Sunday, February 6, 2011

ഹാറൂൺ-ഒരു നുറുങ്ങ്‌


ഒരു നുറുങ്ങ്‌ എന്ന , ബ്ലോഗർ ഹാറൂണിനെ കാണാന്‍ ഞാന്‍ നടത്തിയ യാത്രയല്ല ഇവിടെ പ്രതിപാദ്യ വിഷയം എന്ന് ആദ്യം തന്നെ പറഞ്ഞു വെക്കട്ടെ.

നമ്മുടെ ഹാറൂൻ ഇപ്പോൾ ഹൃദയ സംബന്ധമായ ചികിൽസയിലാണു.

ബ്ലോഗർമാരുടെ ഫോൺ നമ്പർ കണ്ടെത്തി അവരുമായി നിരന്തരം ബന്ധം പുലർത്തി നിലനിർത്തുന്ന ബൂലോഗത്തെ അപൂർവ്വ വ്യക്തിത്വം ആണു ഹാറൂൺ.

മറ്റുള്ളവരെ പുകഴ്ത്തുന്നതിനെ പ്രവാചകൻ വിലക്കിയിരുന്നു. പുകഴ്ത്തൽ അവരിൽ അഹങ്കാരവും ഞാനെന്ന ഭാവവും വർദ്ധിപ്പിക്കുകയും വിനയവും എളിമയും അപ്രത്യക്ഷമാക്കുകയും ചെയ്തേക്കാം എന്നതിനാലായിരിക്കാം അപ്രകാരം ഒരു വിലക്ക്‌ ഉണ്ടായത്‌.

പക്ഷേ ഇവിടെ ഹാറൂണിനെ പുകഴ്ത്തുകയല്ല, വ്യക്തിത്വം ചൂണ്ടി കാണിച്ച്‌ അത്‌ മറ്റുള്ളവർ മാതൃകയാക്കാൻ പ്രേരിപ്പിക്കുക എന്നതാണു എന്റെ ,ഉദ്ദേശം.

ടെറസിന്റെ മുകളിൽ നിന്നുള്ള വീഴ്ചയിൽ സംഭവിച്ച ക്ഷതത്താൽ സ്പൈൻ തകർന്ന് അരക്ക്‌ താഴെ ചലന ശേഷി ഇല്ലാതായ ഹാറൂൺ!
തന്റെ വീഴ്ച്ച ദൈവഹിതമാണെന്നും ചലന ശേഷി നശിച്ച മറ്റുള്ളവരെ ഇവിടെ കിടന്ന് ഒരു നുറുങ്ങ് സഹായം എത്തിക്കാന്‍ നിയോഗിക്കപ്പെട്ടവനാകുന്നതിന് ദൈവം തന്നെ വീഴ്ത്തിയതായിരിക്കാം എന്ന് വിശ്വസിക്കുന്ന ഹാറൂണ്‍!

ചലന ശേഷി നശിച്ച കോട്ടയം സ്വദേശി യുവാവിനെ, വിദൂര നഗരത്തില്‍ ഇരുന്നു ഫോണിലൂടെയുള്ളപ്രവര്‍ത്തനത്താല്‍ ആത്മഹത്യയില്‍ നിന്നും ജീവിതത്തിലേക്കും പിന്നെ കുടുംബ ജീവിതത്തിലേക്കും തിരിച്ചു വിട്ട് സഹായിച്ച ഹാറൂണ്‍!

ചലന ശേഷി നശിച്ച ഹതഭാഗ്യരുടെ ഫോണ്‍ നമ്പര്‍ എങ്ങിനെയെങ്കിലും കണ്ട് പിടിച്ച് അവര്‍ക്ക് ഒരു ഉത്തേജക മരുന്ന് ആയി പ്രവര്‍ത്തിക്കുന്ന നമ്മുടെ ഹാറൂണ്‍!

