Wednesday, March 20, 2024

കാക്കത്തമ്പുരാട്ടി

 അന്നത്തെ നോമ്പ് തുറ സമയ്ത്ത് ഞാൻ മദ്രാസ്സിലെ  മെറീനാ ബീച്ചിലായിരുന്നു. കുറച്ച് മുമ്പേ ട്രിപ്ളിക്കൻ ഹൈവേയിൽ നിന്നും നടന്ന് അവശനായി എത്തിയ ഞാൻ  ബീച്ചിലെ ഒഴിഞ്ഞ  സ്ഥലത്ത് വിഷാദ  മൂകനായി വിദൂരതയിലേക്ക് കണ്ണും നട്ട് ഇരിക്കുകയായിരുന്നു.

കൗമാര പ്രായത്തിലെ ആവേശത്തിൽ മദിരാശി പട്ടണത്തിൽ സിനിമായിൽ അഭിനയിക്കാനെത്തിയ എനിക്ക് കിട്ടിയ ജോലി  സ്റ്റുഡിയോവിൽ ക്യാമറ കെട്ടി വലിക്കലായിരുന്നു. തുച്ഛമമായി കിട്ടിയിരുന്ന കൂലി കൊണ്ട് അന്നന്നത്തെ ചെലവുകൾ കഷ്ടിച്ച് കഴിച്ച് കൂട്ടാമെന്നേയുള്ളൂ. എങ്കിലും ഇഷ്ട നടീ നടന്മാരെ  തൊട്ടടുത്ത് കാണാൻ കഴിഞ്ഞിരുന്നതിനാൽ മറ്റ് ബുദ്ധിമുട്ടുകൾ  ഞാൻ അവഗണിച്ചു. 

 ഞാൻ ഉറങ്ങിയിരുന്നത് സൈദാ പേട്ട് സിമിത്തേരിയിൽ മാർബിൾ പാകിയ ശവക്കല്ലറകളുടെ മുകളിലായിരുന്നു. അത് കൊണ്ട് പീടിക തിണ്ണയിൽ ഉറങ്ങുമ്പോൾ കിട്ടുന്ന പോലീസിന്റെ ലാത്തി കൊണ്ടുള്ള കുത്തിൽ നിന്നും രക്ഷപെടാൻ സാധിച്ചിരുന്നു.  ശ്മശാനത്തിലെ ഉറക്ക സ്ഥലത്ത് കൂട്ടിന് വേറെയും പലരും ഉണ്ടായിരുന്നതിനാൽ ഭയം മാറി കിട്ടിയിരുന്നുവല്ലോ. എങ്ങിനെയും സിനിമായിൽ കയറി പറ്റണം അത് മാത്രമായിരുന്നു ആ കാലത്തെ ലക്ഷ്യം.

സ്റ്റുഡിയോയിൽ ജോലി ഇല്ലാത്ത ദിവസങ്ങൾ കഴിഞ്ഞ് പോയിരുന്നത് മുഴു പട്ടിണിയിലായിരുന്നു . ആ നോമ്പ് കാലത്ത് രണ്ട് മൂന്ന് ദിവസം സ്റ്റുഡിയോവിൽ ജോലി തരപ്പെട്ടില്ല. പകൽ നോമ്പ് പിടിച്ചും,സന്ധ്യക്ക് തൗസൻട് ലൈറ്റിലെ പള്ളിയിൽ കിട്ടുന്ന പഴങ്ങൾ കൊണ്ട് നോമ്പ് തുറന്നും രാത്രി പച്ച വെള്ളം കുടിച്ചും എങ്ങിനെയെല്ലാമോ രണ്ട് ദിവസങ്ങൾ തള്ളി നീക്കി.. മൂന്നാം ദിവസമായ ഇന്ന് തൗസൻട് ലൈറ്റിൽ പോകാൻ കഴിഞ്ഞില്ല നടന്ന് അവശനായ ഞാൻ ബീച്ചിൽ വന്ന് തളർന്നിരിക്കുകയാണ്.

