Thursday, April 5, 2012

കറന്റ് കട്ട് ഒഴിവാക്കാന്‍ ...........

രൂക്ഷമായ വൈദ്യുതിക്ഷാമം മൂലം കേരളത്തില്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നു. കുറ്റംപറയരുതല്ലോ അയല്‍ സംസ്ഥാനങ്ങളില്‍ പല മണിക്കൂറുകള്‍ ജനം ബുദ്ധിമുട്ട് സഹിക്കുമ്പോള്‍നാം മലയാളികള്‍ കേവലം അര മണിക്കൂര്‍ സഹിച്ചാല്‍ മതിയെന്നാണു സര്‍ക്കാര്‍ഭാഷ്യം. ലോഡ്ഷെഡ്ഡിംഗ് അല്ലാതെയുള്ള കറന്റ് പോക്ക് പ്രാദേശികമായി സംഭവിക്കുന്നത് മാത്രം. അത് ലോഡ്ഷെഡ്ഡിംഗ് ഇനത്തില്‍ വക വെക്കാവുന്നതല്ലത്രേ!

എന്താണു ഇപ്രകാരമുള്ള വൈദ്യുതിക്ഷാമവും തുടര്‍ന്നുള്ള കട്ടിനും കാരണമായത്. ദെവത്തിന്റെ സ്വന്തംനാട്ടില്‍ കഴിഞ്ഞ വര്‍ഷം സാമാന്യം ഭേദപ്പെട്ട മഴ പെയ്തിരുന്നു. വരികള്‍ കുറിക്കുന്ന മീനമാസത്തില്‍ പോലും മിതമായ നിരക്കില്‍ വേനല്‍ മഴ ലഭ്യമാകുന്നുണ്ട് എന്ന് കണക്കുകള്‍സൂചിപ്പിക്കുന്നു. അതായത് കേരളത്തിലെ കാലാവസ്ഥ, സാരമായ മാറ്റങ്ങള്‍ കൂടാതെ ഇപ്പോഴും
നില നില്‍ക്കുന്നു എന്ന്. ഇടവത്തില്‍ ഇടവഴിയിലും വെള്ളം എന്ന ചൊല്ലിനു ഇടവഴികള്‍ ഇപ്പോള്‍ ഇല്ലാഎന്നല്ലാതെ മഴ സമയാസമയം എത്തിച്ചേരുന്നുമുണ്ട്, അണക്കെട്ടുകള്‍ നിറയുന്നുമുണ്ട് ലഭിക്കുന്നതില്‍ പകുതി ജലം പതിവ് പോലെ അറബിക്കടലില്‍ പോയി പഴായി വീഴുന്നുമുണ്ട്.

ഉപഭോഗം അധികമാണു എന്നത് നേരാണു, പക്ഷേ അതിനോടൊപ്പം ഉല്‍പ്പാദനത്തിനുംകുറവൊന്നുമില്ലെന്നതും സത്യമായ വസ്തുതയാണല്ലോ. പണ്ട് ഒരു പള്ളിവാസല്‍ പദ്ധതിയുമായികഴിഞ്ഞ നമുക്ക് ഭാരതത്തിലെ വന്‍‌കിട പദ്ധതികളില്‍ ഒരെണ്ണത്തിന്റെ ഉടമസ്ഥാവകാശവും ഉണ്ടല്ലോ.

അപ്പോള്‍ മഴയുണ്ട്, പദ്ധതികളുണ്ട്, കറന്റ് ഉല്‍പ്പാദനവുമുണ്ട്, പക്ഷേ ആവശ്യത്തിനു കറന്റ്തികയുന്നില്ല.

കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിക്കുകയോ മറ്റ് മാര്‍ഗത്തില്‍ അതായത് താപ നിലയം, അണു നിലയംതുടങ്ങിയവ സ്ഥാപിച്ച് വൈദ്യുതി ലഭ്യമാക്കുകയോ , ഇതൊന്നുമല്ലെങ്കില്‍ വൈദ്യുതി വിലക്ക് വാങ്ങുകയോ ചെയ്ത് കുറവ് പരിഹരിക്കണം എന്നിടത്താണു ഭരണകൂടവും പ്രജകളും.

പക്ഷേ ഇവിടെ പ്രസക്തമായ വിഷയം മറ്റൊന്നാണ്.

