ഒരു
ഹേബിയസ് കോർപസ് ഹർജിയുമായി ബന്ധപ്പെട്ട്
കഴിഞ്ഞ ആഴ്ച കേരളാ ഹൈക്കോടതിയിൽ
പോകേണ്ടി വന്നു. എന്റെ ഒരു പരിചയക്കാരന്റെ മകളെ കോടതി മുമ്പാകെ ഹാജരാക്കുവാൻ ഹർജിയിലെ എതിർകക്ഷികളായ പോലീസ്സ്
ഉദ്യോഗസ്ഥരോടും എതിർകക്ഷികളായ മാതാപിതാക്കളോടും കോടതി ആജ്ഞാപിച്ചതിൻ പ്രകാരം
പെൺകുട്ടിയെയും കൊണ്ട് അവർ ഹൈക്കോടതിയിൽ വന്നതാണ്.പെൺകുട്ടിയെ സ്പഷ്യൽ മാരിയേജ്
ആക്റ്റിൻ പ്രകാരം വിവാഹം ചെയ്തുവെന്ന് അവകാശപ്പെടുന്ന യുവാവ് നൽകിയ ഹർജിയിന്മേലാണ്
പെൺകുട്ടിയെ ഹാജരാക്കുവാൻ കോടതി ഉത്തരവ് ചെയ്തത്. പെൺകുട്ടിയുടെ പിതാവ്
സഹായത്തിനായി എന്നെയും കൂടെ കൂട്ടി.
. പെൺകുട്ടിയെ മൈമൂനാ എന്നും പിതാവിനെ അഹമദ് എന്നും പേര് ചൊല്ലി നമുക്ക് വിളിക്കാം (അല്ലെങ്കിലും പേരിൽ എന്തിരിക്കുന്നു, സമാനമായ സംഭവങ്ങളിലെ പേരുകൾ വ്യത്യസ്ഥമാണെങ്കിലും ഉള്ളടക്കം എല്ലാം ഒന്ന് തന്നെ.)
കേസിനാസ്പദമായ
സംഭവം ഇപ്രകാരമാണ്:
അംഗ സംഖ്യാ ബലത്തിൽ ഉന്നത ശ്രേണിയിൽ നിൽക്കുന്ന ഒരു
കുടുംബമാണ് അഹമദിന്റേത്. മൈമൂനാ മാത്രമാണ് അവളുടെ തലമുറയിൽ പെൺതരിയായി ഉള്ളത്. അതിനാൽ ഈ പെൺകുട്ടിയോട് അതിരറ്റ വാൽസല്യം അമ്മാവന്മാരും മറ്റ് ബന്ധുജനങ്ങളും
കാണിച്ച് വന്നു. 23 വയസ്സ്കാരിയായ മൈമൂന ബിരുദധാരിണിയുമാണ്.അവൾ ആവശ്യപ്പെടുന്നതെന്തും ആ നിമിഷത്തിൽ ബന്ധുക്കൾ സാധിച്ച്
കൊടുത്തിരുന്നു. ഏറ്റവും പുതിയ മോഡൽ മൊബൈൽ ഫോൺ അവൾക്ക് കിട്ടി. കമ്പോളത്തിൽ
ഇറങ്ങുന്ന പുതിയ മോഡൽ ചൂരിദാറും മറ്റും അമ്മാവന്മാരും ചിറ്റപ്പന്മാരും അവൾക്ക് എത്തിച്ച് കൊടുത്തു കൊണ്ടിരുന്നു.
18 വയസ്സ് പൂർത്തിയായാൽ ഉടൻ വിവാഹം കഴിച്ച്
അയക്കുന്ന പാരമ്പര്യം ഉള്ള ആ കുടുംബത്തിൽ
കോളേജിൽ പോകണമെന്നും പഠിക്കണമെന്നും അത് കഴിഞ്ഞ് മതി വിവാഹം എന്നും അവൾ ആവശ്യപ്പെട്ടപ്പോൾ ആരും തടസ്സം പറയാതിരുന്നതും
അവളുടെ ആഗ്രഹത്തിന് ആരും എതിരു നിൽക്കാൻ ഇഷ്ടപ്പെടാതിരുന്നതിനാലാണ്. അവൾക്ക് ഒരു
ഇളയ സഹോദരൻ കൂടി ഉണ്ട്. അവനും ബിരുദ വിദ്യാർത്ഥിയാണ്.സഹോദരി അവന് ജീവന്റെ ജീവനാണ്.
