Thursday, May 6, 2010

മരണം ആകസ്മികമായിരുന്നു .

2010 ഏപ്രിൽ 28-തീയതി അതായതു 7 ദിവസം മുമ്പു പ്രഭാതത്തിൽ ഞാൻ നടക്കാൻ ഇറങ്ങിയതായിരുന്നു. സമയം 6.20.
മുൻ വശത്തെ ഹാളിന്റെ വാതിൽ തുറക്കാനായി ഒരുങ്ങവേ ഇടതു വശം മുറിയുടെ തുറന്നു കിടന്ന വാതിലിലൂടെ എന്റെ ഭാര്യാ മാതാവു കട്ടിലിൽ ഉറങ്ങി കിടക്കുന്നതു ഞാൻ ശ്രദ്ധിച്ചു. പുലരിയിൽ എഴുന്നേറ്റു സുബഹി നമസ്കാരത്തിനു (പുലർച്ചക്കുള്ള പ്രാർത്ഥന)ശേഷം ഉമ്മറത്തു പതിവായി ഇരിക്കുന്ന അവർ ഉറങ്ങിപ്പോയതു കണ്ടപ്പോൾ വിളിച്ചുണർത്താമെന്നു ഞാൻ കരുതിയെങ്കിലും എന്തു കൊണ്ടോ അതിനു മുതിർന്നില്ല.
അഞ്ചു വർഷത്തിനു മുമ്പു എന്റെ ഉമ്മ മരിച്ചതിനു ശേഷം ഉമ്മക്കു കൊടുത്തിരുന്ന സ്നേഹം കൂടി ഈ ഉമ്മക്കു ഞാൻ കൊടുത്തിരുന്നു. 74 വയസ്സു പ്രായം ഉണ്ടെങ്കിലും കൃത്യ്നിഷ്ഠക്കു യാതൊരു ഭംഗവും വരുത്താത്ത അവരുടെ ഉറക്കം കണ്ടപ്പോൾ വാർദ്ധക്യം മനുഷ്യരെ ക്ഷീണിതരാക്കുന്നു എന്ന യാത്ഥാർ ത്യത്തെ തിരിച്ചറിഞ്ഞു അവരെ ഉണർത്തേണ്ട എന്നു കരുതി ഞാൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങി.
നേരം പുലർന്നിരിക്കുന്നു. തലേദിവസം പെയ്ത വേനൽ മഴയിൽ അഴുക്കുകൾ എല്ലാം കഴുകി കളഞ്ഞു പ്രകൃതി പ്രസന്നവദനയായി കാണപ്പെട്ടു.എങ്കിലും ഉമ്മയുടെ ഉറക്കം എന്നെ അലോസരപ്പെടുത്തി. ചരിഞ്ഞു കിടന്നു ഒരുകൈ തലക്കു മുകളിൽ വെച്ചു ശാന്തമായ ഉറക്കം!ഏതായാലും ഭാര്യയെ വിളിച്ചു ഉമ്മായെ ഒന്നു തട്ടി ഉണർത്തുക എന്നു പറയാമെന്നു കരുതി യപ്പോഴാണു ദൂരെ റോഡിലെ സ്റ്റ്രീറ്റ്‌ ലൈറ്റുകൾ നേരം പുലർന്നിട്ടും അണക്കാതിരുന്നതു എന്റെ ശ്രദ്ധയിൽ പെട്ടതു.അനാവശ്യമായി വൈദ്യുതി പാഴാകുന്നു എന്നു കണ്ടു ഞാൻ റോഡിൽ ചെന്നു പോസ്റ്റിലെ ഫ്യൂസ്‌ ഊരി മാറ്റി.ഭാര്യാ മാതാവു പതിവു തെറ്റി ഉറങ്ങുന്നു എന്ന കാര്യം അപ്പോഴേക്കും എന്റെ മനസ്സിൽ നിന്നും പോയി കഴിഞ്ഞിരുന്നു.
