Sunday, March 2, 2014

തിരുവനന്തപുരം ബ്ലോഗ് മീറ്റും അവാർഡും പിന്നെ ജെയിംസ് ബ്രൈറ്റും



തിരുവനന്തപുരം ബ്ലോഗ് മീറ്റും അവാർഡും പിന്നെ
ജയിംസ്ബ്രൈറ്റും
2014 ഫെബുവരി 27ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളിൽ വെച്ച് മലയാള ബ്ലോഗറന്മാരുടെ ഒരു കൂടിച്ചേരൽ നടക്കുകയുണ്ടായി. കേരളത്തിന്റെ വടക്കേ അറ്റം മുതലുള്ള ബ്ലോഗ് എഴുത്തുകാർ പ്രായ ഭേദമന്യേ സംബന്ന്ധിച്ചിരുന്ന  ഈ കൂടിച്ചേരലിന്റെ വിശേഷങ്ങൾ അതിൽ സംബന്ധിച്ചിരുന്ന പലരും എഴുതി പ്രസിദ്ധപ്പെടുത്തി കഴിഞ്ഞിരിക്കുന്നതിനാൽ ഇനി അത് ആവർത്തിച്ച് ഈ കുറിപ്പുകൾ വിരസമാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ പലരും എഴുതാതെ വിട്ട് പോയതോ അതോ എഴുതിയിട്ടും എന്റെ ശ്രദ്ധയിൽ വരാത്തതോ ആയതും എന്നാൽ എഴുതേണ്ടതുമായ ചില വിശേഷങ്ങൾ പങ്ക് വെക്കുന്നതിന് മുമ്പ് ഞങ്ങളുടെ വകുപ്പിലെ പഴയ തലമുറ പറഞ്ഞ് രസിച്ചിരുന്ന ഒരു  കഥ ഇവിടെ ഒന്ന് ആവർത്തിക്കട്ടെ.
രാമൻ നായർ ഏഡങ്ങത്തെ കർശനക്കാരനും ശുണ്ഠിക്കാരനുമെല്ലാമായിരുന്നെങ്കിലും സത്യമെന്ന് ബോദ്ധ്യമുള്ള കേസുകളിൽ അദ്ദേഹം നീതിമാനുമായിരുന്നു. അയല്പക്കത്തെ ആൾസേഷ്യൻ നായ കടിച്ച് മുറിവേല്പിച്ച ഹർജിക്കാരന്റെ പരാതി ആസകലം വായിച്ച് മനസിലാക്കി ടിയാന്റെ മൊഴിയുമെടുത്ത് ആൾസേഷ്യനെ ഉടനെ നിയമ പ്രകാരം കസ്റ്റഡിയിലെടുക്കുന്നതിനായി ആവശ്യമുള്ള കടലാസ്സുകൾ തയാറാക്കാനാരംഭിച്ച രാമൻ നായർ അങ്ങത്തെ  ഇപ്രകാരം എഴുതാൻ ആരംഭിച്ചു. “നായ കണ്ടാൽ ഭീകരനും എന്തും ചെയ്യാൻ മടിക്കാത്തവനും എപ്പോഴും ചാടി വീഴാൻ ഒരുങ്ങി നിൽക്കുന്നവനും…ഇത്രയുമെഴുതി തീർന്നപ്പോൾ ആൾസേഷ്യന്റെ ഉടമസ്ഥൻ സ്റ്റേഷനിലെത്തി ഏഡങ്ങത്തെ കണ്ട് നടന്ന സംഭവം വിനയത്തോടെ വിവരിച്ച ശേഷം പരിക്ക് പറ്റിയ ആളോട് മാപ്പ് പറയുകയും മേലിൽ അപ്രകാരം സംഭവിക്കില്ലാ എന്നും നായയെ കെട്ടിയിടാമെന്ന്  ഉറപ്പ് നൽകുകയും ചെയ്തു.  രാമൻ നായരദ്ദേഹം വിശാല മനസ്കനും ഒരാൾ ചെയ്ത തെറ്റിന് .  ഖേദം പ്രകടിപ്പിച്ചാൽ മാപ്പ് കൊടുക്കണമെന്നുള്ള പക്ഷക്കാരനുമായതിനാൽ താൻ എഴുതി വെച്ച “കണ്ടാൽ ഭീകരനും എന്തും ചെയ്യാൻ മടിക്കാത്തവനും എപ്പോഴും ചാടി വീഴാൻ ഒരുങ്ങി നിൽക്കുന്നവനും” എന്നെഴുതിയതിന്റെ തുടർച്ചയായി ഇങ്ങിനെയെല്ലാമാണെങ്കിലും ആൾസേഷ്യൻ നായയുടെ വായ തുറന്ന് പരിശോധിച്ചതിൽ പല്ലുകളൊന്നും കാണപ്പെട്ടില്ല എന്നെഴുതി ഫയൽ ക്ലോസ് ചെയ്തു.
