Tuesday, August 15, 2023

അതിക്രമിച്ച് കടന്നവർ


 വീടിന്റെ  മുൻ വശം നിൽക്കുന്ന  ക്രിസ്തുമസ് ട്രീയിൽ  രണ്ട് ഇരട്ട തലച്ചി കിളികൾ കൂട് വെക്കുന്നത് വരാന്തയിലെ ചാരു കസേരയിൽ കിടന്ന് ഞാൻ നിരീക്ഷിച്ച് കൊണ്ടിരുന്നു. അവരുടെ ചടുലമായ നീക്കങ്ങളും നാല് ഭാഗത്തേക്കുള്ള നിരീക്ഷണങ്ങളും ആണും പെണ്ണും മാറി മാറി  പറന്ന് വന്ന്  ഡ്യൂട്ടി കൃത്യമായി ചെയ്യുന്നതും  രസാവഹമായ കാഴ്ചകളായി എനിക്ക് അനുഭവപ്പെട്ടു. ഹാജർ ബുക്കുകൾ ഇല്ലാതെ പഞ്ചിംഗ് മെഷീൻ ഇല്ലാതെ കൃത്യമായി അവർ മരത്തിലേക്ക് വന്നും പോയുമിരുന്നു.

 ഇതിനിടയിൽ രണ്ട് അടക്കാ കുരുവികൾ  ആ മരത്തിൽ  വന്ന് ഒരു കൊമ്പിലിരുന്ന് ഇരട്ട തലച്ചികളുടെ കൂട് നിർമ്മാണം സസൂക്ഷ്മം വീക്ഷിക്കുന്നത് കണ്ടു, അടുത്ത നിമിഷം  ഇരട്ട തലച്ചികളിൽ ഒരെണ്ണം എവിടെ നിന്നോ പാറിവന്ന്  കുരുവികളെ പറ പറത്തിച്ചു. അവരെ തുരത്തി അപ്പുറത്ത് നിൽക്കുന്ന സപ്പോട്ടാ മരത്തിനും മുകളിലൂടെ  ഓടിച്ച് വിടുന്നത് എനിക്ക് കാണാമായിരുന്നു.

അടുത്ത ദിവസവും കുരുവികൾ  പറന്ന് വന്ന് മരക്കൊമ്പിൽ ഇരുന്നു. ഞാൻ അവരോട് പറഞ്ഞു “ എന്തിനാടെ , പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്, അവരല്ലേ ആദ്യം വന്ന് കൂട് പണി തുടങ്ങിയത്, നിങ്ങൾക്ക് വേണമെങ്കിൽ അപ്പുറത്ത് മാവുണ്ട് , ചാമ്പ ഉണ്ട് സപ്പോട്ടാ ഉണ്ട്, അവിടെ എവിടെയെങ്കിലും പോയി പണിഞ്ഞാ പോരേ? ഈ ക്രിസ്തുമസ് ട്രീയിൽ തന്നെ വേണോ?

അവരിൽ ഒരാൾക്ക് എന്റെ ഉപദേശം പിടിച്ചില്ലന്ന് തോന്നുന്നു, തിരിഞ്ഞ് എന്നെ രൂക്ഷമായി നോക്കി. ഞാൻ പറഞ്ഞു, നീ എന്നെ വിരട്ടണ്ടാ, ഇപ്പോൾ വരും ഇരട്ട തലച്ചി...പറഞ്ഞ് തീരുന്നതിനു മുമ്പ് തന്നെ എവിടെന്നോ ഇരട്ട തലച്ചി കിളി പറന്ന് വന്ന് കുരുവികളെ തുരത്തി.  കുരുവികൾ  ശ്രേഷ്ട മലയാളത്തിൽ എന്തെല്ലാമോ വിളിച്ച് കൂവി  പാഞ്ഞ് പോയി.

