Wednesday, January 25, 2023

19 വർഷങ്ങൾ....

 

19 വർഷങ്ങൾക്ക് മുമ്പ് ഇത് പോലൊരു ജനുവരിയിൽ  24 തീയതിയിൽ ഔദ്യോഗികാവശ്യത്തിനായി ഞാൻ പുനലൂർക്ക് പോവുകയായിരുന്നു. കുന്നിക്കോടെത്തിയപ്പോൽ ഉള്ളിൽ  ഉമ്മാ എന്നെ വിളിച്ച പോലൊരു തോന്നൽ.  അങ്ങിനെ ഒരു അനുഭവം മുമ്പ് ഉണ്ടായിട്ടില്ല. കഴിഞ്ഞ ആഴ്ച ആലപ്പുഴയിൽ പോയി ഉമ്മായെ കണ്ടതാണ്.അന്ന് ഉമ്മാ സുഖമില്ലാതിരിക്കുകയായിരുന്നു. ഇന്നലെ ആശുപത്രിയിൽ പോയിരുന്നു എന്നറിഞ്ഞിരുന്നു. മനസ്സിൽ എന്തോ വേവലാതി ഉണ്ടായി. പുനലൂർ യാത്ര നിർത്തി വെച്ചു ഞാൻ  ആലപ്പുഴക്ക് വെച്ചടിച്ചു. സായാഹ്നാന്ത്യത്തിലായിരുന്നു  ഞാൻ അവിടെ എത്തിയത്. റെയിൽ വേ സ്റ്റേഷനിൽ നിന്നും  ആശുപത്രിയിലേക്ക് പാഞ്ഞു. ഉമ്മാ ആ നേരം  അന്ത്യ നിമിഷങ്ങളിലായിരുന്നു. അടുത്ത് നിന്ന മൂത്ത സഹോദരി പറഞ്ഞു. ഉമ്മാ...ദേ! ഷരീഫ് വന്നു.... ഊർദ്ധൻ വലിക്കിടയിൽ ആ മുഖത്ത് സന്തോഷം അലതല്ലി വരുന്നത് ഞാൻ നേരിൽ കണ്ടു. എന്റെ വരവിനെ എപ്പോഴും  സഹർഷം സ്വീകരിക്കുന്ന ഉമ്മായുടെ ഉള്ളിൽ അപ്പോഴും  ബോധത്തിനും അബോധത്തിനുമിടയിലും എന്റെ സാമീപ്യം ആനന്ദം ഉളവാക്കിയിരിക്കാം. അതായിരിക്കും ആ മുഖത്ത് ഞാൻ കണ്ടത്.

മറ്റൊന്നും തരാൻ നിവർത്തി ഇല്ലായിരുന്നെങ്കിലും എന്റെ ചില വിഷമങ്ങൾ താഴ്ത്തി വെക്കാൻ ഉമ്മാ എന്ന അത്താണി എത്ര പ്രയോജന പ്രദമായിരുന്നെന്ന്  ഉമ്മായുടെ മരണ ശേഷമാണ് ഞാൻ തിരിച്ചറിഞ്ഞത്. പിൽക്കാലത്ത് ഒരു വല്ലാത്ത ശൂന്യത അനുഭവപ്പെട്ടിരുന്നു.

19 വർഷം ഓടിപ്പോയി. അത് ഇന്നലെയായിരുന്നു എന്ന് തോന്നിപ്പോകുന്നു. ആലപ്പുഴ പടിഞ്ഞാറേ മുസ്ലിം ജമാ അത്ത് പള്ളിയിലെ തൂ വെള്ള മണലിൽ ഉമ്മാ ഉറങ്ങുന്നു. തൊട്ടടുത്ത് തന്നെ പിന്നീട്  ഒരു ദിവസം മൂത്ത സഹോദരിയും ഉമ്മാക്ക് കൂട്ടിന് ചെന്നു. കുറച്ച് അപ്പുറത്ത് മാറി എത്രയോ വർഷങ്ങൾക്ക് മുമ്പേ തന്നെ വാപ്പായും കാത്തിരുന്നിരുന്നല്ലോ.

എപ്പോഴെങ്കിലും ആലപ്പുഴ പോയി ഒരു ദിവസം താമസിച്ചാൽ ഞാൻ  ഈ സ്ഥലങ്ങൾ സന്ദർശിക്കാതിരിക്കില്ല. കഴിഞ്ഞ് പോയ കാലത്ത് അവരുമായി കഴിച്ച് കൂട്ടിയ  നിമിഷങ്ങളിൽ അതെത്ര മാത്രം ആനന്ദഭരിതമായിരുന്നെന്ന് ഇന്ന് ഞാൻ മനസിലാക്കുന്നല്ലോ!.

