Wednesday, June 24, 2015

വണ്ടി ഉണ്ട് ,ഒരു റോഡ് തരുമോ?

 പണ്ട്  നാല്   കാള വണ്ടിയും  രണ്ട്  സൈക്കിളും  വല്ലപ്പോഴും  ഒരു കാറും പോകാനായി  നിർമ്മിച്ചവയാണ്   കേരളത്തിലെ നിരത്തുകളിൽ   ഭൂരിഭാഗവും. കാലം കടന്ന് പോയപ്പോൾ  ആ  മൺ പാതയുടെ മുകളിൽ  കുറേ  ടാർ പുരട്ടി മിനുസപ്പെടുത്തി,  ചില  ഇട റോഡുകളിൽ കോൺക്രീറ്റും  ചെയ്തു.      ദേശീയ പാതയായി കണക്കിലെടുത്തവയുടെ വശങ്ങളിൽ ഒഴിഞ്ഞ് കിടന്ന സ്ഥലങ്ങളിൽ   നിന്നും അൽപ്പമെടുത്ത്   നിലവിലുണ്ടായവയോട്  കൂട്ടി ചേർത്ത്  ചിലയിടങ്ങളിൽ  വീതി  കൂട്ടിയതല്ലാതെ  കാര്യമായ  വീതി കൂട്ടലൊന്നും നടന്നുമില്ല. എന്നാൽ ഇന്ന് ഒരു വീട്ടിൽ ഒന്നിലധികം വാഹനങ്ങൾ ഉപയോഗത്തിലിരിക്കുന്ന  അവസ്ഥയാണ് കേരളത്തിലുള്ളത്. നിരത്ത് പഴയ സ്ഥിതിയിൽ  നിലകൊള്ളുകയും വാഹനങ്ങളുടെ എണ്ണം ഭീതിജനകമായി  വർദ്ധിക്കുകയും ചെയ്യുമ്പോൾ  ആ വാഹനങ്ങളെ ഉൾക്കൊള്ളാനാവാത്ത  വിധം നിരത്തുകൾ വീർപ്പു മുട്ടിയിട്ടും  പുതിയ നിരത്തുകളുടെ  നിർമ്മാണത്തിലോ  നിലവിലുള്ളവ നാല് വരി പാത ആക്കി വികസിപ്പിക്കുന്നതിലോ യാതൊരു താല്പര്യവുമില്ലാതെ ഭരണകൂടങ്ങൾ വന്നും പോയുമിരിക്കുന്നു.
 നിരത്തിന് വീതി കൂട്ടാൻ സമീപസ്ഥമായ സ്ഥലം  അത്യന്താപേക്ഷിതമാണ്. എന്നാൽ
പാത വികസത്തിനോ പുതിയ നിരത്ത് നിർമ്മിക്കുന്നതിനോ പൊന്നും വില കിട്ടിയാൽ  പോലും വസ്തു വിട്ട് കൊടുക്കാത്ത മനസ്ഥിതിയാണ് മലയാളികൾക്കുള്ളത്.  കയ്യാലയും വേലിയും അതിരുകൾ  സൃഷ്ടിച്ചിരുന്നിടത്ത്  ഇന്ന് മതിലുകളുടെ പ്രളയമാണ് .അഞ്ച്ച് സെന്റായാലും അതിനും ഒരു മതിൽ നിർബന്ധമാണ് . മതിൽ കെട്ടി കഴിഞ്ഞാൽ   ആ സ്ഥലത്തിൽ അൽപ്പം റോഡിന് വീതി കൂട്ടാൻ   ചോദിക്കാൻ     മടി ഉണ്ടാകും.   അയൽ വാസിയുടെ  സ്ഥലം വേണമെങ്കിൽ എടുക്കുക  എന്റെ സ്ഥലം ഞാൻ തരില്ല  എന്ന ഈ മനോഭാവമാണ്  പാത വികസനത്തിന്റെ മുഖ്യ ശത്രു. അവസാനം വാഹനങ്ങളുടെ എണ്ണം   പെരുകി പെരുകി  നിലവിലുള്ള നിരത്തുകൾ മതിയാകാതെ ആകാശത്ത് കൂടി  ഇനി വണ്ടി ഓടിക്കുമോ എന്തോ?!!!

4 comments:

  1. സ്ഥിതി സ്ഫോടനാത്മകമാകും വരുംകാലങ്ങളില്‍

    ReplyDelete
  2. കര്‍ണ്ണാടക പോലുള്ള സംസ്ഥാനങ്ങളില്‍..... സ്വയം പൊളിച്ചു മാറ്റാന്‍ ഒരു ദിവസം നിശ്ചയിക്കും..... പിറ്റേ ദിവസം ഗവണ്‍മെന്‍റെ് പൊളിച്ചു മാറ്റും..... വികസനം നടക്കും ..... ഇവിടെ???????????????

    ReplyDelete
  3. ഇവിടെ അങ്ങിനെ പൊളിച്ച് മാറ്റാൻ തീരുമാനിച്ചാൽ അത് തടയാൻ പിറ്റേന്ന് 100 രാഷ്ട്രീയക്കാർ രംഗത്ത് വരും. എങ്ങിനെയും ഒരു വോട്ട് കയ്യിലാക്കാൻ എന്ത് പോക്രിതരത്തിനും അവർ കൂട്ട് നിൽക്കും.വിനോദ് കുട്ടത്ത്

    ReplyDelete
  4. അതുകൊണ്ടാണ് ഷെരീഫ്ക്കാ..... മെട്രോയും റിങ്ങ് റോഡുമൊക്കെ വളരെ വേഗത്തില്‍ നടപ്പിലായതും ..... വികസനപാതയില്‍ ഏറെ മുന്നോട്ട് പോയതും......

    ReplyDelete