ഞാൻ നടപ്പു ആരംഭിച്ചു. ഗ്രാമാന്തരീക്ഷം രാവിലെ ഹൃദ്യമായി അനുഭവപ്പെട്ടു എങ്കിലും 15 മിനിട്ടു കഴിഞ്ഞു എന്റെ മൊബെയിലിലേക്കു വന്ന കാൾ എല്ലാ സന്തോഷവും ഇല്ലാതാക്കി.ഭാര്യയുടെ പരിഭ്രമം നിറഞ്ഞ സ്വരം.
"ഉമ്മയെ വിളിച്ചിട്ടു അനങ്ങുന്നില്ല ശരീരം തണുത്തിരിക്കുന്നു." അവൾ കരയുന്നുമുണ്ടു.
ഞാൻ വേഗത്തിൽ തിരികെ നടന്നു വീട്ടിലെത്തി.
അയൽക്കാർ കൂടിയിട്ടുണ്ടു.ഭാര്യ കരച്ചിൽ തുടരുകയാണു.
ഞാൻ ഉമ്മയുടെ നാഡി പിടിച്ചു പരിശോധിച്ചു. കൺപോളകൾ തുറന്നു ടോർച്ചടിച്ചു നോക്കി.അവർ എന്നെന്നേകുമായി ഉറങ്ങുകയാണെന്നു എനിക്കു ബോദ്ധ്യം വന്നെങ്കിലും സമീപത്തുള്ള ഡോക്റ്ററെ കൂട്ടി കൊണ്ടു വന്നു മരണം സ്ഥിതീകരിച്ചു.
രാവിലെ അവരെ കാണുമ്പോൾ അവർ ശാന്തമായി ഉറങ്ങുകയായിരുന്നു എന്നാണു ഞാൻ ധരിച്ചതു. അപ്പോൾ അവർ മരിച്ചു കിടക്കുകയായിരുന്നു എന്നും അതു തിരിച്ചറിയാതെയാണു ഞാൻ പുറത്തേക്കു പോയതെന്നുമുള്ള പരമാർത്ഥം മനസ്സിലേക്കു ഇഴഞ്ഞു വന്നപ്പോൽ അതിയായ പ്രയാസം തോന്നി.
വിമ്മിവിമ്മി കരയുന്ന ഭാര്യയെയും കുട്ടികളെയും ഉള്ളിൽ നിറഞ്ഞ വേദനയോടെ ഞാൻ സമാധാനപ്പെടുത്താൻ ശ്രമിച്ചു.
" മരണം സുനിശ്ചിതമായ സത്യമാണു; അതിനെ എല്ലാവരും അഭിമുഖീകരിച്ചേ പറ്റൂ"
ഞാൻ അവരോടു പതുക്കെ പറയുകയും "കുല്ലു നഫുസ്സും ദായിഖത്തുൽ മൗത്തു"(മരണത്തിന്റെ രുചി അറിയാത്ത ആരും ഉണ്ടാകില്ല) എന്ന ഖുർ ആൻ വാക്യം അവരെ കേൾപ്പിക്കുകയും ചെയ്തു.
