്   ബീറ്റ്  പോലീസുകാർ  തിരികെ ആ ജംഗ്ഷനിലെത്തിയതും  ഞങ്ങളുടെ  നേരെ  ടോർച്ചടിച്ചതും. ഞങ്ങളെ  തിരിച്ചറിഞ്ഞ അവരിലൊരാൾ  അപ്പോൾ ഒരു ബീഡി  കത്തിച്ച് വലിച്ച് കൊണ്ട്  പടിഞ്ഞാറേക്ക്  നോക്കി  അഭിപ്രായപ്പെട്ടു.  " മണി  കിലുക്കം  കേൾക്കുന്നു.  അത്  മിസ്സിയുടെ  വണ്ടിയായിരിക്കും.. ആർക്കോ  രാത്രിയിൽ  പേറ്റ്  നോവ്  കൂടിയിരിക്കും..."
" അത്  മിസ്സിയുടെ  വണ്ടിയായിരുന്നോ...? "   തങ്കമ്മാ ഇടർച്ചയോടെ  ചോദിച്ചു. ഗർഭിണികളെ ചികിൽസിക്കുന്ന   കടപ്പുറം  ആശുപത്രിയിലെ   ലേഡീ  ഡോക്റ്ററായിരുന്നു  മിസ്സി.
"പിന്നെ  ആരാ ഈ സമയത്ത്  പടിഞ്ഞാറ്  കടപ്പുറത്തേക്ക്  കുതിര  വണ്ടിയിൽ  പോകുന്നത്...."? പോലീസുകാരൻ  മറു  ചോദ്യം  ഉന്നയിച്ചപ്പോൾ സായിപ്പിന്റെ  കഥ  എന്റെ  മനസിലിരുന്ന്  ചുര  മാന്തിയെങ്കിലും  ഞാനോ  തങ്കമ്മയോ  ഒന്നും  പറഞ്ഞില്ല.   ആരാണ്  കുതിര വണ്ടിയിൽ  പോയതെന്ന്  സത്യത്തിൽ  ഞങ്ങൾക്കും  അറിയില്ലായിരുന്നല്ലോ.
 അടുത്തുള്ള  പള്ളിയിൽ  നിന്നും പുലർകാലത്തെ  വാങ്ക്  വിളി  കേട്ടപ്പോൾ  ഞങ്ങൾ  ഇറങ്ങി  നടന്നു. വീട്ടിൽ  തിരിച്ച് വന്ന ഞാൻ 15 ദിവസം ജ്വര ബാധിതനായി  കിടന്നു.  തങ്കമ്മാക്കും  പനി  ബാധിച്ചു  എന്നറിഞ്ഞു.
 ആ രാത്രിയിലെ മഞ്ഞും  തണുപ്പും ഏറ്റത്  കൊണ്ടാവാം...ഭയന്നതിനാലാവാം... പനി  ബാധിച്ചത്...
  കാലം  കുറേ  കഴിഞ്ഞ്  കലക്ട്രെറ്റ്  ആ ജംഗ്ഷനിൽ വന്നപ്പോൾ  ആ സ്ഥലം  ഇപ്പോൾ  കലക്ട്രേറ്റ്  ജംഗ്ഷൻ എന്ന  പേരിൽ     അറിയപ്പെടുന്നു. ആലപ്പുഴയിൽ  എത്തി  ആ സ്ഥലത്ത് കൂടി   കടന്ന്  പോകുമ്പോൾ  ഈ സംഭവം  ഇപ്പോഴും  ഞാൻ  ഓർമ്മിക്കും. ഞങ്ങൾ  അന്ന്  കയറി  ഇരുന്ന  പീടിക  മുറി  ഇപ്പോൾ  അവിടില്ല, പകരം  അവിടെ വലിയ ഒരു കെട്ടിടമാണിപ്പോൾ.  ആ വലിയ പുളി  മരം  റോഡ് വീതി കൂട്ടിയപ്പോൾ  മുറിച്ച് കളഞ്ഞു.  ഫാസിലിന്റെ കുടുംബ വീട്  നിന്ന സ്ഥലം  ഇപ്പോൾ   മറ്റാരുടെയോ  കൈ വശത്തിലാണ്. ലത്തീൻ പള്ളി  സിമിത്തേരി ഇപ്പോഴും  അവിടുണ്ട്.  സായിപ്പ്  ഇപ്പോഴും  അവിടുണ്ടോ  എന്നും  രാത്രി  കുതിര  വണ്ടിയിൽ  പോകുന്നുണ്ടോ  എന്നും  എനിക്കറിയില്ല.  കാരണം  നഗരം  ഇപ്പോൾ  ഉറങ്ങാറില്ലല്ലോ. മാത്രമല്ല കൊല്ലം കായംകുളം ഭാഗത്ത് നിന്നും എറുണാകുളത്തേക്ക് പോകുന്ന പാണ്ടി ലോറി ഉൾപ്പടെ എല്ലാ വാഹനങ്ങളും രാത്രി പകലെന്ന വ്യത്യാസമില്ലാതെ  ആ റോഡിലൂടെയാണ് പോകുന്നത്.   പിന്നെങ്ങിനെ  സായിപ്പ്  കുതിര വണ്ടിയുമായി ഈ കാലത്ത് പുറത്തിറങ്ങി നടക്കും. 

ഷരീഫ് കൊട്ടാരക്കര.

മൊബൈൽ നമ്പർ 9744345476

6 comments:

  1. പഴയ ഒരു ഓർമ്മ.തനിമയോടെ അവതരിപ്പിച്ചു..കീപ്പിറ്റപ്പ്, സത്യത്തിൽ ഈ പ്രേത എന്നൊക്കെ പറയുന്നത് ഇത് പോലെ ഓരോരുത്തർ പറഞ്ഞുണ്ടാക്കുന്ന ഇല്ലാക്കഥകളിലൂടെയാവണം... ചിലർ അത് സത്യമാണെന്ന് വിശ്വസിക്കുകയും ചില പ്രത്യേക സാഹചര്യങ്ങളിൽ പെടുമ്പോൾ ഭയചകിതരാവുകയും ചെയ്യുന്നു...അല്ലാതെ പ്രേതം,യക്ഷി അങ്ങനെയൊക്കെ ഈ ഭൂമുഖത്ത് ഉണ്ടോ..

    ReplyDelete
  2. കമ്പർ ആർ,എം ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതിന് നന്ദി ചങ്ങാതീ! ഭൂതത്തിലും പ്രേതത്തിലൊന്നും ഞാനും വിശ്വസിക്കുന്നില്ല. പക്ഷേ മനസിൽ അടിഞ്ഞ് കൂടിയിരിക്കുന്ന കേട്ടറിവുകൾ ചില സന്ദർഭങ്ങളിൽ നമ്മെ വല്ലാതെ ഭയപ്പെടുത്തും...

    ReplyDelete
  3. പ്രേതമുണ്ടെങ്കിലും ഇല്ലെങ്കിലും ഭയമെന്ന ഒന്ന് നമ്മെ നമ്മളല്ലാതാക്കി തീർക്കും

    ReplyDelete
  4. വല്ലാത്ത അനുഭവം തന്നെ...
    വേറേ കുഴപ്പമൊന്നും സംഭവിച്ചില്ലല്ലൊ...
    പ്രേതമില്ലാ എന്ന് ഉറക്കെപ്പറയുന്ന എല്ലാവരുടെ മനസിലും ഇനി ഉണ്ടാകുമോ ആവോ എന്ന വികാരം തീർച്ചയായും ഉണ്ടാകും.

    ReplyDelete