Friday, August 1, 2014

രാജശേഖരന്റെ നോമ്പും ചില ചിന്തകളും പിന്നെ ഫെയ്സ്ബുക്കും

 രാജശേഖരന്റെ നോമ്പും  ചില ചിന്തകളും  പിന്നെ ഫെയ്സ്ബുക്കും
റമദാൻ  മുപ്പത് ദിവസക്കാലവും   രാജശേഖരൻ  പള്ളിയിൽ വന്ന് ഞങ്ങളോടൊപ്പം  സമൂഹ നോമ്പു  തുറയിൽ പങ്കെടുത്ത്  ഈന്തപ്പഴവും  മറ്റ് ഫലവർഗങ്ങളും കഴിക്കുകയും  നോമ്പ് കഞ്ഞി  കുടിക്കുകയും ചെയ്തു. പള്ളിയിൽ വന്ന മറ്റുള്ളവരെ പോലെ രാജശേഖരനും  താൻ കഞ്ഞി  കുടിച്ച പാത്രം സ്വയം കഴുകി വെച്ചതിനു  ശേഷം പള്ളിയിൽ നിന്നും പോവുകയും ചെയ്യുന്നത് ഞാൻ ദിനവും കണ്ടു. ഇതിനിടയിൽ  കഞ്ഞി  കുടിക്കുന്നതിനു മുമ്പായി  മഗ് രിബ് നമസ്കാരത്തിനായി (സന്ധ്യക്കുള്ള നമസ്കാരം) ഞങ്ങൾ പള്ളിക്കുള്ളിൽ കയറുമ്പോൾ രാജശേഖരൻ  പള്ളിയുടെ പ്രധാന വാതിൽക്കൽ    കൈ   ഉദരത്തിന് താഴെയായി  കെട്ടി നിർന്നിമേഷനായി  ആദരവോടെ നിൽക്കും.  ഈ നിൽപ്പ്  നമസ്കാരം പൂർത്തി ആകുന്നത് വരെ തുടരും. എന്നിട്ടാണ് ഞങ്ങളോടൊപ്പം  കഞ്ഞി  കുടിക്കാൻ വരുന്നത്. വർഷങ്ങളായി ഞാൻ  ഈ കാഴ്ച  കണ്ടു വരുന്നു.   രാജശേഖരൻ ടൗണിലെ ഒരു വ്യാപാരിയും ഈ സ്ഥലത്തെ  പ്രസിദ്ധമായ  ഹിന്ദു നായർ  കുടുംബത്തിലെ അംഗവും  തന്റെ വീടിനു സമീപത്തെ  അമ്പലക്കമ്മിറ്റിയിലെ അംഗവുമാണ്. റമദാൻ വൃതം മുടങ്ങാതെ  വർഷങ്ങളായി അയാൾ  നോറ്റുവരുകയാണ്. രാജശേഖരനും   സഹോദര സമുദായത്തിലെ അത് പോലുള്ള ചിലരും ഈ പള്ളിയിൽ വരുന്നതും നോമ്പ്  തുറക്കുന്നതും    ഇവിടെ  ഉള്ള മുസ്ലിം സമുദായാംഗങ്ങൾ ആദരവോടും സ്നേഹത്തോടും കാണുകയും ചെയ്യുന്നു.