ഉമ്മ മരിച്ചു എന്ന യാഥാർ ത്യവുമായി ഞങ്ങൾ പൊരുത്തപ്പെടുവാൻ തുടങ്ങിയെങ്കിലും പെട്ടെന്നുള്ള അവരുടെ മരണം ഞങ്ങളെ ദുഃഖാകുലരാക്കി എന്നതു സത്യമാണു.ഇന്നലെ രാത്രി 11 മണി വരെ കുടുംബാംഗങ്ങളുമായി ചേർന്നിരുന്നു കളിയും തമാശയും പറഞ്ഞു സന്തോഷത്തോടെ ഉറങ്ങാൻ പോയിട്ടു നേരം വെളുത്തപ്പോൾ അവരിലൊരാൾ നിശ്ശബ്ദയായി എന്ന യാഥാർ ത്യത്തെ മനസ്സിലേക്കു ആവാഹിക്കാൻ പ്രയാസം തന്നെ ആയിരുന്നു.എങ്കിലും ഞങ്ങൾ അതു ഉൾകൊള്ളാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു.
വൈകുന്നേരം അഞ്ചു മണിക്കു പള്ളി പറമ്പിലെ മണ്ണിൽ അവർ അപ്രത്യക്ഷ ആയി.
കഴിഞ്ഞ 7 ദിവസമായി ഉമ്മയുടെ മറ്റു മക്കളും പേരക്കുട്ടികളും മരുമക്കളും അവരുടെ മക്കളും മറ്റുമായി ഒരു വലിയ സംഖ്യ ആൾക്കാർ ഈ വീട്ടിലുണ്ടു.ഇങ്ങിനെ തന്റെ ആൾക്കാർ ഒരുമിച്ചു ഈ വീട്ടിൽ കൂടിച്ചേർന്നു ഇരിക്കുന്നതു ഉമ്മക്കു ഏറ്റവും സന്തോഷമുള്ള കാര്യമായിരുന്നു.
അടുത്ത ദിവസങ്ങളിൽ അവരെല്ലാം പിരിഞ്ഞു പോകും. അവരുടെ വീടുകളിലേക്കു; ജോലികളിലേക്കു; അവരുടെ സ്വകാര്യ സുഖ ദുഃഖങ്ങളിലേക്കു.അവശേഷിക്കുന്ന ഞങ്ങൾ ഈ വീട്ടിലും.ഞങ്ങളാകുന്ന മുത്തു മണികളെ ഒരുമിച്ചു കോർത്തിരുന്ന നൂലായിരുന്നു ഉമ്മ. ആ നൂൽ പോയി കഴിഞ്ഞു. ഇനി ഈ മുത്തു മണികൾ ഇതേ പോലെ ഒരുമിച്ചു കൂടുമോ?
ഉമ്മയുടെ മക്കൾ പണ്ടു ഒരു വീട്ടിലായിരുന്നു.അടിച്ചും കളിച്ചും അവർ വളർന്നു. അവർക്കു സ്വകാര്യ സുഖ ദുഃഖങ്ങൾ ഇല്ലായിരുന്നു. എല്ലാവർക്കും ഒരേ സുഖം ഒരേ ദുഃഖം.പിന്നീടു അവർ വലുതായി. ജീവിത പങ്കാളികളെ തേടി. അവർക്കു സന്താനങ്ങളുണ്ടായി. അവർക്കു സ്വകാര്യ സുഖ ദുഃഖങ്ങളുണ്ടായി.അവരുടേതായ ലോകങ്ങളുമുണ്ടായി. ഉമ്മയും ഇതേപോലെ പണ്ടു ഏതോവീട്ടിൽ സഹോദരങ്ങളുമായി അടിച്ചു കളിച്ചു വളർന്നു. വലുതായി വിവാഹിതയായി.കുട്ടികളായി;പേരക്കുട്ടികളായി, ഉമ്മയുടെ സഹോദരങ്ങളിൽ നിന്നും വേർ പെട്ട ഒരു ലോകത്തിലായി.പേരക്കുട്ടികളും ഇതുപോലെ കളിച്ചു വളർന്നു അവരവരുടെ സ്വന്തം ലോകം നിർമ്മിക്കും.അങ്ങിനെ....അങ്ങിനെ...ഈ ചംക്രമണം തുടർന്നുകൊണ്ടേ ഇരിക്കും.
