ഇന്നലെ പത്രത്തിൽ കണ്ട ഒരു ചിത്രമാണിത്. ഗാസ്സയിൽ ഇസ്രെയൽ നടത്തിയ ബോംബ് വർഷത്തിൽ തകർന്നടിഞ്ഞ കെട്ടിടത്തിന് മുമ്പിൽ കൂട്ടം കൂടിയിരിക്കുന്ന ഫലസ്തീൻ യുവത.
അവർ ജനിച്ച , കളിച്ച് വളർന്ന അവരുടെ സ്വപ്നങ്ങൾ പൂത്തുലഞ്ഞിരുന്ന വാസ സ്ഥലമാണ് ചവറ് കൂനയായി രൂപാന്തരം പ്രാപിച്ച് കൂട്ടിയിട്ടിരിക്കുന്നത്.ആ മുഖങ്ങളെ നിരീക്ഷിക്കൂ. എന്തൊരു നിർവികാരതയും നിസ്സംഗതയുമാണ് അത് പ്രതിഫലിപ്പിക്കുന്നത്. ഇവരെ ഈ ഗതിയിലെത്തിച്ചവർ ഇവരെ ആ സ്ഥലത്ത് നിന്ന് തൂത്തെറിഞ്ഞ് കളം ശുദ്ധമാക്കി സ്വസ്ഥവും സമാധാനവുമായി ഉറങ്ങാമെന്ന് സ്വപ്നം കാണുന്നുണ്ടോ? തെറ്റും ശരിയും എന്തായാലും നീതിയും അനീതിയും എന്തായാലും നാളെ എന്ത് എന്ന ചിന്ത തലയിലിട്ട് പുകക്കുന്ന ഇവർ ഭാവിയിൽ എന്തായി മാറ്റപ്പെടുമെന്ന് ആര് കണ്ടു
ലോക ചരിത്രം പലതും നമ്മെ കാട്ടി തരുന്നു. ജാലിയൻ വാലാ ബാഗിൽ തടിച്ച് കൂടിയ ജനക്കൂട്ടം, വിയറ്റ് കോംഗുകൾ, ചെഗുവരെ സൈന്യം, അമേരിക്കൻ ഐക്യ നാടുകളിൽ ബ്രിട്ടനെതിരെ സമരം ചെയ്തവർ, പുന്നപ്ര വയലാർ പോരാളികൾ തുടങ്ങി എത്രയെത്രയോ സമര പോരാളികൾ .ഇവരെല്ലാം ഒരു ദിവസം രാവിലെ സമര രംഗത്തേക്ക് ഇരച്ചിറങ്ങുകയല്ലായിരുന്നല്ലോ. എല്ലാറ്റിനും പുറകിൽ എന്തെങ്കിലുമെന്തെങ്കിലും അടിച്ചമർത്തലുകൾ ഉണ്ടായിരുന്നു. അവരുടെ സമരത്തിന്റെ ശരിയും തെറ്റും എന്തുമാകട്ടെ, അവർ അനീതിക്കിരയായിരുന്നു എന്ന സത്യം മാത്രം മതി അവരുടെ ചെയ്തികളെ ന്യായീകരിക്കപ്പെടാൻ..
ലോക പോലീസ് എത്രയെത്ര ആയുധങ്ങൾ കപ്പലുകളിൽ വിമാനങ്ങളിൽ കൊണ്ട് വന്ന് സഹായിച്ചാലും ഒരു ദിവസം അവയെല്ലാം നിഷ്ഫലമാകും. കാരണം “മർദ്ദിതന്റെ വിലാപത്തിനും പ്രപഞ്ച ശക്തിയുടെയും ഇടയിൽ മതിലുകൾ ഇല്ല“ എന്ന സത്യം പണ്ടും പുലർന്നിട്ടുണ്ട് ഇനിയും പുലരുക തന്നെ ചെയ്യും. തീർച്ച.
No comments:
Post a Comment