ചലന ശേഷി ഉള്ളവരും എവിടെ പോകാന്‍ ആഗ്രഹിക്കുന്നുവോ അവിടെ നിമിഷ നേരത്തിനുള്ളില്‍ എത്തി ചേരാന്‍ കഴിവുള്ളവരുമായ നമ്മള്‍, ചലനശേഷി നശിച്ച് തന്റെ കട്ടിലിലും വീല്‍ ചെയറിലുമായി ജീവിതം കഴിച്ചു കൂട്ടുന്ന മനുഷ്യന്‍ ചെയ്യുന്ന സേവനങ്ങള്‍ , സൌഹൃദം കാത്ത് സൂക്ഷിക്കല്‍, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നിരീക്ഷിച്ച് അവ നമ്മുടെ ജീവിതത്തിലും പകർത്തേണ്ടതല്ലേ?

മനുഷ്യനെ നേരില്‍ കാണണമെന്ന് കരുതി 29-1-2011 ഞാൻ കണ്ണൂരിലേക്ക്‌ തിരിച്ചു.

സന്ധ്യാരംഭത്തിൽ പരശുരാം എക്സ്പ്രസ്സിൽ അപരിചിതമായ കണ്ണൂർ നഗരത്തിൽ വന്നിറങ്ങിയ എന്നെ സൗകര്യ പ്രദമായ ലോഡ്ജിൽ താമസിക്കുന്നതിനു നഗരത്തിലെ യുവ വ്യാപാരിയെ അയച്ചതും പിറ്റേന്ന് രാവിലെ ഹാറൂണിനെ കാണാൻ പോകുന്നതു വരെ റൂമിൽ ഒറ്റക്കിരിക്കുമ്പോഴുള്ള വിരസത മാറ്റാൻ കൂടെയിരുന്ന് സം സാരിക്കുന്നതിനു മറ്റൊരു സുഹൃത്തിനെ ചുമതലപ്പെടുത്തിയതും വിദൂരത്തിലിരുന്ന് ഹാറൂൺ തന്നെ; തന്റെ ഫോണിലൂടെ.
ഞങ്ങൾ തെക്കൻ ദിക്കുകാർക്ക്‌ അപരിചിതമായ മുട്ട ചേർക്കാത്ത മുട്ടയപ്പം ഉൾപ്പടെയുള്ള പ്രാതൽ പിറ്റേന്ന് രാവിലെ എനിക്ക്‌ വേണ്ടി അദ്ദേഹത്തിന്റെ ശ്രീമതി തയാറാക്കി തരുമ്പോഴും സൗഹൃദത്തിന്റെ കരങ്ങൾ നീട്ടി കുഞ്ഞു ഹാറൂണുകൾ "അസ്സലാമു അലൈക്കും" പറഞ്ഞു എന്നെ പുഞ്ചിരിയോടെ നേരിട്ടപ്പോഴും ഞാൻ എന്റെ വീട്ടിലല്ല ഇരിക്കുന്നതെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി.

ഉമ്മറത്തിരുന്ന്‌ കെ.പി.സുകുമാരൻ മാഷ്‌, ശാന്താ കാവുമ്പായി, ചിത്രകാരൻ തുടങ്ങിയ ബ്ലോഗറന്മാരെ ഫോണിലൂടെ സം സാരിക്കാൻ സന്ദർഭം ഒരുക്കിയതും ഹാറൂൺ തന്നെ .
കെ.പി.സുകുമാരൻ മാഷിനെ കാണാൻ നഗരത്തിലെ മറ്റൊരു ഭാഗത്തേക്ക്‌ എന്നെ കൊണ്ട്‌ പോകുന്നതിനു ഹാറൂണിന്റെ മകൻ വാഹനവുമായി തയാറായി നിന്നപ്പോൾ യാത്ര പറഞ്ഞത്‌ സ്നേഹ സാഗരമായ വീട്ടിലേക്ക്‌ ഇനിയും ഇനിയും വരാൻ കഴിയണേ എന്ന പ്രാർത്ഥനയോടെ ആയിരുന്നു.