Thursday, January 19, 2023

അന്വേഷിച്ചു കണ്ടെത്തിയില്ല


 ബാല്യത്തിലും കൗമാരത്തിലും നിങ്ങളുമായി ആത്മാർത്ഥതയൊടെ ഇടപഴകി ജീവിച്ചിരുന്ന സുഹൃത്തുക്കളെ  നീണ്ട വർഷങ്ങൾക്ക് ശേഷം  നിങ്ങൾ തിരക്കി നടന്നിട്ടുണ്ടോ/. ചിലർ മരിച്ചിരിക്കും  ചിലരെ പറ്റി ഒരു വിവരവും ലഭിക്കില്ല. ചിലർ കാലം അവരിൽ വരുത്തി വെച്ച മരവിപ്പിനാൽ നിസ്സംഗരായി പതികരിക്കും മറ്റ് ചിലർ വർഷങ്ങൾക്ക് ശേഷം ഇപ്പോൽ നമ്മൾ തിരക്കി ചെന്നതെന്തിനെന്ന് ആശങ്കപ്പെടുകയും നമ്മുടെ ആത്മാർത്ഥത ബോദ്ധ്യമാകുമ്പോൾ അത്യാഹ്ളാദത്തൊടെ  കെട്ടിപ്പിടിക്കുകയും ചെയ്യും. ഞാൻ  പഴയ സൗഹൃദങ്ങൾ തിരക്കി കണ്ട് പിടിക്കുന്ന ശീലക്കാരനാണ്. അതിന് വേണ്ടി എത്ര അലച്ചിലുകൾ നടത്താനും എനിക്ക് ഒരു മടിയുമില്ല.  വർഷങ്ങൾക്ക് ശെഷമുള്ള ആ കണ്ട് മുട്ടലും പഴയ കാര്യങ്ങൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതും എന്റെ ചെറുപ്പം എന്നും എന്നിലേക്ക് തിരിച്ചെത്തിക്കുമല്ലോ.

അങ്ങിനെയാണ് 10 ദിവസം പരിപാടിയുമായി ഞാൻ ആലപ്പുഴ വട്ടപ്പള്ളിയിൽ കുറേ കാലത്തെ വിട്ട് നിൽക്കലിന് ശേഷം  കഴിഞ്ഞ ഡിസംബറിൽ എത്തിച്ചേർന്നത്. ജനുവരി  ആദ്യം അനന്തരവൻ രാജുവിന്റെ മകളുടെ വിവാഹമാണ്. ആ കാരണവും പറഞ്ഞ് കൊട്ടാരക്കരയിലെ എല്ലാ തിരക്കുകളിൽ നിന്നും 10 ദിവസം മാറി നിൽക്കാൻ തീരുമാനിച്ചു....പക്ഷേ...അത് പിന്നെ പറയാം.

പാൽപ്പത  തീരത്തിന് സമ്മാനിക്കുന്ന കടപ്പുറത്താണ് ആദ്യം അന്വേഷണം തുടങ്ങിയത്. പണ്ട് വളരെ പണ്ട് കടപ്പുറത്ത് സായാഹ്ന കൂടിച്ചേരലിലെ ആരെയെങ്കിലും കാണാൻ പറ്റുമായിരിക്കുമെന്ന് ആശിച്ചു. താഹിർ . ബാവാ. വിൻസെന്റ് ആ കൂട്ടുകാർ ആരെങ്കിലും കാണാൻ സാധിക്കുമോ? ഇല്ലാ ആരെയും കണ്ടില്ല. താഹിറിനെ പിന്നെ അവന്റെ വീട്ടിൽ പോയി കണ്ടു. കെ.എസ്.ഇ.ബി.യിൽ. എഞിനീറായി വിരമിച്ച അവൻ വീട്ടിൽ ശാന്ത ജീവിതം നയിക്കുന്നു. പൂർണ കഷ്ണ്ടിക്കാരനായ എന്നെ അവന് ഒട്ടും മനസ്സിലായില്ല. സത്യ സായി ബാബായുടെ തലമുടിയും   നിത്യ കൂളിംഗ് ഗ്ളാസ് ധാരിയുമായിരുന്ന എന്റെ പഴയ രൂപം അവനോർത്തെടുത്തപ്പോൽ അവൻ അന്തം വിട്ട് നിന്നു. 