   കഴിഞ്ഞ ദിവസം ഞങ്ങൾ  നടത്തിയ ഇഫ്ത്താർ  ചടങ്ങിൽ സഹോദര സമുദായത്തിൽപ്പെട്ട    രണ്ട്  അഡ്വൊക്കേറ്റ് ക്ലർക്കുമാർ പങ്കെടുത്തിരുന്നു.  നമസ്കാര സമയം ഒരാൾ  ആദരവോടെ എഴുന്നേറ്റ് നിന്ന്  നമസ്കാരം വീക്ഷിച്ചു. ഇതരൻ  അവസാന വരിയിൽ എന്നോടൊപ്പം  നിന്ന്  ഞങ്ങൾ ചെയ്യുന്നത്  പോലെ  അനുകരിച്ചു. നമസ്കാരാനന്തരം കക്ഷി  എന്നോട് ചെവിയിൽ പറഞ്ഞു. "സാഷ്ടാംഗ നമസ്കാരം (സുജൂദ്) നടത്തുമ്പോൾ ഈ പിറു പിറുക്കുന്നത്  എന്തെന്ന് എന്നെ പഠിപ്പിക്കണേ! അടുത്ത തവണ അത് ചൊല്ലി  വേണം  എനിക്ക് നമസ്ക്കരിക്കാൻ"
ഞാൻ അയാളുടെ ചെവിയിൽ പതുക്കെ പറഞ്ഞു " അതിനു മുമ്പ്  നിന്നെ  ഞാൻ പൊന്നാനിയിൽ കൊണ്ട് പോയി    മൂത്രം ഒഴിക്കുന്ന യന്ത്ര സംവിധാനം പുളി മുട്ടിനു  മുകളിൽ വെച്ച് കൊടു വാളിനു വെട്ടി ശരിപ്പെടുത്തും "  ആ തമാശ ആസ്വദിച്ചുള്ള അയാളുടെ ചിരി  അവിടെ നിന്നും പോകുന്നത് വരെ തുടർന്നു. ഞങ്ങൾ തമ്മിൽ അത്രക്ക് സൗഹൃദത്തിലായിരുന്നല്ലോ. അടുത്ത ഓണത്തിന് അയാളുടെ വീട്ടിൽ ഉണ്ണാൻ ചെല്ലാമെന്ന് എന്നിൽ നിന്നും വാക്കും വാങ്ങിയാണ് അയാൾ പോയത്.

 ഈ തവണ ചെറിയ പെരുന്നാളിന് ആലപ്പുഴയിൽ അനന്തിരവന്റെ വീട്ടിൽ ഞാൻ  പോയിരുന്നു.  ഞാൻ അവിടെ എത്തുമ്പോൾ ഉണ്ണാൻ സമയം കഴിഞ്ഞിരുന്നെങ്കിലും  എന്തുകൊണ്ടോ ആരും ഊണ് കഴിച്ചിരുന്നില്ല. കാര്യം തിരക്കിയപ്പോൾ അനന്തിരവൻ  ബിരിയാണി പൊതിയുന്ന തിരക്കിലായിരുന്നു, അതാണ് വൈകിയത് എന്നറിഞ്ഞു. വീട്ടിലുള്ളവർ കഴിക്കുന്നതിനു മുമ്പ്  ധൃതിയിൽ   ബിരിയാണീ ആർക്കാണ് പൊതികളാക്കി കൊണ്ട് പോയതെന്നുള്ള ചോദ്യത്തിന്  അവന്റെ കൂട്ടുകാരും  അയൽക്കാരുമായ ഇതര മതസ്തർക്കാണ്  ആ പൊതികളെന്ന് അറിഞ്ഞു. അവന്റെ വീട് സ്ഥിതി ചെയ്യുന്ന  വലിയകുളം ഭാഗം  എല്ലാ മതക്കാരും ഇടകലർന്ന് ജീവിക്കുന്ന സ്ഥലമാണെന്നും എല്ലാ മുസ്ലിം വീടുകളിൽ നിന്നും ഇപ്രകാരം ആഹാരം  സഹോദര മതസ്തർക്ക് എത്തിച്ചു കൊടുക്കുന്നത് അവിടത്തെ പതിവാണെന്നും അറിയാൻ കഴിഞ്ഞു.