ഫൈനൽ പരീക്ഷയിൽ രണ്ട് വിഷയങ്ങൾ കൂടി മൈമൂനക്ക്
കിട്ടേണ്ടതുണ്ടായിരുന്നു. അത് രണ്ടും എഴുതാൻ മൈമൂനാ പോകുകയും തിരികെ വരുകയും
ചെയ്തു. അങ്ങിനെ കുടുംബാന്തരീക്ഷം സന്തോഷത്തിലാറാടി പോകവേ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കൂട്ടുകാരിയുടെ വിവാഹത്തിനെന്നും
പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ മൈമൂനയെ വീട്ടിൽ നിന്നും അകലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു
സബ് രജിസ്റ്റ്രി ആഫീസിൽ വെച്ച് കണ്ടെന്ന് അഹമദിന്റെ സ്നേഹിതൻ അയാളോട് ഫോണിൽ
വിളിച്ചറിയിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ മിന്നൽ വേഗത്തിൽ സ്ഥലത്തേക്ക്
കുതിക്കുകയും വഴിയിൽ ബസ്സിൽ വെച്ച് മൈമൂനായെ കണ്ടെത്തി വീട്ടിൽ കൂട്ടിക്കൊണ്ട്
വരികയും ചെയ്തു. വിവരങ്ങൾ അന്വേഷിച്ചതിൽ ഒരു കൂട്ടുകാരിയുടെ വിവാഹത്തിൽ സാക്ഷി
ആകാൻ പോയതായിരുന്നു എന്ന് അവൾ പറഞ്ഞു എങ്കിലും മൈമൂനായുടെ മൊഴി സത്യമെന്ന് ഉറപ്പ്
വരുത്തുന്നതിലേക്കായി പിതാവ് തന്റെ സ്വാധീനം ഉപയോഗിച്ച് രജിസ്റ്റർ ഓഫീസിൽ അന്വേഷിച്ചതിൽ മൊഴി കള്ളമാണെന്നും മൈമൂനാ ആയിരുന്നു വധു എന്നും വരൻ ഹിന്ദു നായർ സമുദായത്തിൽ പെട്ട ഒരു 23കാരൻ
ആണെന്നും അറിയാൻ കഴിഞ്ഞു.. വീണ്ടും ചോദ്യം
ചെയ്തതിൽ മൈമൂനാ കാര്യങ്ങൾ സമ്മതിക്കുകയും അവർ രണ്ട് വർഷമായി പരിചയത്തിലാണെന്നും മൊബൈൽ ഫോണിൽ ഒരു
മിസ് കാളിലൂടെയാണ് ബന്ധം ആരംഭിച്ചതെന്നും പലപ്പോഴും നേരിൽ കാണാറുണ്ടെന്നും അയാളെ
കൂടാതെ തനിക്ക് ജീവിക്കാൻ
സാധിക്കില്ലെന്നും പെൺകുട്ടി തുറന്ന് പറഞ്ഞു. മാത്രമല്ല ഒരു മാസത്തെ
നോട്ടീസ് മുൻ കൂർ നൽകി സ്പഷ്യൽ മാര്യേജ് ആക്റ്റിൻ പ്രകാരമാണ് വിവാഹം നടന്നതെന്നും
ആ നോട്ടീസ് വലിയ പബ്ലിസിറ്റി കൊടുക്കാതെ നോട്ടീസ് ബോർഡിന്റെ ഒരു മൂലയിൽ
തന്ത്രത്തിൽ ഒതുക്കിയെന്നും പരീക്ഷ എഴുതാനെന്ന പേരിൽ വീട്ടിൽ നിന്നും പോയ
ദിവസങ്ങളിലായിരുന്നു നോട്ടീസ് നടപടികൾ നടത്തിയതെന്നും അതിനാൽ പരീക്ഷകൾ
എഴുതിയില്ലെന്നും അവൾ കൂട്ടിച്ചേർത്തു.കമിതാവിനോ അവൾക്കോ ഒരു ജോലി ലഭിക്കുന്നത് വരെ ഈ കാര്യം രഹസ്യമായി സൂക്ഷിക്കാനും അവർ തീരുമാനിച്ചിരുന്നു.
