Monday, December 26, 2011

ഉത്സവവും കുറെ ഓര്‍മ്മകളും

ചിതറിക്കിടക്കുന്ന മേഘങ്ങളില്‍ ചെന്നിറം വാരിയൊഴിച്ച് മാനത്ത് തന്റെ വരവിനെ അറിയിക്കാന്‍ തുടങ്ങി സന്ധ്യ . ദൂരെ എവിടെയോ നിന്നും മണി നാദം കാറ്റിലൂടെ ഒഴുകി വരുന്നു. ചേക്കേറാന്‍ പോകുന്ന പക്ഷികളുടെ കരച്ചില്‍ പശ്ചാത്തലത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുമുണ്ട്. കാറ്റ് മരക്കൊമ്പുകളെ മെല്ലെ തൊട്ടിലാട്ടുകയാണ്.

ചെറിയ ഒരു കുന്നിന്‍ മുകളിലുള്ള എന്റെ ഈ വീടിന്റെ ഉമ്മറത്ത് ഇതെല്ലാം കണ്ട്കൊണ്ട് ഞാന്‍ നിശ്ശബ്ദനായി ഇരുന്നു. സായാഹ്നത്തിന്റെ അന്ത്യത്തില്‍, സന്ധ്യയുടെ ആരംഭത്തില്‍ നാലുചുറ്റും നിന്നും ഒഴുകി വരുന്ന വിഷാദ രാഗം എന്റെ മനസിനെ തരളിതമാക്കി.

പുലരി ജനനവും സന്ധ്യ മരണവുമാണല്ലോ. അത് കൊണ്ടായിരിക്കാം പുലരിയില്‍ നമ്മുടെ മനസില്‍ ഉന്മേഷവും സന്ധ്യക്ക് വിഷാദവും നിറയുന്നത്.

എന്താണ് എന്റെ മനസിലെ വിഷാദത്തിനു കാരണം? സന്ധ്യാ രാഗത്തിലെ ശോകത്തില്‍ ഞാന്‍ അലിഞ്ഞ് ചേര്‍ന്നത് കൊണ്ടാണോ?

ഞാന്‍ എന്റെ മനസിലേക്ക് ചുഴിഞ്ഞിറങ്ങി നിരീക്ഷിച്ചു. അല്ല അത് മാത്രമല്ല. ഡിസമ്പറിലെ ഈ അവസാന സന്ധ്യകള്‍, മൂന്ന് നാലു ദിവസങ്ങളായി എന്നെ എന്റെ ബാല്യത്തിലേക്ക് പിടിച്ച് വലിക്കുന്നു. എന്നില്‍ ശക്തിയായി ഗൃഹാതുരത്വം കടന്ന് കൂടിയിരിക്കുന്നു.

ഇപ്പോള്‍ ആലപ്പുഴ മുല്ലക്കല്‍ അമ്പലത്തില്‍ ഉത്സവമാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞങ്ങള്‍ കുട്ടികള്‍ ആ അമ്പല വളപ്പില്‍ കാലു കുത്തിയിട്ടില്ല. പക്ഷേ ധനുമാസത്തിലെ ആദ്യ 10ദിവസങ്ങളിലെ ഉത്സവ ദിവസങ്ങളില്‍ മുല്ലക്കല്‍ ഭാഗത്ത് വഴി ഓരങ്ങളിലെ കാഴ്ച്ചകളും രാത്രിയിലെ വൈദ്യുതി അലങ്കാരങ്ങളും ഞങ്ങള്‍ കുട്ടികളെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ആലപ്പുഴ സക്കര്യാ വാര്‍ഡും വട്ടപ്പള്ളിയും പൂര്‍ണമായ മുസ്ലിം പ്രദേശമാണ്. തികച്ചും യാഥാസ്തിക മുസ്ലിങ്ങള്‍. എങ്കിലും മുല്ലക്കല്‍ ഉത്സവം വരുമ്പോള്‍ അവര്‍ കുട്ടികളെ കൊണ്ട് പോയി വഴിയോരത്തെ കാഴ്ച്ചകളും രാത്രിയിലെ ദീപാലങ്കാരവും കാണിച്ച് കൊടുത്തിരുന്നു.