   ആലപ്പുഴയിലെ വട്ടപ്പള്ളിയിലാണ്  എന്റെ ബാല്യകാലം കഴിച്ച് കൂട്ടിയിരുന്നത്. വട്ടപ്പള്ളിയും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന സക്കര്യാ ബസാറും മുസ്ലിം പോക്കറ്റുകളാണ്. ഇതര സമുദായാംഗങ്ങളുടെ  ചുരുക്കം ചില വീടുകൾ മാത്രമാണ് അവിടുള്ളത്. ഞങ്ങളുടെ വീടിന് കിഴക്ക് ഭാഗത്ത് നാലഞ്ച് വീടുകൾ ഹിന്ദുക്കളുടേതാണ് .  ഒരു തിരുവോണ ദിവസം  ആ  വീടുകളിലൊന്നിലെ കാർത്യായനി  അമ്മൂമ്മ ഒരു പാത്രത്തിൽ പായസവുമായി ഞങ്ങളുടെ വീട് വാതിൽക്കൽ വന്ന്  " ഇതാ കുറച്ച് പായസം ഇന്ന് ഞങ്ങളുടെ  തിരുവോണമാണ്"  എന്ന് പറഞ്ഞു. എട്ട് വയസ്കാരനായ  ഞാൻ കൈ നീട്ടി അത് വാങ്ങി  അതുമായി അകത്ത് പോയി. അമ്മൂമ്മ  പായസവും തന്ന് തിരികെ പോയപ്പോൾ  എന്റെ ഉമ്മൂമ്മ  ഓടി വന്ന് എനിക്ക് രണ്ട് നുള്ളും  മൂന്ന് നാല്  അടിയും  തന്നിട്ട് പറഞ്ഞു " നിനക്ക് അത്രക്ക് കൊതിയായി പോയോ പന്നി ബലാലേ് ! അവരുണ്ടാക്കിയത് വാങ്ങി കഴിക്കാൻ.."  എന്താണ് ഞാൻ ചെയ്ത തെറ്റെന്ന് എനിക്ക് അന്ന് മനസിലായില്ല  അത് കൊണ്ട് പായസ  പാത്രം  കയ്യിൽ വെച്ച്  ഞാൻ ഉറക്കെ കരഞ്ഞു..   നിലവിളി കേട്ട  എന്റെ  വാപ്പാ ഉമ്മയോട്  കാര്യം  തിരക്കി  അറിഞ്ഞതിന് ശേഷം എന്നെ അരികിലേക്ക് വിളിച്ചു.  ഇനി ബാക്കി അടി വാപ്പായിൽ നിന്നും പ്രതീക്ഷിച്ച്  വിറച്ച് വിറച്ച് ചെന്ന എന്റെ  കയ്യിൽ നിന്നും  വാപ്പാ പായസ പാത്രം വാങ്ങി "ബിസ്മി" (ദൈവ നാമത്തിൽ) എന്നുരുവിട്ട്  ( ആഹാരം കഴിക്കാൻ ആരംഭിക്കുമ്പോൾ ഞങ്ങൾ  അങ്ങിനെ ഉരുവിടാറുണ്ട്) പാത്രത്തിൽ നിന്നും അൽപ്പം കുടിച്ച്  ബാക്കി എനിക്കും മറ്റുള്ളവർക്കും തന്നു. വിവരം അറിഞ്ഞ  ഉമ്മൂമാ എന്തോ  പിറു പിറുത്തു.  കാര്യം അവിടം കൊണ്ടവസാനിച്ചില്ല.  വാപ്പാ ജോലി ചെയ്യുന്ന ചിട്ടി സ്ഥാപനത്തിൽ  കേസ് കാര്യവുമായി  പതിവായി വന്നിരുന്ന  വക്കീൽ ഗുമസ്തൻ  മാധവൻ പിള്ളയുടെ ക്ഷണം സ്വീകരിച്ച്   പിറ്റേ ദിവസം അവിട്ടത്തിന്  വാപ്പാ  എന്നെ സൈക്കിളിൽ  പുറകിൽ  ഇരുത്തി  പുന്നപ്ര വരെ  സൈക്കിളിൽ സഞ്ചരിച്ച് മാധവൻ പിള്ളയുടെ വീട്ടിൽ ചെന്ന്  അവിടെ നിന്നും ആഹാരം കഴിച്ചു.  ജീവിതത്തിൽ ആദ്യമായി  ഇലയിൽ ചോറുണ്ടതും  ശർക്കര പുരട്ടി  എന്ന പലഹാരം കഴിച്ചതും അന്നായിരുന്നു.
എന്റെ വാപ്പാ നമസ്കാരവും മറ്റ് മതാനുഷ്ഠാനങ്ങളും നിർബന്ധമായി  പാലിക്കുന്ന ആളായിരുന്നു  എന്ന്കൂടി  പറഞ്ഞ് വെക്കട്ടെ..