ഞാൻ ഇരിക്കുന്നതിന് കുറേ അകലത്തിൽ ഒരു ഉന്ത് വണ്ടിയിൽ ഒരു വല്യമ്മ ഇഡ്ഡിലിയും  സാമ്പാറും മറ്റെന്തൊക്കെയോ ആഹാര സാധനങ്ങളും കച്ചവടം തകൃതിയിൽ നടത്തുന്നുണ്ട്.സന്ധ്യ ആയി വരുന്നതേ ഉള്ളൂവെങ്കിലും വല്യമ്മയുടെ സഹായി പയ്യൻ  പെട്രോമാക്സ് കത്തിച്ച് സ്റ്റൂളിന് മുകളിൽ വെച്ചിട്ടുണ്ട്. ആൾക്കാർ വല്യമ്മയിൽ നിന്നും ഇഡ്ഡിലി വാങ്ങി ഇലയിൽ വെച്ച് അതിന് മുകളിൽ കുമ്പിൾ കുത്തി സാമ്പാർ ഒഴിപ്പിച്ച് വണ്ടിക്ക് നാല് ചുറ്റും മണലിൽ ചടഞ്ഞിരുന്ന്കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാതെ  കൊതി തോന്നി..  സാമ്പാറിന്റെ മണം കാറ്റിലൂടെ ഒഴുകി വന്ന് എന്നെ ശരിക്കും വിശപ്പ് അനുഭവിപ്പിച്ചു. എന്ത് ചെയ്യാനാണ് എന്റെ കയ്യിൽ ഒരു പൈസാ പോലുമില്ല. ഞാൻ അൽപ്പം അകലത്തിലുള്ള പൈപ്പിന് സമീപം ചെന്ന് വെള്ളം കുടിച്ച് നോമ്പ് തുറന്ന് വീണ്ടും പഴയ സ്ഥാനത്ത് വന്നിരുന്നു.

അപ്പോഴാണ് ഞാൻ ആ കറുത്ത യുവതിയെ ശ്രദ്ധിച്ചത്.. കറു കറുത്ത് മെല്ലിച്ച അവൾ എന്റെ മുമ്പിലൂടെ രണ്ട് മൂന്ന് തവണ ചാടി തുള്ളി കടന്ന്  എന്റ് ശ്രദ്ധ പിടിച്ച് പറ്റാൻ ശ്രമിക്കുകയായിരുന്നു. മദിരാശിയിൽ കുറേ നാളുകളായി കഴിയുന്ന എനിക്ക് ഈ വർഗത്തിന്റെ പെരുമാറ്റങ്ങൾ തിരിച്ചറിയാൻ പ്രയാസമില്ലാതിരുന്നതിനാൽ ഞാൻ ആ ഭാഗത്തേക്ക് നോക്കിയതേ ഇല്ല. അൽപ്പം കഴിഞ്ഞ് അവൾ എന്റെ അടുത്ത് വന്ന് നിന്ന് ഒരു കണ്ണടച്ച് കാണിച്ചപ്പോൾ ഞാൻ ദേഷ്യ ഭാവത്തിൽ മുഖം തിരിച്ച് കളഞ്ഞു.അൽപ്പം കഴിഞ്ഞ് യുവതി എന്റെ മുമ്പിൽ വന്ന് മണലിൽ ചടഞ്ഞിരുന്ന് മുഖത്തേക്ക് നോക്കി ചീരിക്കാൻ തുടങ്ങി. കറുത്ത മുഖത്ത് വെളുത്ത പല്ലുകൾ വെട്ടി തിളങ്ങിയത് കണ്ട്. എനിക്ക് ഭയം തോന്നി. അവിടെ നിന്നും എഴുന്നേറ്റ് മാറാൻ ഞാൻ ഒരുങ്ങുന്നത് കണ്ടപ്പോൾ പെട്ടെന്ന് അവൾ ചാടി എഴുന്നേറ്റ് എന്റെ കയ്യിൽ തൊട്ടു, എന്നിട്ട് പിന്നെയും ചിരിക്കാൻ തുടങ്ങി.

