Tuesday, January 21, 2014

നാം ഗിനിപ്പന്നികളല്ല.

റൂബെല്ലാ കുത്തി വെപ്പ്  എട്ടാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠനം  നടത്തുന്ന  ആറ് ലക്ഷം  പെൺകുട്ടികൾക്ക്  ഫെബ്രുവരി മുതൽ നൽകി  തുടങ്ങുമെന്ന്  സംസ്ഥാന ആരോഗ്യ വകുപ്പ്  പത്രക്കുറിപ്പിലൂടെ  വെളിപ്പെടുത്തിയിരിക്കുന്നു.  കൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് ഈ വാക്സിൻ നൽകുന്നത്  അവർക്ക്  ജനിക്കുന്ന കുഞ്ഞ്ങ്ങൾക്ക്  ഉണ്ടായേക്കാവുന്ന ഗുരുതര രോഗപ്രശ്നങ്ങൾക്ക്  തടയിടുക  എന്ന ലക്ഷ്യത്തോടെയാണെന്ന്  ആരോഗ്യ വകുപ്പ്  പറയുന്നു. ഗർഭിണി  ആയിരിക്കവേ മാതാവിന് ഈ രോഗം ബാധിച്ചാൽ ജനിക്കുന്ന കുഞ്ഞിന്  ശാരീരിക വൈകല്യങ്ങൾ  ഉണ്ടായേക്കാം  എന്ന്  തെളിയിക്കപ്പെട്ടിട്ടുണ്ടത്രേ!. ബുദ്ധിമാന്ദ്യം ഹൃദ്രോഗം തുടങ്ങിയവയും  കുഞ്ഞിന്  ഉണ്ടായേക്കാമെന്നും  കണ്ട്പിടിച്ചിട്ടുണ്ടെന്നാണ്  പറയപ്പെടുന്നത്. ചെറിയ പനിയും ശരീര വേദനയുമായി  പ്രത്യക്ഷപ്പെടുന്ന  റൂബെല്ലാ കുറച്ച് കഴിഞ്ഞ് വന്നത് പോലെ  പോകുമെന്നതിനാൽ  ആരുമത്ര ശ്രദ്ധിക്കാറില്ലെന്നും പക്ഷേ  അത് മൂലം ഉണ്ടായേക്കാവുന്ന കുഴപ്പങ്ങൾ  നേരിടാനാണ് വാക്സിൻ  ഈ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് നൽകുന്നതെന്നും ആരോഗ്യ വകുപ്പ് ഡയറക്റ്റർ   പ്രസ്താവനയിൽ പറഞ്ഞു.
ഈ വാക്സിൻ നൽകി കേരളത്തിലെ ഗർഭിണീകളെയും അവർക്ക് ജനിക്കാൻ  പോകുന്ന കുഞ്ഞുങ്ങളെയും നടേ പറഞ്ഞ രോഗങ്ങളിൽ നിന്ന്  കാത്ത് രക്ഷിക്കേണ്ടത് ഭരിക്കുന്ന സർക്കാരിന്റെ ചുമതലയാണെണെന്നതിൽ  തർക്കമില്ല.  ജനങ്ങളുടേ  ആരോഗ്യത്തെ പറ്റി ഉത്ക്കണ്ഠാകുലരാകുകയും വരാൻ  പോകുന്ന മാരക രോഗങ്ങളെ തടയാൻ വാക്സിനുകളും ഗുളികകളും ജനങ്ങളിൽ പ്രയോഗിക്കേണ്ടതും പൊതുജനാരോഗ്യ വകുപ്പിന്റെ കടമകളിൽ പെട്ടത്  തന്നെയാണെന്നും അഭിപ്രായ വ്യത്യാസമില്ല. 
മന്ത് എന്താണെന്ന്  ആർക്കുമറിയാത്ത നാടുകളിലെ സ്കൂളിൽ  പോലും മന്ത് ഗുളികകൾ  നിർബന്ധമായി  ഇപ്പോൾ തീറ്റിക്കുന്നത്  ഈ ലക്ഷ്യത്തോടെ തന്നെയാണ്.
