കാലം പുതിയ പുതിയ വാക്കുകൾ ഭാഷയിലേക്ക് കൊണ്ട് വരുന്നു.
നാരായണച്ചാര് ചെത്താൻ പോയി എന്ന് പണ്ട് കാലത്ത് പറഞ്ഞാൽ തന്റെ കത്തിയും മറ്റ് ഉപകരണങ്ങളും എടുത്ത് നാരായണച്ചാര് തെങ്ങ് ചെത്താൻ പോയി എന്നാണ് നാം മനസിലാക്കുക എന്നും എന്നാൽ അദ്ദേഹത്തിന്റെ മകൻ വിക്രമൻ ചെത്താൻ പോയി എന്ന് ഈ കാലത്ത് നാം കേട്ടാൽ അതിനർത്ഥം വിക്രമച്ചാര് തന്റെ പാന്റും ഷർട്ടും വലിച്ച് കയറ്റി കോളേജ് വിട്ട സമയം മോട്ടോർ സൈക്കിളിൽ ഊരു ചുറ്റാനിറങ്ങിയെന്നുമാണ് നാം മനസിലാക്കേണ്ടതെന്ന് എവിടെയോ വായിച്ചിരുന്നു.
കാലം മാറുമ്പോൾ എവിടെ നിന്നെല്ലാമോ വാക്കുകൾ കയറിവരുന്നു, അത് ജനം കൈനീട്ടി സ്വീകരിക്കുകയും ചെയ്യുന്നു.
അടിയും പൊളിയും രണ്ട് വാക്കുകളാണെന്ന് പണ്ട് മനസിലാക്കിയിരുന്നെങ്കിൽ ഇപ്പോൾ അടിപൊളിയുടെ അർത്ഥം വിശാലമാണ്.
ഈ അടുത്ത കാലത്ത് എന്റെ അഭിഭാഷക സുഹൃത്തിൽ നിന്നും വന്നു ഒരു പുതിയ വാക്ക് . പുതിയതായി എന്റ്രോൾ ചെയ്ത എന്റെ ഒരു കുട്ടി അദ്ദേഹത്തിന്റെ ഓഫീസിൽ ജൂനിയർ വക്കീലായി ചേർന്നു. സീനിയർ അഭിഭാഷകന്റെ കമന്റ്." സാറേ! സാറിന്റെ ഒരു പയ്യൻ "ബംഗാളി" ആയി എന്റെ ഓഫീസിൽ വന്നിട്ടുണ്ട്. സഹായി, ജോലിക്കാരൻ എന്ന വാക്കുകൾക്ക് പകരം വെക്കാൻ ബംഗാളി എന്ന പദം ഇപ്പോൾ പുതിയതായി ഭാഷയിൽ വന്നിരിക്കുന്നു.
മുയലിനെ വ്യാവസായികമായി വളർത്തി എങ്ങിനെ ലാഭമെടുക്കാം എന്ന വിഷയം വളഞ്ഞ് കൂടി ചർച്ചക്കിട്ടപ്പോൾ ഒരു സ്നേഹിതൻ ഇങ്ങിനെ കമന്റി.(കമന്റിയും പുതിയ പദമാണേ!) "അയ്യോ! ദൈവമേ! വേണ്ടാ.... വേണ്ടാ ... വീട്ടിൽ കുട്ടികളുണ്ട്..."
"അതിനെന്താടോ കുഴപ്പം, മുയൽ വീട്ടിലെ കുട്ടികളെ കടിക്കുമോ?"
"അല്ലാ..അതല്ലാ...കുഴപ്പം. മുയൽ മറൈൻ ഡ്രൈവ് കക്ഷിയാണ്..അതിന് സ്ഥലകാലഭേദമില്ല, ഭാര്യയും ഭർത്താവുമായി എവിടെ വെച്ചും പണി പറ്റിച്ച് കളയും..നമ്മൾ കുട്ടികളുമായി കളി തമാശ പറഞ്ഞിരിക്കുമ്പോഴായിരിക്കും മുയലമ്മയും മുയലച്ചനും കൂടി ഓടി വന്ന് നമ്മുടെ മുമ്പിൽ വെച്ച് മറൈൻ ഡ്രൈവ് വേല ചെയ്ത് കളയും....നമ്മുടെ കുഞ്ഞുങ്ങളും ചമ്മും നമ്മളും ചുമ്മും... വേണ്ടാ...വേണ്ടാ...."
ദാ! വന്നു, ഭാഷയിലേക്ക് ഒരു പുതിയ വാക്ക്:-" മറൈൻ ഡ്രൈവ് പരിപാടി"