ബാല്യത്തിലും കൗമാരത്തിലും നിങ്ങളുമായി ആത്മാർത്ഥതയൊടെ ഇടപഴകി ജീവിച്ചിരുന്ന സുഹൃത്തുക്കളെ നീണ്ട വർഷങ്ങൾക്ക് ശേഷം നിങ്ങൾ തിരക്കി നടന്നിട്ടുണ്ടോ/. ചിലർ മരിച്ചിരിക്കും ചിലരെ പറ്റി ഒരു വിവരവും ലഭിക്കില്ല. ചിലർ കാലം അവരിൽ വരുത്തി വെച്ച മരവിപ്പിനാൽ നിസ്സംഗരായി പതികരിക്കും മറ്റ് ചിലർ വർഷങ്ങൾക്ക് ശേഷം ഇപ്പോൽ നമ്മൾ തിരക്കി ചെന്നതെന്തിനെന്ന് ആശങ്കപ്പെടുകയും നമ്മുടെ ആത്മാർത്ഥത ബോദ്ധ്യമാകുമ്പോൾ അത്യാഹ്ളാദത്തൊടെ കെട്ടിപ്പിടിക്കുകയും ചെയ്യും. ഞാൻ പഴയ സൗഹൃദങ്ങൾ തിരക്കി കണ്ട് പിടിക്കുന്ന ശീലക്കാരനാണ്. അതിന് വേണ്ടി എത്ര അലച്ചിലുകൾ നടത്താനും എനിക്ക് ഒരു മടിയുമില്ല. വർഷങ്ങൾക്ക് ശെഷമുള്ള ആ കണ്ട് മുട്ടലും പഴയ കാര്യങ്ങൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതും എന്റെ ചെറുപ്പം എന്നും എന്നിലേക്ക് തിരിച്ചെത്തിക്കുമല്ലോ.
അങ്ങിനെയാണ് 10 ദിവസം പരിപാടിയുമായി ഞാൻ ആലപ്പുഴ വട്ടപ്പള്ളിയിൽ കുറേ കാലത്തെ വിട്ട് നിൽക്കലിന് ശേഷം കഴിഞ്ഞ ഡിസംബറിൽ എത്തിച്ചേർന്നത്. ജനുവരി ആദ്യം അനന്തരവൻ രാജുവിന്റെ മകളുടെ വിവാഹമാണ്. ആ കാരണവും പറഞ്ഞ് കൊട്ടാരക്കരയിലെ എല്ലാ തിരക്കുകളിൽ നിന്നും 10 ദിവസം മാറി നിൽക്കാൻ തീരുമാനിച്ചു....പക്ഷേ...അത് പിന്നെ പറയാം.
പാൽപ്പത തീരത്തിന് സമ്മാനിക്കുന്ന കടപ്പുറത്താണ് ആദ്യം അന്വേഷണം തുടങ്ങിയത്. പണ്ട് വളരെ പണ്ട് കടപ്പുറത്ത് സായാഹ്ന കൂടിച്ചേരലിലെ ആരെയെങ്കിലും കാണാൻ പറ്റുമായിരിക്കുമെന്ന് ആശിച്ചു. താഹിർ . ബാവാ. വിൻസെന്റ് ആ കൂട്ടുകാർ ആരെങ്കിലും കാണാൻ സാധിക്കുമോ? ഇല്ലാ ആരെയും കണ്ടില്ല. താഹിറിനെ പിന്നെ അവന്റെ വീട്ടിൽ പോയി കണ്ടു. കെ.എസ്.ഇ.ബി.യിൽ. എഞിനീറായി വിരമിച്ച അവൻ വീട്ടിൽ ശാന്ത ജീവിതം നയിക്കുന്നു. പൂർണ കഷ്ണ്ടിക്കാരനായ എന്നെ അവന് ഒട്ടും മനസ്സിലായില്ല. സത്യ സായി ബാബായുടെ തലമുടിയും നിത്യ കൂളിംഗ് ഗ്ളാസ് ധാരിയുമായിരുന്ന എന്റെ പഴയ രൂപം അവനോർത്തെടുത്തപ്പോൽ അവൻ അന്തം വിട്ട് നിന്നു.
പക്ഷേ അന്ന് വൈകുന്നേരങ്ങളിലെ കടപ്പുറം സന്ദർശകരായ ഷെർലിയെയും മോളിയെയും കാണാൻ പറ്റുമെന്ന് വെറുതെ വ്യാമോഹിച്ചു.അവർ ഇപ്പോൾ എവിടെ ആയിരിക്കും. ഇനി ഒരിക്കലും അവരെ കാണില്ലായിരിക്കാം.പിന്നെ ബാല്യകാല ചങ്ങാതിയായ ഗഫൂറിനെയും ജമാലിനെയും കണ്ടു. എല്ലായിടത്തും എത്തിക്കാൻ രാജു വാഹനവുമായി കൂടെ വന്നിരുന്നു.