നവജാത ശിശുക്കൾക്ക്  പലപ്പോഴായി നൽകിയിരുന്ന വാക്സിനുകൾ  ഏകോപിച്ച് ഒറ്റ വാക്സിനായി നൽകുന്ന ഏർപ്പാടും  ഇപ്പോൾ പ്രാബല്യത്തിലുണ്ട്. കുഞ്ഞുങ്ങൾ  ആ വാക്സിനെ തുടർന്ന്  മരിച്ച് പോയത് ആ വാക്സിന്റെ കുഴപ്പം  കൊണ്ടല്ലെന്നും  മറ്റ് രോഗങ്ങൾ  കൊണ്ടാണെന്നും  ശാസ്ത്രീയമായ അന്വേഷണങ്ങൾക്ക്  ശേഷം ആരോഗ്യ വകുപ്പ് അടുത്തകാലത്ത് വെളിപ്പെടുത്തിയിരുന്നു. മറ്റ് രോഗങ്ങൾ  കൊണ്ടായിരിക്കാം  ആ കുഞ്ഞുങ്ങൾ മരിച്ചത് എന്നത് ശരിയായിരിക്കാം.  പക്ഷേ മരിച്ച കുഞ്ഞുങ്ങളെല്ലാം  വാക്സിൻ  എടുത്തവരായിരുന്നു  എന്നതും സത്യമായ വസ്തുതയാണ്. 
ഇപ്പോൾ റൂബെല്ലാ വാക്സിൻ  നമ്മുടെ പെൺകുട്ടികളുടെ ശരീരത്തിൽ  കടത്തി വിടുന്നു. ഈ വാക്സിൻ പ്രയോഗം ഏതെല്ലാം രീതിയിൽ മനുഷ്യ ശരീരത്തിൽ പ്രതികരിക്കുന്നു  എന്നും ഇത് മറ്റ് നാടുകളിൽ ഉപയോഗത്തിലുണ്ടോ എന്നും അവിടെ ആ വാക്സിന്റെ പാർശ്വഫലങ്ങൾ  ഏതെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നും ആരോഗ്യ വകുപ്പ് അന്വേഷിച്ചിട്ടുണ്ടെങ്കിൽ ആ വസ്തുതയും  ആദ്യമായി  ഒരു ഔഷധം ഉപയോഗത്തിൽ വരുന്ന ഈ വേളയിൽ    പത്രക്കുറിപ്പിൽ  വിശദീകരിക്കേണ്ടതായിരുന്നു.
ഭീമൻ ഔഷധകമ്പനികൾ ലാഭേച്ഛ  മാത്രം  കണക്കിലെടുത്ത് അതിന്റെ കരാള ഹസ്തങ്ങളാൽ വികസ്വര രാജ്യങ്ങളിൽ പിടി മുറുക്കി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നമുക്ക് തരുന്ന മരുന്ന് എന്താണെന്നും അതിന്റെ വിതരണം  ആരിൽ നിന്നാണെന്നും അതിന്റെ പാർശ്വ ഫലങ്ങൾ എന്തെല്ലാമെന്നും നമുക്ക് അറിയാൻ അവകാശമുണ്ട്. ഇല്ലായെങ്കിൽ നമ്മൾ ഔഷധ പരീക്ഷണത്തിനുള്ള വെറും ഗിനി പന്നികളായി  മാറ്റപ്പെടും എന്നതിൽ തർക്കമില്ല.

2 comments:

  1. പക്ഷെ നമ്മെ ഗിനിപ്പന്നികളാക്കുന്നു നമ്മുടെ സര്‍ക്കാരിന്റെ അനുഗ്രഹാശിസ്സുകളോടെ

    ReplyDelete
  2. റുബെല്ല കുത്തിവയ്പ് ഒരു പരീക്ഷണം ഒന്നും അല്ല.. അത് ശാസ്ത്രീയമായി പരീക്ഷിച്ചുവിജയിച്ച കാര്യം മാത്രമാണ്.. അതിനു പാര്‍ശ്വഫലങ്ങള്‍ ഇല്ല.. എന്നാല്‍ ആ ഇന്‍ജെക്ഷന്‍ എടുക്കാതിരുന്നത് കൊണ്ട് പ്രശ്നം ഉണ്ടാകണമെന്നില്ല.. പക്ഷെ ഗര്‍ഭിണി ആയിരിക്കുന്ന സമയത്ത് ഈ അസുഖം വന്നാല്‍ അത് പലതരം ജനിതക വൈകല്യങ്ങളോടെ ജനിക്കും.. അവിടെയാണ് ഇതിന്റെ പ്രസക്തി..

    ReplyDelete