ഞാനീ പഴങ്കഥ ഇവിടെ വിളമ്പിയതിന്റെ ഉദ്ദേശം വിവരിക്കുന്നതിന് മുമ്പ് ബ്ലോഗ് മീറ്റിന് മുമ്പുള്ള ചില ദിവസങ്ങളിലെ ബൂലോഗത്തിൽ ഉണ്ടായ കോലാഹലത്തെ പറ്റി പറയേണ്ടിയിരിക്കുന്നു. തെക്കൻ പ്രദേശത്തെ ആദ്യത്തെ ഈ മീറ്റ് വിജയകരമായി തീരാൻ ആഗ്രഹിച്ചവരിൽ ഒരാളാണ് ഞാനും.വടക്ക് നിന്നും മെനക്കെട്ട് ആരും തിരുവനന്തപുരം വരെ വരില്ലാ എന്ന് മുൻ അനുഭവങ്ങളിൽ നിന്നും  ശങ്കിച്ചതിനാൽ പരിചയമുള്ള പലരെയും ഫോൺ വഴി ബന്ധപ്പെട്ട് മീറ്റിൽ പങ്കെടുക്കാൻ ഞാൻ അപേക്ഷിച്ചിരുന്നു.(ആ അപേക്ഷ പരിഗണിച്ചതിനാലോ എന്തോ പല സീനിയേഴ്സിന്റെയും സാന്നിദ്ധ്യം മീറ്റിൽ ഉണ്ടായതിൽ സന്തോഷം ഉണ്ട്) അപ്രകാരം മീറ്റ് വിജയിക്കണേ എന്ന പ്രാർത്ഥനയോടെ ഇരിക്കുമ്പോൾ ദാ വരുന്നു പലയിടത്ത് നിന്നും അപസ്വരങ്ങൾ ആദ്യം എന്റെ ആത്മാർത്ഥ സ്നേഹിതന്മാർ ഫോണിൽ ബന്ധപ്പെട്ട് എന്നോട് പറഞ്ഞു.” മീറ്റിന്റെ പുറകിൽ ജയിംസ് ബ്രൈറ്റ് ആണ്. ബൂലോകം ഓൺ ലെയിനിന്റെ അവാർഡ് ഈ വർഷം ഒരു ഡോക്റ്റർ മനോജിനാണ് .  അവാർഡ് ദാന ചടങ്ങിന് ക്ഷണിച്ചാൽ ബ്ലോഗേഴ്സ് ആരും വരില്ലാ എന്ന് ബ്രൈറ്റിന്  അറിയാമെന്നതിനാൽ  ഡോക്റ്റർ മനോജിനെ മുമ്പിൽ നിർത്തി ഓൺലൈൻ കക്ഷികൾ മീറ്റ് എന്ന പേരിൽ കളിക്കുകയാണ്. അതിന് ശേഷം  ഇതേ ആശയങ്ങൾ ഉൾക്കൊള്ളിച്ച് പോസ്റ്റുകളും കമന്റുകളും തുരുതുരാ വന്ന് തുടങ്ങിയപ്പോൾ അന്തരീക്ഷം ഒന്നു കൂടി ഇരുണ്ടു. കഥ എന്തെന്നറിയാത്ത ഒന്ന് രണ്ട് ബ്ലോഗേഴ്സ് എന്നെ വിളിച്ച് ചോദിച്ചു ഇക്കാ” സംഗതി അടിച്ച് പിരിഞ്ഞോ മീറ്റ് ചീറ്റി പോയോ.?”  അലാഹം സൃഷ്ടിക്കുന്ന  പോസ്റ്റുകളും കമന്റുകളും അപ്പോഴും തുടർന്ന് കൊണ്ടിരുന്നു.
 തുഞ്ചൻ പറമ്പ് മീറ്റിനോടനുബന്ധിച്ച് കാപ്പിലാൻ എന്ന ബ്ലോഗർ ബൂലോകം ഓൺലൈനിൽ മീറ്റിനെ സംബന്ധിച്ച് ഒരു ആക്ഷേപ ഹാസ്യം എഴുതിയിരുന്നു.പലരെയും പലതിനെയും പരിഹസിച്ച് മുന്നേറിയ കാപ്പിലാൻ  ഒരു ന്യൂറോ ഡോക്റ്റർ കൂടിയായ മനോജിനെയും ആ ലേഖനത്തിൽ പരിഹസിച്ചു. ബ്ലോഗേഴ്സ് കടന്നൽക്കൂട്ടിൽ കല്ലിട്ട പോലെ ഇളകി കാപ്പിലാനെയും ബൂലോകം ഓൺ ലൈനിനെയും വലിച്ച് കീറി ഭിത്തിയിലൊട്ടിച്ചു. ആ കാലത്ത് ബൂലോകം ഓൺ ലൈനിൽ ആൾക്കാരെ കൂട്ടാൻ അൽപ്പം മഞ്ഞയും നീലയുമായ മസാലാ വാർത്തകൾ വന്ന് കൊണ്ടിരിക്കുന്ന സമയവുമായതിനാൽ അവരെ വടി എടുത്തടിക്കാൻ മറ്റ് കാരണങ്ങളൊന്നും വേണ്ടായിരുന്നു.