കിളികളുടെ കൂട് പണി പുരോഗമിക്കവേ ഒരു കിളി വായിൽ  ചകിരി നാരുമായി പറന്ന് വരുന്നത് കണ്ടു. കൂടിന്റെ മിനുക്ക് പണികൾക്കാവാമത്. പിന്നീട് ഒരാൾ മരത്തിനകത്തെ കൂടിലും അപരൻ തൊട്ടടുത്ത് പൂമരത്തിലും ആവാസമുറപ്പിച്ചപ്പോളാണ് ഉപ്പന്റെ വരവ് സംഭവിച്ചത്. എവിടെ നിന്നോ മൂപ്പര് പറന്ന് വന്ന് ആരോ പറഞ്ഞ് വെച്ച പോലെ  മുറ്റത്ത് കൂടെ  ക്രിസ്ത്മസ് ട്രീയുടെ സമീപത്ത് കൂടി നടന്ന് വന്നു.  അദ്ദേഹത്തെ കണ്ടപ്പോൽ എനിക്ക് വലിയ സന്തോഷമായി. കഴിഞ്ഞ ദിവസം പുരയിടത്തിലൂടെ എന്തോ ഒരെണ്ണം ഇഴഞ്ഞ് പോകുന്നത് ഞാൻ കണ്ടതാണ്. ഉപ്പനോ കീരിയോ ഉണ്ടെങ്കിൽ  ഇഴയുന്ന പാർട്ടികൾ ഈ അയലത്തൊന്നും വരില്ല. അതിനാൽ ഞാൻ പറഞ്ഞു, സ്വാഗതം ഉപ്പനാരേ...സുഖം തന്നെ അല്ലേ? ..അദ്ദേഹം ചുവന്ന കണ്ണൂകൾ കൊണ്ട് എന്നെ ഒന്നുഴിഞ്ഞിട്ട് നമ്മൾ അവിടിരിക്കുന്നെന്ന ഒരു  മൈൻടും  കൂടാതെ പറന്ന് നേരെ ക്രിസ്തുമസ് ട്രീയിലേക്ക് കയറി ഇരട്ട തലച്ചിയുടെ കൂട്ടിലേക്ക് ചെന്നു.

പിന്നെ അവിടെ നടന്നത് ഭയങ്കര  ബഹളമാണ്. കൂട്ടിലിരിക്കുന്ന കിളിയും പൂമരത്തിൽ ക്യാമ്പ് ചെയ്ത ഇണക്കിളിയും കൂടി ഉപ്പനെ എതിർത്തു. കൂട്ടിലെ മുട്ട അടിച്ച് മാറ്റാനാണ് ഉപ്പന്റെ വരവെന്ന് അവർക്ക് മനസ്സിലായതിനാലാവാം അവരുടെ  എതിർപ്പ് ശക്തമായത്. കൂട്ട ബഹളം കേട്ട് കാക്കകളും വന്നു അവരും ബഹളം വെച്ചു. എവിടെ നിന്നോ ആ സമയത്ത് അടക്കാ കുരുവികളും ആഗതരായി. അവർ പൂമരത്തിലിരുന്ന് രംഗം നിരീക്ഷിക്കുന്നു. ഞാൻ അവരെ  വഴക്ക് പറഞ്ഞ് ഓടിച്ചു, “തെണ്ടി  കുരുവികളേ! നിങ്ങളായിരിക്കും ഉപ്പന് ന്യൂസ് കൊടുത്തത്, കടന്നോ അവിടെന്ന് ഇവിടെങ്ങും കണ്ട് പോകരുത്.

ഞാൻ ഇട്പെടുന്നതിനു മുമ്പ് ഉപ്പൻ കിളിക്കൂട്ടിൽ കയറി മുട്ട കൊത്തി താഴെ ഇട്ടു. ദുഷ്ടൻ പരമ പോക്രി. കല്ലെടുത്ത് ഞാൻ എറിഞ്ഞു, ഈ ഏരിയായിൽ ഇനി കണ്ട് പോകരുത്...അയൾ ചുവന്ന കണ്ണ് കൊണ്ട് എന്നെ പുസ്കെന്ന് ഒരു നോട്ടവും നോക്കി  പറന്ന് പോയി.

പാവം ഇരട്ട തലച്ചികൾ  , അവർ എന്തോ എല്ലാം കരഞ്ഞ് വിളിച്ച് കൂവി  പറന്ന് പോയി. അവരുടെ കൂടിന്റെ അവശിഷ്ടങ്ങൾ ക്രിസ്തുമസ് ട്രീയിൽ ത്തൂങ്ങി കിടന്നു. . മരം എല്ലാത്തിനും സാക്ഷിയായി അപ്പോഴും നിശ്ചലമായി നിൽക്കുകയായിരുന്നു.

No comments:

Post a Comment