Saturday, January 11, 2014

നമുക്ക് ബ്ലോഗ് മീറ്റ് വേണ്ടേ?

ഒരു ബ്ലോഗ് മീറ്റിൽ  ആദ്യമായി പങ്കെടുത്തത്  ചെറായി ബീച്ചിലായിരുന്നു. ബൂലോഗത്തെ പുലികളും പുപ്പുലികളും നിറഞ്ഞ്  നിന്ന ഉഗ്രൻ മീറ്റ്. പിൽക്കാലത്ത് വി.എസ്. അചുതാനന്ദന് എതിരെ തെരഞ്ഞെടുപ്പിൽ മൽസരിച്ച ലതികാ സുഭാഷ്  ആ മീറ്റിൽ സജീവമായി  ഉണ്ടായിരുന്നു എന്ന്  ഓർക്കുന്നു. ഇപ്പോൾ ബ്ലോഗ് മീറ്റ് തുഞ്ചൻ പറമ്പിൽ  നടത്തി മിന്നി  നിൽക്കുന്ന  സാബു കൊട്ടോട്ടി  രംഗ പ്രവേശനം ചെയ്ത ആദ്യ മീറ്റും  അതായിരുന്നു. അന്നത്തെ പലരെയും ഇന്ന്  കാണാനില്ലാ എന്നുള്ളത്  പോലെ ഇന്നത്തെ പ്രമാണികളൊന്നും  അന്നുണ്ടായിരുന്നുമില്ല. കാലം  കടന്ന് പോയി   തുടർന്ന്  മീറ്റുകളുടെ പൊടി പൂരമായിരുന്നു.എറുണാകുളം പലതവണ, തൊടുപുഴ, തുഞ്ചൻ പറമ്പ് (രണ്ട് തവണ) കണ്ണൂർ,  കൊണ്ടോട്ടി, കോഴിക്കോട്,  ഇങ്ങിനെ പ്രധാന  മീറ്റുകളും അത് കൂടാതെ ചെറിയ സംഗമങ്ങൾ  വേറെയും  അങ്ങിനെ  മീറ്റുകൾ തുടർന്ന് വന്നു. അന്നൊക്കെ ബ്ലോഗറന്മാർക്ക്  മീറ്റ്  ഹരമായിരുന്നു. വല്ലാത്ത അനുഭൂതി.  മീറ്റിന്റെ തലേ ദിവസം തന്നെ  സ്ഥലം പിടിക്കാൻ  ഈയുള്ളവനടക്കം ധാരാളം  പേർ  തയാറായി  നിന്നു. എവിടെ നിന്നോ വന്ന   ഒരു കൂട്ടം സമാന മനസ്കരായ ആൾക്കാർ ഒരു സ്ഥലത്ത് കൂടുകയും പരിചയപ്പെടുകയും  അവരവരുടെ അനുഭവങ്ങൾ പങ്ക് വെക്കുകയും  ഒരുമിച്ചിരുന്ന് ആഹാരം കഴിച്ച്  ചായകുടിച്ച്  അൽപ്പ നേരത്തേക്ക്  ഉള്ള പരിചയമാണെങ്കിൽ പോലും നമുക്ക് ഇനിയെവിടെയെങ്കിലും വെച്ച് കാണാം  എന്ന് വേദനയോടെ പറഞ്ഞ് പിരിയുകയും ചെയ്യുന്നതിന്റെ രസം അനുഭവിച്ച് തന്നെ അറിയണം.
കാലം കഴിഞ്ഞപ്പോൾ  ഫെയ്സ് ബുക്കിന്റെ തള്ളി  കേറ്റത്തിൽ ബ്ലോഗറന്മാർ മിക്കവരും  മുഖ പുസ്തകത്തിൽ അണി  നിരക്കുകയും  ബ്ലോഗ് മീറ്റിന്റെ  പ്രസക്തി കുറഞ്ഞ് വരുന്നതായും അനുഭവപ്പെട്ടു.  മീറ്റ്  ഇല്ലങ്കിൽ  തന്നെയും   ബ്ലോഗേഴ്സ്  എന്ന  നിലയിൽ പരിചയപ്പെട്ടിരുന്നവരെ നേരിൽ കാണാമെന്ന   ലക്ഷ്യത്തോടെ   ഞങ്ങൾ നാല്  പേർ  സുനിൽഷാ,  ഷൈജു, ഹാഷിം ഹാജി  എന്നിവർ കാറിൽ  വടക്കോട്ട്  വിട്ടു.  വഴിയിൽ   മുഹമ്മദ് കല്യത്ത്,   സാബു കൊട്ടോട്ടി  തുടങ്ങി  പലരേയും കണ്ട്  പരിചയം പുതുക്കിയെങ്കിലും  ഒരിക്കലും മറക്കാനാവാത്തത്  റ ഈസിന്റെയും  ഷബ്നാ പൊന്നാടിന്റെയും  വീട് സന്ദർശനമായിരുന്നു. സഹന ശക്തിയുടെ  ആൾ രൂപമായിരുന്നു റ ഈസ്. യൗവനത്തിന്റെ കത്തി നിൽക്കുന്ന പ്രായത്തിൽ  ചെറുപ്പത്തിലെ ഒരു അപകടത്തെ തുടർന്ന്  ശിരസ്സിന് മാത്രം ചലനശേഷിയുമായി ആ കുഞ്ഞനിയൻ  തന്റെ കിടക്കയിൽ കഴിഞ്ഞ് കൂടുന്നു; ഉല്ലാസവാനായി  മറ്റുള്ളവരെ  സമാധാനിപ്പിച്ച് കൊണ്ട്.  