പരീക്ഷയെ ഭയരഹിതമായി നേരിടുന്നതിനു പരിശീലനം നൽകാൻ ഒരു വിദ്യാർത്ഥി സംഘടനയാൽ സംഘടിപ്പിക്കപ്പെട്ട യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി.എസ്‌. മാഷുമായി ഞാൻ ദീർഘ നേരം സം സാരിച്ചു.കമ്പ്യൂട്ടറിൽ എനിക്ക്‌ അജ്ഞാതമായിരുന്ന സാങ്കേതിക പദങ്ങൾ ലഘുവായ ഭാഷയിൽ മാഷ്‌ വിവരിച്ചത്‌ ഹൃദ്യമായി അനുഭവപ്പെട്ടു.തുടർന്ന് മാഷ്‌ അനുകൂലിക്കുന്നതും ഞാൻ വിയോജിക്കുന്നതുമായ "രാസ വളം--എൻഡോസൽഫാൻ-" വിഷയം ഞങ്ങൾ ചർച്ച ചെയ്തപ്പോൾ തന്റെ വാദങ്ങൾ സമർത്ഥമായി മാഷ്‌ നിരത്തിയതിനോട്‌ എന്റെ നിർബന്ധ ബുദ്ധികാരണം എനിക്ക്‌ യോജിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇരു കൂട്ടർക്കും പോകേണ്ട അത്യാവശ്യം നേരിട്ടതിനാൽ ചർച്ച അപൂർണ്ണമായി അവസാനിപ്പിക്കേണ്ടി വന്നു.
പിരിയാന്‍ നേരം ഞാന്‍ മാഷിനോട് പറഞ്ഞു" മാഷ്‌ തിരൂരില്‍ ബ്ലോഗ്‌ മീറ്റിനു നിർബന്ധമായി വരണം.ഹാറൂണും വരാമെന്ന്‌ സമ്മതിച്ചിട്ടുണ്ട്‌, ആരോഗ്യം അനുവദിക്കുമെങ്കിൽ. നമുക്ക്‌ ഹാറൂണുമായി തിരൂരിൽ ഒത്തു കൂടാം." മാഷ്‌ ചിരിച്ച്‌ കൊണ്ട്‌ തലകുലുക്കി.

ഈ യാത്രയുടെ തുടർച്ച ആയി മഞ്ചേരിയിലും തിരൂരിലും കറങ്ങി നടന്ന ഞാൻ വീട്ടിലെത്തിയത്‌ ദിവസങ്ങൾക്ക്‌ ശേഷമായിരുന്നു. വന്ന ഉടനെ ഞാൻ ഹാറൂണിനെ വിളിച്ചു, വീട്ടിലെത്തിച്ചേർന്ന വിവരം അറിയിക്കാൻ. പക്ഷേ ഫോണെടുത്തത്‌ ഹാറൂണിന്റെ മകനായിരുന്നു.

" ഉപ്പാ ആശുപത്രിയിലാണു."

ഓ! അത്‌ ഞാൻ മറന്നല്ലോ!. ഹാറൂണിന്റെ വൃദ്ധമാതാവ്‌ വീണു എല്ലിനു പരിക്ക്‌ പറ്റി ആശുപത്രിയില്‍ ആയിരുന്നു. അവരെ കാണാൻ അദ്ദേഹത്തെ ആരെങ്കിലും കൊണ്ട്‌ പോയിരിക്കാം.

"അല്ല ഉപ്പാ ഇന്ന്‌ പകൽ (ഫെബ്രുവരി ഒന്ന്‌) നെഞ്ചു വേദന അനുഭവപ്പെട്ട്‌ ആശുപത്രിയിലായി.....ഇന്റൻസീവ്‌ കേയർ യൂണിറ്റിലാണു..."

അതേ! ഹാറൂൺ വീണ്ടും പരീക്ഷണങ്ങളെ നേരിടുന്നു.എല്ലാം ദൈവത്തിൽ നിന്നുമുള്ളതാണെന്ന ആത്മവിശ്വാസത്തോടെ, എല്ലാം നല്ലതിനാണെന്നുള്ള ഉറച്ച ബോധത്തോടെ അദ്ദേഹം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു.