കിട്ടിയ വേദിയിലെല്ലാം ബ്ലോഗേഴ്സ് ഉലക്കയും ചിരവയും ബൂലോകത്തിനും കാപ്പിലാനുമെതിരെ എടുത്തു.  ഈ മഞ്ഞയും നീലയും  പരിപാടി അതിനു  മുമ്പ് കേരളത്തിലെ ഒരു ദേശീയ പത്രത്തിന്റെ പ്രസിദ്ധമായ വാരികയിൽ സ്ഥിരമായി വന്നതിനെ തുടർന്ന് ഈ ആഴ്ചപ്പതിപ്പ് വീട്ടിൽ കയറ്റാൻ പറ്റുകയില്ലാ എന്ന് സാഹിത്യ വാരഫലക്കാരൻ പറയുകയുണ്ടായി.എന്നിട്ടും മലയാളികൾക്ക് ഒരു പ്രതിഷേധവുമില്ലായിരുന്നു. ആഴ്ചപ്പതിപ്പിൽ പുരട്ടിയ നിറത്തേക്കാളും എത്രയോ കുറവാണ് ഓൺ ലൈനിൽ വന്നതെങ്കിലും കാപ്പിലാന്റെ ലേഖനത്താൽ പ്രകോപിതരായ  ചില ബ്ലോഗേഴ്സ് ഓൺ ലൈനിനെ മൊഴി ചൊല്ലിയ പരുവത്തിലാക്കി.കാപ്പിലാന്റെ ഈ തരം  വേല ഞങ്ങൾ പല പഴയ ബ്ലോഗേഴ്സിനും പരിചിതമാണ്. ഓരോ മീറ്റിന്റെയും അവസരത്തിൽ ഈ മാതിരി വെടി വെക്കുന്നത് കാപ്പിലാന്റെ സ്ഥിരം പരിപാടിയാണ്. വ്യത്യ്സ്തമായൊരു ബ്ലോഗറാം കാപ്പിലാനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല. ഈ ബഹളക്കാരൻ ആരെന്ന് ആൾക്കാർ ശ്രദ്ധിക്കും, ഇതാണ്ഈ രീതിയിലുള്ള ബഹളക്കാർക്ക് വേണ്ടത്.   കാപ്പിലാനും മുസ്ലിം സമുദായത്തിലെ ഒരു മുസലിയാരും ഒരേ വഴിക്കാരാണ്  ഓരോ ഇഷ്യൂസ് ഉണ്ടാക്കി കൊണ്ടിരിക്കും. പക്ഷേ ഈ തവണ സ്ഥിതിഗതികൽ മനസിലാക്കിയ  കാപ്പിലാൻ മിണ്ടാതെ സ്ഥലം വിട്ടു, ഓൺലൈൻ ഉടമസ്ഥൻ ബ്രയ്റ്റ് കാപ്പിലാന്റെ കുരിശ് ഏറ്റു വാങ്ങി.
അവസാനം ഡോക്റ്റർ മനോജും അനുവറും “അവാർഡ് ദാനവും ബ്ലോഗ് മീറ്റും തമ്മിൽ ഒരു ബന്ധവുമില്ലെന്നും, നാലു മണി വരെ മീറ്റും അത് കഴിഞ്ഞ് ബൂലോകം ഓൺ  ലൈനിന്റെ അവാർഡ് ദാനവുമാണ്” എന്ന് പോസ്റ്റിട്ടതോടെ ആ ചർച്ചയിൽ പങ്കെടുത്ത ഈയുള്ളവനുൾപ്പടെ ഉള്ളവർക്ക് മീറ്റ് സുഗമമായി നടക്കുമെന്ന് ഉറപ്പും സമാധാനവുമായി .  എങ്കിലും ചിലർ,  ബൂലോകം ഓൺ ലൈൻ പാർട്ടികൾ അവിടെ വന്നാൽ കീറി ഒട്ടിക്കണമെന്ന് മുറുമുറുക്കുകയുണ്ടായി.
