Thursday, October 21, 2010

ടി.ടി.ആറിന്റെ കോട്ട്.

കഴിഞ്ഞ ദിവസം ഒരു ബന്ധുവിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്നു.നഗരത്തിൽസ്ഥിതി ചെയ്യുന്ന ആഡിറ്റോറിയത്തിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നതു. ചടങ്ങിൽ എന്റെചിന്തക്കു വിഷയീഭവിച്ച ഒരു വസ്തുത പ്രതികരിക്കപ്പെടേണ്ടതാണെന്ന തോന്നലിൽ നിന്നാണ് കുറിപ്പുകൾ.

സാമ്പത്തികമായി അത്രക്കു മെച്ചപ്പെട്ടവരല്ല വധുവിന്റെ രക്ഷകർത്താക്കൾ.വരനെ പറ്റിഅന്വേഷിച്ചതിൽ വധുവിനു സമമാണു അവരുടെയും കോശസ്ഥിതി എന്നറിയാന്‍ കഴിഞ്ഞു .

മുസ്ലിം സമുദായത്തിൽ പെട്ടവരാണു വധൂ വരന്മാരെന്നതിനാൽ മുഹൂർത്തം എന്ന സമയ കൃത്യത വിവാഹ ചടങ്ങിനു ഇല്ലായിരുന്നു . വരൻ എത്തിച്ചേരണം;ബിരിയാണി പാകമാകണം. സമയംഏതാണോ അതു തന്നെ മുഹൂര്‍ത്ത സമയം.

ഇവിടെയും അതു തന്നെ സംഭവിച്ചു.ട്രാഫിക്ക്‌ ജാമിൽ പെട്ട വരനും കൂട്ടരും ഒരുവിധംആഡിറ്റോറിയത്തിൽ എത്തി ചേർന്നപ്പോൾ പകൽ ഒരു മണി കഴിഞ്ഞിരുന്നു.

ആൾക്കാരുടെ അക്ഷമക്കും സ്ത്രീകളുടെ കലപിലക്കും വിശന്ന കുഞ്ഞുങ്ങളുടെ കരച്ചിലിനും വരൻഎത്തി ചേർന്നപ്പോൾ ഒട്ടു ശമനം ഉണ്ടായി.

ഞാൻ വരനെ ശ്രദ്ധിച്ചു.

ശരീരത്തിനു അത്രക്ക്‌ പുഷ്ടി ഇല്ലാത്ത ഒരു ചെറുപ്പക്കാരൻ.

വിവാഹ വേഷമായി കറുത്ത ഓവർ കോട്ടും പാന്റും പുറമേ ധരിച്ചിരിക്കുന്നു.

ഓവർ കോട്ടെന്നാൽ ട്രയിനിൽ ടിക്കറ്റ്‌ പരിശോധിക്കാൻ വരുന്ന ടി.ടി.ആർ ധരിക്കുന്നതു പോലുള്ള ഒരുകോട്ടു.

അത്രക്കു പുഷ്ടി ഇല്ലാത്ത ശരീരത്തിൽ കോട്ടും വലിച്ചു കയറ്റി കഴിഞ്ഞ മഴക്കു ശേഷം വന്ന ശക്തിയായ ചൂടു നിറഞ്ഞ വെയിലിൽ യാത്രാ ക്ലേശത്താലും കോട്ടിന്റെ ചൂടിനാലും വിയർത്തൊലിച്ചു ആൾക്കൂട്ടത്തിലൂടെ നിക്കാഹു സ്ഥലത്തേക്കു പാവം വലിഞ്ഞു വലിഞ്ഞു നടന്നു.

വിവാഹവേളയിൽ വേഷം ധരിക്കാൻ ആരാണാവോ അയാളെ ഉപദേശിച്ചതു.?

അടുത്തിരുന്ന മാന്യനോടു വരന്റെ ജോലിയും മറ്റും ഞാൻ തിരക്കി.

"അയാൾക്കു മാർക്കറ്റിലുള്ള ഒരു പീടികയിൽ ചെറിയ കച്ചവടം ഉണ്ടു സാറേ.." അയാൾ പറഞ്ഞു.

"വിദ്യാഭ്യാസം....?"

"പത്താം ക്ലാസ്‌ വരെ പോയ്യീന്നാ അറിവു...."

എന്റെ മനോഗതം പിടികിട്ടിയതിനാലാവാം അയാൾ പറഞ്ഞു.