സ്ത്രീയെ ഒരു ബോര്‍ഡില്‍ ചാരി നിര്‍ത്തി കത്തിയേറു, മരണക്കിണറിലെ മോട്ടോര്‍ സൈക്കിള്‍ ഓട്ടം സര്‍പ്പസുന്ദരി, തൂക്കി ഇട്ട പെട്ടികളിലെ ഊഞ്ഞാലാട്ടം, അങ്ങിനെ ഉത്സവസ്ഥലങ്ങളിലെ എല്ലാ വിഭാഗങ്ങളും ഞങ്ങളെ കാണിച്ച് തരും. തിരികെ വരുമ്പോള്‍ കരിമ്പും അരിമുറുക്കും ഹലുവായും വാങ്ങി തരുന്നതിനോടൊപ്പം ഉത്സവ സ്ഥലങ്ങളിലെ സ്ഥിരം നമ്പറുകളായ ബലൂണ്‍, പിപ്പീപ്പി തുടങ്ങിയവയും കയ്യില്‍ കാണും . മുല്ലക്കല്‍ ഉത്സവം തുടങ്ങി എന്നതിന്റെ അടയാളമായി ഈ വക സാധനങ്ങള്‍ വട്ടപ്പള്ളിയില്‍ വ്യാപിക്കുമായിരുന്നു.

തോട് മാടി മുതല്‍ കിടങ്ങാമ്പറമ്പ് വരെ റോഡിന്റെ രണ്ട് വശത്തും കച്ചവടക്കാര്‍ നിരക്കും . ഭൂരി ഭാഗം കച്ചവടക്കാരും വട്ടപ്പള്ളി സക്കര്യാ ബസാര്‍ പ്രദേശത്തുള്ളവരായിരുന്നു. ഉമ്മയും ബാപ്പയും ഒഴികെ ബാക്കി എല്ലാം മുല്ലക്കല്‍ നിന്നും വിലക്ക് വാങ്ങാന്‍ കിട്ടും എന്ന് ഞങ്ങള്‍ വട്ടപ്പള്ളിക്കാര്‍ പറയാറുണ്ട്.

അമ്പലം ഒരു മതില്‍ക്കെട്ടിനകത്തായിരുന്നതിനാല്‍ ഞങ്ങള്‍ കുട്ടികള്‍ അതെന്താണെന്ന് പോലും കണ്ടിരുന്നില്ല. അവിടെ എന്താണ് പ്രതിഷ്ഠ എന്ന ചിന്ത പോലും ഞങ്ങളെ അലട്ടിയിരുന്നില്ല. സത്യത്തില്‍ അതെന്താണെന്ന് ഇപ്പോഴും എനിക്കറിയില്ല. ഞങ്ങള്‍ കാഴ്ച്ചകള്‍ കണ്ട് അങ്ങിനെ നടക്കും. ആള്‍ക്കൂട്ടത്തില്‍ വഴിപിരിയാതെ രക്ഷകര്‍ത്താക്കള്‍ ഞങ്ങളുടെ കൈകള്‍ മുറുകെ പിടിക്കുമായിരുന്നു.എന്നെ എന്റെ വാപ്പയാണ് മുല്ലക്കല്‍ കൊണ്ട് പോയിരുന്നത് മഞ്ഞു വീഴ്ച്ചയാല്‍ ജലദോഷം ഉണ്ടാകാതിരിക്കാന്‍ തലയില്‍ ടൌവല്‍ കെട്ടി തരും വാപ്പ. വട്ടപ്പള്ളി മുതല്‍ മുല്ലക്കല്‍ വരെ നടപ്പ് തന്നെ. അന്ന് ആട്ടോ റിക്ഷയോ ടൌണ്‍ ബസ്സോ ഉണ്ടായിരുന്നില്ലല്ലോ.