മുകളില്‍ പറഞ്ഞ കാര്യങ്ങളൊന്നും ചെയ്യാതെ കറന്റ് കട്ട് ഒഴിവാക്കാന്‍ ഏതെങ്കിലും വഴികളുണ്ടോ?

. അരമണിക്കൂര്‍ ലോഡ് ഷെഡ്ഡിംഗ് കൊണ്ട് ലാഭിക്കാവുന്ന വൈദ്യുതി അല്‍പ്പം സൂക്ഷമത പാലിച്ചാ‍ല്‍ഇവിടെ തന്നെ ലഭ്യമാവുമെങ്കില്‍ എന്തിനു ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തണം.

പൊതുജനങ്ങള്‍ കറന്റ് ഉപയോഗിക്കുന്നതില്‍ നിയന്ത്രണം പാലിക്കുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കേണ്ട.
ഉപഭോക്താക്കളായ നാം മലയാളികള്‍ ഒരിക്കലും നന്നാകാന്‍ പോകുന്നില്ല, കര്‍ശനമായ നടപടികളില്‍കൂടി അല്ലാതെ.
അസാമാന്യമായ സ്വാര്‍ത്ഥതയും, നമുക്കെന്ത് വേണം പുകിലിനു പോകാന്‍ എന്ന ചിന്തയും ആമ തോടിനുള്ളിലേക്ക് തലവലിക്കുന്നത് പോലുള്ള ഒഴിഞ്ഞു മാറ്റവും സ്വന്തം വീട്ടില്‍ കാണിക്കുന്ന അലസതയും നമുക്കല്ലാതെ മറ്റാര്‍ക്കുണ്ട്?! നമ്മുടെ വീട്ടിലെ മാലിന്യം അടുത്ത വീട്ടുകാരന്റെ മുന്‍ വശത്തെ വഴിയില്‍ നിക്ഷേപിക്കാനുള്ള പ്രവണത നമുക്ക് മാത്രം സ്വന്തം. അത് കൊണ്ട് തന്നെ ഏത് കറന്റ് കട്ട് ആയാലെന്താണു വൈദ്യുതി ഉപഭോഗത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നുള്ള ഉപദേശം നാം തലകുലുക്കി സമ്മതിക്കുകയും ഒരു നിയന്ത്രണത്തിനും മുതിരാതെ കാര്യങ്ങള്‍ പഴയപടി മുന്നോട്ട് കൊണ്ട് പോകുകയും ചെയ്യും.

പക്ഷേ ബന്ധപ്പെട്ട അധികാരികളും അവരെ നിയന്ത്രിക്കുന്ന രാഷ്ടീയ ഭരണ നേതൃത്വങ്ങളും, അവര്‍ ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥത കാണിച്ചാല്‍ , കാറില്‍ നടക്കുന്ന മന്ത്രി കാല്‍നട മാര്‍ഗം സ്വീകരിച്ച് ആവശ്യമുള്ള ഇടങ്ങളില്‍ സൂക്ഷ്മ പരിശോധന നടത്തുകയും ചെയ്താല്‍ അര മണിക്കൂറല്ല ഒരു മണിക്കൂര്‍ കറന്റ്കട്ട് കൊണ്ട് ലാഭിക്കാവുന്ന വൈദ്യുതി ഇവിടെ തന്നെ പാഴായി പോകുന്നത് കണ്ട് അതിനു തടയിടാന്‍സാധിക്കും, വൈദ്യുതി ലാഭിക്കാന്‍ കഴിയും, കറന്റ് കട്ട് ഒഴിവാക്കുകയും ചെയ്യാം.

നമ്മുടെ വീടിലെ ടാപ്പുകള്‍ തുറന്നിട്ട് ആര്‍ക്കും പ്രയോജനപ്പെടാതെ വെള്ളം വെറുതെ ഒഴുകി പോകുന്നത് പോലെ വൈദ്യുതി പാഴായി പോകുന്ന ഒന്നു രണ്ട് ഉദാഹരണങ്ങള്‍ നിരീക്ഷിക്കുക.