മീറ്റ് ദിവസം ബൂലോകം ഓൺ ലൈൻ മേധാവിയും ഒരു സൈക്യാട്രിക്സുമായ ഡോക്റ്റർ ജെയിംസ് ബ്രൈറ്റ് ആദ്യാവസാനം മീറ്റിൽ പങ്കെടുത്തു. പരിചയപ്പെടുത്തൽ ചടങ്ങിൽ ഡോക്റ്റർ ബ്രൈറ്റ് ബൂലോകം ഓൺ ലൈനിന് വേണ്ടി അവരിൽ നിന്നും സംഭവിച്ച  തെറ്റിന് ആ സദസ്സിൽ പരസ്യമായി മാപ്പ് പറഞ്ഞു. നമ്മുടെ രാമൻ നായർ ഏഡങ്ങത്തെയുടെ ഭാഷയിൽ “കണ്ടാൽ ഭീകരനും എന്തും ചെയ്യാൻ മടിക്കാത്തവനുമായ” ആ ഭയങ്കരൻ വിനയത്തോടെ മനസിൽ തട്ടി മാപ്പ് പറഞ്ഞപ്പോൾ നമ്മൾ ഏഡങ്ങത്തയുടെ പോളിസി അനുസരിച്ച് “വാ തുറന്ന് നോക്കിയതിൽ പല്ലുകളൊന്നും കാണുന്നില്ലാ “ എന്നും പറഞ്ഞ് ശത്രുതയുടെ ഫയൽ ക്ലോസ് ചെയ്യാൻ നിർബന്ധിതരായി. അതേ! അതാണ് മാന്യത. ഒരു പൊതു വേദിയിൽ  തന്റെ കയ്യിൽ നിന്നും ഉണ്ടായ വീഴ്ചകൾക്ക് മാപ്പ് പറഞ്ഞ ഒരു മനുഷ്യനോട് പിന്നീട് അസഹിഷ്ണതയുടെ ലാഞ്ചന പോലും കാണിക്കാൻ പാടില്ലാ. പിന്നീട് ഈ മനുഷ്യനെ പറ്റി ഞാൻ കൂടുതൽ അന്വേഷിച്ചു. ബ്രിട്ടനിൽ സ്ഥിര താമസമാക്കിയ ഈ സൈക്യാട്രിക്സ് ഡോക്റ്റർ വിസായിൽ ഈ നാട്ടിലെത്തിയത് മീറ്റിനും അവാർഡ് ദാനത്തിനുമായി മാത്രമാണെന്നറിഞ്ഞപ്പോൾ ഞാൻ അന്തം വിട്ടു പോയി. പെരുമാറ്റത്തിൽ അങ്ങേ അറ്റം എളിമ കാണിക്കുന്ന ഈ മനുഷ്യനെ വെറുതെ തെറ്റിദ്ധരിച്ച് പോയല്ലോ എന്ന് എനിക്ക് വിഷമം തോന്നി. അദ്ദേഹം നടത്തുന്ന ഓൺ ലൈൻ അദ്ദേഹത്തിന്റെ ഹിതമനുസരിച്ച് നടത്താനുള്ള സ്വാതന്ത്രിയം ആ മനുഷ്യനുണ്ടെങ്കിലും അതിൽ മറ്റുള്ളവർക്ക് പ്രയാസം ഉണ്ടാക്കുന്ന സ്ഖലിതങ്ങൾ വന്നതിൽ  മാന്യമായി അദ്ദേഹം ഇപ്പോൾ ഖേദം പ്രകടിപ്പിച്ച് കഴിഞ്ഞിരിക്കുന്നു. മേലിൽ സൂക്ഷിച്ച് കൊള്ളാമെന്ന് ഉറപ്പും നൽകി.
വൈകുന്നേരം അവാർഡ് ദാന ചടങ്ങിന് ശേഷം ഡോക്റ്റർ മനോജ് നന്ദി പ്രകടിപ്പിച്ച് വേദിയിൽ സംസാരിക്കവേ വീണ്ടും ബൂലോകം ഓൺ ലൈനും കാപ്പിലാനും പരാമർശ വിധേയമായി. ആ ലേഖനം കാപ്പിലാൻ എഴുതിയതാണെങ്കിലും ബൂലോകം ഓൺലൈനോ ജയിംസ് ബ്രൈറ്റിനോ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് മാറാനാവില്ലെന്നും മലയാള മനോരമയിൽ വരുന്ന ഒരു ലേഖനം അത് എഴുതിയ ആളുടേത് മാത്രമാണെന്നും അത്  മനോരമ ഉടമസ്തരുടെ ഉത്തരവാദിത്വ്ത്തിലല്ലാ എന്ന് പറഞ്ഞാൽ എത്ര ശരിയുണ്ട് അത് പോലെ ആണിതെന്നുമൊക്കെ ഡോക്റ്റർ മനോജ് പറഞ്ഞു.അതേ പോലെ ഓൺ ലൈനിനെ സംബന്ധിച്ചുള്ള മറ്റ് പരാമർശങ്ങളും ഡോക്റ്റർ ഉദ്ധരിക്കുകയും ഇപ്പോൾ ഓൺ ലൈൻ അത് പരിഹരിച്ച് വരുകയാണെന്നും അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. ഇപ്രകാരം ഡോക്റ്റർ സംസാരിക്കുമ്പോൾ ബ്രൈറ്റ് സദസിന്റെ മുമ്പിൽ തന്നെ ഉണ്ടായിരുന്നു. രാവിലെ അദ്ദേഹം പൊത് മാപ്പ് പറഞ്ഞ ഒരു വിഷയം അത് എത്രയും പ്രകോപനപരമായത് ആയാൽ തന്നെയും അഭിപ്രായ സ്വതന്ത്രിയത്തിന് ഡോക്റ്റർക്കുള്ള അവകാശത്തെ മാനിച്ച് കൊണ്ട് തന്നെ പറയട്ടെ, ബ്രൈറ്റിന്റെ ഖേദത്തിന്റെ വെളിച്ചത്തിൽ  അത് ആവർത്തിക്കേണ്ടതല്ലായിരുന്നു എന്നും അത്  ഒഴിവാക്കേണ്ടത് തന്നെയായിരുന്നു എന്നും വിനയപുരസ്സരം അറിയിക്കുന്നു.