പക്ഷേ അന്ന് വൈകുന്നേരങ്ങളിലെ കടപ്പുറം സന്ദർശകരായ  ഷെർലിയെയും മോളിയെയും കാണാൻ പറ്റുമെന്ന് വെറുതെ വ്യാമോഹിച്ചു.അവർ ഇപ്പോൾ എവിടെ ആയിരിക്കും. ഇനി ഒരിക്കലും അവരെ കാണില്ലായിരിക്കാം.പിന്നെ ബാല്യകാല ചങ്ങാതിയായ  ഗഫൂറിനെയും ജമാലിനെയും കണ്ടു. എല്ലായിടത്തും എത്തിക്കാൻ രാജു  വാഹനവുമായി കൂടെ വന്നിരുന്നു.

അടുത്ത കൂട്ടുകാരനായ രാജേന്ദ്രനെ തിരക്കി ഒരുപാട് അലഞ്ഞത് മറ്റൊരു ഉദ്ദേശത്തിലായിരുന്നു.. അവൻ വഴി മറ്റൊരാളിൽ എത്തിച്ചേരാമെന്ന് കരുതി  ഓമന!!!/ ഓമന രാജേന്ദ്രന്റെ  പ്രണയി ആയിരുന്നെങ്കിലും അവന്റെ ഭാഷയിൽ പറഞ്ഞാൽ എന്റെ വിവരങ്ങളാണ് അവൾ രാജേന്ദ്രനോട്  അന്വേഷിച്ച് കൊണ്ടിരുന്നത്. ഒരു പോലീസ്കാരന്റെ മകളായ  അവൾ താമസിച്ചിരുന്നത് ആലപ്പുഴ പടിഞ്ഞാറേ പോലീസ് ക്വാർട്ടേഴ്സിലെ കിഴക്കേ അറ്റം ആദ്യ ക്വാർട്ടേഴ്സിലായിരുന്നു. ജീവിതത്തിലൊരിക്കലും ഒരു വാക്ക് പോലും സംസാരിക്കാത്ത ഞങ്ങൾ ഒരുപാടൊരുപാട് പരിചിതരായിരുന്നു. പരസ്പരം സംസാരിക്കാത്ത വെറും നോട്ടം മാത്രം കൈമാറുന്ന, എതിർ വശത്ത് നിന്നും വന്ന് അടുത്ത് കൂടി പോയി  കുറേ ദൂരം താണ്ടുമ്പോൾ രണ്ട് പേരും ഒരേ സമയം തിരിഞ്ഞ് നോക്കുന്ന നിശ്ശബ്ദ  രാഗം. സ്കൂളിൽ നിന്നും വിട്ടതിന് ശേഷവും ഇത് തുടർന്നിരുന്നു. വൈകുന്നേരം കടപ്പുറത്ത് ഞാൻ കഥകൾ കുത്തിക്കുറിച്ചിരുന്ന കാലത്തും കുറച്ച് ദൂരെമാറി അവൾ ഞാൻ കാൺകെ ഇരിക്കുമായിരുന്നു. . എന്നോ ഞാൻ ആലപ്പുഴയെ വിട്ട് പിരിഞ്ഞു. പിന്നെ ഓമനയെ ഞാൻ കണ്ടിട്ടില്ല, രാജെന്ദ്രനെയും. കാലങ്ങൾ ഓടി പോയപ്പോൾ ചില അന്വേഷണങ്ങൾ നടത്തിയതിൽ ഓമന സ്പോർട്ട്സ് സെലക്ഷനിൽ പോലീസിൽ ജോലി കിട്ടിയെന്നും ഡി.വൈ.എസ്.പി.യായി വിരമിച്ചെന്നുമറിഞ്ഞ് വിരമിച്ച ആ പോലീസുദ്യോഗസ്ഥയെ ഞാൻ തിരക്കി പോയെങ്കിലും  അത് നമ്മുടെ ഓമന അല്ലായിരുന്നു. ഇന്നും ഓമനയുടെ വിവരങ്ങൾ എനിക്ക് കിട്ടിയിട്ടില്ല. ഈ തവണ രാജേന്ദ്രനെയും ഓമനയെയും കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആലപ്പുഴ വന്നതിന്റെ മൂന്നാം ദിവസം കൊട്ടാരക്കരയിൽ നിന്നും വന്ന ഫോൺ കാൾ  ഇടത് ഭാഗം കട്ടിലിൽ നിന്നും വീണ്` കോളർ ബോണിനും തലക്കും പരിക്ക് പറ്റിയെന്ന വാർത്ത എന്നിലെത്തിച്ചപ്പോൾ ഉടൻ കൊട്ടാരക്കരക്ക് തിരിക്കാനിടയായി. അതോടെ സുഹൃത്തുക്കളെ അന്വേഷിക്കൽ നിർത്തി വെച്ചു.... താൽക്കാലികമായി.

