പ്രസവം: അന്നും....ഇന്നും ....
ആശുപത്രിയിൽ പോകാതെ വീട്ടിൽ തന്നെ നടക്കുന്ന പ്രസവങ്ങളെ സംബന്ധിച്ച ഒരു ലേഖനം ഇന്ന് “കുടുംബം“ മാസികയിൽ വായിക്കാനിടയായി. അപ്രകാരം വീടിന്റെ ഉള്ളകങ്ങളിൽ മെഡിക്കൽ സംരക്ഷണം ഇല്ലാതെ നടക്കുന്ന പ്രസവങ്ങൾ എപ്പോഴും അപകടകരമായി ഭവിച്ചേക്കാമെന്ന് ലേഖനത്തിൽ ഉടനീളം സമർത്ഥി ച്ചിരിക്കുന്നു. ഇന്നത്തെ കാലത്തെ സാമൂഹികാന്തരീക്ഷവും മറ്റും കൂലംകഷമായി ചിന്തിക്കുമ്പോൾ ആ വാദം ശരിയായിരിക്കാംഎന്ന് സമ്മതിക്കുനതിനോടൊപ്പം ഈ അപകടങ്ങൾ പണ്ട് കാലത്തും ഉണ്ടായിരുന്നെന്നും അതിനെ വിജയകരമായി അതിജീവിച്ചാണ് ഈ കുറിപ്പ്കാരൻ വരെ ജന്മം കൊണ്ടതു എന്നും എന്നിട്ട് ഇപ്പോൾ കമ്പ്യൂട്ടറിന് മുമ്പിലിരുന്ന് ടൈപ്പ് ചെയ്യുന്നതു എന്നും ചിന്തിക്കുമ്പോൾ അന്തം വിട്ട് പോകുന്നു.
എന്റെ രണ്ടാമത്തെ മകൻ ബിജു വീടിനുള്ളിലാണ് ജന്മമെടുത്തത്. ദൈവ കാരുണ്യത്താൽ അവൻ ഇപ്പോഴും ആരോഗ്യവാനായി ജീവിക്കുന്നു ഇത് ടൈപ്പ് ചെയ്യുന്ന നേരം കേരളാ എൻ.ജി.ഓ. യൂണിയന്റെ ജില്ലാ വൈ പ്രസിഡന്റായ അവൻ സഹകാരികളോടൊപ്പം ഡെൽഹിയിലേക്ക് ഏതോ സമര പരിപാടിക്കായി ട്രൈനിൽ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു. അവനെ പ്രസവിച്ച നേരം അവന്റെ അമ്മക്ക് പറയത്തക്ക ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല.മൂത്ത മകന്റെ ജനനം “കന്നി പേറായിരുന്നതിനാൽ“ആശുപത്രിക്ക് കൊണ്ട് പോയെങ്കിലും അവിടെ എത്തി 15 മിനിട്ടിനകം സംഗതി നടന്ന് കഴിഞ്ഞിരുന്നു.
അവന്റെ പിതാവായ ഞാൻ എന്റെ ഉമ്മയുടെ മൂന്നാമത്തെ സന്തതിയും പിന്നെയും എന്റെ ഉമ്മ പല തവണകളിൽ പ്രസവിച്ചിരുന്നുവെങ്കിലും അതെല്ലാം വീടിൽ തന്നെ ആയിരുന്നിരുന്നു എന്നും ഇപ്പോഴും ഓർക്കുന്നു.
അന്നും സർക്കാർ ആശുപത്രികളിൽ പ്രസവ വാർഡുകൾ ഉണ്ടായിരുന്നെങ്കിലും ബഹു ഭൂരി പക്ഷം ജനങ്ങളും നാട്ട് പതിച്ചി, മിഡ് വൈഫ്മാർ എന്നിവരിലൂടെ വീട്ടിൽ തന്നെ “കാര്യം കയിച്ച് കൂട്ടി.“ ഓരോ ദേശത്തും എക്സ്പേർട്ടായ പേറ്റിച്ചികളും മെഡിക്കൽ ബാഗിൽ എനിമാ സൂത്രവും കൊണ്ട് നടക്കുന്ന മിഡ് വൈഫ്മാരും ഉണ്ടായിരുന്നുവല്ലോ. അന്ന് വീട്ടിൽ ഡാക്ക്ട്ടറന്മാർ വരുന്ന പ്രസവം സ്ത്രീക്ക് ഒരു ബഹുമതി ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ “ഡാക്കിട്ടറെ കൊണ്ട് ബായോ“ ചെറു കഥ വായിച്ചിട്ടുള്ളവർക്കും 50 വയസ്സിന് മുകളിൽ ഇപ്പോൾ പ്രായം ഉള്ളവർക്കും ഈ പറഞ്ഞത് തിരിച്ചറിയാൻ കഴിയും.
എന്തെല്ലാം പറഞ്ഞാലും പ്രസവക്കാരിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമെന്ന് പതിച്ചിക്ക് ആശങ്ക ഉണ്ടെങ്കിൽ അവർ അപ്പോൾ തന്നെ വീട്ടുകാരെ വിവരം അറിയിക്കുകയും ഗർഭിണീയെ കാറിലോ കാള വണ്ടിയിലോ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യും. എത്ര സങ്കീർണമായാലും പിന്നെയും പെണ്ണുങ്ങൾക്ക് പ്രവിക്കുന്നതിന് ഒരു മടിയുമില്ലായിരുന്നു. “നാം രണ്ട് നമുക്ക് രണ്ട്“ പരിപാടി അന്ന് ഊർജിതത്തിൽ ഇല്ലായിരുന്നു. എന്ത് ദാരിദ്രിയം ആയാലും പെണ്ണുങ്ങൾ ശറപറേന്ന് പെറ്റ് കൂട്ടുകയും ചെയ്യും. എല്ലാ മാസവും ലേഡീ ഡാക്ടറുടെ പരിശോധന , സ്കാൻ ചെയ്യൽ, ഇതൊന്നും ഇല്ലാതെ അന്ന് ഗർഭ കാലം കടന്ന് പോവുകയും ചെയ്യും. നെല്ല് കുത്ത്, അരകല്ലിൽ അരപ്പ്, വെള്ളം കോരൽ , തുടങ്ങിയ എല്ലാ വീട്ട് ജോലികളും സാധാരണത്തെ പോലെ നടക്കുകയും ചെയ്യുമായിരുന്നു.കർഷക തൊഴിലാളി ഞാറ് നട്ട് കൊണ്ടിരിക്കെ വരമ്പിൽ കയറി വന്ന് പ്രസവിക്കുന്ന സംഭവങ്ങളുംഅപൂർവമായിസംഭവിക്കാറുണ്ടായിരുന്നത്രേ!
കാലമെത്ര കടന്ന് പോയി. ഇന്നത്തെ പെൺ കുട്ടികൾ ഇതെല്ലാം കേൾക്കുമ്പോൾ മൂക്കത്ത് വിരൽ വെച്ചേക്കാം. പക്ഷേ ഇങ്ങിനെയൊരു കാലവും പണ്ട് ഉണ്ടായിരുന്നുവെന്ന് അവർ തിരിച്ചറിയുമ്പോഴേ ഇന്ന് അവർക്ക് ലഭിക്കുന്ന പരിചരണത്തെ പറ്റി ബോധവതികളാകൂ.