കേരളത്തില്‍ പണ്ടു ഉണ്ടായിരുന്ന എല്ലാ നട വഴികളും റോഡ്‌ ആയി.പഞ്ചായത്ത് വാര്‍ഡ്‌ പ്രതിനിധികള്‍ അവരവരുടെ വാര്‍ഡുകളിലെ റോഡുകളില്‍ തെരുവ് വിളക്കുകളുംസ്ഥാപിച്ചു. ഈ ഇടവഴികളില്‍ ഇരുട്ട് പരക്കുന്നതിനു മുമ്പ് ലൈറ്റ് കത്തിക്കാനും നേരം വെളുക്കുമ്പോള്‍ അത് അണക്കാനും കൃത്യ സമയത്ത് എത്താന്‍ മെനക്കെടാന്‍ കഴിയാത്ത വൈദ്യുതി ജീവനക്കാര്‍ വിളക്കുകളുടെ സ്വിച്ച് /ഫ്യൂസ് അതാതു ഭാഗത്തെ ഏതെങ്കിലും വീടുകളില്‍ ഏല്പിച്ചു സ്വന്തം തടി രക്ഷപെടുത്തി. പിന്നീട് ആ വീടിലെ ആള്‍ക്കാരുടെ സൗകര്യം അനുസരിച്ചാണ് ഇടവഴികളിലെ ലൈറ്റുകള്‍ കത്തുകയും അണയുകയും ചെയ്യുന്നത്.ഇതു എപ്പോള്‍ കത്തുന്നു എപ്പോള്‍ അണയുന്നു എന്നൊന്നും വൈദ്യുതി വകുപ്പ് അറിയുന്നില്ല. രാവിലെ നടക്കാന്‍ ഇറങ്ങുന്നവര്‍ പതിവായി കാണുന്ന ഒരു കാഴ്ചയാണ് ഈ ഇടവഴികളിലെ ലൈറ്റുകള്‍ നേരം എത്ര പുലര്‍ന്നാലും കത്തി കിടക്കുന്നത്. പാതിരാത്രി വരെ ടീവിയും കണ്ടു ഇരിക്കുന്നവര്‍ അവര്‍ക്ക് തോന്നുമ്പോഴാണു ഉറക്കം എഴുന്നേല്‍ക്കുക. പിന്നെ സൌകര്യം പോലെ സര്‍ക്കാര്‍ വക ലൈറ്റ് അണക്കുകയോ അണക്കാതിരിക്കുകയോ ചെയ്യും. തൊട്ടടുത്ത അയല്‍‌വാസി ഈ വിളക്കുകള്‍ കത്തി കിടക്കുന്നത് കണ്ടാലും വീട്ടുകാരെ ഉണര്‍ത്തി വിവരം ധരിപ്പിക്കാന്‍ മുതിരാറില്ല. നാമെന്തിനു മറ്റൊരുത്തനു ഓര്‍ഡര്‍ കൊടുത്ത് അവന്റെ വൈരാഗ്യം സമ്പാദിക്കണമെന്ന ചിന്തയാല്‍ കത്തിനില്‍ക്കുന്ന ലൈറ്റിനു കീഴിലൂടെ സാ എന്ന മട്ടില്‍ അയാള്‍ ഒരു നട കൊടുക്കും. മഴക്കാലത്താണ് ഏറെ കഷ്ടം. അന്ന് ലൈറ്റ്‌ അണയുന്നത് തന്നെ അപൂര്‍വമാണു. മഴയില്‍ നനഞ്ഞ് നില്ക്കുന്ന പോസ്റ്റിലെ ഫ്യൂസ് ഊരാന്‍ ആരും ബുദ്ധിമുട്ടുക പതിവല്ല.

ഓരോ ഇടവഴികളിലും ശരാശരി രണ്ടു ലൈറ്റുകള്‍ മാനദണ്ഡം വെച്ചു കേരളത്തിലെ ഇപ്രകാരം അണക്കാത്ത വിളക്കുകള്‍ക്കു ചിലവാകുന്ന കറണ്ട് എത്ര വേണ്ടി വരും എന്ന് കണക്ക് കൂട്ടുക. രണ്ട് വര്‍ഷത്തെ കറന്റ് കട്ട് ഒഴിവാക്കാനുള്ള വൈദ്യുതി തീര്‍ച്ചയായും ലാഭിക്കാം.