കൂട്ടത്തിലൊരാൾ പെട്ടെന്നു അപ്രത്യക്ഷമാകുന്നതു മനസ്സിനെ മഥിക്കുന്ന സംഭവം തന്നെ ആണു.അവരുടെ വക ചില സംഭാവനകൾ അവർ പോയി കഴിഞ്ഞതിനു ശേഷവും ഇവിടെ അവശേഷിക്കുമ്പോൾ പ്രത്യേകിച്ചും.
തലയിൽ തേക്കാൻ ഞാൻ ഉപയോഗിക്കുന്ന എണ്ണ ചില പച്ച മരുന്നുകൾ ചേർത്തു ഉമ്മയാണു തയാറാക്കി തരുന്നതു.അവരുടെ മരണത്തിന്റെ തലേദിവസം അതു തയാറാക്കി കുപ്പിയിലാക്കി അവർ അവരുടെ മകളെ (എന്റെ ഭാര്യയെ)ഏൽപ്പിച്ചിരുന്നു. ഇന്നു രാവിലെ അതു ഉപയോഗിച്ചപ്പോൾ ഞാൻ ഓർത്തു. ഇതു തയാറാക്കിയ കൈകൾ ഇന്നു ഇല്ല; പക്ഷേ അവർ തയാറാക്കിയ എണ്ണ ഇപ്പോഴും ഞാൻ ഉപയോഗിക്കുന്നു. മാധവിക്കുട്ടിയുടെ "പായസ്സം" എന്ന കഥ മനസ്സിലേക്കു ഓടി കയറി.
മരണവും അതിനോടനുബന്ധിച്ച വികാര വിചാരങ്ങളും മനസ്സിനെ വല്ലാതെ മൂകമാക്കിയപ്പോൾ ആരോടെങ്കിലും എന്തെങ്കിലും സം സാരിക്കണമെന്നു തോന്നി.എന്റെ ചിന്താ ധാരകൾ അതേപടി ഉൾകൊള്ളാനായി തയാറുള്ള സമാനചിന്താഗതിക്കാരനായ ഒരാളുടെ അഭാവം എന്നെ അസ്വസ്ഥനാക്കിയപ്പോൾ ഞാൻ പ്രശ്സ്തമായ ആ പഴയ റഷ്യൻ കഥ ഓർത്തു.തന്റെ പ്രിയ പുത്രൻ പനി പിടിച്ചു കിടക്കുന്ന കാര്യം ആരോടെങ്കിലും പറയാൻ വെമ്പുന്ന പിതാവായ കുതിരവണ്ടിക്കാരൻ തന്റെ വണ്ടിയിൽ സവാരിക്കു വന്ന എല്ലാ യാത്രക്കാരോടും മകനു പനിയാണു എന്നു പറയാൻ ശ്രമിക്കുകയും അവർ അതു ശ്രദ്ധിക്കാതെ മറ്റു വിഷയങ്ങൾ സം സാരിക്കുകയും ഒടുവിൽ നിരാശനായ വണ്ടിക്കാരൻ മകൻ പനി പിടിച്ചു കിടക്കുകയാണെന്ന വസ്തുത തന്റെ കുതിരയോടു പറഞ്ഞു ആശ്വാസം തേടുകയും ചെയ്യുന്ന കഥ.
അതേ! എന്റെ മനസ്സിലെ ചിന്താ ധാരകൾ പകർന്നു കൊടുക്കാൻ എനിക്കു ഒരു കുതിരയുണ്ടു.എന്റെ ബ്ലോഗ്‌!
അതിനോടു ഞാൻ എന്റെ ഈ അനുഭവം പങ്കു വെക്കുന്നു; എന്റെ മനസ്സിലെ മൂകത മാറ്റാൻ.