എന്നെ തിരിച്ചറിഞ്ഞപ്പോഴുണ്ടായ അവ്ന്റെ ചിരി എത്ര മനോഹരമായിരുന്നു. എന്റെ കൂടെയുള്ളവരും വീട്  കാണിക്കാൻ വന്ന  മുഖ പുസ്തകക്കാരൻ മുഹമ്മദു കല്യത്തും  അവനെ നിർന്നിമേഷം  നോക്കി  ഇരുന്നു.  അവിടെ നിന്നും     ഇറങ്ങി  പിന്നീട് പൊന്നാട് ഷബനായുടെ വീട്ടിലേക്ക് ഞങ്ങൾ  പോയി. സാബു കൊട്ടോട്ടിയും  വഴിയിൽ വെച്ച് ഞങ്ങളുടെ കൂടെ കൂടി. തനിക്ക് ഇങ്ങിനെ ഒരു വൈകല്യം  ഉണ്ടെന്ന്  ഭാവിക്കാത്ത വിധം ഷബ്നാ     സംസാരിച്ച് കൊണ്ടേയിരുന്നു,  തന്റെ മധുരതരമായ  ശബ്ദത്തിൽ.  ആ സുന്ദരിക്കുട്ടിയുടെ  ഓരോ വാക്കിലും  ആത്മധൈര്യം  നിറഞ്ഞ് നിന്നു.  ചലന ശേഷി  ഉള്ളവർ  ചെയ്യാത്ത സേവനങ്ങൾ  ആ  ചെറുപ്പക്കാരി  തന്റെ വീൽ ചെയറിൽ ഇരുന്ന് നിർവഹിച്ച്    കൊണ്ടിരിക്കുന്നത്   കണ്ടപ്പോൾ  ആ  കുട്ടിയെ  എങ്ങിനെ അഭിനന്ദിക്കണമെന്ന്   പിടി കിട്ടതെ  പോയി.  ഷബനായുടെ ഒന്നിലധികം  പുസ്തകങ്ങൾ  പ്രസിദ്ധീകരിച്ച്  കഴിഞ്ഞു.  അവിടെ നിന്നും  യാത്രപറയുമ്പോൾ  എനിക്കും  സുനിൽഷാക്കും ഷൈജുവിനും  ഹാഷിം ഹാജിക്കും  മുഹമ്മദിനും  കൊട്ടോട്ടിക്കും എല്ലാം  ഒറ്റ അഭിപ്രായം  മാത്രം.  "  ഓടി  നടക്കുന്ന  നമ്മൾ  ചെയ്യാത്ത സൽ പ്രവർത്തികൾ  ഇവർ  ചെയ്ത് കൊണ്ടിരിക്കുന്നു."
ദീർഘമായ യാത്രയും തണുപ്പും എന്നിൽ  ഉണ്ടാക്കിയ ശബ്ദം   അടപ്പ്  യാത്ര വെട്ടി ചുരുക്കാനും  പെട്ടെന്ന് തന്നെ  തിരികെ  പോകാനും  ഇടയാക്കി.
ഇന്ന്  ഗൾഫിൽ  നിന്നും ഇസ്മെയിൽ കുറുമ്പടി (തണൽ) വിളിച്ചു ഇക്കാ  നമുക്ക്  ഒന്ന്  കൂടേണ്ടേ, ഗൾഫ്കാർക്ക്  ജൂലൈ  ആഗസ്റ്റിലാണ് വെക്കേഷൻ,  ഞങ്ങൾ  പലരും  നാട്ടിൽ  വരും അപ്പോഴേക്ക്  ഒരു മീറ്റ്  തരപ്പെടുത്തേണ്ടേ?"  ശരിയാണ്  ഒരു മീറ്റ്  എല്ലാവർക്കും  പങ്കെടുക്കേണ്ട  സൗകര്യത്തിൽ  വിളിച്ച്  കൂട്ടേണ്ടിയിരിക്കുന്നു,  ആരാണ്  അതിന് മുൻ കൈ  എടുക്കുക? അതോടൊപ്പം  ചാലക്കോടൻ  (പാവപ്പെട്ടവൻ) ചോദിക്കുന്നു  ഇക്കാ  നമുക്ക് തെന്മലയിൽ ഒന്ന് മീറ്റിയാലോ? കൊല്ലം  ജില്ലയുടെ കിഴക്കുള്ള  തെന്മല നയനമനോഹരമായ സ്ഥലമാണ്  അതും  പരിഗണിക്കേണ്ടതല്ലേ?  പഴയതും  പുതിയതുമായ  ബ്ലോഗറന്മാർ  അഭിപ്രായം   പറയുക.