എന്തിനാണ് ഈ ദീർഘമായ കുറിപ്പുകൾ... ആരെങ്കിലും വായിച്ച് ഏതെങ്കിലും പഴയ  സൗഹൃദത്തിലേക്കെന്നെ എത്തിച്ചെങ്കിലോ?! ആശിക്കുന്നതിന് നികുതി കൊടുക്കേണ്ടല്ലോ!.

Wednesday, January 11, 2023

കടന്ന് പോയ ഭീകര ദിനങ്ങൾ

 കുറച്ച് മാസങ്ങൾക്ക് മുമ്പ് വരെ ഞാൻ നിർബന്ധമായും  മൂക്കും വായും മറയുന്ന വിധത്തിൽ മുഖ പട്ട ധരിക്കണമായിരുന്നു. പുറത്ത് പോകുമ്പോഴുംവരുമ്പോഴും അണു നാശിനി ഉപയോഗിച്ച് എന്റെ കൈകൾ കഴുകണമായിരുന്നു. അതും യ്ഥേഷ്ടം എനിക്കു പോകാനും വരാനും സർക്കാർ അനുവാദം തന്നിരുന്നില്ല. വിവാഹ ചടങ്ങ്കൾക്കൊന്നും എന്റെ സാന്നിദ്ധ്യം അറിയിക്കാൻ കഴിഞ്ഞിരുന്നില്ല.. ആ ചടങ്ങുകൾക്ക് പങ്കെടുക്കുന്നവരുടെ എണ്ണത്തിന് നിയന്ത്രണം ഉണ്ടായിരുന്നല്ലോ. ഉൽസവങ്ങളും ആഘോഷങ്ങളും നിർത്തി വെയ്പ്പിച്ചു.  ആരാധനാ‍ാലയങ്ങൾ ശൂന്യമായി. നിരത്തുകളിൽ ആളൊഴിഞ്ഞു. വൈകുന്നേരങ്ങളിലെ വെടി പറച്ചിൽ അവസാനിച്ചു. വിമാനങ്ങൾ ആകാശത്ത് പറക്കാതിരിക്കുകയും പാളങ്ങളിൽ ട്രൈനുകൾ  ചൂളം വിളിക്കാതിരിക്കുകയും ചെയ്തപ്പോൾ ബസ്സുകൾ കട്ടപ്പുറത്ത് വിശ്രമത്തിലായി. വിദ്യാലയങ്ങളിലെ അദ്ധ്യാപകർ  ഓൺലൈനിൽ മുഖം കാണിച്ച് പഠനം നടത്തിയപ്പോൾ      കുട്ടികൾക്ക് നിഷിദ്ധമാക്കി വെച്ചിരുന്ന മൊബൈലുകൾ ആ  കുട്ടികൾക്ക്  തന്നെ മാതാപിതാക്കൾ  എടുത്ത് കൊടുക്കേണ്ടി വന്നു. സിനിമാ കൊട്ടകകളിലെ  കസേരകളിൽ ആഹാരം കിട്ടാതെ മൂട്ടകൾ ഉണങ്ങി ചത്തു.  സന്ധ്യകളിൽ ഭരണ തലവൻ റ്റി.വി.യിലൂടെ. പകർച്ച വ്യാധി  സ്ഥിതി വിവര കണക്കുകൾ നിരത്തുകയും ജനം അന്തം വിടുകയും ചെയ്തുവല്ലോ.

. നാടാകെ ഭീതി നിറഞ്ഞ് നിന്നിരുന്നു. ഉറ്റവരുടെ മൃതദേഹങ്ങൾ വരെ കാണാൻ പറ്റാതിരുന്ന ഭീകര ദിനങ്ങൾ. ജീവിതം കാരാഗ്രഹ വാസത്തിന് തുല്യമായി. എന്നാണിനി ഇത് അവസാനിക്കുക.  എന്നാണ് നമുക്ക് സ്വാതന്ത്രിയം ലഭിക്കുക. എല്ലാവരും  സ്വയം ചോദിച്ചു.

ഇതെല്ലാം ഈ നാട്ടിൽ കുറേ മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവങ്ങളാണ്. എല്ലാവരും അനുഭവിച്ചതുമാണ്.എന്നിട്ടും എത്ര പെട്ടെന്നാണ് നമ്മൾ അത് മറന്നത്. ഭീകര ദിവസങ്ങൾ പോയി മനുഷ്യന് സ്വാതന്ത്രിയം തിരികെ കിട്ടിയപ്പോൾ എന്തെല്ലാം  ക്രൂര കൃത്യങ്ങൾ  സ്മൂഹത്തിൽ ഇപ്പോൾ നടക്കുന്നു. അരും കൊലകൾ...സ്ത്രീ പീഡനങ്ങൾ  പല തരം തട്ടിപ്പുകൾ..മനുഷ്യൻ എത്ര നന്ദി കെട്ടവനാണ്...