ഉള്ളിൽ പകയും വൈരാഗ്യവും ഇല്ലാതെ കേരള ജനത പരസ്പരം സ്നേഹത്തോടെയും സഹകരണത്തോടെയും കഴിഞ്ഞ്   വരുന്നതിന്റെ  ഉദാഹരണങ്ങളാണ് ഞാൻ ഇവിടേ ചൂണ്ടിക്കാണിച്ചത്. മുസ്ലിം മുസ്ലിമായും ഹിന്ദു ഹിന്ദുവായും ക്രിസ്ത്യൻ ക്രിസ്ത്യനുമായി തന്നെ കഴിഞ്ഞ് വരുന്നതിന് ഈ നാട്ടിൽ പരസ്പരം ആർക്കും  അസഹിഷ്ണതയും  വെറുപ്പും ഇല്ലാതിരിക്കാൻ തക്കവിധം  സ്വർഗമായിരുന്നല്ലോ നമ്മുടെ ഈ മലയാള നാട്.

 എന്റെ   കുടുംബ പുരാണം   കൊച്ചാപ്പാ  പിൽക്കാലത്ത്  ഞങ്ങൾക്ക് പറഞ്ഞ് തന്നത് ഞങ്ങൾ കൗതുകത്തോടെ കേട്ടിരുന്നിട്ടുണ്ട്..
പണ്ട്   പണ്ട് വളരെ പണ്ട്    കല്ലേലിൽ എന്ന  പ്രസിദ്ധമായ  ഒരു നായർ  കുടുംബത്തിലെ ഒരു അച്ചിക്ക് തന്റെ നായരിൽ ശങ്ക ഉണ്ടായി.  ഒരു ദിവസം നായർ അറിയാതെ    അച്ചി പിന്തുടർന്ന് ചെന്ന് നായരുടെ  ചിന്ന വീട് സംബന്ധം കയ്യോടെ പിടിച്ചു. അപ്പോൾ  കിട്ടിയ ചൂലിനാൽ  അച്ചി നായരെ  തന്റെ വീട് വരെ പ്രഹരിച്ചുവത്രേ!. ഈ പ്രവർത്തിയിൽ  അസഹിഷ്ണത പൂണ്ട   കുടുംബ കാരണവർ അച്ചിയെ  വിളിച്ച്   ശകാരിച്ചതിൽ   അച്ചിക്ക് സങ്കടവും  പകയും ഉണ്ടായി. തന്റെ ഭർത്താവിന്റെ കൊള്ളരുതായ്മയെ കുറ്റപ്പെടുത്താതെ തന്നെ  മാത്രം  ശകാരിച്ചതിൽ വൈരാഗ്യത്തിലായ  അവർ    തന്റെ മകളുമായി തറവാട് വിട്ടിറങ്ങി  നേരെ മുസ്ലിം പള്ളിയിൽ ചെന്ന് കുപ്പായമിട്ടു.(മതം മാറി)  ഏതായാലും മതത്തിൽ ആകൃഷ്ട ആയി   അവർ മതം മാറിയതല്ല എന്നുറപ്പ്.  സ്വന്തം കുടുംബത്തിന് എങ്ങിനെ അപമാനം ഉണ്ടാക്കാം  എന്ന ചിന്തയാൽ നായരച്ചി ഉമ്മച്ചി  ആയി ജീവിച്ച്  കാണിക്കാൻ തയാറായതോ അതോ ഇനി ആ വീട്ടിലേക്കില്ലാ എന്ന നിർബന്ധത്താലോ  ഉള്ള ഒരു മതം മാറ്റമായിരിക്കാമത് . ഏതായാലും കാലം കഴിഞ്ഞപ്പോൾ   അവരുടെ  മകളെ  ഒരു മുസ്ലിം തന്നെ വിവാഹം കഴിച്ചു. ആ മകളാണ്  എന്റെ  വാപ്പയുടെ  പിതാവിന്റെ ഉമ്മ ശൂദ്രത്തി ആമിനാ എന്ന് വിളിക്കപ്പെട്ടിരുന്ന ആമിന.. എന്റെ വാപ്പായും കൊച്ചാപ്പായും  ഹിന്ദുവായ ഒരു ഹേഡ് അങ്ങത്തയുടെ (അന്നത് ഒരു വലിയ ഉദ്യോഗമാണ്) വീട്ടിൽ അവരുടെ ബാല്യകാലത്ത് പോയി ഇഡ്ഡിലി എന്ന അപരിചിത ആഹാരം  ചമ്മന്തിയിൽ കുതിർത്ത് തിന്ന കാര്യവും  അതിശയത്തോടെ പറഞ്ഞ് തന്നിട്ടുണ്ട്. കല്ലേലി തറവാട്ടിലെ  വലിയ കാർന്നോരായിരുന്ന ആ ഹേഡ്  തന്റെ കൊച്ചനന്തിരവന്മാരോട്  സ്നേഹത്തോടെയും വാൽസല്യത്തോടെയുമാണ് പെരുമാറിയതെന്ന് കൊച്ചാപ്പാ പറഞ്ഞു തന്നു.