ഇത്രയൊക്കെ
അറിഞ്ഞിട്ടും മൈമൂനായെ ആരും ശകാരിച്ചില്ല, ശിക്ഷിച്ചില്ല പകരം
എല്ലാവരും അവളെ കരയുന്ന മുഖത്തോടെ ഉപദേശിച്ച് കൊണ്ടേ ഇരുന്നു. കുടുംബത്തിന്റെ
നിലയും വിലയും നഷ്ടപ്പെടുത്തരുതെന്നും അവളുടെ ഭാവി നഷ്ടപ്പെടുത്തരുതെന്നും അവളുടെ സഹോദരന്
വരുന്ന വിവാഹ ആലോചനകൾക്ക് വരെ അവളുടെ ഈ
ബന്ധം ന്യൂനത സൃഷ്ടിക്കുമെന്നും അടുത്ത തലമുറക്ക് അവളുടെ ഈ പ്രവർത്തി പ്രചോദനം
ആകുമെന്നും കുടുംബത്തിന്റെ കെട്ടുറപ്പ് അതിനാൽ തകരുമെന്നും എല്ലാവരും
അവളെ ഗുണദോഷിച്ച് കൊണ്ടിരുന്നു.ഒരു സാധാരണ യാഥാസ്തിക കുടുംബത്തിലെ അംഗങ്ങളിൽ
നിന്നും ഉണ്ടാകാവുന്ന ഈ തരത്തിലുള്ള ഉപദേശങ്ങൾക്ക് നേരെ മൈമൂന മൗനം
അവലംബിച്ചു. അവളുടെ മനസ്സിലിരിപ്പ്
എന്തെന്ന് ആർക്കും പിടികിട്ടിയില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോൾ തെറ്റ് ചെയ്തതിൽ
അവൾക്ക് കുറ്റ ബോധം ഉണ്ടെന്നും എല്ലാം
ശാന്തമാകും എന്നും തങ്ങളുടെ സ്നേഹത്തെ അവഗണിക്കാൻ അവൾക്ക്
കഴിയില്ലാ എന്നുമുള്ള പ്രതീക്ഷ മാതാപിതാക്കളിലും സഹോദരനിലും ഉണ്ടായ ആ സമയത്താണ്
അശനിപാതമെന്ന പോലെ രണ്ട് പോലീസ്കാർ വീട്ടിലെത്തിയത്. മൈമൂനായെ രജിസ്റ്റർ
വിവാഹത്തിലൂടെ ബന്ധപ്പെട്ട യുവാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ
ചെയ്യുകയും ഹർജിയിൽ മൈമൂനായെ രക്ഷകർത്താക്കൾ അന്യായ തടങ്കൽ ചെയ്ത്
കഷ്ടപ്പെടുത്തുകയാണെന്നും ആഹാരം പോലും നൽകാതെ പീഡിപ്പിക്കുകയാണെന്നും മറ്റും
വ്യക്തമാക്കി അവളെ കോടതിയിൽ ഹാജരാക്കുവാൻ എതിർകക്ഷികൾക്ക് നിർദ്ദേശം നൽകാൻ
കോടതിയോട് അപേക്ഷിച്ചിരുന്നു എന്നാണ് ഹർജി പകർപ്പിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത്. ആ ഉത്തരവും കൊണ്ടാണ് പോലീസുകാരും തുടർന്ന്
സമൻസും മറ്റുമായി സ്പഷ്യൽ മെസ്സഞ്ചറും മൈമൂനായുടെ രക്ഷാർത്താക്കളെ തേടിയെത്തിയത്.
ഇത്രയും ദിവസങ്ങളിലെ കുടുംബാംഗങ്ങളുടെ
ഉപദേശങ്ങളും സഹോദരന്റെയും മാതാപിതാക്കളുടെയും കരച്ചിലും കാരണം മൈമൂനാ മനം
മാറ്റിക്കാണുമെന്നും അവൾ കോടതിയിൽ ഹാജരായി തങ്ങളോടൊപ്പം വരുന്നതാണ്
അവൾക്കിഷ്ടമെന്ന് പറയുമെന്നും എല്ലാവരും വിശ്വസിച്ചു.അങ്ങിനെയാണ് മൈമൂനായും
ഞങ്ങളും ഹൈക്കോടതിയിലെത്തി ചേർന്നത്.
