ഞങ്ങൾ താമസിക്കുന്നതിന് സമീപം റെയിൽ വേ ലൈനാണ്, ആ റൈൽ വേ സ്ഥലത്ത് ഒരു വലിയ മഹാഗണി വൃക്ഷം പടർന്ന് പന്തലിച്ച് നിന്നിരുന്നു. സന്ധ്യാ സമയം വിവിധ തരം പക്ഷികൾ എവിടെ നിന്നെല്ലാമോ വന്ന് ആ മരത്തിൽ ചേക്കേറുന്നത് നിത്യ കാഴ്ചയായിരുന്നു. എന്തോരു ബഹളമാണെന്നോ ആ സമയം. പൗർണമി ദിവസത്തിൽ പൂർണ ചന്ദ്രൻ ആ മരത്തിനിടയിലൂടെ തന്റെ കിരണങ്ങൾ വിതറുന്നത് അപ്പോഴും ശമിച്ചിട്ടില്ലാത്ത പക്ഷികളുടെ ശബ്ദങ്ങളുടെ പശ്ചാത്തലത്തിൽ കാണുന്നത് മനസ്സിനുള്ളിൽ വല്ലാത്ത അനുഭൂതി സൃഷ്ടിക്കുമായിരുന്നു.
അൽപ്പ ദിവസങ്ങൾക്ക് മുമ്പ് റൈൽ വേ ഉദ്യോഗസ്തർ ആ മരം മറ്റ് പല മരങ്ങളുടെ കൂട്ടത്തിൽ വിറ്റതിനെ തുടർന്ന് മരം വെട്ടുകാർ ഒരു ദിവസം കൊണ്ട് തന്നെ ആ മഹാ ഗണിമരം ഈ ഭൂമിയിൽ നിന്നും തുടച്ച് മാറ്റി. അന്ന് സായാഹ്നത്തിൽ പതിവ് പോലെ പക്ഷികൾ ചേക്കാറാനായി ആ മരം നിന്നിടത്ത് വട്ടം ചുറ്റി അവരുടെ ഭാഷയിൽ ദയനീയമായി എന്തെല്ലാമോ വിളിച്ച് പറഞ്ഞു പറന്ന് നടന്നു. പലരും ഞങ്ങളുടെ പുരയിടത്തിലെ മാവിലും സപ്പോർട്ടായിലും പ്ളാവിലും വന്ന് താമസമാക്കി, മറ്റ് ചിലർ അക്കരെ കുന്നും പുറത്തെ തേക്കിലും മറ്റു മരങ്ങളും തേടി പോയി .
അവരുടെ താമസ സ്ഥലം നഷ്ടപ്പെട്ടപ്പോൾ ആ ദുഖം റിപ്പോർട്ട് ചെയ്യാനോ ദുരിതങ്ങൾ വിവരിക്കാനോ ആരുമുണ്ടായിരുന്നില്ലല്ലോ. ഇന്നലെ വരെ ഉണ്ടായിരുന്ന പാർപ്പിടം നഷ്ടപെട്ടപ്പോൾ അവരുടെ മനസ്സിനുള്ളിലെ പ്രയാസങ്ങൾ എത്ര മാത്രമായിരിക്കുമെന്ന് ആര് കണ്ടു.
കാലങ്ങൾക്ക് മുമ്പ് എറുണാകുളം കായൽ തീരത്തെ ഒന്ന് രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങൾ ബഹുമാനപ്പെട്ട സുപ്രീം കോടതിയിലെ അതി ശുശ്കാന്തിയുള്ള ഒരു ന്യായാധിപന്റെ കർശന വിധിയാൽ അടിയോടെ പൊടിച്ച് തകർത്ത് കായലിൽ കലക്കിയപ്പോൾ ജനം അതിശയത്തോടെ പൊളിപ്പ് പ്രക്രിയ നോക്കി നിന്നു, മറ്റുള്ളവർ ടി.വി.യിലൂടെ കണ്ട് അതിശയം കൂറി. പക്ഷേ അതിൽ ഇന്നലെ വരെ അന്തി ഉറങ്ങിയ ഒരു പറ്റം മനുഷ്യ ജീവികൾ ഇന്ന് അവർക്ക് ഉറങ്ങാൻ പാർപ്പിടം തേടിയുള്ള പരക്കം പാച്ചിലും കഷ്ടപ്പാടും എത്രമാത്രം അനുഭവിച്ചു എന്നത് ആർക്കും വിവരിക്കാൻ കഴിഞ്ഞില്ല. നേരത്തെ തന്നെ നോട്ടീസ് കിട്ടിയിരുന്നെങ്കിലും അവസാന നിമിഷം വരെ അവർ പ്രതീക്ഷിച്ചു എന്തെങ്കിലും അതിശയങ്ങൾ സംഭവിച്ച് പൊളിപ്പ് മാറ്റി വെച്ചേക്കാം എന്ന്. ഒന്നും നടന്നില്ല. കെട്ടിടങ്ങൾ പൊളിക്കപ്പെട്ടു.താമസക്കാർ വേദനയോടെ നോക്കി നിന്നു.അവരുടെ ജീവിതത്തിലെ എത്രയോ നല്ലതും ചീത്തയുമായ കാലങ്ങൾ ആ ചുവർകൾക്കുള്ളിൽ കഴിച്ച് കൂട്ടിയിരുന്നു. അതെല്ലാം ഇപ്പോൾ മൺകട്ടകളും സിമിന്റ് അവശിഷ്ടവുമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. അന്ന് രാത്രി അവർ എവിടെയെല്ലാമോ അന്തി ഉറങ്ങുമ്പോൾ തലേ ദിവസം അവർ കിടന്നിരുന്നതും ഇന്ന് ഈ ഭൂമുഖത്ത് ഇല്ലാത്തതുമായ തങ്ങളുടെ പഴയ പാർപ്പിടത്തെ കുറിച്ച് ഓർത്ത് കണ്ണീർ ഒഴുക്കിയിരിക്കാം.
പാർപ്പിടം എപ്പോഴും ഒരു വികാരമാണ്. പകലന്തിയോളം ജോലി ചെയ്ത് സന്ധ്യക്ക് പാർപ്പിടത്തിലേക്കുള്ള ആ പ്രയാണമുണ്ടല്ലോ, അപ്പോൾ മനസ്സിൽ എനിക്ക് അന്തി ഉറങ്ങാൻ ഒരിടമുണ്ടെന്ന വിശ്വാസം അതെത്ര വലുതാണെന്നറിയാമോ?. അത് സ്വന്തമായാലും വാടകക്കായാലും അത് വലിയ വീടായാലും ചെറിയ കുടിലായാലും അന്തിക്ക് തങ്ങാൻ ഒരു പാർപ്പിടം എപ്പോഴും ഒരു വികാരം തന്നെയാണ്. അത് കൊണ്ട് തന്നെ പലപ്പോഴും ഹൃദയത്തിൽ തട്ടി പ്രാർത്ഥിക്കാറുണ്ട്, ഒരിക്കലും പാർപ്പിടം നഷ്ടപ്പെട്ട അവസ്ഥ ആർക്കും ഉണ്ടാകല്ലേ കരുണാമയനേ എന്ന്......
No comments:
Post a Comment