"ഇപ്പോൾ ഇവിടെ ഇതാണു ഫാഷൻ... കോട്ടും സൂട്ടും ഇട്ടാണു ചെക്കന്മാരു കല്യാണത്തിനുവരുന്നതു. ചെലരൊക്കെ ഹിന്ദി സിനിമയിൽ കാണുന്നതു പോലത്തെ വേഷമായിരിക്കും...ഇറുകിയപൈജാമയും മുട്ടു വരെയുള്ള ജൂബായും ധരിച്ചു കഴുത്തിൽ ചുറ്റി രണ്ടു ഇതളായി ശരീരത്തിന്റെ മുൻവശത്തുകൂടി താഴെ കാലിന്റെ നെരിയാണി വരെ താഴ്ത്തി ഇടുന്ന ഷാളും ഇട്ടു അങ്ങിനെ ഒരു വേഷം...."

വിവാഹ ചടങ്ങു കഴിഞ്ഞു ഈ ചെറുപ്പക്കാരന്‍ കോട്ടു എന്തു ചെയ്യും? ഞാന്‍ ചിന്തിച്ചു.

ഏതായാലും ഈ കോട്ടും ധരിച്ചു അയാള്‍ വ്യാപാരത്തിനായി പീടികയില്‍ പോകില്ല. വിവാഹാനന്തര ദിവസങ്ങളിലെ വിരുന്നുകള്‍ക്കു വധുവുമായി പോകുമ്പോഴും ഈ വേഷം ധരിക്കുകയില്ല എന്നുറപ്പു.

അപ്പോള്‍ വിവാഹചടങ്ങില്‍ കുറേ നിമിഷങ്ങള്‍ ധരിക്കാന്‍ മത്രമായാണു ഈ കോട്ടു അയാള്‍ ഭാരിച്ച വില കൊടുത്തു വാങ്ങിയതു.

സ്ത്രീകള്‍ വിവാഹ സാരിയും മറ്റും പവിത്രമായ വികാരത്താല്‍ വര്‍ഷങ്ങളോളം സൂക്ഷിച്ചു വൈക്കുന്നതും ധരിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ടു.(ചൂരിദാര്‍ രംഗം കയ്യടക്കിയപ്പോഴുള്ള സ്ഥിതി അറിയില്ല.) പക്ഷേ ഈ കോട്ടു അതു പോലെ പിന്നീടു ധരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുമെന്നു പറയാനാവില്ല.

കുറേ നേരത്തേക്കു പൊങ്ങച്ചത്തിനു മാത്രമായി പണം ചെലവഴിച്ച ഒരു വസ്ത്രം; അത്രമാത്രം.

പണക്കാരനു മാത്രമേ ഈ വക വസ്ത്രങ്ങള്‍ ധരിക്കാന്‍ അര്‍ഹത ഉള്ളുവോ അതു പാവപ്പെട്ടവന്‍ ധരിച്ചാല്‍ അകാശം ഇടിഞ്ഞു വീഴുമോ എന്നും മറ്റുമുള്ള സമസ്ഥിതി സിദ്ധാന്തങ്ങള്‍ക്കൊന്നും എനിക്കു ഉത്തരമില്ല. അപ്രകാരമുള്ള ചിന്തയാലല്ല എന്റെ ഈ കുറിപ്പുകള്‍.

പുതുമണവാളനെ (വധുവിനെ) വിവാഹ സമയവും പിന്നീടു കുറെ ദിവസങ്ങളിലും കാണുന്നതു നമ്മുടെ മനസില്‍ അവരോടു ലാളന കലര്‍ന്ന സ്നേഹവും ആനന്ദവും കുളിര്‍മ കലര്‍ന്ന സന്തോഷവും സൃഷ്ടിക്കാറുണ്ടു. അവരെ കാണുമ്പോള്‍ ഒറ്റ നോട്ടത്തില്‍ നവദമ്പതികളെന്നു തിരിച്ചറിയാനും നമുക്ക് കഴിയും.

വേഷം അതിനു നമ്മെ സഹായിക്കുന്നു. പക്ഷേ തീര്‍ച്ച ആയും ഈ കോട്ടല്ല ആ വേഷം.

വിവാഹത്തിനു നാം നമ്മുടെ നാടിനു ചേര്‍ന്ന വേഷങ്ങള്‍ തിരഞ്ഞെടുത്തിരുന്നു. .എല്ലാ ദേശവും ഗോത്രവും അപ്രകാരമായിരുന്നു.

ഉത്തരേന്ത്യന്‍ വിവാഹങ്ങളിലെ വധൂവരന്മാരുടെ വേഷങ്ങള്‍ ശ്രദ്ധിക്കുക. ഭൂരിപക്ഷം വിവാഹങ്ങളിലും പാരമ്പര്യ വസ്ത്ര ധാരണമാണു ഇപ്പോഴും നിലവിലുള്ളതെന്നു കുറേ കാലങ്ങള്‍ക്കു മുമ്പു ഞാന്‍ സംബന്ധിച്ച ഒരു വിവാഹ ചടങ്ങു എന്നെ ബോദ്ധ്യപ്പെടുത്തുന്നു.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പു വരെ മുസ്ലിം വിവാഹങ്ങളിലെ വരന്റെ വേഷം “ദാ പുയ്യാപ്ല വരുന്നു” എന്നു വരനെ കാണുന്നവര്‍ക്കു തിരിച്ചറിയിച്ചു കൊടുത്തിരുന്നു.