അവിടെ വെച്ച് മൈമൂനായുമായി ബന്ധപ്പെട്ട
യുവാവിനെ ഞാൻ കണ്ടു. നല്ല വണ്ണം മീശ പോലും മുളക്കാത്ത ഒരു പയ്യൻ. അവന്റെ
ഇരുപതുകളിലെ എല്ലാ ചാപല്യങ്ങളും അവന്റെ ഭാവങ്ങളിൽ ഞാൻ ദർശിച്ചു. സ്ത്രീ അവളുടെ 21
കഴിഞ്ഞ പ്രായത്തിൽ കൈവരിക്കുന്ന ഗൗരവം പുരുഷൻ അതേ പ്രായത്തിൽ സ്വായത്തമാക്കുന്നത്
അപൂർവമാണ്. ഈ കേസിലെ പയ്യൻ ആകെ ചെയ്യുന്ന ജോലി
മൊബൈലിൽ സംസാരവും മിസ്കാൾ അയക്കലും മാത്രമാണെന്നും ഹർജിയിൽ
കാണിച്ചിരിക്കുന്ന ജോലിയൊന്നും അവന് ഇല്ലെന്നും അവന്റെ അഛൻ ഗൾഫിൽ നിന്നും
അയക്കുന്ന തുക കൊണ്ട് മാത്രമാണ് ആ വീട് കഴിയുന്നതെന്നും അവ്ന്റെ അമ്മയും കുടുബാംഗങ്ങളും
ഈ വിവാഹത്തിന് അനുകൂലമാണെന്നും ഒരു സംഘടനയിൽ പെട്ട അവന്റെ കൂട്ടുകാർ ഈ പ്രണയ വിവാഹത്തിന് എല്ലാ
തരത്തിലും പിന്തുണ നൽകുന്നത് കൊണ്ടാണ് അവൻ ധൈര്യമായി ഈ കാര്യത്തിൽ കേസ് ഫയൽ ചെയ്യാൻ
മുന്നിട്ടിറങ്ങിയതെന്നുമുള്ള വിവരങ്ങൾ അവന്റെ സ്ഥലത്ത് അന്വേഷിച്ചതിൽ മൈമൂനായുടെ ബന്ധുക്കൾ
അറിഞ്ഞിരുന്നു. ഒരു കുടുംബ ജീവിതം നടത്തി കൊണ്ട് പോകാൻ ആവശ്യമായ പക്വത അവനില്ലാ എന്ന് ഒറ്റ നോട്ടത്തിൽ വ്യക്തമാകുന്ന
വിധത്തിലായിരുന്നു കോടതിയിൽ അവന്റെ
ചലനങ്ങൾ. ചിലനേരം അവൻ മൈമൂനായെ നോക്കി വിങ്ങിപ്പൊട്ടുന്നതായി കാണിച്ചു;
മറ്റ് ചിലപ്പോൾ കൂട്ടുകാരെ നോക്കി കണ്ണിറുക്കി.
കോടതിയിൽ
പുറക് വശത്ത് ഇരിപ്പുറപ്പിച്ച മൈമൂനായുടെ രക്ഷ കർത്താക്കളും സഹോദരനും കരയുന്ന
സ്വരത്തിൽ മൈമൂനായോട് അപേക്ഷിക്കുന്നതും എല്ലാറ്റിനും അവൾ തല കുലുക്കി സമ്മതം
മൂളുന്നതും അടുത്തിരുന്ന എനിക്ക് കാണാൻ
കഴിഞ്ഞിരുന്നു. കൂട്ടത്തിൽ അവൾ കമിതാവിനെ തിരിഞ്ഞ് നോക്കുന്നുമുണ്ടായിരുന്നു. അവൾ
നോക്കുമ്പോഴൊക്കെ അവൻ മുഖത്ത് വിമ്മൽ വരുത്തുന്നതും എനിക്ക് കാണാൻ കഴിഞ്ഞു.
