Sunday, November 8, 2015

ഒറ്റക്ക് പാടുന്ന പൂങ്കുയിലേ...


 എന്തിനാവോ സിനാൻ  ആഹ്ലാദത്തോടെ  ചിരിക്കുന്നത്?! റഫിയുടെ  "ദുനിയാകേ രഖ് വാല" "ബഹാരോം ഫൂലു ബർസാവോ മെരെ മെഹബൂബ് ആയാഹേ"  "പർദേശിയോംസേനാ അഖിയാമിലാനാ " തുടങ്ങിയ പഴയ പാട്ടുകൾ കേട്ടതിനാലാണോ ?  നാല് വയസ്സ്കാരനായ അവന്  അടിച്ച്  പൊളി   പാട്ടുകളേക്കാളും  ഇഷ്ടവും താല്പര്യവും എന്റെ  തലമുറയുടെ ബാല്യത്തിൽ കേട്ട  ഈ പാട്ടുകളാണല്ലോ! അതോ  വൈക്കം വിജയലക്ഷ്മി വീണയുടെ പശ്ചാത്തലത്തിൽ പാടിയ പുതിയ ഗാനം  "ഒറ്റക്ക് പാടുന്ന   പൂങ്കുയിലേ ....എന്തിത്ര സങ്കടം ചൊല്ലാമോ" എന്ന  പഴയ ട്യൂണിലുള്ള ഈരടി    കേട്ടിട്ടാണോ?  അതും അവന് ഇഷ്ട്ടപ്പെട്ട പാട്ടാണ് .  അവന്റെ ഉള്ളിൽ നടക്കുന്നതെന്തെന്ന് ഞങ്ങളിലേക്ക് വിനിമയം ചെയ്യാൻ അവനാവുന്നില്ലല്ലോ.  ഇനിയും വർത്തമാനം പറയാൻ ആരംഭിച്ചിട്ടിലാത്ത  മറ്റൊരാൾ പിടിക്കാതെ    നടക്കാൻ  കഴിയാത്ത   അവൻ കരയുമ്പോൾ , ആഹാരം കഴിക്കാൻ വിസമ്മതിക്കുമ്പോൾ , അവൻ കുളിക്കുവാൻ  മടി കാണിക്കുമ്പോൾ  ഈ പാട്ടുകൾ കേൾപിച്ചാൽ  അവൻ വഴങ്ങി തരും കരച്ചിൽ അവസാനിപ്പിക്കും. "ഒറ്റക്ക് പാടുന്ന..." ഗാനം കേൾക്കുമ്പോൾ  അവൻ വിദൂരതയിലേക്ക് നോക്കി  നിശ്ശബ്ദനായി ഇരിക്കും. അവന്റെ പ്രായത്തിലുള്ള കുട്ടികൾ അടിച്ച് പൊളി പാട്ടുകൾ ഇഷ്ടപ്പെടുമ്പോൾ അവൻ മാത്രം എന്ത്കൊണ്ട് ഈ പഴയ ഗാനങ്ങൾ  ഇഷ്ടപ്പെടുന്നു?! അതിശയകരമായ  ഈ സത്യത്തിന്റെ പൊരുൾ  ഞങ്ങൾക്കറിയില്ലല്ലോ!  ജനിച്ച മുതൽ വേദന തിന്നുന്ന അവന് മുകളിലിലിരിക്കുന്നവൻ  കൊടുത്ത  കാരുണ്യമായിരിക്കാം   അത്.
കയ്പേറിയ  മരുന്നുകളുടെയും ഫിസിയോ തെറാപ്പിയുടെ  വേദനയുടെയും കരിമുകിലും ഇടിമിന്നലും നിറഞ്ഞ  അന്തരീക്ഷം    കഴിഞ്ഞ് പോകും. പിന്നീട്  മിന്നി തിളങ്ങുന്ന വൈര മുത്തുകളുടെ നടുവിൽ ചന്ദന ചാറ് നിറച്ച വെണ്ണിലാ കിണ്ണം  പേറിയ  മനോഹരമായ  നീലാകാശ രാത്രി   വരും. അത് കഴിഞ്ഞ്    മന്ദമാരുതനിൽ തലയാട്ടി നിൽക്കുന്ന വൃക്ഷങ്ങളിലെ പക്ഷികളുടെ  ഗാന ശകലങ്ങളുടെ അകമ്പടിയോടെ  ചെന്തുടിപ്പ് നിറഞ്ഞ പുലരി  അവനെ തേടി വരും.  ആ  പ്രതീക്ഷയിലാണ് ഞങ്ങൾ  കഴിയുന്നത്.
 പ്രതീക്ഷ അതൊന്നു മാത്രമാണല്ലോ  മനുഷ്യ സമൂഹത്തെ ആദി കാലം  മുതൽ നിലനിത്തിയത്.

1 comment:

  1. നന്മയൂറുന്ന ഇളം ബാല്യത്തിന് നല്ലതുവരട്ടെയെന്നാശംസിക്കുന്നു.......

    ReplyDelete