എന്റെ ബാല്യകാല സ്മരണകളില്‍ മിന്നി നിന്നിരുന്ന മുല്ലക്കല്‍ ഉത്സവം ഈ സന്ധ്യയില്‍ ആലപ്പുഴയില്‍ നടന്ന് കൊണ്ടിരിക്കുകയാവാം. ഇന്ന് ധനു പത്താം തീയതിയാണ് എന്ന ചിന്ത എന്റെ മനസിലൂടെ കടന്ന് പോയത് കൊണ്ടാണല്ലോ വിദൂരത്ത് ഈ ഉമ്മറത്തിരുന്ന് അവിടത്തെ കാഴ്ച്ചകള്‍ ഭാവനയിലൂടെ കാണാന്‍ എന്നെ പ്രേരിപ്പിച്ചത്.. പണ്ട് ബാല്യകാലത്ത് കണ്ടിരുന്ന കാഴ്ചകള്‍ തന്നെയണോ ഇപ്പോഴും അവിടെ ഉള്ളതെന്ന് എനിക്കറിയില്ലല്ലോ. ഇപ്പോഴും ജനബാഹുല്യം കാണുമായിരിക്കാം.പക്ഷേ പിപ്പീപ്പി ഊതി, ബലൂണ്‍ വീര്‍പ്പിച്ച് അരി മുറുക്കും തിന്ന് ബാല്യ കാല കേളീകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍ ഈ കാലഘട്ടത്തില്‍ കാണില്ലാ എന്ന് എനിക്ക് ഉറപ്പാണ്. കിട്ടുന്ന സമയത്ത് അവര്‍ റ്റി.വി. കാഴ്ച്ചയിലും വീഡിയോ ഗെയിമിലും അഭിരമിക്കുകയായിരിക്കുമല്ലോ. ഊഷ്മളമായ സ്മരണകള്‍ ഒട്ടുമില്ലാത്ത ബാല്യങ്ങളെയാണ് ഈ കാലഘട്ടം വാര്‍ത്തെടുക്കുന്നത് എന്ന ചിന്ത എന്നെ വേദനിപ്പിക്കുകയും എന്റെ ബാല്യകാലത്തിലേക്ക് പിന്നെയും എന്നെ കടത്തി വിടുകയും ചെയ്യുന്നു.
ബാല്യ കാലം സമരണകളായി എന്നിലേക്ക് അലയടിച്ചെത്തുമ്പോള്‍ ആ പൂഴിമണ്ണും എന്റെ കൂട്ടുകാരും അവിടെ ഞങ്ങളുടെ കളികളും തമാശകളും എല്ലാം എന്റെ കണ്മുന്നില്‍ തെളിഞ്ഞ് വരുന്നുണ്ട്. ഇങ്ങിനി വരാത്തവണ്ണം അവയെല്ലാം പൊയ്പോയല്ലോ എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. കബഡി , തലപ്പന്ത്, വേടനും പ്രാവും, അങ്ങിനെ എന്തെല്ലാമെന്തെല്ലാം കളികള്‍. ഈ കളികളെല്ലാം എനിക്ക് ഇപ്പോള്‍ അവരുമായി ചേര്‍ന്ന് കളിക്കാന്‍ സാധിച്ചിരുന്നെങ്കില്‍......

എന്തെല്ലാം ഭ്രാന്തന്‍ ചിന്തകളാണ് എന്റെ മനസില്‍ കടന്ന് വരുന്നത്. ഒരിക്കലും സാധിക്കാത്ത ആഗ്രഹങ്ങള്‍! അവരില്‍ പലരും എന്നെന്നേക്കുമായി പോയി കഴിഞ്ഞു. ബാക്കി ഉള്ളവര്‍ അച്ഛനും അപ്പൂപ്പനുമായി അവരുടെ കുടുംബാംഗങ്ങളുമൊത്ത് സുഖത്തിലും ദുഖത്തിലും പങ്ക് കൊണ്ട് ഇപ്പോള്‍ കഴിയുന്നുണ്ടായിരിക്കാം. അവരെ വേടനും പ്രാവും കളിക്കാനോ കബഡി കളിക്കാനോ എന്നോടൊപ്പം വാ എന്ന് വിളിച്ചാല്‍ എന്റെ മനസിന്റെ സമനിലയെ പറ്റി തന്നെ അവര്‍ക്ക് സംശയം ഉണ്ടാകും.