ഇന്ന്‌ (ഫെബ്രുവരി ആറാം തീയതി) അദ്ദേഹത്തിന്റെ വീടുമായി ബന്ധപ്പെട്ടപ്പോൾ ആഞ്ചിയോഗ്രാം കഴിഞ്ഞു വിദഗ്ധ ചികിൽസക്ക്‌ ശേഷം അദ്ദേഹത്തെ വീട്ടിൽ കൊണ്ട്‌ വന്നു എന്നും രക്തക്കുഴലിലെ ബ്ലോക്ക്‌ ആഞ്ചിയോ പ്ലാസ്റ്ററി ശസ്ത്ക്രിയ നടത്താതെ ഔഷധ പ്രയോഗത്താൽ നീക്കം ചെയ്യാൻ ഡോക്റ്ററന്മാർ ശ്രമിക്കുകയാണെന്നും അത്‌ ഫലിച്ചില്ലാ എങ്കിൽ മാത്രം ശസ്ത്ക്രിയ മതിയെന്നും അറിയാൻ കഴിഞ്ഞു.

സന്ദർശകരോട്‌ അനാരോഗ്യം കാരണം അദ്ദേഹത്തിനു ഇപ്പോൾ സം സാരിക്കാൻ കഴിയില്ല. പരിപൂർണ്ണ വിശ്രമം മാത്രം.

പ്രാർത്ഥിക്കുക! ഹൃദയമുരുകി പ്രാർത്ഥിക്കുക! ആ നല്ല മനുഷ്യനു വേണ്ടി.

ആഗ്രഹിക്കുക! ആത്മാർത്ഥമായി ആഗ്രഹിക്കുക; അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ആയുസ്സിനുമായി. ജീവജാലങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനെ പ്രകൃതി ഇഷ്ടപ്പെടുന്നല്ലോ!!!

22 comments:

  1. ...................
    ഇന്ന് വിളിച്ചിരുന്നു ഹാറൂന്‍ക്കയുടെ ഫോണില്‍,
    മകനാണ് എടുത്തത്... വീട്ടില്‍ വിശ്രമത്തിലാണെന്ന് പറഞ്ഞു.

    ആരോഗ്യത്തിനായി ഹൃദയമുരുകി പ്രാർത്ഥിക്കുന്നു.

    ReplyDelete
  2. പ്രാർത്ഥിക്കുന്നു. ...

    ReplyDelete
  3. ഹാറൂണിന്‍റെ അസുഖം എത്രയും പെട്ടെന്ന് ഭേദമാവാന്‍ 
    പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  4. ഞാനും പോയിട്ടുണ്ട് ഹാറൂണിക്കയുടെ വീട്ടിൽ.
    കെ.പീ.എസ്സിന്റെയും.

    ഹാറൂണിക്കയുടെ ആരോഗ്യം മെച്ചപ്പെടട്ടെ!
    പ്രാർത്ഥനകൾ....

    ReplyDelete
  5. ഞാനും സംസാരിച്ചിരുന്നു ഒരിക്കല്‍.
    ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. അല്ലാഹു പെട്ടന്നു സുഖപ്പെടുത്തട്ടെ

    ReplyDelete
  6. ഹാറൂണ്‍ മാഷുമായി ഞാനും ഒരിയ്ക്കല്‍ സംസാരിച്ചിരുന്നു.

    അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടുകിട്ടാന്‍ ആത്മാര്‍ത്ഥമായും പ്രാര്‍ത്ഥിയ്ക്കുന്നു.

    ReplyDelete
  7. ഹരൂന്ക്കയെ വിളിച്ചിട്ട് കുറച്ച് ആയി. രോഗ വിവരം അറിയില്ലായിരുന്നു. സര്‍വ്വശക്തന്‍ അദ്ദേഹത്തിനു ആരോഗ്യം പ്രദാനം ചെയ്യട്ടെ..