ബ്ലോഗ് മീറ്റിനെ സംബന്ധിച്ച് പറയാതെ ഈ കുറിപ്പുകൾ പൂർണമാവില്ല. ഡോക്റ്റർ മനോജ്, അനുവർ, ഈ  മീറ്റിന് ചുക്കാൻ പിടിച്ച നിങ്ങൾ ആ കാര്യത്തിൽ നൂറ്റിക്ക് നൂറും വിജയിച്ചിരിക്കുന്നു എന്ന് മുൻ കാല മീറ്റുകളിൽ എല്ലാം പങ്കെടുത്ത ഒരാൾ എന്ന നിലയിൽ എനിക്ക് പറയാൻ കഴിയും.തിരുവനന്ത പുരത്ത് എത്തികഴിഞ്ഞപ്പോൾ മനസിലെ ചിന്തകളെല്ലാം “ മുൻ പരിചയമില്ലാത്ത കുട്ടികളാണ് ഇതിന്റെ  സംഘാടകർ, അതിനാൽ കഴിവതും അവരെ സഹായിക്കണം” എന്നായിരുന്നു. പക്ഷേ ഹാളിൽ വന്ന് കഴിഞ്ഞ് ഒറ്റ നോട്ടത്തിൽ മനസിലായി ഒരു കാർന്നോപ്പാടിന്റെയും സഹായവുമില്ലാതെ കാര്യങ്ങൾ നടത്താൻ കഴിവുള്ളവരാണ് ഈ സംഘാടകരെന്ന്. ഒഴിവാക്കാൻ കഴിയുന്ന ചില അസ്കിതകളുണ്ടെങ്കിലും അവയൊന്നും മുഴച്ച് നിന്നതേയില്ല. എന്റെ മുൻ ധാരണകളെയെല്ലാം പൊളിച്ചെഴുതുന്ന വിധത്തിൽ ബ്ലോഗേഴ്സിന്റെ സാന്നിദ്ധ്യം വിവിധ സ്ഥലങ്ങളിൽ നിന്നുമുണ്ടായി എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. വടക്കൻ പ്രദേശത്ത് മീറ്റ് നടത്തുമ്പോൾ തെക്കന്മാർ കുറവായിരിക്കും. പക്ഷേ തെക്ക്  നടത്തിയപ്പോൾ വടക്കൻ പ്രാതിനിധ്യത്തിന് ഒട്ടും കുറവില്ലായിരുന്നു.കൊട്ടോട്ടി,ചന്തു നായർ, ജെയിംസ്, ജെയിംസ് പാറ്റൂർ,  വിഡിമാൻ, പാവപ്പെട്ടവ്ൻ, മഹേഷ് കൊട്ടാരത്തിൽ,നിധീഷ്,പ്രിയൻ അലക്സ്,നിർമ്മൽ. വിഷ്ണു,സംഗീത്, വിജിത്ത്, സങ്കുചിതൻ,വെള്ളനാടൻ ഡയറി, ഇടങ്ങേറുകാരൻ, അജാത ശത്രു, വയൽപ്പൂവുകൾ, ഉട്ടോപ്യൻ, മജീദ്, ബഷീർ,അസിൻ,  ലീലാ.എം.ചന്ദ്രൻ,ചന്ദ്രൻ, സുധർമ്മ ഉണ്ണി മാങ്ങാ, കലാ.ജി.ക്രിഷ്ണൻ ഗിരീഷ് പുലിയൂർ ഋതു സഞയന, റെജിൻ , ശ്രീദേവി  വർമാ, അമ്മു, പ്രീതാ, മുതലായവർ. പലരുടെയും പേര് ഓർമ്മ വെക്കാൻ കഴിഞ്ഞില്ലെങ്കിലും മുഖങ്ങൾ മനസിൽ പതിഞ്ഞ് കഴിഞ്ഞിരിക്കുന്നു.
