Sunday, November 29, 2015

ഗോതമ്പ് ഉണ്ട

 തിരുവനന്തപുരത്ത് നിന്നും  കൊട്ടാരക്കരക്ക് തിരിച്ച് വരുന്നത്  സാധാരണ  പോത്തങ്കോടു വഴിയാണ് . പോത്തൻ കോട്  കവല കഴിഞ്ഞ് അൽപ്പം മുന്നോട്ട്  പോകുമ്പോൾ വലത് വശത്ത് ഒരു ചെറു ചായ കടയുണ്ട്. ആ വഴി വരുമ്പോൾ  ഞാൻ ആ ചായക്കടയിൽ നിന്നും രണ്ട് ഗോതമ്പ് ഗുണ്ട്  വാങ്ങി ആസ്വദിച്ച് കഴിക്കും     ഗോതമ്പ്  മാവും ശർക്കരയുമായി കുഴച്ച്  എണ്ണയിൽ പൊരിച്ചെടുക്കുന്ന പലഹാരമാണ് ഗുണ്ട്     ചിലയിടങ്ങളിൽ ഉണ്ട എന്നും പറയാറുണ്ട് .` തിരുവനന്തപുരത്തും പിന്നീട് വടക്കോട്ട്  വരുമ്പോഴും രുചികരമായ ആഹാരം ലഭിക്കുന്ന ധാരാളം ഭക്ഷണ ശാലകൾ ഉണ്ടായിട്ടും ഞാൻ  എന്തിന് ഈ ചെറു ചായക്കടയിൽ നിന്നും ഈ പഴയ മോഡൽ ഗോതമ്പ് ഗുണ്ട്  വാങ്ങി  കഴിക്കുന്നു എന്ന്  എന്റെ കൂടെ ഉള്ളവർ അൽഭുതപ്പെട്ടേക്കാം.  അവർക്കറിയില്ലല്ലോ എന്റെ  ബാല്യകാലത്ത് ഉച്ചസമയം  എന്റെ ആഹാരം  ഒരു അണാ  അന്ന് വിലയുള്ള  ഈ ഗുണ്ടുകളായിരുന്നു എന്ന്.     രാവിലെ        സ്കൂളിൽ പോകുമ്പോൾ വാപ്പാ ഒരു അണാ തരും ഉച്ചഭക്ഷണത്തിന് .  അന്ന് ആലപ്പുഴ സെക്കര്യാ ബസാറിന് വടക്ക് വശം കലിംഗിനടുത്ത്  ഒരു മുസ്ലിം,ചായക്കട നടത്തിയിരുന്നു. പോറ്റിയുടെ ചായക്കട എന്നറിയപ്പെട്ടിരുന്ന ആ കടയിൽ നിന്ന്  ആയിരുന്നു അന്ന് ഞാൻ ഗുണ്ട് വാങ്ങിയിരുന്നത്.    കേരളത്തിന്റെ ദാരിദ്ര്യ കാലമായ 1960 കളിൽ വിശപ്പിന്റെ ഉൽസവകാലത്ത് ആ ഗോതമ്പ് ഉണ്ട എനിക്കെത്ര രുചികരമായിരുന്നെന്നോ?! രണ്ട് ഗുണ്ടും തിന്ന്  ഒരു ഗ്ലാസ് പച്ചവെള്ളവും പുറകേ കുടിക്കുമ്പോൾ എനിക്കുണ്ടാകുന്ന അനുഭൂതി  പറഞ്ഞറിയിക്കാനാകില്ല. ആ ചായക്കട ഇന്നില്ല, മുസ്ലിം പോറ്റിയും  എങ്ങോ പോയി മറഞ്ഞു.പക്ഷേ  അന്നത്തെ ആ അനുഭൂതിയുടെ ഓർമ്മ   എന്റെ ഉള്ളിൽ ഇന്നുമുണ്ട്. അന്നത്തെ ആ നിർവൃതി തിരികെ പിടിക്കാനാണ് ഇന്നത്തെ ഈ  ഉണ്ട  വാങ്ങലെന്ന്   ഞാനെങ്ങിനെ മറ്റുള്ളവരോട് പറയും.

1 comment:

  1. ഓർമകൾക്കെന്തു സുഗന്ധം ...

    ReplyDelete