    ReplyDelete
  8. ഞാൻ ഇതുവരെ സംസാരിച്ചിട്ടില്ല അദ്ദേഹത്തോട്. ഇന്നിതു വായിച്ചപ്പോൾ ഒന്നു സംസാരിക്കണമെന്ന് തോന്നി. പക്ഷേ അദ്ദേഹം വിശ്രമത്തിലായതുകൊണ്ട് ചിലപ്പോൾ സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്നു കരുതി, മൂന്നാലു ദിവസം കഴിഞ്ഞു വിളിക്കാം.

    ReplyDelete
  9. എല്ലാ പ്രാര്‍ത്ഥനകളും നേരുന്നു..
    പോസ്റ്റിനു പ്രത്യേകം നന്ദി..

    ReplyDelete
  10. പ്രിയരേ! നിങ്ങളുടെ എല്ലാം പ്രര്‍ത്ഥനകള്‍ സഫലമാകട്ടെ...

    ReplyDelete
  11. പ്രിയമുള്ളവരേ...
    നിങ്ങളുടെയൊക്കെ അകമഴിഞ്ഞ പ്രാര്‍ഥനകള്‍ക്ക് ഉടയതമ്പുരാന്‍ പ്രത്യുത്തരം നല്‍കിത്തുടങ്ങി. ദൈവാനുഗ്രഹത്താല്‍ ഏറെ സൌഭാഗ്യവാനാണിപ്പോള്‍ ഞാന്‍.സരവ്വസ്തുതിയും സര്‍വ്വേശ്വരന്‍..!

    അഞ്ചിയോഗ്രാം പരിശോധനാ പ്രകാരം കണ്ണൂരിലെയും തിരുവനന്തപുരത്തേയും ഡോക്ടറന്മാര്‍ കൂടിയാലോചിച്ച്,മരുന്നുകള്‍ നിര്‍ണയിച്ചിരിക്കുന്നു.അത് കഴിക്കാം,പഥ്യങ്ങള്‍ കണിശമായി പാലിക്കുകയും ചെയ്തോളാം... പക്ഷേ,ഈ മൂന്ന് മാസത്തെ സമ്പൂറ്ണ റെസ്റ്റ്,അതിത്തിരി കട്ടിയാണേ..! ഫോണ്‍ വിളികളോടും വേണം അകലം..!
    അഞ്ചുവര്‍ഷമായി(2006 ഫെബ്ര:26 മുതല്‍) പൂര്‍ണവിശ്രമത്തിലായ ഒരാള്‍ സമ്പൂര്ണറെസറ്റാവണമെന്ന വൈദ്യോപദേശം കേട്ടപ്പോള്‍ എനിക്ക് ഊറിച്ചിരിക്കാതിരിക്കാനായില്ലാ,കേട്ടോ..
    പലരും ഫോണ്‍ വിളിക്കുന്നുണ്ട്,മക്കളും പത്നിയുമൊക്കെയാ മറുപടിക്കുക.ഇന്നലെ എഴുത്തുകാരി വിളിച്ചപ്പോള്‍ ഇളയമകനാ ഫോണെടുത്തേ,അവന്‍റെ മറുപടി എന്നെ ഏറെ രസിപ്പിച്ചു..അവരാണ്‍ ഷരീഫ് സാറിന്‍റെ ഈ ബ്ളോഗിലെ “പരാക്രമം” മകനോട് പറഞ്ഞത്..

    ReplyDelete
  12. എന്റെ പ്രിയസുഹൃത്ത് എല്ലാവരുടെയും പ്രിയസുഹൃത്ത് ആയ ഹാരൂണിന്റെ അയുരാരോഗ്യത്തിനു പ്രാര്‍ഥനയോടെ... ഒപ്പം ഷരീഫ് ഭായിക്കും നന്മ ആശംസിക്കുന്നു.