 ബ്ലോഗ് മീറ്റ് ഒരു വികാരമാണ്. അത് പറഞ്ഞ് മനസിലാക്കാനോ എഴുതി ഫലിപ്പിക്കാനോ പറ്റാത്ത ഒരു വികാരം. ഹൃദയത്തെ ഹൃദയം തിരിച്ചറിയുന്ന നിമിഷങ്ങൾ. അവിടെ ദേഷ്യമില്ല, അസൂയയില്ല, അസഹിഷ്ണതയില്ല, പകയില്ല, ചെറുപ്പ വലിപ്പമില്ല, പ്രായ വ്യത്യാസമില്ല, സ്നേഹം..സ്നേഹം..എന്ന ഒറ്റ വികാരം  മാത്രം.അതാണ് ബ്ലോഗ് മീറ്റിൽ  നിന്നും ലഭിക്കുന്നത്.എന്നുമെന്നും നില നിൽക്കുന്നത്. പിരിയാൻ നേരം ഇനി എന്ന് കാണും എന്ന് തൊണ്ട ഇടറി നമ്മെ കൊണ്ട് ചോദിപ്പിക്കുന്നത്……
ഈ കുറിപ്പുകൾ അവസാനിക്കുന്നതിന് മുമ്പ് ഞൻ മുകളിൽ കുറിച്ച വാക്കുകൾ അന്വർത്ഥമാക്കുന്ന ഒരു അനുഭവം കൂടി പറയേണ്ടിയിരിക്കുന്നു. മീറ്റും അവാർഡ് ചടങ്ങും കഴിഞ്ഞ്,പ്രസ്ക്ലബ്ബിന്റെ മുൻഭാഗത്ത് രാത്രിയുടെ നിശ്ശബ്ദതയിൽ ആട്ടോയും കാത്ത് നിന്നപ്പോൾ ഒരു കാർ അടുത്ത് വന്ന് നിർത്തി എന്നോട് ആവശ്യപ്പെട്ടു, അകത്ത് കയറുക, ഞാൻ ബസ് സ്റ്റാന്റിൽ കൊണ്ട് വിടാം. ആറ്റിങ്ങൽ ആലംകോട് സ്വദേശി അസിനും ഭാര്യയുമണ്. രണ്ട് പേരും എന്റെ  കാഴ്ചപ്പാടിൽ കൊച്ച് കുട്ടികൾ. അടുത്ത കാലത്ത് വിവാഹിതരായ അവർ മീറ്റും കഴിഞ്ഞ് ആറ്റിങ്ങലേക്കുള്ള യാത്രയിലാണ്. അവരുടെ നിർബന്ധത്താൽ  ഞാൻ കാറിൽ കയറി. ട്രാഫിക്ക് കുരുക്കിലൂടെ ബസ് സ്റ്റാന്റിലേക്കും, പിന്നീട് ആറ്റിങ്ങലേക്കും ആ രാത്രിയിൽ കുട്ടികളായ ഇവരെ യാത്ര ചെയ്യിപ്പിക്കേണ്ടതില്ലാ എന്ന വിചാരത്തിൽ ഞാൻ പറഞ്ഞു. അസിനേ! നേരെ ആറ്റിങ്ങലേക്ക് കാർ വിടുക, ഞാൻ അവിടെ ഇറങ്ങി കിളിമാനൂർ വഴി കൊട്ടാരക്കരക്ക് പൊയ്ക്കൊള്ളാം. കാർ മുന്നോട്ട് പോകുമ്പോൾ കണ്ണുകളിലേക്ക് ഉറക്കം പാഞ്ഞെത്തി. അതിനെ മറി കടക്കാൻ ഞങ്ങളെ കൂടാതെ കാറിലുണ്ടായിരുന്ന ഒരു എഞിനീയറിംഗ് വിദ്യാർത്ഥി (അയാളും മീറ്റ് കഴിഞ്ഞ് ആറ്റിങ്ങൽ വഴി വീട്ടിലേക്കാണ്)യോടും അസിനോടും ഞാൻ ലോക കാര്യങ്ങൾ പറഞ്ഞ് തുടങ്ങി.എന്തെല്ലാമോ പറഞ്ഞ് എന്റെ ഉറക്കം അകറ്റാനായി  അവരെ ഇങ്ങ്നെ പീഡിപ്പിച്ച് കൊണ്ടിരുന്നപ്പോൾ ഞാൻ വഴി ശ്രദ്ധിച്ചില്ല. അസിൻ കാർ നേരെ കിളിമാനൂർ വഴി വിടുകയായിരുന്നു. അത് കാരണം അവർക്ക് അഞ്ച് കിലോ മീറ്ററും കുറച്ച് സമയവും നഷ്ടമായി. എന്നെ കിളിമാനൂരിലെത്തിക്കാനാണ് അസിനും ഭാര്യയും കൂടി ഈ രാത്രിയിൽ ആ വഴി വന്നത്.അസിനെ ഞാൻ ഇതിന് മുമ്പ് നേരിൽ കണ്ടിട്ടില്ല, പോസ്റ്റുകളിൽ കമന്റിട്ടതും മീറ്റിൽ വെച്ച് കണ്ടതുമായ പരിചയം മാത്രം. പക്ഷേ ഹൃദയം തൊട്ടുള്ള ആ സ്നേഹം ഞാൻ തിരിച്ചറിഞ്ഞു. അതേ! അതാണ്! ബ്ലോഗ് മീറ്റിൽ ഉണ്ടാകുന്നത്.