ഇനി മറ്റൊരു രംഗം. സര്‍ക്കാര്‍ ഓഫീസിലെ വൈദ്യുതി പാഴാക്കലിനു ഒരു കണക്കുമില്ല. . ആളില്ലാത്ത കസേരകള്‍ക്ക് മുകളിലെ ഫാനും ലൈറ്റിനും വേണ്ടി എത്രമാത്രം വൈദ്യുതി ഉപയോഗിക്കേണ്ടി വരുന്നു. .ഉച്ചക്ക് ആഹാര സമയത്തും കാപ്പികുടി നേരത്തും എഴുന്നേറ്റ് പോകുമ്പോള്‍ കൃത്യമായി ഫാനും ലൈറ്റും പ്രവര്‍ത്തനം ഇല്ലാതാക്കി പോകുന്നവര്‍ വളരെ കുറവാണ്. കറന്റ് പാഴായി പോയാല്‍ അവര്‍ക്കെന്ത് നഷ്ടം എന്ന മനോഭാവത്തിലാണ് എല്ലാവരും.

രണ്ടാം ശനിയാഴ്ച പിന്തുടരുന്ന വെള്ളിയാഴ്ചകളില്‍ വൈകുന്നേരം കറണ്ട് പോയിട്ടുണ്ട് എങ്കില്‍ അത് കണക്കില്‍ എടുക്കാതെ ബാഗും കുടയും എടുത്തു വണ്ടി പിടിക്കാന്‍ പായുന്നവര്‍ പലപ്പോഴും സ്വിച്ച് ഓഫ് ചെയ്യാറില്ല. ആഫീസും അടച്ചു അവര്‍ പോയി കഴിയുമ്പോള്‍ കറണ്ട് വരും . ഫലം തിങ്കളാഴ്ച രാവിലെ വരെ ആര്‍ക്കും പ്രയോജനം ഇല്ലാതെ ഫാനും ലൈറ്റും പ്രവര്‍ത്തിച്ച്‌ കൊണ്ടേ ഇരിക്കും.(ആഫീസുകളിലെ രാത്രി ഡ്യൂട്ടിക്കാര്‍ അവരുടെ വീടുകളില്‍ ആണല്ലോ അവധി ദിവസങ്ങളില്‍ ജോലി നോക്കുന്നത്) കേരളത്തിലെ ആഫീസുകളില്‍ ഇപ്രകാരം പാഴാക്കി കളയുന്ന കറണ്ട് എത്രമാത്രം ഉണ്ടെന്ന് കണക്കെടുക്കേണ്ടതല്ലേ? കാറില്‍ സഞ്ചരിക്കുന്ന മന്ത്രി കാല്‍നടയില്‍ സഞ്ചരിച്ചാല്‍ ഇതെല്ലാം കാണാന്‍ കഴിയും.

വിവാഹങ്ങള്‍, ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍ തുടങ്ങിയവ ആര്‍ഭാടമായി നടത്തണമെങ്കില്‍ പലവിധ വര്‍ണങ്ങളിലെ വൈദ്യുതി ദീപങ്ങള്‍ മിന്നി മിന്നി തെളിയിക്കണം. കേവലം നയന സുഖത്തിനു വേണ്ടി എത്രമാത്രം വൈദ്യുതി ഇപ്രകാരം പഴാക്കി കളയുന്നു.

സമയാ സമയങ്ങളില്‍ ആവശ്യമായ കേടുപാടുകള്‍ തീര്‍ക്കാന്‍ വൈദ്യുതി ജീവനക്കാര്‍ മെനക്കെട്ടിരുന്നെങ്കില്‍ പ്രസരണ നഷ്ടം വഴി ഇല്ലാതാകുന്ന കറന്റ് എത്രമാത്രം ലാഭിക്കാമായിരുന്നു.

അങ്ങിനെ എത്രയെത്ര ഉദാഹരണങ്ങള്‍ കണ്ണ് തുറന്ന് വെച്ചാല്‍ കാണാന്‍ കഴിയുന്നു. കാണണമെന്നുള്ള മനസ്സ് വേണമെന്ന് മാത്രം.