ആ പൂഴി മണല്‍ പരപ്പ് നിറയെ ഇന്ന് വീടുകളാണ്. ഡിസമ്പറിലെ കുളിരാര്‍ന്ന രാത്രികളില്‍, കൌമാരത്തില്‍ നിലാവിനെ നോക്കി ആ മണല്‍ പരപ്പില്‍ മലര്‍ന്ന് കിടക്കുമായിരുന്നു. മനസ് നിറയെ കൌമാര പ്രണയത്തിന്റെ മധുര ശീലുകളും. എവിടെയാണ് അവള്‍?അവളുടെ ഓര്‍മ്മകളും പൂഴി മണലിലെ നിലാവും മുല്ലക്കല്‍ ഉത്സവും എല്ലാം ഒന്നിനൊന്ന് ബന്ധപ്പെട്ടതാണല്ലോ.ഈ സന്ധ്യാ നേരം മനസിനെ ശോകമൂകമാക്കിയതില്‍ അവളുടെ ഓര്‍മ്മകള്‍ക്കും പങ്കുണ്ട്.
പുരുഷനില്‍ വാര്‍ദ്ധക്യം പതുക്കെയും സ്ത്രീയില്‍ പെട്ടെന്നുമാണ് കടന്നു വരുന്നത്. പക്ഷേ മനസിനു വാര്‍ദ്ധക്യം ബാധിക്കുന്നില്ലല്ലോ. അത് എപ്പോഴും പതിനാറില്‍ തന്നെ. അത് കൊണ്ട് തന്നെയാണ് ഈ ഓര്‍മ്മകളെല്ലാം ഒരിക്കലും പൊടി പുരളാതെ ഞാന്‍ സൂക്ഷിച്ച് വെക്കുന്നത്. ആ സൂക്ഷിപ്പ് മുതല്‍ പുറത്തെടുത്ത് തിരിച്ചും മറിച്ചും പിന്നെയും പിന്നെയും ഞാന്‍ പരിശോധിക്കുന്നത് പോലെ എന്റെ ബാല്യ കാല സുഹൃത്തുക്കള്‍ ചെയ്യുമോ? ഏതോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അവളും പഴയതെല്ലാം ഓര്‍മ്മിക്കുമോ? അവര്‍ തീര്‍ച്ചയായും ഇതെല്ലാം ഓര്‍മ്മിക്കും എന്ന് വിശ്വസിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഇതാ ഇരുട്ട് എവിടെ നിന്നോ കടന്ന് വരുന്നു. ഈ നേരം മുല്ലക്കല്‍ ക്ഷേത്ര വളപ്പില്‍ കരിമരുന്ന് പ്രയോഗം നടക്കുകയായിരിക്കും. ദൂരത്തിലിരുന്ന് ഞാന്‍ അത് കേള്‍ക്കുന്നു.

ഓര്‍മ്മകളേ! എന്നുമെന്നും നിങ്ങളെ താലോലിക്കുന്നവനാണല്ലോ ഞാന്‍ . ഒരിക്കലും എന്നെ വിട്ട് നിങ്ങള്‍ പോകരുതേ!

ഭാര്യ ഉമ്മറത്തെ വിളക്ക് പ്രകാശിപ്പിച്ചപ്പോള്‍ ഇരുട്ട് ഓടി മറഞ്ഞു. എന്റെ മുഖത്തെ വിഷാദം കണ്ടത് കൊണ്ടാവാം അവള്‍ പറഞ്ഞു

” പഴയ ഓര്‍മ്മകള്‍ സന്ധ്യക്ക് കയറി വന്നോ” എത്ര കൃത്യമായി അവള്‍ എന്നെ പഠിച്ചിരിക്കുന്നു.

“ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആളുടെ രോഗം മാറാന്‍ വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം, അതല്ലേ നമുക്ക് ചെയ്യാന്‍ കഴിയൂ” എന്ന് കൂടി അവള്‍ പറഞ്ഞപ്പോള്‍ എന്റെ മുഖത്ത് പരന്ന അതിശയത്തെ ഒരു ചെറു ചിരിയോടെ നേരിട്ടുകൊണ്ട് എന്റെ കൈകള്‍ അവള്‍ തലോടി.

അതേ! അതുമാത്രമല്ലേ എനിക്ക് ചെയ്യാന്‍ കഴിയൂ. ഞാന്‍ പ്രാര്‍ത്ഥിക്കുന്നു പ്രിയപ്പെട്ടവളേ! നിനക്ക് പെട്ടെന്ന് സുഖമാകട്ടെ.

23 comments:

  1. ഓര്‍മ്മകള്‍ ,അത് ആണിനായാലും പെണ്ണിനായാലും എന്നും ഉണ്ടാകും, പെണ്ണത് പുറമേ പറയുന്നില്ലാന്നെ ഉള്ളൂ...ഇതിനേക്കാള്‍ തെളിച്ചത്തോടെ അവളത് ഓര്‍ക്കുന്നുണ്ടാകും, പക്ഷേ ഒന്നും ഓര്‍ക്കുന്നില്ലാന്ന് ഭാവിക്കേം ചെയ്യും. പുരിഞ്ചിതാ....

    ഈ ഡിസംബര്‍ പടികടന്ന് പോകുമ്പോള്‍ എന്തിനെന്നറിയാത്ത ഒരു വിഷാദം വന്ന് മൂടുന്നുണ്ട്...ഓര്‍ക്കാനും ഓര്‍ത്ത് വിഷാദിക്കാനും ഒരുപാട് എന്തെല്ലാമോ നല്‍കി അതങ്ങോട്ട് പൊയ്പോകുമോ എന്ന പേടിയാണോ..അറിയില്ല.

    എന്തായാലും അസുഖമായി കിടക്കുന്ന ആള്‍ക്ക് വേഗം ഭേദാകട്ടേന്ന് പ്രാര്‍ത്ഥിക്കുന്നു. അതോടൊപ്പം പുതുവത്സരാശംസകളും...

    ReplyDelete
  2. ഓർമ്മകൾക്കെന്നും മധുരം..

    ReplyDelete
  3. എന്റെ വീടിന്റെ തൊട്ടടുത്ത് രണ്ടു അമ്പലങ്ങള്‍ ഉണ്ട്.രണ്ടിടത്തേയും ഉത്സവങ്ങള്‍ ഞങ്ങള്‍ക്കും ഉത്സവമായിരുന്നു.പണ്ടത്തെ ആഘോഷവും മനസ്സും അത് തന്നെയാകുമോ ഇപ്പോഴുള്ളവരുടെയും...? അറിയില്ല.
    ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിനു നന്ദി.

    ReplyDelete
  4. പ്രിയ സുബൈദാ ഉടനെ തന്നെ ആ പോസ്റ്റില്‍ പോകുന്നുണ്ട്.