6 comments:

  1. നല്ല ഐഡിയ.
    നമുക്ക് അല്പം കൂടെ നേരത്തെയാക്കിയാലോ?
    ജൂണില്‍?

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. കൊള്ളാം ഇക്കാം
    മീറ്റിലൂടെ സൌഹൃദം വളരട്ടെ
    ഷബ്ന യെപ്പറ്റി കുറേക്കൂടി വിവരങ്ങൾ എഴുതുക ഇനിയൊരു ബ്ലോഗിൽ
    ആ കുട്ടിയുടെ ഒരു ചിത്രവും കൂടി ചേർക്കാമായിരുന്നു
    ആശംസകൾ

    ReplyDelete
  4. സംഘടിപ്പിക്കൂ... ഞാനും ഉണ്ട്..

    ReplyDelete
  5. നല്ല ആശയം. എന്റെ നാട്ടിൽനിന്നും ഒരുമണിക്കൂറിനുള്ളിൽ സഞ്ചരിച്ച് അവിടെയെത്താം. ഇതുവരെ ഒരു ബ്ലോഗ് മീറ്റിനും പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തവണയാകട്ടെ...! :)

    ReplyDelete
  6. തിരുവനന്തപുരത്ത് ഫെബ്രുവരി ഇരുപത്തേഴു ശിവരാത്രി ദിനം മീറ്റ്‌ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നു..

    ReplyDelete