മുകളില്‍ സൂചിപ്പിച്ച ഉദാഹരണങ്ങള്‍ ആരുടെയും ശ്രദ്ധയില്‍ പെടാത്തതല്ല. ഏവര്‍ക്കുമറിയാവുന്ന ഈ വക പാഴ്ചെലവുകള്‍ നിര്‍ത്തലാക്കേണ്ടത് ആരുടെ ചുമതലയാണ്?. എന്ത് വന്നാലും എനിക്കൊന്നുമില്ലാ എന്ന സമൂഹവും അവരെ ഭരിക്കുന്ന അവര്‍ക്ക് അര്‍ഹപ്പെട്ട ഭരണകൂടവും സൂക്ഷ്മത പാലിച്ചിരുന്നു എങ്കില്‍ ഇതിലും വലിയ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞേനെ.

അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് എടുത്ത് കറന്റ് കട്ട് പ്രഖ്യാപിക്കുന്നതിനു മുമ്പ് കറന്റ് ലാഭിക്കാന്‍ മറ്റ് വഴികള്‍ ഉണ്ടോ എന്ന് അന്വേഷിക്കാന്‍ മന്ത്രി പുംഗവനു ഉപദേശം കൊടുക്കാന്‍ ഈ നാട്ടില്‍ ആരുമില്ലേ?!









10 comments:

  1. പണ്ട് വായിച്ചതാണ്,
    ഇന്ന് കറന്റ് ഇല്ലാത്തതിനാല്‍ , ഇന്നത്തേത് ഉള്‍പ്പെടെ നാളെ ഒരു മണിക്കൂര്‍ പവര്‍ കട്ട് ഉണ്ടായിരിക്കുന്നതാണ്.'എന്നാലും ഈ പ്രവാസ ലോകത്ത്തിരിക്കുമ്പോള്‍ , ഇത്തിരി നേരം വീടിന്റെ അന്തരീക്ഷത്തില്‍ ഇരുട്ടത്ത് ഇരിക്കാന്‍ ഒരു വന്യമായ മോഹം .

    ReplyDelete
  2. കറണ്ട് ലാഭിക്കാന്‍ ആയിരം വഴികളുണ്ട്..പക്ഷെ...(അതൊരു വലിയ പക്ഷെ ആണ്)

    ReplyDelete
  3. തൊട്ടു മുകളിലെ കമന്റില്‍ പറഞ്ഞത് സത്യം.
    അതൊരു വലിയ 'പക്ഷെ' തന്നെ ആണ്.

    ReplyDelete
  4. വളരെ നല്ല പോസ്റ്റ്‌. മുകളില്‍ പറഞ്ഞ " പക്ഷെ " അത് തന്നെ പ്രശ്നം.. ചെയ്യാനൊരു മടി

    ReplyDelete
  5. കട്ടല്ലേ സാറേ എളുപ്പം??.. വെറുതെ ആളുകളെ ഉപദേശിച്ചു ഉപദേശിച്ചു മുഷിച്ചില്‍ വാങ്ങുന്നതെന്തിന്?? ഇതും , മാര്‍ബിള്‍ പോലെ അങ്ങ് രാജസ്ഥാനില്‍ നിന്ന് കിട്ടിയിരുന്നെങ്കില്‍ , സ്പിരിറ്റ്‌ കൊണ്ട് വരുന്നത് പോലെ വല്ല കാറിന്റെ ദിക്കിയിലും ഒക്കെ ഒളിപ്പിച്ചു കൊണ്ട് വരാമായിരുന്നു... സമയോചിതം ആയ പോസ്റ്റ്‌..

    ReplyDelete
  6. ഹും ഇതിനൊന്നും പറ്റില്ല...
    കരണ്ട് കട്ട് പാടില്ല.

    ReplyDelete
  7. നല്ല തീരുമാനങ്ങള്‍ തന്നെ..പക്ഷേ അതു നടപ്പിലാക്കാനുള്ള മനോഭാവം നമ്മുടെയാ
    ളുകള്‍ കാണിക്കാത്തതാണ് പ്രശ്നം

    ReplyDelete
  8. നന്ദി പ്രിയപ്പെട്ടവരേ! അഭിപ്രായങ്ങള്‍ക്ക്...

    ReplyDelete
  9. നന്നായി കുറിപ്പ് ഷെറീഫ്ക്ക, പക്ഷേ മനുഷ്യർ നന്നാവൂന്ന് തോന്നണില്ല!

    ReplyDelete
  10. പ്രിയ ശ്രീനാഥന്‍, താങ്കള്‍ പറഞ്ഞത് ശരിയാണു; മനുഷ്യന്‍ നന്നാവൂലാ....

    ReplyDelete