 
 കേരളത്തിലുണ്ടായിരുന്ന  ആദ്യ സമുദായങ്ങളിൽ നിന്നും  ഇപ്രകാരമുള്ളതോ  മറ്റ് കാരണങ്ങളാലോ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തവരാണ്  ഇവിടെയുള്ള മുസ്ലിംങ്ങളിൽ ഭൂരി ഭാഗവും; അല്ലാതെ മക്കയിൽ നിന്നും നേരിട്ട് ഇറക്ക്മതി ചെയ്തവരല്ല.. മതത്തിന്റെ അടിസ്ഥാന നന്മ  മനസിലാക്കി ഇസ്ലാമിലേക്ക് വന്നവരും ധാരാളം ഉണ്ടെന്ന് വിസ്മരിക്കുന്നില്ല.  പക്ഷേ അവരുടെയും  അടിസ്ഥാന സമുദായം കേരളത്തിലെ  നമ്പൂതിരിയോ നായരോ  ഈഴവനോ/ തീയനോ  ദളിതനോ  തന്നെ ആണ്. ചുരുക്കത്തിൽ മലയാള നാട്ടിലെ മുസ്ലിംങ്ങളിൽ  ഭൂരി ഭാഗത്തിന്റെയും  പൂർവ സമുദായം  ഇവിടെ തന്നെ കഴിഞ്ഞിരുന്ന  ഇതര സമുദായാങ്ങൾ തന്നെ ആയിരുന്നു എന്നത് നിസ്തർക്കമായ  വസ്തുതയാണ്. ഇസ്ലാമിലേക്ക് മതം മാറിയവർ  ഇവിടെ തന്നെ ജീവിക്കുന്നതിന്  ഭീഷണി ഇല്ലാതിരുന്നതിനാലാണല്ലോ  കേരളത്തിലെ   മുസ്ലിംങ്ങളുടെ ജനസംഖ്യ  ഇപ്പോഴും  രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. എല്ലാ മുസ്ലിംങ്ങളും മുസ്ലിമായി തന്നെ ജീവിക്കുന്നതിനും അവൻ താടിയും തൊപ്പിയും വെക്കുന്നതിനും പള്ളിയിൽ പോകുന്നതിനും  ഇവിടെ ആർക്കും പരാതിയോ പരിഭവമോ ഇല്ലാത്തതിനാൽ അവനെ വർഗീയവാദി എന്നാരും  അൽപ്പകാലം മുമ്പ് വരെ  വിളിച്ച്ചിരുന്നില്ല.  ഈ നാടിന്റെ സംസ്കാരം അങ്ങിനെയായിരുന്നു. അൽപ്പ സ്വൽപ്പം  അപസ്വരങ്ങൾ  മാറ്റി വെച്ച് നിരീക്ഷിക്കുമ്പോൾ എന്നും മത സൗഹാർദ്ദത്തിന് പേര് കേട്ട  സ്ഥലം തന്നെ ആയിരുന്നു കേരളം. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും  ഒരമ്മ പെറ്റ മക്കളെ പോലെ ഇവിടെ കഴിഞ്ഞിരുന്നതും അത് കൊണ്ട് തന്നെ ആയിരുന്നു. ഏത് സമുദായത്തിലും ഗോത്രത്തിലും  വർഗത്തിലും മനസിൽ വിഷവുമായി  ജനിക്കുന്നവർ  എപ്പോഴും ഒരു ചെറിയ ന്യൂനപക്ഷം നിലവിലുണ്ടായിരുന്നുവല്ലോ. പക്ഷേ  അവരുടെ വിഷം ചീറ്റൽ  ഇവിടെ നിറഞ്ഞ് നിന്നിരുന്ന  മത  സാഹോദര്യത്താൽ  വലിയ രീതിയിൽ ഫലിക്കാതെ പോയി.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഒരു മുസൽമാൻ ബാഹ്യ വീക്ഷണത്തിൽ കർക്കശനും  ആന്തരികമായി കനിവിന്റെ ആൾരൂപവുമായിരുന്നു. അതാത് കാലഘട്ടം  കഥകളിലും സിനിമകളിലും പ്രതിബിംബിക്കുന്നത് സാധാരണമാണ് . നടേ പറഞ്ഞ മുസ്ലിം കാക്കാ എം.