ഇന്ന് ഉച്ചക്ക് രണ്ടര മണിയോടെ ഈ പ്രദേശത്ത് ശക്തമായ ഒരു ഇടി വെട്ടി. അതിനു മുമ്പുണ്ടായ കണ്ണഞ്ചിക്കുന്ന മിന്നലും തുടർന്നുണ്ടായ ഇടിയും വല്ലാതെ ഭീതി ഉളവാക്കുന്നതായിരുന്നു. ഞങ്ങളുടെ വീടിന്റെ ജനൽ ചില്ലുകൾ കിലുകിലുത്തു.പെട്ടെന്ന് തന്നെ കറന്റ് പോയി. ഭാര്യ ഭയപ്പെട്ട് നിലവിളിച്ചു. ഇടി പെട്ടെന്നായതിനാൽ ഈയുള്ളവനും ഒന്നു പകച്ചു.എവിടെയെങ്കിലും എന്തെങ്കിലും നാശമുണ്ടായി കാണണം. അത്രക്കു ശക്തിയായ ഇടിയായിരുന്നുവല്ലോ.
പെട്ടെന്ന് മനസ് കടൽ കടന്ന് ദൂരെ ദൂരേക്ക് പറന്ന് പോയി. ഒരു ഇടിവെട്ടിനെ തുടർന്ന് ഇവിടെ വീട്ടിലെ സ്ത്രീകളും കുഞ്ഞുങ്ങളും നിലവിളിക്കുന്നു, ഗൃഹനായകന്മാർ പകച്ച് പോകുന്നു. അപ്പോൾ എപ്പോഴും ഇടി വെട്ട് പോലെ ബോംബ് സ്ഫോടനങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ഒരു പറ്റം മനുഷ്യരുടെ അവസ്ഥയെ പറ്റി ഓർത്തു പോയി. എത്ര സമാധാനത്തോടെയാണ് നാം ഈ നാട്ടിൽ ജീവിക്കുന്നത്. ആ സമയം തന്നെ ഭൂമിയിൽ മറ്റൊരിടത്ത് സ്ഫോടനത്താൽ വീട് തകർന്ന് നിലം പറ്റി കൊല്ലപ്പെട്ടവരെയും പരിക്ക് പറ്റിയവരെയും കണ്ട് ഹതാശയരായി നെഞ്ചത്തിടിച്ച് കരയുന്ന ഒരു കൂട്ടം സ്ത്രീകളും പുരുഷന്മാരുമടങ്ങിയ ഒരു പറ്റം നിർഭാഗ്യ ജന്മങ്ങൾ അവരും ഈ ഭൂമിയിലെ മനുഷ്യരാണല്ലോ എന്ന് ചിന്തിച്ച് പോയി. അത്ര നേരം കൂടെ ഉണ്ടായിരുന്ന ഉറ്റവരുടെ അവസ്ഥ കണ്ട് ഏങ്ങലടിക്കുന്നതിനിടക്കു വീണ്ടും ഇരമ്പി വരുന്ന ബോംബർ വിമാനങ്ങളുടെ ലക്ഷ്യമാകുന്നതിൽ നിന്നും രക്ഷ പെടാൻ യാതൊരു വഴിയുമില്ലാതെ മുകളിൽ ആകാശം താഴെ ഭൂമി എന്ന സത്യം തിരിച്ചറിയുന്നതിലുള്ള അന്താളിപ്പോടെ പകച്ച് നിൽക്കുന്ന ആ ജനത്തിന് ആരാണ്` തുണയായി ഉള്ളത്.