അടുത്ത കൂട്ടുകാരനായ രാജേന്ദ്രനെ തിരക്കി ഒരുപാട് അലഞ്ഞത് മറ്റൊരു ഉദ്ദേശത്തിലായിരുന്നു.. അവൻ വഴി മറ്റൊരാളിൽ എത്തിച്ചേരാമെന്ന് കരുതി ഓമന!!!/ ഓമന രാജേന്ദ്രന്റെ പ്രണയി ആയിരുന്നെങ്കിലും അവന്റെ ഭാഷയിൽ പറഞ്ഞാൽ എന്റെ വിവരങ്ങളാണ് അവൾ രാജേന്ദ്രനോട് അന്വേഷിച്ച് കൊണ്ടിരുന്നത്. ഒരു പോലീസ്കാരന്റെ മകളായ അവൾ താമസിച്ചിരുന്നത് ആലപ്പുഴ പടിഞ്ഞാറേ പോലീസ് ക്വാർട്ടേഴ്സിലെ കിഴക്കേ അറ്റം ആദ്യ ക്വാർട്ടേഴ്സിലായിരുന്നു. ജീവിതത്തിലൊരിക്കലും ഒരു വാക്ക് പോലും സംസാരിക്കാത്ത ഞങ്ങൾ ഒരുപാടൊരുപാട് പരിചിതരായിരുന്നു. പരസ്പരം സംസാരിക്കാത്ത വെറും നോട്ടം മാത്രം കൈമാറുന്ന, എതിർ വശത്ത് നിന്നും വന്ന് അടുത്ത് കൂടി പോയി കുറേ ദൂരം താണ്ടുമ്പോൾ രണ്ട് പേരും ഒരേ സമയം തിരിഞ്ഞ് നോക്കുന്ന നിശ്ശബ്ദ രാഗം. സ്കൂളിൽ നിന്നും വിട്ടതിന് ശേഷവും ഇത് തുടർന്നിരുന്നു. വൈകുന്നേരം കടപ്പുറത്ത് ഞാൻ കഥകൾ കുത്തിക്കുറിച്ചിരുന്ന കാലത്തും കുറച്ച് ദൂരെമാറി അവൾ ഞാൻ കാൺകെ ഇരിക്കുമായിരുന്നു. . എന്നോ ഞാൻ ആലപ്പുഴയെ വിട്ട് പിരിഞ്ഞു. പിന്നെ ഓമനയെ ഞാൻ കണ്ടിട്ടില്ല, രാജെന്ദ്രനെയും. കാലങ്ങൾ ഓടി പോയപ്പോൾ ചില അന്വേഷണങ്ങൾ നടത്തിയതിൽ ഓമന സ്പോർട്ട്സ് സെലക്ഷനിൽ പോലീസിൽ ജോലി കിട്ടിയെന്നും ഡി.വൈ.എസ്.പി.യായി വിരമിച്ചെന്നുമറിഞ്ഞ് വിരമിച്ച ആ പോലീസുദ്യോഗസ്ഥയെ ഞാൻ തിരക്കി പോയെങ്കിലും അത് നമ്മുടെ ഓമന അല്ലായിരുന്നു. ഇന്നും ഓമനയുടെ വിവരങ്ങൾ എനിക്ക് കിട്ടിയിട്ടില്ല. ഈ തവണ രാജേന്ദ്രനെയും ഓമനയെയും കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആലപ്പുഴ വന്നതിന്റെ മൂന്നാം ദിവസം കൊട്ടാരക്കരയിൽ നിന്നും വന്ന ഫോൺ കാൾ ഇടത് ഭാഗം കട്ടിലിൽ നിന്നും വീണ്` കോളർ ബോണിനും തലക്കും പരിക്ക് പറ്റിയെന്ന വാർത്ത എന്നിലെത്തിച്ചപ്പോൾ ഉടൻ കൊട്ടാരക്കരക്ക് തിരിക്കാനിടയായി. അതോടെ സുഹൃത്തുക്കളെ അന്വേഷിക്കൽ നിർത്തി വെച്ചു.... താൽക്കാലികമായി.
എന്തിനാണ് ഈ ദീർഘമായ കുറിപ്പുകൾ... ആരെങ്കിലും വായിച്ച് ഏതെങ്കിലും പഴയ സൗഹൃദത്തിലേക്കെന്നെ എത്തിച്ചെങ്കിലോ?! ആശിക്കുന്നതിന് നികുതി കൊടുക്കേണ്ടല്ലോ!.
No comments:
Post a Comment