റ്റി. വാസുദേവൻ നായരുടെ കുഞ്ഞരക്കാർ  തുടങ്ങിയ കഥാപാത്രങ്ങളിലൂടെയും "കായലരികത്ത് വളകിലുക്കിയ" പാടിയ നീലക്കുയിൽ കാക്കയിലും പാലും പഴം സിനിമയിലെ  സേട്ടുവിലൂടെയും  മറ്റും  മുസ്ലിമിനെ  നന്മ നിറഞ്ഞവനായി  പ്രതിബിംബിപ്പിച്ചു. അനാഥരെയും അഗതികളെയും നിസ്സഹായരെയും വിപത്തിൽ നിന്നും രക്ഷിക്കുന്ന ഹൃദയാലുവായിരുന്നു  അടുത്തകാലം വരെ  അയാൾ.
 2001 സെപ്റ്റംബറിൽ അമേരിക്കയിലെ ഇരട്ട ഗോപുരം വിമാനമിടിച്ച് തകർത്തതിന് ശേഷം  മുസ്ലിം എന്നാൽ " ബോംബാണോ  അത്  ഇവിടെ അടുത്ത് മലപ്പുറത്ത് കിട്ടും " എന്ന ആറാംതമ്പുരാൻ സിനിമ ഡയലോഗ് മാതൃകയിൽ   പ്രതിബിംബിക്കാൻ തുടങ്ങി. അത് വരെ ഉണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാട്  അവനു കിട്ടി. ഏതോ ദുഷ്ടന്മാർ (അത് ആരോപിക്കപ്പെടുന്നവരല്ല, അവരെ പഴി കേൾപ്പിക്കാൻ മറ്റാരോ ചെയ്തതാണെന്ന വാദം ഇപ്പോഴും അമേരിക്കയിൽ അലയടിക്കുന്ന സത്യം വിസ്മരിക്കുന്നില്ല) ചെയ്ത കുറ്റത്തിന് ലോക മുസ്ലിങ്ങൾക്ക് മറ്റൊരു നിറം പകർന്ന് കിട്ടി.
രണ്ട് വർഷങ്ങൾക്ക് മുമ്പുള്ള  ഒരു റമദാൻ കാലത്ത് ഞങ്ങളുടെ അടുത്ത ഗ്രാമത്തിലുള്ള ഒരു മുസ്ലിം ചെറുപ്പക്കാരി ഗർഭിണി  പതിവ് പരിശോധനക്കായി   ലേഡീഡോക്റ്ററെ സമീപിച്ച് പരിശോധനക്ക് ശേഷം  "ഡോക്റ്റർ  ഞാൻ  നോമ്പ്  പിടിക്കുന്നതിൽ കുഴപ്പമുണ്ടോ" എന്ന് ചോദിച്ചപ്പോൾ  "എന്തിന് നിങ്ങൾ നോമ്പ് പിടിക്കണം  നോമ്പും പിടിച്ചേച്ച്   ബോംബ് പൊട്ടിച്ച്  നിരപരാധികളെ കൊലപ്പെടുത്തലല്ലേ നിങ്ങളുടെ ആൾക്കാരുടെ ജോലി" എന്ന്  ആ ലേഡി ഡോക്റ്റർ പ്രതികരിച്ചു. സംഭവം വൈകാരികമായി പ്രക്ഷോഭണത്തിലേക്ക് തിരിയുന്നതിനു മുമ്പ് നാട്ടിൽ നില നിന്നിരുന്ന മത സൗഹാർദ്ദം  ആ തീ അണച്ച് കളഞ്ഞു. വിശദാന്വേഷണത്തിൽ ആ പാവം ഡോക്റ്റർ ഒറ്റ വാചകത്തിൽ  മനസ് തുറന്നു. റ്റി.വി. തുറന്നാലും പത്രമെടുത്താലും കിട്ടുന്ന വാർത്ത  മുസ്ലിം  ഭീകരന്മാരും ബോംബ് ബ്ലാസ്റ്റിംഗും  മാത്രം.  അതിൽ നിന്നുമുണ്ടായ തെറ്റിദ്ധാരണയാണ് ഡോക്റ്ററെ  മേല്പറഞ്ഞ പ്രകാരം  പ്രതികരിക്കാൻ പ്രേരിപ്പിച്ചത്.