11 comments:

  1. വളരെ സന്തോഷമായി ഈ കുറിപ്പ് വായിച്ചപ്പോള്‍. പ്രത്യേകിച്ചും ജെയിംസ് ബ്രൈറ്റിനെപ്പറ്റി പറഞ്ഞത്. ഒരു പൊതുവേദിയില്‍ ക്ഷമാപണം ചെയ്യുക എന്നത് ചെറിയ കാര്യമൊന്നുമല്ല.

    ReplyDelete
  2. വിനയപുരസരം അല്ലാ, ഷരീഫ്ക്കാക്ക് എന്നോട്, 'ഡാ, നീ ചെയ്തത് തെറ്റായി പോയി' എന്ന് കര്‍ക്കശമായി തന്നെ പറയാം.. ഇതിലെ വാക്കുകളെ ഞാന്‍ അങ്ങനെ തന്നെ വായിക്കുന്നു..

    ReplyDelete
  3. സ്നേഹം സ്നേഹം എന്ന വാക്ക് ബ്ലോഗു മീറ്റുകളുടെ അനുസ്മരണയിൽ ഷെറീഫ് ഉപ്യോഗിക്കുന്നത് ഇതിനു മുൻപും വായിച്ചിയ്യുണ്ട്. സ്നേഹം ഇനിയും അവിടൊക്കെ ബാക്കി നിൽക്കുന്നു എന്നുള്ള ത് കേൾക്കുന്നതിൽ സന്തോഷമുണ്ട.

    ബൂലോകത്തിലെ മഞ്ഞക്കിളികൾ ഒരു പക്ഷെ അങ്ങനെ പാറിപ്പറക്കുമെന്നു ഒരുകാലത്ത് ഡോക്റ്റർ ബ്രൈറ്റ് മോഹിച്ചിരിക്കാം. പക്ഷെ അതിനു നേരെ പ്രതിഷേധമുണ്ടായി എന്നുള്ളതും മലയാളി ബ്ലോഗേഴ്സിൽ ചില ഗുണങ്ങൽ ഇനിയും അവശേഷിക്കുന്നു എന്നു മൻസൈലാക്കാൻ കഴിയുന്നു. ഒരു കാലത്ത് ബ്ലോഗ് അവാർഡ് കൊടുക്കാൻ ഡോക്ടർ നടത്തിയ ചില പരിപാടികളെക്കുറിച്കും അതിൽ പ്രതിഷെധിച്ചതും ഓർക്കുന്നു. എന്തായാലും തെറ്റിനെക്കുറിച്ചുള്ള ബോധമുണ്ടാകുന്നതും പ്രത്യാശക്കു വഴിതരുന്നു. ഞാനിപ്പോൾ ആദ്യമായാണ് ഈ ബ്ലോഗു മീറ്റിനെക്കുറിച്ചു വായിക്കുന്നതും വിവരങ്ങൾ അറിയുന്നതും എന്നുള്ളത് കൊണ്ട്, ഷെരീഫിനു പ്രത്യേകം നന്ദി.

    ReplyDelete
  4. ഇനി കാവിലെ പാട്ടുല്‍സവത്തിന് കാണാം..

    പങ്കെടുക്കാന്‍ കഴിയാത്തതില്‍ വിഷമം ഉണ്ട്... എങ്കിലും ഇനിയും മീറ്റാമല്ലോ എന്ന പ്രതീക്ഷയോടെ..

    ReplyDelete
  5. ഇക്കയുടെ കുറിപ്പും മനോജിന്‍റെ ക്ഷമാപണവും വളെരെ
    നന്നായി. ഇതു പലരും friendshppillum, കുടുംബത്തിലും, സമുഹികക ഇടപാടിലും പലിചിരുന്നകില്‍ യത്ര നന്നായിരുന്നു. ബഷീര്‍ ദോഹ

    ReplyDelete
  6. ബ്ലോഗ്‌ മീറ്റിനെക്കുറിച്ചുള്ള ഈ കുറിപ്പ് ഏറെ നന്നായി.... തെറ്റുകൾ തിരിച്ചറിഞ്ഞു തിരുത്താൻ തയ്യാറാവുന്നവരെ സ്നേഹത്തോടെ കൈപിടിക്കുകയാണ് വേണ്ടത്. ബൂലോകം ഓണ്‍ലൈൻ പഴയ പ്രതാപം വീണ്ടെടുക്കുമെന്ന പ്രത്യാശയോടെ....

