മതിലുകൾ...മതിലുകൾ.
മലയാള നാട്ടിൽ അങ്ങോളമിങ്ങോളം മതിലുകളാണ്. മൂന്ന് സെന്റ് സ്ഥലം മാത്രമാണെങ്കിലും അതിൽ വീട് നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചുറ്റ് മതിൽ തീർന്നിരിക്കും.മനസ്സ് ഇടുങ്ങുന്നതിനോടൊപ്പം തന്നെ സ്വാർത്ഥത കൂടിക്കൊണ്ടിരിക്കുന്നു. നമ്മുടെ സുരക്ഷ ആണ് പ്രധാനമെന്നും അത് കൊണ്ട് തന്നെ മതിലുകൾ അത്യന്താപേക്ഷിതമാണ് എന്നൊക്കെ ന്യായീകരണം ഉയർത്തുന്നുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇന്ന് കാണുന്ന പോലെയുള്ള മതിലുകൾ ഇല്ലാതിരുന്ന കാലത്ത് മനുഷ്യന് സുരക്ഷ ഇല്ലായിരുന്നോ എന്ന ചോദ്യമാണ് അതിന് മറുപടി.. എന്റേത്....എന്റേത്....എന്ന ചിന്ത ഉടലെടുത്ത നാൾ മുതൽ മതിലിന്റെ ചരിത്രം ആരംഭിക്കുന്നു.
പണ്ട്നിരത്തിനരികിലും പണക്കാർക്കുമായിരുന്നു മതിലുകൾ കണ്ട് വന്നിരുന്നത്. സാധാരണക്കാർ പത്തലുകളും മുളവാരിയും കൊണ്ടും മറ്റും വേലികൾ ഉണ്ടാക്കിയിരുന്നു. മണൽ പ്രദേശങ്ങളല്ലാത്തിടത്ത് മൺ കയ്യാലകളും കാണപ്പെട്ടു. പക്ഷേ അതൊന്നും അയല്പക്കക്കാർക്ക് കയറി വരാനുള്ള തടസ്സം സൃഷ്ടിച്ചിരുന്നില്ലല്ലോ. അവർ വേലിക്കരികിൽ നിന്നും കയ്യാലക്കപ്പുറവും ഇപ്പുറവും നിന്നും ഞായം പറഞ്ഞു,നാട്ടിലെ വിശേഷങ്ങൾ പങ്ക് വെച്ചു.
പക്ഷേ മതിലുകളും അതിൽ ഉറപ്പിച്ചിരിക്കുന്ന ഗേറ്റുകളും അയൽ വാസിക്ക് സുഗമമായി കടന്ന് കയറുന്നതിന് മനസ്സിൽ മടി ഉളവാക്കിയെന്നത് തികച്ചും സത്യമായിരുന്നു. അങ്ങിനെ മതിൽ ജ്വരം നാടിലാകെ പടർന്ന് പിടിച്ചു നാട്ടിലാകെ മതിലുകളായി.മനുഷ്യന്റെ മനസ്സും ഇടുങ്ങി പോയി.
എന്റെ ബാല്യത്തിൽ ആലപ്പുഴ വട്ടപ്പള്ളിയിൽ മതിലുകൾ അപൂർവമായിരുന്നു. പണക്കാരിലും നിരത്തിനരികിലും മാത്രം മതിലുകൾ. ബാക്കി ഇടങ്ങളിലെല്ലാം വേലികൾ ഉണ്ടായപ്പോൾ ചില ഇടങ്ങളിൽ അതുമില്ലാതായിരുന്നു. ഒരു തടസ്സവുമില്ലാതെ ആളുകൾ നിർബാധം പറമ്പുകളിലൂടെ കടന്ന് സഞ്ചരിച്ചിരുന്നു. . അന്ന് ഞങ്ങൾ വെളുക്കുമ്പോൾ കുളിക്കാൻ പോകുമ്പോൾ വേലിക്കൽ നിന്നവരൊട് കിന്നാരം പറഞ്ഞു. വേലിപ്പഴുതിലൂടെ ഒളിച്ചും പാത്തും സംസാരിച്ചു. അത്യാവശ്യം ശ്രദ്ധ ആകർഷിക്കാൻ ചെറു കല്ലുകൾ വേലിക്ക് മുകളിലൂടെ എറിയുകയും ചെയ്തു. അങ്ങിനെ ഒരു കല്ല് എന്റെ കളിക്കൂട്ടുകാരി എറിഞ്ഞത് എന്റെ ഉമ്മയുടെ ശരീരത്ത് വീഴുകയും “ഏത് പന്നി ബലാലാണ് കല്ലെറിയുന്നത് എന്ന് ഉമ്മാ ചോദിച്ച സംഭവങ്ങളും ഞങ്ങളുടെ ബാല്യ കാലത്ത് ഉണ്ടായിട്ടുണ്ട്.
മതിലുകൾ ഇല്ലാത്ത ആ കാലത്ത് രാത്രിയിൽ നിലാവ് പരന്നൊഴുകുമ്പോൾ അയൽ പക്കക്കാർ ഉറക്കം വരുന്നത് വരെ മുറ്റത്ത് വട്ടം കൂടി ഇരുന്ന് നാട്ട് വിശേഷങ്ങൾ പറയുമായിരുന്നു. നാട്ടിലെ എല്ലാ അത്യാഹിതങ്ങളും പരിഹാരങ്ങളും അവിടെ ചർച്ച ചെയ്യപ്പെടും. സ്വന്തം ആവലാതികളും ബുദ്ധിമുട്ടും ദാരിദ്യവും പർസ്പരം പങ്ക് വെച്ചിരുന്നു. അത് പരസ്പരം പറയാൻ മടിയുമില്ലായിരുന്നു എന്നത് മാത്രമല്ല ആ പരസ്പരം പങ്ക് വെക്കൽ മനസ്സിന് ആശ്വാസവുമായിരുന്നു അപ്രകാരമുള്ള ചർച്ചകളിലൂടെ ഇരുന്നാഴി അരിയും അൽപ്പം വെളിച്ചെണ്ണയും രണ്ട് മുളകും കൊടുക്കാനുള്ള സന്നദ്ധതയും ഉണ്ടാകുമായിരുന്നു.
കാലം കടന്ന് പോയപ്പോൾ മനസ്സ് ഇടുങ്ങി വന്നു.മനുഷ്യർ സ്വന്തത്തിൽ മാത്രം ഒതുങ്ങുകയും അപരന്റെ ദുഖത്തിൽ ഇടപെടാതിരിക്കുകയും ചെയ്തു. നാണക്കേട് തോന്നൽ അധികരിച്ച് വന്നതിനാൽ ദുഖം പങ്ക് വെക്കലും അവസാനിച്ചു. വെളുക്കുമ്പോൾ കുളിയുമില്ല വേലി ഇല്ലാത്തതിനാൽ വേലിക്കൽ നിൽപ്പും ഇല്ലാതായി. കിളിച്ചുണ്ടൻ മാങ്ങ പരസ്യമായി കടിക്കൽ നാണക്കേടുമായി. അവരവരുടെ മനസ്സിൽ എല്ലാവരും ഒതുങ്ങി കൂടിയപ്പോൾ മതിലുകൾ അധികരിക്കുകയും ചെയ്തു.
അങ്ങോളമിങ്ങോളം മതിലുകളും മതിലുകൾക്കുള്ളിലെ റോബോട്ടുകളുമായി മാറി നമ്മൾ.
No comments:
Post a Comment