12 comments:

  1. മനസ്സിനെ തൊടുന്ന അവതരണം, മാഷേ.

    വേറെ ഒന്നും പറയാനില്ല. ആ ആത്മാവിന് നിത്യശാന്തി നേരുന്നു.

    ReplyDelete
  2. മനസ്സില്‍ തട്ടിയ അവതരണം.

    പ്രാര്‍ത്ഥനകളോടെ

    ReplyDelete
  3. വേര്‍പാട് എന്നും വേദന മാത്രമേ സമ്മാനിക്കാറുള്ളൂ....

    ReplyDelete
  4. ശരീഫിക്ക നിങ്ങളുടെ ബ്ലോഗെന്ന കുതിരവണ്ടിയില്‍ കയറുന്ന യാത്രക്കാരായി ഞങ്ങളെ കാണൂ. നിങ്ങളോടൊപ്പം നിങ്ങളുടെ ഈ ഉമ്മയുടെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നു.

    O.T.ഫോണ്ടുനിറം കറുപ്പാകുന്നതും ഖണ്ഡിക തിരിക്കുന്നതും വായനക്ക് കുറേകുടി സുഖം നല്‍കുമെന്ന് തോന്നുന്നു.

    ReplyDelete
  5. ശ്രീ, മുഫാദ്‌, മാറുന്ന മലയാളി,
    പ്രിയസ്നേഹിതരേ! സ്വാന്തനം എത്ര നല്ല മരുന്നാണെന്നോ! നിങ്ങളുടെ തലോടലിനു ഏറെ നന്ദി.
    പ്രിയ ലത്തീഫ്‌, സ്നേഹിതാ, താങ്കൾക്കും നന്ദി.
    ഫോണ്ടു നിറം ഇനി കറുപ്പാക്കാൻ ശ്രമിക്കുന്നു. പക്ഷേ ഖണ്ഡിക തിരിച്ചു വരമൊഴിയിൽ ടൈപ്പു ചെയ്തു, ബ്ലോഗിലേക്കു കോപ്പി പേസ്റ്റു ചെയ്യുമ്പോഴും അതു ഖണ്ഡിക ആയി തന്നെ കാണുന്നു എങ്കിലും പബ്ലിഷ്‌ ബട്ടണിൽ അമർത്തി കഴിഞ്ഞു വരുന്ന മാറ്റർ വീണ്ടും എഡിറ്റ്‌ ബട്ടണിൽ അമർത്തുമ്പോൾ വരുന്നതു ഇപ്പോൾ കാണുന്ന പരുവത്തിലാണു. ആ അവസ്ഥയിൽ വീണ്ടും പാരാ തിരിക്കാൻ കഴിയുമോ?(എഡിറ്റ്‌ ബട്ടൺ അമർത്തി കഴിഞ്ഞു കാണപ്പെടുന്ന അവസ്ഥയിൽ)കമ്പ്യൂട്ടറിൽ എനിക്കു വലിയ പരിജ്ഞാനം ഇല്ല.പിന്നെ ഒരുവിധം തട്ടി മൂളിച്ചു പോകുന്നു എന്നു മത്രം.ആവശ്യമായ നിർദ്ദേശം തരുമല്ലോ?

    ReplyDelete
  6. ചിന്തിപ്പിക്കുന്ന അവതരണം

    ഷരീഫ്ക്കായുടെ ഭാര്യാമാതാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  7. നമുക്ക് വേണ്ടപ്പെട്ടവര്‍,വിശിഷ്യാ പ്രായമുള്ളവര്‍
    വേര്‍പിരിയുമ്പോള്‍ വല്ലാതൊരു വിരഹവേദന
    സൃഷ്ടിക്കും...ചിലര്‍ ദൌത്യം പൂര്‍ത്തിയാക്കി
    മരിക്കുന്നു,മറ്റു ചിലര്‍ അതിന്‍ തയാറെടുക്കുന്നു..
    ഇനിയും ചിലര്‍ വിധികാത്തു കഴിയുന്നു...
    എന്തായാലും മരിക്കാതിരിക്കാനാകില്ല..
    വിട്ടുപിരിഞ്ഞ നിങ്ങളുടെ അമ്മായിഉമ്മയുടെ
    പരലോകമോക്ഷത്തിനും,സന്തപ്തകുടുംബത്തിന്‍റെ
    ആശ്വാസത്തിനും പ്രാര്‍ത്ഥിക്കുന്നു..

    ReplyDelete
  8. പ്രിയപ്പെട്ട ചിന്തകൻ, സ്വാന്തനത്തിനും അഭിപ്രായത്തിനും ഹൃദയംഗമായ നന്ദി.
    പ്രിയം നിറഞ്ഞ ഹാറൂൺ-ഒരു നുറുങ്ങു-ആ പറഞ്ഞതു നൂറ്റുക്കു നൂറു ശരി; കാരണം അതു എനിക്കു ഇപ്പോൾ അനുഭവപ്പെട്ടു കൊണ്ടീക്കുന്നു.ആ പ്രാർത്ഥനകൾ പരമകാരുണികൻ കൈകൊള്ളുമാറാകട്ടെ.

    ReplyDelete
  9. താങ്കളുടെ വികാരം ഞാനും പങ്കുവെക്കട്ടെ...

    ReplyDelete
  10. പാവം ഞാൻ, പ്രിയ സ്നേഹിതാ, നമ്മുടെ വികാരം പങ്കു വൈക്കാൻ കൂട്ടിനു ഒരാൾ ഉണ്ടാകുന്നതു എത്ര സമാധാനപ്രദമാണു.

    ReplyDelete
  11. manassine pidichulakkunna avatharanam...... aashamsakal.................

    ReplyDelete
  12. നന്ദി ജയരജ്‌ മുരുക്കുമ്പുഴ

    ReplyDelete