കോടതി
കൂടി ആദ്യമായി വിളിച്ച കേസ് മൈമൂനായുടേതിന് സമാനമായിരുന്നു. ആ കേസിലെ പെൺകുട്ടി താഴേക്ക്
ഊർന്ന് വീണിരുന്ന തട്ടം തലയിലേക്ക് വീണ്ടും വീണ്ടും പിടിച്ച് ഇട്ട് കൊണ്ട് തന്റെ
കമിതാവിനൊപ്പം പോകാനാണ് താൻ ഇഷ്ടപെടുന്നതെന്ന് കോടതിയുടെ ചോദ്യങ്ങൾക്കുത്തരമായി
മൊഴി നൽകിയപ്പോൾ നെറ്റിയിൽ പൊട്ട് തൊട്ട പയ്യന്റെ മുഖത്ത് പൂനിലാവ് പരക്കുന്നത്
ഞാൻ കണ്ടു. ആ പെൺകുട്ടിയുടെ ധൈര്യം ആവാഹിച്ചെടുത്തത് പോലെ കേസ് വിളിച്ചപ്പോൾ
മൈമൂനാ തല നിവർന്ന് ജഡ്ജിന് സമീപത്തേക്ക് നടക്കുന്നത് മൈമൂനായുടെ രക്ഷകർത്താക്കൾ
നെഞ്ചിടിപ്പോടെ നോക്കി കൊണ്ടിരുന്നു.
മൈമൂനായുടെ മാതാവിന്റെ ചുണ്ടുകൾ ഏതോ പ്രാർത്ഥന ചൊല്ലുന്നത് പോലെ അനങ്ങിയിരുന്നത് എനിക്ക് കാണാൻ കഴിഞ്ഞു. പിതാവ് നെഞ്ച് തടകിയപ്പോൾ സഹോദരന്റെ കണ്ണുകൾ ഉൽക്കണ്ഠ
കൊണ്ടെന്നവണ്ണം വികസിച്ച് വന്നു. ബഹുമാനപ്പെട്ട ജഡ്ജിന്റെ ചോദ്യത്തിനുത്തരമായി
തന്നെ ആരും അന്യായ തടങ്കലിൽ വെച്ചിട്ടില്ലെന്നും ആഹാരം തരാതിരുന്നിട്ടില്ലെന്നും
പീഡിപ്പിച്ചിട്ടില്ലെന്നും മൈമൂനാ മൊഴി നൽകിയതോടെ അവളുടെ രക്ഷകർത്താക്കളുടെ
ഭാഗത്ത് നിന്നും ആശ്വാസത്തിന്റെ
നെടുവീർപ്പുയർന്നു. പക്ഷേ ഹർജിക്കാരൻ തന്നെ വിവാഹം കഴിച്ചത് തന്റെ
സമ്മതത്തോടെയാണെന്നും അയാളുടെ കൂടെ പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നുമുള്ള അവളുടെ
മൊഴി നെടുവീർപ്പിനെ ദു:ഖത്തിന്റെ കൊടുംകാറ്റാക്കി മാറ്റി. പെൺകുട്ടിയെ ഇഷ്ടപ്രകാരം
പോകാൻ അനുവദിച്ച് കോടതി ഉത്തരവ് ചെയ്തതിന് ശേഷം അടുത്ത കേസ് വിളിച്ചപ്പോൾ മൈമൂനായുടെ
രക്ഷകർത്താക്കൾ വിറച്ച് വിറച്ച് കോടതി ഹാളിൽ നിന്നും പുറത്തേക്ക് വന്നു. വെളിയിലെത്തിയ മൈമൂനായുടെ
പിതാവ് ഭിത്തിയിൽ ചാരി നിലത്തേക്കിരുന്ന് തലയിൽ കൈ വെച്ച് വിമ്മിപ്പൊട്ടി. മാതാവ്
വിദൂരതയിലേക്ക് നോക്കി കണ്ണ് മിഴിച്ച് നിന്നു. അവർക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടത്
പോലെ തോന്നി. ഈ സമയം വാദി ഭാഗം അഭിഭാഷകൻ “പെൺകുട്ടിയെ വിളിച്ച് കൊണ്ട്
പോടോ” എന്ന് കേസ് കൊടുത്ത യുവാവിനോട് പറയുന്നത് കേട്ട്