  മീഡിയാകളെ തങ്ങളുടെ ഉദ്ദേശ സാദ്ധ്യത്തിനായി വിനിയോഗിച്ച് ലോകജനസംഖ്യയിൽ  നാലിലൊന്ന്  വരുന്ന ഒരു സമൂഹത്തെ  വെറുക്കപ്പെട്ട ഒരു സമൂഹമായി  ചിത്രീകരിക്കാൻ   കണക്ക്കൂട്ടി പദ്ധതി തയാറാക്കി നടപ്പിൽ വരുത്തുന്നവർ അവർ ആരായാലും അവരുടെ പദ്ധതി ഇത് വരെ വിജയകരമായി നടത്തിയിട്ടുണ്ട്  എന്ന സത്യം ചൂണ്ടിക്കാണിക്കാനാണ്  ഈ സംഭവം ഇവിടെ  വിവരിച്ചത്.  ഈ വസ്തുത  നിഷ്പക്ഷമായി നിരീക്ഷിച്ചാൽ ആർക്കും  ബോദ്ധ്യപ്പെടുന്നത് തന്നെയാണ് .  അത് എളുപ്പത്തിൽ  ബോദ്ധ്യമാകണമെങ്കിൽ കുറച്ച് കാലങ്ങളായുള്ള ഫെയ്സ്ബുക്ക് സ്റ്റാറ്റസുകളും കമന്റുകളും  പരിശോധിച്ചാൽ മാത്രം മതിയാകും. അതിലൂടെ  നമ്മൾ കടന്ന് പോകുമ്പോൾ ഇപ്പോൾ ഭയമാകുന്നുണ്ട്.    ഒരു സമൂഹത്തിന് നേരെയുള്ള വെറുപ്പ്  എത്രമാത്രം പ്രകടിപ്പിക്കുന്നതിനും  ഒരു മടിയുമില്ലാത്ത  അവസ്ഥ കാണുമ്പോൾ ഭയക്കാതിരിക്കുന്നതെങ്ങിനെ!  ആ ഭയത്തിൽ നിന്നുമുള്ള   വേദനയാലും  നാട്ടിൽ    ഇതു വരെനില നിന്നതും   ഇപ്പോഴും ഭൂരിഭാഗം മലയാളികളിലും  നില നിൽക്കുന്നതുമായ  മത സൗഹാർദ്ദം ഒരിക്കലും നശിക്കാൻ  ഇടയാകരുതേ   എന്നുള്ള  പ്രാർത്ഥനയാലുമാണ്  ഈ പോസ്റ്റ് കുത്തിക്കുറിച്ചത്.  സുഹൃത്തുക്കളേ! നിങ്ങൾ  വെറുപ്പോടെ  പരാമർശിക്കുന്ന ഈ ഭീകരന്മാർ മൂന്നോ  നാലോ തലമുറകൾക്ക് മുമ്പ് നിങ്ങളുടെ സമുദായത്തിൽ പെട്ടവർ തന്നെ ആയിരുന്നു. അവർ മതം മാറി എന്നത് അത്രക്കും കൊടിയ കുറ്റമെങ്കിൽ  മറ്റൊരു  വിശ്വാസവുമായി കഴിയാനാവാതെ    ഈ മണ്ണിൽ ആദി സമൂഹം  മാത്രമല്ലേ  അവശേഷിക്കുമായിരുന്നുള്ളൂ . ഭാരതീയ സംസ്കൃതി  എല്ലാം ഉൾക്കൊള്ളുന്നതായിരുന്നല്ലോ. നിങ്ങളുമായി പിച്ച വെച്ച് കളിച്ച് നടന്നിരുന്ന  അന്യ മതസ്തനായ  നിങ്ങളുടെ ബാല്യകാല സുഹൃത്തു തന്നെയാണ്   ഇപ്പോഴും  നിങ്ങളോടൊപ്പമുള്ളത്.  