കുത്തഴിഞ്ഞ ലൈംഗിക സംസ്കാരം സമൂഹത്തെ സമൂലമായി ഗ്രസിച്ചിരിക്കുന്നു എന്നതിന്റെ ഉദാഹരണമായി ആ പെൺകുട്ടി കരഞ്ഞ് കൊണ്ട് ഞങ്ങളുടെ മുമ്പിൽ ഇരുന്നു. അവളുടെ കണ്ണീരിന് പ്രതിവിധി പറഞ്ഞ് കൊടുക്കാനാവാതെ ഞങ്ങൾ നിശ്ശബ്ദത പാലിച്ചു. വിവാഹിതയായ അവൾക്ക് എട്ട് വയസിന് താഴെ പ്രായമുള്ള മൂന്ന് പെൺകുഞ്ഞുങ്ങൾ ഉണ്ട്. സമ്പത്ത് നോക്കി വീട്ടുകാർ വിവാഹം ചെയ്ത് കൊടുത്തത് സ്നേഹത്തിന്റെ കണിക പോലും മനസിലും പ്രവർത്തിയിലുമില്ലാത്തവനും എന്നാൽ കാമപൂർത്തിക്കുള്ള ഉപകരണമായി മാത്രം ഇണയെ കണ്ടിരുന്നവനുമായ ഒരു വിവരദോഷിക്കായിരുന്നു. തുള്ളിക്കുതിച്ച് വരുന്ന പൂവന് തറയിൽ അമർന്നിരുന്ന് കൊടുക്കാനുള്ള പിടക്കോഴി മാത്രമായിരുന്നു അയാൾക്ക് ഭാര്യ. അതെല്ലാം അവൾ സഹിച്ചു അയാളുടെ ഏത് ഇഷ്ടത്തിനും വഴങ്ങി കൊടുത്തു. എന്നിട്ട് പോലും അതിലൊന്നും തൃപ്തി വരാതെ മറ്റിടങ്ങളിലേക്ക് അയാൾ ചേക്കേറാൻ തുടങ്ങി. ആരെയും കൈനീട്ടി സ്വീകരിക്കുന്ന തരത്തിലുള്ള പെണ്ണുടലുകളുമായി അയാൾ ബന്ധപ്പെടാൻ തുടങ്ങിയെന്ന വാർത്ത മറ്റുള്ളവരിൽ നിന്നും അറിഞ്ഞപ്പോൾ അവൾ ആദ്യം വിശ്വസിച്ചില്ലെങ്കിലും ഒരിക്കൽ അങ്ങിനെ ഒരു സംഭവം അവൾ നേരിൽ കണ്ടപ്പോൾ അന്തം വിട്ടു. തുടർന്ന് വല്ലാത്ത ഭീതി അവളിൽ പടർന്ന് കയറി. കച്ചവടത്തിനായി തമിഴ് നാട്ടിൽ പോകുന്ന അയാൾക്ക് അവിടെയും ഇടങ്ങൾ കണ്ടേക്കാം. അവിടെ ആരെങ്കിലുമായി ബന്ധപ്പെട്ടതിന് ശേഷം താനുമായി ബന്ധപ്പെടുമ്പോൾ തനിക്കും മാരക രോഗങ്ങൾ പിടി പെടില്ലേ? മനസ്സമാധാനത്തിനായി അവൾ ഡോക്റ്ററെ സമീപിച്ച് എച്..ഐ.വി. ടെസ്റ്റിന് സ്ലിപ്പ് വാങ്ങി. അതിന് വേണ്ടി ഡോക്റ്ററോട് അനുഭവിച്ച കാര്യങ്ങൾ പറയേണ്ടി വന്നതിലുള്ള മാനക്കേട് അവൾ വിവരിച്ചത് വിങ്ങിപ്പൊട്ടലോടെയാണ്. ഏതായാലുംടെസ്റ്റ് റിസൽറ്റ് നെഗറ്റീവ് ആയിരുന്നു. അതിന് ശേഷം അയാൾ സമീപിക്കുമ്പോൾ അവൾ ഒഴിഞ്ഞ് മാറി. അതിന്റെ ഫലം ക്രൂരമായ മർദ്ദനമായിരുന്നു. അയാളിൽ നിന്നും മോചനമാവശ്യപ്പെട്ടും കുട്ടികൾക്ക് ജീവിത ചെലവ് ആവശ്യപ്പെട്ടും കോടതിയെ സമീപിക്കുക എന്ന ലക്ഷ്യമാണ് ഇനി അവളുടെ മുമ്പിലുള്ളത്.
ഉരൽ വിഴുങ്ങുമ്പോഴും രണ്ട് വിരൽ കൊണ്ട് മറച്ച് പിടിക്കാനുള്ള ശ്രമം നമ്മുടെ സംസ്കാരത്തിലുണ്ടായിരുന്നത് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു. പങ്കാളിയോടുള്ള വിശ്വസ്തത പുസ്തകങ്ങളിൽ മാത്രമായി ചുരുങ്ങിയോ?
ഉരൽ വിഴുങ്ങുമ്പോഴും രണ്ട് വിരൽ കൊണ്ട് മറച്ച് പിടിക്കാനുള്ള ശ്രമം നമ്മുടെ സംസ്കാരത്തിലുണ്ടായിരുന്നത് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു. പങ്കാളിയോടുള്ള വിശ്വസ്തത പുസ്തകങ്ങളിൽ മാത്രമായി ചുരുങ്ങിയോ?
No comments:
Post a Comment