വിശന്ന് അവശനായിരുന്ന എനിക്ക് വല്ലാതെ ദേഷ്യം ഉണ്ടാവുകയും ആ യുവതിയെ നോക്കി “ മനുഷ്യൻ വിശന്ന് ചാവുമ്പോഴാണോ നിന്റെ കോപ്രായങ്ങൾ...പോടീ പുല്ലേ ചൂലേ..എന്ന് മലയാളത്തിൽ കയർത്ത് സംസാരിക്കുകയും ചെയ്തു.വിശപ്പും നിസ്സഹായാവസ്ഥയുമാണ് അപ്രകാരം പെരുമാറാൻ എന്നെ പ്രേരിപ്പിച്ചത്. എന്റെ ഭാവങ്ങൾ കണ്ടത് കൊണ്ടാവാം അവൾ എന്റെ നേരെ ചോദ്യസ്വരത്തിൽ എന്തോ പറഞ്ഞു  ആ ഭാഷ തമിഴ് അല്ലായിരുന്നു എന്നെനിക്ക് തീർച്ചയുണ്ട്. അത് തെലുങ്ക് ആകാം ഒറിയ ആകാം.

ഞാൻ എന്റെ ഷർട്ട് പൊക്കി വയർ  കാണിച്ച് വീണ്ടും ആവർത്തിച്ച് “മനുഷ്യൻ വിശന്ന് ചാവുമ്പോഴാണോടീ.എന്റെ നേരെ നിന്റെ ഇളീച്ച് കാട്ടൽ.....?

.അവൾ ചിരി നിർത്തി എന്നെ തുറിച്ച് നോക്കി. എന്ത് കൊണ്ടോ എനിക്ക് ആകെ നാണക്കേടും സങ്കടവും ദേഷ്യവും എല്ലാം കൂടി വന്നു.  നിസ്സഹായത കൊണ്ടാകാം കണ്ണുകൾ നിറഞ്ഞു. കാൽ മുട്ടുകളിൽ തല ചായ്ച്ച് ഞാൻ കുനിഞ്ഞിരുന്നു.

തല ഉയർത്തി നോക്കിയപ്പോൾ അവൾ വല്യമ്മയുടെ കടയിലേക്ക് പായുന്നതാണ് ഞാൻ കണ്ടത് .അവൾ ധരിച്ചിരുന്ന സാരി തോൾ ഭാഗത്ത് കൊടി പോലെ കടൽ കാറ്റേറ്റ് പാറി നിന്നിരുന്നു. . അൽപ്പം കഴിഞ്ഞപ്പോൾ അവൾ ഇലയിൽ ഇഡ്ഡിലിയും സാമ്പാറുമായി  എന്റെ നേരെ വരുന്നു. എന്റെ മുമ്പിൽ ചടഞ്ഞിരുന്നു ഇഡ്ഡിലി പൊതി,  രണ്ട് കൈകൾ കൊണ്ട് എന്റെ നേരെ നീട്ടി. പൊതിയിൽ നിന്നും സാമ്പാർ ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു.  അവളുടെ ഭാഷയിൽ എന്നോട് പൊതി വാങ്ങുവാനും ഞാൻ തിന്നുവാനുമാണ്  ആവശ്യപ്പെടുന്നതെന്ന് എനിക്ക് തോന്നി. വിശപ്പും നാണം കൊണ്ടുള്ള മടിയും കൂടി എന്നിൽ ഗുസ്തി മൽസരം നടത്തി. വിശപ്പ് ജയിച്ചതിനാൽ ഞാൻ കൈ നീട്ടി ആ പൊതി വാങ്ങി.