പെൺകുട്ടി പതുക്കെ പുറത്തേക്ക് വന്നു. അപ്പോൾ ഞങ്ങൾക്ക് തടയാൻ കഴിയുന്നതിന് മുമ്പ്
മൈമൂനായുടെ സഹോദരൻ അവളുടെ സമീപത്തേക്ക് ഓടി ചെന്ന് തറയിൽ പാടെ വീണ് അവളുടെ കാലിൽ
കെട്ടിപ്പിടിച്ച് “ഇത്താത്താ പോകല്ലേ ഇത്താത്താ ഞങ്ങളെ വിട്ട് പോകല്ലേ
ഇത്താത്താ….. ഞാൻ കാല് പിടിക്കാം...” എന്ന് ആർത്ത് വിളിച്ച് കരഞ്ഞു. ഭിത്തിയിൽ ചാരി ഇരുന്ന പിതാവും തന്റെ
കരച്ചിലിന് ആക്കം കൂട്ടി. മാതാവ് അപ്പോഴും ബോധം നഷ്ടപ്പെട്ടത് പോലെ നിന്നിരുന്നു. ബഹളം
കേട്ട് കോടതി ഹാളിൽ നിന്നും പോലീസ്സ്കാരും അഭിഭാഷകരും പാഞ്ഞെത്തി. പക്ഷേ ആ രംഗം
കണ്ട ആർക്കും ഒന്നും പറയാനോ തടസ്സപ്പെടുത്താനോ കഴിഞ്ഞില്ല. പെൺകുട്ടിയും പകച്ച്
നിന്നു. എല്ലാവരും സ്തബ്ദരായി നിൽക്കവേ ഞങ്ങൾ മൈമൂനായുടെ സഹോദരനെ ബലമായി പിടിച്ച് മാറ്റി.
“നിങ്ങൾ പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോകണം” എന്ന് വാദി ഭാഗം വക്കീൽ വീണ്ടും
ആവർത്തിച്ചപ്പോൾ പെൺകുട്ടിയെ അവളുടെ കമിതാവ് കൂട്ടിക്കൊണ്ട് പോയി. യാതൊരു കൂസലുമില്ലാതെ കമിതാവ് മുമ്പെയും അവൾ പിമ്പെയും അമ്മയും കൂട്ടുകാരും പുറകെയുമായി ആ സംഘം
നീങ്ങി പോകുന്നത് മൈമൂനായുടെ രക്ഷകർത്താക്കളും ബന്ധുക്കളും വിമ്മലോടെ നോക്കി
നിന്നു.
“23 വയസ്സ് വരെ വളർത്തിയ പൊന്ന് മോളാണ് ആ പോകുന്നത്,നിന്നെ കോളേജിൽ അയച്ചതിനാണോ മോളേ നീ ഇങ്ങിനെ എന്നോട് ചെയ്തത്... നിന്റെ ഭാവി
നശിക്കരുതെന്ന് മാത്രമല്ലേ ഞാൻ കരുതിയുള്ളൂ” എന്ന് മൈമൂനായുടെ പിതാവ്
കരച്ചിലിനിടയിൽ പറഞ്ഞു. മൈമൂനായുമായി ജീവിതം കഴിച്ച് കൂട്ടുവാൻ പോകുന്നവന്റെ ജീവിത
പശ്ചാത്തലവും അയാളുടെ രീതികളും ചെയ്തികളും ആ പിതാവ് ശരിക്കും അന്വേഷിച്ച്
അറിഞ്ഞിരുന്നല്ലോ.
“ഇത്താത്താ….ഇത്താത്താ… ആ സഹോദരൻ മൈമൂനാ
പോയ ഭാഗത്തേക്ക് കൈ നീട്ടി ഇത് മാത്രം പറഞ്ഞ് കൊണ്ടിരുന്നു. അവന് ഓർമ്മ ഉണ്ടായ കാലം
മുതൽ അവന്റെ എല്ലാ ആഗ്രഹവും സാധിച്ച് കൊടുത്തിരുന്ന അവന് പ്രിയപ്പെട്ടവളായിരുന്ന സഹോദരിയാണ്
അവന്റെ കരച്ചിലിനെ അവഗണിച്ച് അവനെ വിട്ട്
പിരിഞ്ഞ് പോകുന്നത് അവന് അത് സഹിക്കാൻ കഴിഞ്ഞില്ല.