അതു ലളിതമായിരുന്നു; പക്ഷേ എടുത്തു കാണിക്കപ്പെടുന്നതുമായിരുന്നു.

ഫാഷന്റെ പുറകേ പായുന്ന ഇന്നത്തെ തലമുറ നമ്മുടെ നാടിന്റെ സംസ്കാരം, നമ്മുടേതായി നാം കരുതുന്ന വേഷഭൂഷാദികള്‍ തുടങ്ങിയവ ഉപേക്ഷിക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

സായിപ്പും മദാമ്മയും അവരുടെ നാട്ടില്‍ നിന്നും ഇവിടെ എത്തി നമ്മുടെ വേഷങ്ങള്‍ ധരിച്ചു നമ്മുടെ ആചാരങ്ങള്‍ കൈ കൊണ്ടു വിവാഹിതിരാകുമ്പോള്‍ നിത്യ ജീവിതത്തില്‍ സായിപ്പു വലിച്ചെറിഞ്ഞ ഓവര്‍ കോട്ടും ധരിച്ചു നാമെന്തിനു പവിത്രമായ വിവാഹ വേദിയിലെത്തണം.

ബര്‍മൂഡായും ധരിച്ചു എന്റെ പിതാവു നടക്കുന്നത് കാണാന്‍ ഇഷ്ടപ്പെടാത്ത എന്റെ മനസ് , നാട്ടില്‍ പ്രചാരത്തിലുള്ള തൂവെള്ള വസ്ത്രങ്ങള്‍ ധരിച്ചു കൈത്തണ്ടില്‍ ഒരു പൂമാലയും തൂക്കി കൊച്ചളിയന്റെ കയ്യും പിടിച്ചു വിവാഹ വേദിയിലേക്കു ആനയിക്കപെടുന്ന പുതുമണവാളനെ കാണാന്‍ കൊതിക്കുന്നു.

7 comments:

  1. നമ്മുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ധൂര്‍ത്ത് പ്രകടമാകുന്നത് വിവാഹ മാമാങ്കതിലാണ്. ചില വിവാഹത്തിനു ഒരൊറ്റ ദിവസം ചെലവാക്കുന്ന കാശുകൊണ്ട് നൂറു പെണ്കുട്ടികള്‍ക്ക്‌ വിവാഹത്തിനുള്ള സാഹചര്യം ഒരുക്കാന്‍ കഴിയും. പണക്കാര്‍ കാട്ടിക്കൂട്ടുന്നതിനെ അനുകരിക്കാന്‍ വേണ്ടി ഇടത്തരക്കാരും കടം വാങ്ങി കാട്ടിക്കൂട്ടുന്ന പേക്കൂത്ത്‌ അവരെ നിത്യ കടക്കാരാക്കി മാറ്റുന്നു. അവസാനം പലപ്പോഴും ഒരു മുഴം കയറില്‍ കുടുംബ സമേതം 'ഭാരം'പരീക്ഷിക്കെണ്ടിയും വരുന്നു.
    മുസ്ലിം സമുദായത്തില്‍ അവരിലെ നേതാക്കള്‍ ഒന്നു കണ്ടറിഞ്ഞാല്‍ തന്നെ ഒരു പരിധി വരെ അനാചാരങ്ങളും ധൂര്‍ത്തും കുറക്കാന്‍ കഴിയും.
    വളരെ വിപുലമായി വിശദീകരിക്കേണ്ട വിഷയം ..
    ഇനിയും വരട്ടെ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ .
    ഭാവുകങ്ങള്‍..

    ReplyDelete
  2. ബര്‍മൂഡായും ധരിച്ചു എന്റെ പിതാവു നടക്കുന്നത് കാണാന്‍ ഇഷ്ടപ്പെടാത്ത എന്റെ മനസ് , നാട്ടില്‍ പ്രചാരത്തിലുള്ള തൂവെള്ള വസ്ത്രങ്ങള്‍ ധരിച്ചു കൈത്തണ്ടില്‍ ഒരു പൂമാലയും തൂക്കി കൊച്ചളിയന്റെ കയ്യും പിടിച്ചു വിവാഹ വേദിയിലേക്കു ആനയിക്കപെടുന്ന പുതുമണവാളനെ കാണാന്‍ കൊതിക്കുന്നു.
    ലാളിത്യത്തിൽ നിന്നും ഫാഷന്റെ അതിപ്രസരങ്ങളിലേക്ക് കൂപ്പുകുത്തിയ ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്.അശ്ലീല ആംഗലേയ പദങ്ങളാൽ നിറക്കപ്പെട്ട റ്റീഷർട്ട് ധരിച്ച് മരണവീട്ടിൽ വന്നു കയറുന്ന കാലം..കലികാലം അല്ലാതെന്താ പരയുക.