ഇല മടിയിൽ വെച്ച് ഞാൻ ആ ഇഡ്ഡിലി ആർത്തിയോടെ കഴിക്കാൻ തുടങ്ങി. കഴിഞ്ഞ് പോയ ഒരു നോമ്പ് കാലത്ത് എന്റെ ബാല്യ കാല സഖി അവളുടെ വീട്ടിൽ നിന്നും അവൾക്ക് കഴിക്കാൻ കൊടുത്ത ബിരിയാണിയുടെ ഓഹരി ആരും കാണാതെ എനിക്ക് കൊണ്ട് തന്നതും ഞാൻ അൽപ്പം പോലും അവൾക്ക് കൊടുക്കാതെ മുഴുവനും തിന്നതുമായ ഓർമ്മ എന്റെ മനസ്സിലേക്ക് കടന്ന് വന്നു.

 ഞാൻ കറുമ്പിയോട് ആംഗ്യ ഭാഷയിൽ അവൾക്ക് ഇഡ്ഡിലി വേണ്ടേ എന്ന് ചോദിച്ചപ്പോൾ വേണ്ടാ എന്ന്  തല ആട്ടി കാണിച്ചു. വിശപ്പിന്റെ വെപ്രാളത്താലുള്ള എന്റെ തീറ്റ  ആഹാരം  നെറുകയിൽ കയറ്റി ഞാൻ ചുമക്കാൻ തുടങ്ങിയപ്പോൾ അവൾ എന്റെ ഉച്ചിയിൽ അടിക്കുകയും എന്തോ പുലമ്പുകയും ചെയ്തു.

ഇഡ്ഡിലി കഴിച്ച് തീർന്നു എന്ന് കണ്ട്  ഇനിയും വേണോ എന്നവൾ ആംഗ്യ ഭാഷയിൽ ചോദിച്ചു ഞാൻ നിഷേധ ഭാവത്തിൽ തലയാട്ടിയപ്പോൾ അവൾ ആ പല്ലിന്റെ വെളുപ്പ് മുഴുവൻ പുറത്ത് കാണിച്ച് ചിരിച്ചു. എന്റെ മുഖത്തും അപ്പോൾ പിഞ്ചിരി വന്നു.അത് കണ്ടത് കൊണ്ടാവാം വല്ലാത്ത ഒരു സന്തോഷം അവളുടെ മുഖത്ത് ഞാൻ കണ്ടു.അപ്പോൾ അടുത്ത് വന്ന് എന്റെ വായ്ക്ക് സമീപം പറ്റിയിരുന്ന ഭക്ഷണ ഉച്ചിഷ്ടം അവൾ കൈ കൊണ്ട് തുടച്ച് മാറ്റി, അതിനോടൊപ്പം എന്റെ കവിളിൽ തലോടുകയും ചെയ്തു/

കൈ കഴുകാൻ ഞാൻ പൈപ്പിനടുത്തേക്ക് പോയപ്പോൾ ഞാൻ കഴിച്ച ഇല അവൾ താഴെ നിന്നും ചുരുട്ടി  എടുക്കുന്നതാണ് അവസാനമായി  കണ്ടത്. ഞാൻ തിരികെ വരുമ്പോൾ അവളെ അവിടെങ്ങും കണ്ടില്ല. ഞാൻ നാല് ചുറ്റും പരതി നോക്കി. ഇല്ലാ ആ സന്ധ്യാ വെട്ടത്തിൽ അവൾ എവിടേക്കോ അപ്രത്യക്ഷയായി. ഞാൻ അവിടെയെല്ലാം രാത്രിയിലെ ഇരുട്ട് പരക്കുന്നത് വരെ അവളെ തിരക്കി നടന്നു. എന്ത് കൊണ്ടോ മനസ്സ് വല്ലാതെ തേങ്ങി..അവൾ എവിടെ പോയി?!!!