ഏങ്ങലടിച്ച്
കൊണ്ടിരുന്ന ആ മാതാപിതാക്കളെയും സഹോദരനെയും കൂട്ടി പുറത്തേക്ക് നടക്കുമ്പോൾ കുടുംബ
ബന്ധങ്ങളായിരുന്നു തലയിൽ നിറഞ്ഞ് നിന്നത്. എത്രയെത്ര പ്രതീക്ഷകളോടെയാണ്
കുട്ടികളെ രക്ഷകർത്താക്കൾ വളർത്തി കൊണ്ട് വരുന്നത്. സ്വേച്ഛാധിപതികളായ രക്ഷിതാക്കളെ നമുക്ക് ഒഴിവാക്കി കുട്ടികളുടെ താൽപ്പര്യങ്ങൾക്ക് മുൻതൂക്കം
കൊടുക്കുന്ന മാതാപിതാക്കളുടെ കാര്യം നമുക്ക് ചിന്തിക്കാം. കുഞ്ഞുങ്ങളുടെ കൈ വളരുന്നോ കാൽ വളരുന്നോ എന്ന് അനുനിമിഷം നിരീക്ഷിച്ച് കൊണ്ടാണ് അവർ കാലം കഴിച്ച് കൂട്ടുന്നത്. താൻ പൊന്ന് പോലെ വളർത്തി കൊണ്ട് വരുന്ന
കുട്ടിക്ക് നല്ലത് വരണമെന്ന് മാത്രമേ അവർ
ചിന്തിക്കൂ. താനും കുടുംബത്തിലെ മറ്റംഗങ്ങളും വിശ്വസിച്ച് വരുന്ന മതത്തിൽ പെട്ട ഒരാളായിരിക്കണം തന്റെ കുട്ടിയുടെ ഇണയായി വരേണ്ടതെന്ന് ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നത് സ്വാഭാവികം മാത്രം. ഇന്നലെ കണ്ട ഒരാൾക്ക് വേണ്ടി തന്റെ കുട്ടി ഇത് വരെ ചെയ്ത് വന്നിരുന്ന ആചാരങ്ങൾ ഉപേക്ഷിച്ച് പുതിയ മതം സ്വീകരിച്ച് കാണുമ്പോൾ യജമാനന്റെ കുപ്പായത്തിനുള്ളിൽ കുറുക്കനെ കണ്ട കാവൽ നായയുടെ വിറ രക്ഷിതാക്കളിൽ ഉണ്ടായി പോകുന്നതിൽ അവരെ കുറ്റം പറയാൻ കഴിയില്ലല്ലോ. ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യാനി ആയാലും വിവാഹം കഴിക്കാൻ വേണ്ടി തന്റെ മതം ഉപേക്ഷിക്കുന്നത് നിരുൽസാഹപ്പെടുത്തേണ്ടത് തന്നെയാണ്.