    ReplyDelete
  3. ശരിക്കും ശ്രദ്ധിക്കപ്പെടേണ്ട പോസ്റ്റ്.

    എല്ലാ സമുദായങ്ങളിലും വിവാഹധൂർത്ത് അതിരു വിട്ടിരിക്കുന്നു.

    ReplyDelete
  4. അനുകരണം ആപത്താണ് എന്ന തിരിച്ചറിയല്‍ വരുന്നതു വരെ ഇത് തുടര്‍ന്നുകൊണ്ടേയിരിയ്ക്കും.
    ശ്രദ്ധിയ്ക്കപ്പെടേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ പോസ്റ്റ്.

    ചെറിയ ഒരു കാര്യം സൂചിപ്പിയ്ക്കട്ടെ,
    T.T.R അല്ല T.T.E ആണ് ശരി എന്നൊരു തിരുത്തല്‍ വേണമെന്ന് തോന്നുന്നു.
    ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്ക്ക് വരുന്നത് Travelling Ticket Examiner ആ‍ണ്. അതിന്റെ ചുരുക്കം T.T.E

    ReplyDelete
  5. നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന വേഷങ്ങള്‍ തന്നെ ആകണം വിവാഹത്തിനും എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാനും . അതില്‍ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള തരം തിരിവിലൊന്നും കാര്യമില്ല.

    ReplyDelete
  6. വളരെ പ്രസക്തമായ കാര്യം. ആരെങ്കിലും
    എന്തെങ്കിലും കാണിച്ചു എന്നുവെച്ച് അതിനെ പൊക്കിക്കൊണ്ട് നടക്കുന്ന ഏര്‍പ്പാട് വളരെ മോശം തന്നെ. നമ്മുടെ നാട്ടില്‍ മുമ്പുണ്ടായിരുന്ന കല്യാണ വസ്ത്രങ്ങള്‍ക്ക് എന്താണൊരു യോഗ്യത
    കുറവ്.

    ReplyDelete
  7. അവന്റെ കോപ്രായം കണ്ടില്ലേ... കളസം ഇട്ട്‌ നടക്കുന്നത്‌... ഇവളാരെടി... അഹങ്കാരി... ചുരിദാരിൽ കയറാൻ... ഇങ്ങനെയൊക്കെ തന്നെയായിരുന്നു നമ്മൾ... ഇന്ന്‌ സർവസാധാരണമായി... നമ്മുടെ സ്വന്തം വസ്ത്രം...

    ഇന്ന്‌ ബർമുഡയിട്ട്‌ നടക്കുന്ന കുട്ടികളെ കാണുമ്പോൾ പാന്റ്സ് ഇടുന്നവർ പറയുന്നത്‌ ഇവനൊക്കെ വീടിന്‌ പുറത്തേക്ക്‌ വരുമ്പോഴെങ്ങിലും പാന്റ്സ് ഇട്ടുകൂടെ... ഈ പാന്റ്സ് ഇട്ട്‌ തുടങ്ങിയപ്പോൾ ഇവരായിരുന്നു പച്ച പരിഷ്കാരികൾ...

    സംസ്കാരം അങ്ങനെയാണ്‌ അതിന്‌ രാജ്യങ്ങളുടെ അതിർത്തികളില്ല... എല്ലാം പരസ്പരം കൈമാറും... കോട്ട്‌ സായിപ്പിന്റേതാണ്‌... എന്നൊന്നും പതിച്ച്‌ നല്കേണ്ടതില്ല... ചട്ടയും മുണ്ടും ധരിച്ചിരുന്ന കൃസ്താനികൾ സാരിയുടുത്ത്‌ പരിഷ്കാരിയായി... അതുപോലെയുള്ള ഒരു മാറ്റമായി തന്നെ കോട്ടിനെ കണ്ടാൽ മതി... ഇപ്പോൾ ഷെർവാനിയാണ്‌ താരം... നാളെ ഒരു പക്ഷെ ബർമുഡയായിരിക്കും... കാലം മാറ്റങ്ങൾക്ക്‌ വിധേയമാണ്‌...

    ഓഫ്... കല്യാണത്തിന്‌ കോട്ടും വാടകക്ക്‌ ലഭിക്കും...

    ReplyDelete