    ReplyDelete
  7. മീറ്റ് നടന്നതിൽ സന്തോഷം. ഇതുപോലെ കൂട്ടുകൂടുമ്പോ എല്ലാ അഭിപ്രായ വിത്യാസവും മറന്ന് സഹ ബ്ലോഗർമാരെ തോളോട് ചേർത്തു പിടിക്കാനും നിർമലമായി ചിരിക്കാനും നമുക്കൊക്കെ കഴിയുന്നതിൽ ഒരുപാട് സന്തോഷം.
    നാട്ടിൽ ഇല്ലാത്തതിനാൽ എത്താൻ പറ്റിയില്ലാ മീറ്റിനു.

    ഇത്തരം കൂടിച്ചേരലുകൾ ഉണ്ടാവുമ്പോ അഭിപ്രായ വിത്യാസങ്ങളെ ചർച്ചിക്കാനും അവയെ വിശകലനം ചെയ്യാനും നിന്നാൽ തോളോട് ചേർക്കാനും നിർമലമായി ചിരിക്കാനും നമുക്കെങ്ങനെ കഴിയും?
    അഭിപ്രായ വിത്യാസത്തെ കുറിച്ചു പറയാതിരിക്കണം എന്ന് ഞാനൊട്ടും താല്പര്യപ്പെടുന്നില്ലാ. ബ്ലോഗിൽ നിന്നുണ്ടായ അഭിപ്രായവിത്യാസങ്ങളെ അതെ പ്ലാറ്റ്ഫോമിൽ എത്ര വെണെമെങ്കിലും നമുക്ക് ചർച്ചിക്കാം. നമ്മുടെ വാധങ്ങളെ നമുക്ക് സമർത്തിക്കാം. പ്രതിപക്ഷത്തെ കാര്യങ്ങൾ അതിരൂക്ഷമായി തന്നെ പറഞ്ഞ് ബോധ്യപ്പെടുത്താം.

    എന്നാൽ... ഈ കൂടിച്ചേരലുകളിലെ ഇത്തിരി മണിക്കൂറുകൾ ചിരിക്കാനും ചേർത്ത് പിടിച്ചു ചിരിക്കാനും സൗഹൃദം പങ്കുവെക്കാനും മാത്രമായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു.
    അവയിലുപരി നടക്കുന്ന മീറ്റ് ചർച്ചകളെ അവയുടെ നല്ല വശത്തെ അറിയുന്നതോടൊപ്പം നല്ലതെല്ലെന്ന് പറയാൻ ആഗ്രഹിക്കുന്നു.

    കൂട്ടുകൂടാനും ചിരിക്കാനും സംസാരിക്കാനും മാത്രമാകട്ടെ ഇനിയുള്ള ബ്ലോഗ് മീറ്റുകൾ.
    അഭിപ്രായ വിത്യാസത്തെ നമുക്ക് ബ്ലോഗിൽ തന്നെ ചർച്ചകൾക്കിടാം. അവിടെ നമുക്ക് ആധർശത്തിൽ മാത്രം ചർച്ചകളാവാം.

    നേരിൽ ചിരിക്കാനും.. തോളോട് ചേർക്കാനും അതോടൊപ്പം ബ്ലോഗ് എന്ന വേദിയിൽ ആദർശത്തിൽ തർക്കിക്കാനും നമുക്ക് കഴിയട്ടെ.
    ബ്ലൊഗിലെ തർക്കങ്ങളെ മോണിറ്ററിൽ മാത്രമായി നമുക്കൊതുക്കി നിർത്താം.

    ReplyDelete
  8. നല്ല പോസ്റ്റ്‌ ശരീഫ്ഇക്ക :

    ReplyDelete
  9. സ്നേഹമാണഖിലസാരമൂഴിയില്‍......
    നല്ലൊരു പോസ്റ്റ്
    ആശംസകള്‍

    ReplyDelete
  10. വായന അടയാളപ്പെടുത്തുന്നു. കൂടുതൽ അഭിപ്രായങ്ങൾ ഇല്ല. പങ്കെടുത്തവരിൽ എല്ലാവരും സന്തോഷിക്കുകയും സന്തോഷിച്ചവരിൽ ചിലരെങ്കിലും വേദനിക്കുകയും ചെയ്ത ഒരു മീറ്റ് എന്ന വിമർശനം മറച്ചു വയ്ക്കുന്നില്ല. എല്ലാവർക്കും നല്ലതു വരട്ടെ!

    ReplyDelete
  11. കുറിപ്പ്‌ നന്നായി, മീറ്റും! അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍!

    ReplyDelete