    ReplyDelete
  13. സന്തോഷായി...പരമകാരുണികന് സ്തുതി.സംസാരിച്ചില്ലെങ്കിലും നമ്മുടെ ഹാറൂണിന്റെ വക രണ്ട് വരി കണ്ടപ്പോള്‍ മനസ്സിന് ഒരു തണുപ്പ് അനുഭവപ്പെട്ടു....


    അജിത്തിന് നന്ദി.

    ReplyDelete
  14. പ്രാര്‍ത്ഥനകള്‍.

    ReplyDelete
  15. പലപ്പോഴും ഫോണില്‍ സംസാരിക്കാറുണ്ടായിരുന്ന ഹാറൂണ്‍ സാഹിബ് കുറച്ചു നാളായിരുന്നു ബന്ധപ്പെട്ടിട്ട്. അങ്ങിനെയിരിക്കുമ്പോഴാണ് നമ്മുടെ വിളിമുക്കുകാരന്‍ റഈസ് വിളിച്ചതും സാഹിബിന്റെ കാര്യം പറഞ്ഞതും. സംസാരിക്കാന്‍ വിലക്കുണ്ടെന്നറിഞ്ഞതിനാല്‍ ഹാഷിമിനെ വിളിച്ചു കാര്യം തിരക്കി.ഹാറൂണ്‍ സാഹിബിനൊരു മെയിലും വിട്ടു. അതിനുള്ള മറുപടിയായാണ് അദ്ദേഹം ഇങ്ങോട്ടുള്ള ലിങ്ക് തന്നത്.എത്രയും വേഗം അദ്ദേഹത്തിന്റെ അസുഖം മാറി പഴയ പോലെ കര്‍മ്മ നിരതനാവാന്‍ ജഗദീശരന്‍ അനുഗ്രഹിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  16. ഞാനും കണ്ടിരുന്നു ആ അപൂര്‍വ്വ വ്യക്തിത്വത്തെ. വിവരം ഇപ്പോഴാണു അറിഞ്ഞത്. എത്രയും പെട്ടന്ന് സുഖമാകട്ടെ......സസ്നേഹം

    ReplyDelete
  17. ഞാനും ഹാറൂണ്‍ മാഷും, പരസ്പരം വിളിക്കാറുണ്ടായിരുന്നു. ഈയിടെ ഞാന്‍ കുറച്ചു തിരക്കിലായതു കൊണ്ട് വിളിക്കാന്‍ പറ്റിയില്ല. അസുഖ ബാധിതനാണെന്നു, ഇപ്പോള്‍ മാത്രമാണ് അറിഞ്ഞത്. നമ്മുടെ എല്ലാവരുടെയും പ്രാര്‍ത്ഥന, തീര്‍ച്ചയായും ജഗദീശ്വരന്‍ കേള്‍ക്കും!

    ReplyDelete
  18. ഹാറൂൺഭായിയുടെ വീട്ടിൽ പോയി അദ്ദേഹത്തെ കണ്ടതും സംസാരിച്ചതും ഓർത്തുപോയി. കാണുന്നതെല്ലാം ക്യാമറയിലാക്കുന്ന എനിക്ക് അദ്ദേഹം കിടക്കയിൽ കിടന്ന ഫോട്ടോ എടുക്കാൻ മനസ്സ്‌വന്നില്ല. പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    ReplyDelete
  19. സലാം,

    മുഹമ്മദ്കുട്ടി,

    യാത്രികന്‍,

    അപച്ചനൊഴാക്കല്‍,

    മിനി,

    പ്രിയരേ നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ സഫലമാകട്ടെ!

    ReplyDelete
  20. കാരുണ്യവാനായ നാഥാ... ഹാറൂണ്‍ക്കയുടെ ആരോഗ്യനില പൂര്‍വാധികം മെച്ചപ്പെടുത്തണേ. സേവനരംഗത്ത് കൂടുതല്‍ ഊര്‍ജസ്വലമാകാനുള്ള ശേഷിയും മനസ്സും നല്‍കണേ..

    ReplyDelete
  21. ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുകയും സ്വീകരിക്കുകയും ചെയ്യേണമേ!

    ReplyDelete