    പ്രിയ മുല്ലാ എന്തും മാത്രം ആശ്വാസം തരുന്നതാണ് മുല്ലയുടെ വരികള്‍. സ്ത്രീയുടെ മനസ് പുരുഷന് ഇന്നും പിടികിട്ടാത്ത വസ്തുവാണ്. മാണിക്യ മുത്ത് പോലെ നമ്മള്‍ ഇന്നും സൂക്ഷിക്കുന്ന പഴയകാല ഓര്‍മകള്‍ അവരിലും സജീവമായി കാണും എന്ന മുല്ലയുടെ അഭിപ്രായമാണ് എനിക്ക് സന്തോഷം നല്‍കിയത്. നമ്മള്‍ ഓര്‍മ്മിക്കുന്നവര്‍ നമ്മെയും ഓര്‍ക്കുന്നു എന്നത് എത്ര ആനന്ദപ്രദമാണ്. കളങ്കമില്ലാത്ത സ്നേഹമാണല്ലോ ഈ ലോകം തന്നെ നിലനിര്‍ത്തുന്നത്. അസുഖം മാറാനുള്ള ആ പ്രാര്‍ത്ഥന ഫലിക്കട്ടെ. എല്ലാവരിലും സമാധാനം ഉണ്ടാകട്ടെ. നന്ദി.

    പ്രിയ സാബു, അതേ! ഓര്‍മ്മകള്‍ക്ക് എന്നുമെന്നും മധുരം തന്നെ.

    പ്രിയ റോസാപ്പൂക്കള്‍, പഴയ ആഘോഷങ്ങളുടെ ആത്മാവ് സമ്പത്തിന്റെ ആധിക്യം മൂലം നഷ്ടമായത് പോലെയാണ് എനിക്ക് തോന്നുന്നത്. എല്ലാം ഒരു ജാട മയം.നിഷ്ക്കളങ്കമായ ഇടപെടല്‍ എന്നേ പോയിരിക്കുന്നു. ഇവിടെ സന്ദര്‍ശിച്ചതിലും അഭിപ്രായം പറഞ്ഞതിലും നന്ദി സുഹൃത്തേ!

    ReplyDelete
  5. ഓര്‍മ്മകളില്‍ തണുപ്പിന്റെ മോഹിപ്പിക്കുന്ന സ്പര്‍ശനം.

    ReplyDelete
  6. ഗൃഹാതുരത്വം നിറഞ്ഞ പോസ്റ്റ്‌....
    നന്നായിട്ടുണ്ട്.... ഇഷ്ട്ടായി... :)

    ReplyDelete
  7. ഓരോ ആഘോഷങ്ങളും ഓര്‍മ്മകളുടെ തീരത്തേക്കുള്ള തിരിഞ്ഞു നടത്തത്തിനു നിമിത്തമാകുന്നു.

    ReplyDelete
  8. ഓര്‍മ്മകള്‍ കൂട്ടിനില്ലെന്കില്‍ നമ്മെയെന്തിനുകൊള്ളാം!!
    സാഹിബിന്റെ പോസ്റ്റുകളില്‍ തികച്ചും വേറിട്ട വായനാനുഭവം..
    ആശംസകള്‍ നേരുന്നു

    ReplyDelete
  9. ശെരിക്കും ഓര്‍മകള്‍ പറഞ്ഞു

    ReplyDelete
  10. എപ്പോഴും കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു നില്‍ക്കുന്ന ഓര്‍മ്മകള്‍ പഴയ കാലത്തേക്ക് കൈപിടിച്ച് നടത്തി. എല്ലാം പറയുന്നവരും മനസ്സില്‍ സൂക്ഷിക്കുന്നവരും.
    സുഖമില്ലാതെ ഇരിക്കുന്ന ആള്‍ക്ക് എല്ലാം ഭേദമാകട്ടെ.

    പുതുവത്സരാശംസകള്‍.

    ReplyDelete
  11. ഓര്‍മകള്‍ക്കെന്നും തെളിച്ചവും സുഗന്ധവുമാണ് ഇക്ക.. ചില വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ വരെ നമ്മെ പക്ഷെ ചിലയവസരങ്ങളില്‍ വല്ലാതെ ഹൌണ്ട് ചെയ്യും..

    ReplyDelete
  12. വൌ..!
    ഗ്രേറ്റ് മെമ്മറിസ്..!!