പ്രണയ ലഹരിയാൽ വിവേകം നഷ്ടപ്പെടുമ്പോൾ തന്റെ കമിതാവിന്റെ നല്ല വശത്തെ
മാത്രമേ ഇണക്ക് കാണാൻ കഴിയൂ. ദോഷ വശങ്ങളെ
പറ്റി ആരു പറഞ്ഞാലും അത് കേൾക്കാൻ
സാധിക്കാത്ത വിധം അവരുടെ കർണങ്ങൾക്ക് ബധിരത ബാധിച്ചിരിക്കുമല്ലോ. കഥയും കവിതകളും ചരിത്രങ്ങളും സിനിമയും സീരിയലുകളും പ്രണയത്തെയും ദിവ്യാനുരാഗത്തെയും പറ്റി വാചാലമാകുന്നത് കമിതാക്കൾക്ക് പ്രചോദനമായി ഭവിക്കുന്നു. സ്നേഹിച്ച പ്രണയിനിക്ക് വേണ്ടി സിംഹാസനം ത്യജിച്ചതും രാജകുമാരന്മാർ പിതാക്കന്മാർക്കെതിരെ യുദ്ധം നയിച്ചതുമായ ചരിത്രങ്ങൾ അവരെ ഏത് സാഹസത്തിനും പ്രേരിപ്പിക്കുന്നു. പ്രണയ മാർഗത്തിൽ ഉറ്റവരെ നിഷ്ക്കരുണം ഉപേക്ഷിച്ച് പുതിയ ഇണയുമായി സന്തതികൾ മുന്നേറുമ്പോൾ അവരുടെ ഉറ്റവരുടെ ദു:ഖങ്ങളെ കുറിച്ച് ഇവിടെ ആരും കഥ എഴുതാറില്ല സിനിമാ എടുക്കാറില്ല ചരിത്രം രചിക്കാറുമില്ല. പ്രസവിച്ചിട്ടത് മുതൽ ഓരോ നിമിഷവും തന്റെ കുട്ടിയെ കുറിച്ചു കണ്ട് കൊണ്ടിരുന്ന അവരുടെ സ്വപ്നങ്ങൾ ഒരു നിമിഷത്തിൽ കരിഞ്ഞ് വീഴുന്നത് കണ്ട് ഇടി വെട്ടേറ്റത് പോലെ നിൽക്കുന്ന അവരെ കഥകളിലും സിനിമകളിലും വില്ലൻ വേഷത്തിലാണല്ലോ അവതരിപ്പിക്കുന്നത്.
അനുരാഗം പാപമാണെന്നും പ്രേമിക്കുന്നത് തെറ്റാണെന്നും അഭിപ്രായമില്ലെങ്കിൽ പോലും ഇന്നലെ കണ്ട കമിതാവിനോടുള്ള പ്രേമമാണോ ജനിച്ച മുതൽ കണ്ട് കൊണ്ടിരിക്കുന്ന കൂടപ്പിറപ്പുകളുടെ സ്നേഹമാണോ പരിഗണിക്കേണ്ടത് എന്ന് അനുരാഗം വിവാഹത്തിലെത്തി നിൽക്കുന്ന സന്ദർഭത്തിൽ കമിതാക്കൾ ചിന്തിക്കുന്നത് സമൂഹത്തിന്റെ കെട്ടുറപ്പിന് ആവശ്യം തന്നെയാണ്.
അനുരാഗത്തിൽ നിന്നും ഉടലെടുത്ത സ്വന്തം താല്പര്യത്തേക്കാളും അനുഭവം കൊണ്ട് ലോകപരിചയം
സ്വായത്തമാക്കിയ മാതാപിതാക്കളുടെ അഭിപ്രായങ്ങൾ അവഗണിച്ച് ഉപരിപ്ലവമായ പ്രണയത്തിൽ അകപ്പെട്ട് പുതിയ ബന്ധത്തിൽ ഏർപ്പെടുന്ന ഭൂരിഭാഗത്തിന്റെയും അനുരാഗ കഥയുടെ രണ്ടാംഭാഗം ചുരുൾവിടരുന്നത്കുടുംബകോടതികളിലെവരാന്തകളിലായിരിക്കുമെന്നതാണ് കണ്ട് വരുന്ന മറ്റൊരു പരമാർത്ഥം. കൂട്ടത്തിൽ അവരോടൊപ്പം ഒന്നോ രണ്ടോ കുട്ടികളുമുണ്ടായിരിക്കും. രക്ഷകർത്താക്കൾ
കണ്ടെത്തിയ ഭർത്താവിൽ നിന്നും അപ്രകാരം അനുഭവങ്ങൾ ഉണ്ടാകില്ലേ എന്ന ചോദ്യത്തിന്
തമ്മിൽ ഭേദം തൊമ്മൻ എന്നാണ് അനുഭവങ്ങൾ പഠിപ്പിക്കുന്നതെന്ന മറുപടിയാണ് ശരിയായി വരുന്നത്.
മൈമൂനായുടെ
ഭാവി എന്തായി തീരുമെന്ന് അവളുടെ ബന്ധുക്കൾ പ്രവചിച്ചത് ഫലിക്കാതെ പോകട്ടെ എന്നാണ്
ഇപ്പോൾ മനസ്സിൽ പ്രാർത്ഥന. എല്ലാവർക്കും നല്ലത് വരാൻ പ്രാർത്ഥിക്കണമെന്നാണല്ലോ
നമ്മുടെ സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്.