ഞാൻ ഈ കുറിപ്പുകൾ എഴുതിയത് ഇത്രയും വായിച്ച് കഴിയുമ്പോഴേക്കും പലരിലും മനസ്സിലുണ്ടായത് “പോയി വാങ്ങിയതല്ലേ? അനുഭവിക്കൂ“ എന്ന പ്രതികരണമാണെന്ന് കഴിഞ്ഞ മണിക്കൂറുകളിലെ ചില പോസ്റ്റുകളും കമന്റുകളും എന്നെ ബോദ്ധ്യപ്പെടുത്തുന്നു. അതേ! തീർച്ചയായും നിങ്ങളുടെ അഭിപ്രായങ്ങളിന്മേൽ പരാതിയില്ല. കാരണം 1947 ന് മുമ്പ് നമുക്ക് അങ്ങിനെയൊരു അവസ്ഥ ആയിരുന്നെന്ന സത്യം നമ്മളിൽ പലർക്കും പുസ്തകത്തിലൂടെയുള്ള അറിവ് മാത്രമേ ഉള്ളതിനാൽ നമുക്ക് ഈ സ്വതന്ത്ര രാജ്യത്തിലിരുന്ന് അങ്ങിനെയുള്ള അഭിപ്രായങ്ങൾ തട്ടി വിടുന്നതിന് ഒരു തടസ്സവുമില്ലല്ലോ. പക്ഷേ അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ വേദന തിരിച്ചറിയാൻ കഴിയൂ.
ജനിച്ച് വളർന്ന മണ്ണിൽ നിന്നും മൂവായിരം കൊല്ലങ്ങൾക്ക് മുമ്പുള്ള അവകാശ തർക്കവുമായി വന്ന അധിനിവേശക്കാരാൽ പുറത്താക്കപ്പെട്ടവർക്ക് അവരുടെ ജന്മ ഭൂമി പ്രാണന് തുല്യമായതിനാൽ അത് തിരിച്ച് കിട്ടാൻ അവർ സ്വീകരിക്കുന്ന സമര മാർഗങ്ങൾ എപ്പോഴും അവർക്ക് ശരിയായിരിക്കും. മാറി നിന്ന് കാണുന്നവർക്ക് “പോയി വാങ്ങിച്ച് കെട്ടിയതല്ലേ എന്ന് പരിഹസിക്കാമെങ്കിലും പണ്ട് സാമൂതിരിയുടെ കാലത്തുണ്ടായിരുന്ന മാമാങ്കത്തെ പറ്റി പഠിച്ചവർക്ക് ആ സമര മാർഗത്തെ വിമർശിക്കാൻ കഴിയില്ല. അതേ! ഒന്ന് കൂടി പറയുന്നു പിറന്ന ഭൂമി പ്രാണന് തുല്യമല്ല, അതിനും മുകളിലാണ്.
75 വർഷങ്ങളായി ലോക ജനത കാണിക്കുന്ന നിസ്സംഗതയാണ് ഇരു ഭാഗത്തെയും കൂട്ടക്കൊലക്ക് പ്രധാനമായ കാരണം
ആ ജനതയെ പൂർണമായി ഉന്മൂലനം ചെയ്ത് സുഖമായി നമുക്ക് ഉറങ്ങാമെന്ന് കരുതുന്നവർ മൂഢ സ്വർഗത്തിലാണ്. കാരണം ലോക ചരിത്രം നമ്മെ പഠിപ്പിക്കുന്നത് മറ്റൊന്നാണ് അതായത് വിപ്ളവത്തിന്റെ തീക്കനൽ ചാരം മൂടി കുറേ കാലം അണഞ്ഞ മട്ടിൽ കിടന്നേക്കാം പക്ഷേ ഒരു കുളിർ കാറ്റായിരിക്കും ആ കനൽ ആളിക്കത്തിക്കുന്നത് എന്ന സത്യം.
(ദയവ് ചെയ്ത് മതത്തിന്റെ കാഴ്ചപ്പാടുമായി കമന്റാൻ ആരും ഇങ്ങോട്ട് വരല്ലേ...അതോടൊപ്പം മൂവായിരം വർഷത്തിനു മുമ്പുള്ള ചരിത്രം പഠിപ്പിക്കാനും മെനക്കെടേണ്ട...)
No comments:
Post a Comment