    ReplyDelete
  13. ജെഫു,

    നൌഷാദ്,

    അക്ബര്‍,

    ഇസ്മെയില്‍ കുറുമ്പടി‘

    ഷാജു അത്താണിക്കല്‍,

    പട്ടേപാടം റാംജി,

    മനോരാജ്,
    പ്രിയപ്പെട്ടവരേ! നിങ്ങളുടെ സന്ദര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി ചങ്ങാതിമാരേ!

    പ്രിയ ഹരീഷ്, തൊടുപുഴ, നന്ദി സുഹൃത്തേ!

    ReplyDelete
  14. ഓർമ്മകളിലേയ്ക്ക് ഊളിയിട്ടിറങ്ങി ചുമ്മാ വിഷാദിക്കുകയാണല്ലോ! നല്ല കഥ. ആശംസകൾ!

    ReplyDelete
  15. ഓർമ്മകളുടെ ഉത്സവം കൊടികയറിയ ഈ പോസ്റ്റ് വളരെ ഇഷ്ടമായി. അതിലൊരു നൊമ്പരമൊളിഞ്ഞു കിടക്കുന്നു.

    ReplyDelete
  16. ഓര്‍മ്മകള്‍............................................................................................................................................................;)

    ReplyDelete
  17. ശോ...ഈ പോസ്റ്റ്‌ നേരത്തെ കണ്ടിരുന്നെങ്കില്‍ ഞാന്‍ ഇന്ന് പോസ്റ്റുക ഇല്ലായിരുന്നു...അതും മുല്ലക്കല്‍ ചിറപ്പിനെക്കുറിച്ച്..വല്ലാതെ ഓര്‍മ്മകള്‍ തിര തള്ളി വരുന്നു...നമ്മുടെ ഓര്‍മ്മകളിലും സമാനത...ആശംസകളോടെ..

    ReplyDelete
  18. പഴയ ഓര്‍മകളിലേക്ക് കൈ പിടിച്ചു നടത്തിയതിനു നന്ദി
    നനായി പറഞ്ഞു ...
    ആശംസകള്‍ ..ശ്രീ ഷെരിഫ്

    ReplyDelete
  19. സജീം തട്ടത്ത്മല,
    ശ്രീനാഥന്‍ ,
    മുഹമ്മദ് അഷറഫ്
    ഷാനവാസ് സാഹിബ്’
    വേണുഗോപാല്‍,
    പ്രിയപ്പെട്ടവരേ! നിങ്ങളുടെ സന്ദര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

    ReplyDelete
  20. പുലരി ജനനവും സന്ധ്യ മരണവും ഷെരീഫ് സാര്‍ എഴുത്തില്‍ തത്വചിന്ത കലര്‍ത്തുവാന്‍ ശ്രമിക്കുന്നതായി തോന്നുന്നു.മുമ്പ് എഴുതിയതിന്റെ അത്രയും വായനാസുഖം തന്നില്ലങ്കിലും വ്യത്യസ്തമായ ഓര്‍മഖളുടെ പോസ്റ്റ് ആശംസകള്‍

    ReplyDelete
  21. പ്രിയ താഹിര്‍ ഒരു സന്ധ്യയില്‍ അനുഭവപ്പെട്ട ചിന്തകള്‍ക്ക് അടുക്കും ചിട്ടയും ഇല്ലായിരുന്നു.ഒരു സന്ധ്യയുടെ ശോകം മനസില്‍ ഉള്‍ക്കൊണ്ട ചിതറിയ ഈ ചിന്തകള്‍ അതേപടി കുറിച്ചപ്പോള്‍ അതിനും ഒരു ക്രമം ഇല്ലാതായി, എങ്കിലും മനസില്‍ കൊണ്ടത് കുറിച്ചു.താഹിറിന്റെ നിരീക്ഷണം ശരിയാണ്.

    ReplyDelete
  22. ഓര്‍മ്മകള്‍ അയവിറക്കുന്ന ഈ പോസ്റ്റ്‌ എന്നെയും പിറകോട്ട് വലിച്ചു. അഭിനന്ദനങ്ങള്‍

    ReplyDelete