പിറ്റേന്ന് സ്റ്റുഡിയോയിൽ ജോലി ഉണ്ടായിരുന്നു. ജോലി തീർന്ന സായാഹ്നത്തിൽ  ഞാൻ ബീച്ചിൽ വന്നു വല്യമ്മയുടെ ഇഡ്ഡിലി വണ്ടിക്ക് സമീപവും ഞാൻ ഇരുന്ന ഭാഗത്തും അവളെ തിരക്കി. നിരാശയായിരുന്നു ഫലം. അതിനടുത്ത ദിവസവും അത് പോലെ തന്നെ ആയി. അതിനടുത്ത  ദിവസം  റ്റി. നഗറിലെ  നോർത്ത് ക്രസന്റ് റോഡിലെ ഒരു കെട്ടിടത്തിൽ വെച്ച് യാദൃശ്ചികമായി ഞാൻ പ്രേം നസീറിനെ കണ്ടതും എന്റെ  സിനിമാ അഭിനയ മോഹം അദ്ദേഹത്തോട് പറഞ്ഞതും അഞ്ച് രൂപാ നോട്ടുകളിൽ അഞ്ചെണ്ണം അദ്ദേഹം എനിക്ക് തന്ന് നാട്ടിലേക്ക് ഉടനേ വണ്ടി കയറിക്കോ എന്ന് ദേഷ്യവും സ്നേഹവും കലർന്ന ഭാവത്തിൽ ഉപദേശിച്ചതും ഞാനത് അനുസരിച്ച്  മദിരാശിയോട് യാത്ര പറഞ്ഞതും  ഇതിനു മുമ്പ്  എന്റെ ബ്ളോഗിലും ഫെയ്സ് ബുക്കിലും പ്രസിദ്ധീകരിച്ചതുമായ സംഭവം ഇവിടെ ആവർത്തിക്കുന്നില്ല. അടുത്ത കാലത്ത് ഞാൻ പ്രസിദ്ധീകരിച്ച “ഒരു അമ്പഴങ്ങാ പ്രേമവും കുറേ അനുഭവങ്ങളും“എന്ന പുസ്തകത്തിലും ആ അനുഭവം ഉൾക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ടല്ലോ.

ഞാൻ നാട്ടിലേക്ക് പോകുന്ന അന്നേ ദിവസം വൈകുന്നേരവും ബീച്ചിൽ പോയി ഞാൻ എന്റെ കറുമ്പിയെ അന്വേഷിച്ചുവെങ്കിലും അവൾ മായയായി എവിടെയോ മറഞ്ഞ് കളഞ്ഞു..

 കാലം ഓടി പോയി എങ്കിലും പല തവണ ഞാൻ ചെന്നൈ ആയ മദിരാശിയിൽ    പോയപ്പോഴെല്ലാം മറീന ബീച്ചിലെത്തിയെങ്കിലും   കറുത്ത് മെലിഞ്ഞ വെളുത്ത പല്ലുകളുള്ള  കാക്ക തമ്പുരാട്ടിയെ...ഇത് വരെ എനിക്ക് കാണാൻ സാധിച്ചിട്ടില്ല.

എന്നെയും കടന്ന് പുറകിലേക്ക് പാഞ്ഞ് പോയ അനേകായിരം ഇന്നലെകളിൽ ഞാനുമായി അടുക്കുകയും  പിന്നീട് എവിടേക്കെന്നില്ലാതെ  വേർ പിരിഞ്ഞ് പോവുകയും ചെയ്ത പല സൗഹൃദങ്ങളുടെ കൂട്ടത്തിൽ പേരറിയാത്ത അവളും കൂട്ട് ചേർന്നു എന്ന് കരുതുന്നു.

 എങ്കിലും ഈ നോമ്പ് കാലത്ത് വിരസമായ ഏകാന്തതയിൽ കഴിഞ്ഞ് വരവേ എന്റെ സ്മരണയിലേക്ക് അവൾ കടന്ന് വന്നപ്പോൾ എന്റെ വിശപ്പടക്കാനായി ഉടയ തമ്പുരാനയച്ചതാണ് ആ കാക്കതമ്പുരാട്ടിയെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.

ഷരീഫ് കൊട്ടാരക്കര

No comments:

Post a Comment