ഒരിക്കലും അവർ വിദേശികളല്ലല്ലോ . ഏതോ കുബുദ്ധികൾ ചെയ്യുന്ന പ്രവർത്തികളിലൂടെ ഒരു സമൂഹത്തെ മുഴുവനായി  കുറ്റക്കാരാക്കുന്നത് നീതിയല്ല.  വ്യകതമായ ചില ഉദ്ദേശങ്ങളിലൂടെ ചിലർ പടച്ച് വിടുന്ന  ദുഷിച്ച ചിന്താഗതിയിൽ  പെട്ട്   പോയാൽ ഇവിടെ ഇല്ലാതാകുന്നത് നാം തന്നെ സൃഷ്ടിച്ച  സ്വർഗമാണ്.  എല്ലാം അറിയാവുന്നവരും സർവജ്ഞാനിയെന്ന് നടിക്കുന്നവരുമായ ചിലർ പടച്ച് വിടുന്ന സ്റ്റാറ്റസുകളും  ഞാൻ വർഗീയ വാദിയല്ലേ  എന്ന് വെപ്രാളപ്പെട്ട് ഘോഷിക്കാനായി വെമ്പുന്ന   സെയിം സൈഡ് ഗോളടിക്കുന്ന ചില ബുദ്ധി  രാക്ഷസന്മാരുടെ കമന്റുകളിലും  നിങ്ങൾ സത്യം  അന്വേഷിച്ചാൽ ലഭിക്കില്ല  എന്ന് മനസിലാക്കുക.  കണ്ണു തുറന്ന് കാണുകയും ചെവി തുറന്ന് കേൾക്കുകയും  ഒരു ന്യായാധിപനെ പോലെ സത്യം കണ്ടെത്താൻ ശ്രമിക്കുന്നവരുമായി  നിങ്ങൾ  മാറിയാൽ ഈ കുറിപ്പുകളുടെ ആദ്യം പരാമർശിച്ച  രാജശേഖരന്റെ  ഹൃദയ വിശാലത നിങ്ങൾക്കും കൈവരുമെന്ന് തീർച്ച.

8 comments:

 1. വളരെ ഗൌരവപൂര്‍വം വായിക്കേണ്ടുന്ന ഒരു ലേഖനം. മനഃപ്പൂര്‍വം വിടവുകള്‍ ഉണ്ടാക്കാന്‍ ശ്രമിയ്ക്കുന്ന ഇരുട്ടിന്റെ ശക്തികള്‍ ബലം പ്രാപിച്ച് വരുന്നുണ്ട് ചുറ്റിലും. വിവേകത്തോടെ ചിന്തിക്കുന്നവര്‍ വര്‍ദ്ധിയ്ക്കുന്നില്ലെങ്കില്‍ പ്രശ്നകലുഷിതമാകും ജീവിതം. ഈ ലേഖനം വിവേകമുണര്‍ത്തുന്നതാണ്.

  ReplyDelete
 2. നല്ല ചിന്തകള്‍, മാഷേ

  ReplyDelete
 3. ഷെറീഫ് സാര്‍ പറഞ്ഞ കാര്യങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. ജാതിമതഭേദമെന്യേ സ്നേഹത്തോടെ ആളുകള്‍ കഴിഞ്ഞിരുന്ന നാടാണ് ഇത്. ഞാന്‍ സന്ധ്യക്ക് നാമം ജപിക്കുമ്പോള്‍ ഉമ്മറത്ത് നിസ്ക്കരിക്കാറുള്ള ഉമ്മര്‍ക്കയേയും, ബസ്സപകടത്തില്‍ പരിക്കേറ്റ് ഞാന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ എന്‍റെ മകനേ എന്ന് കരഞ്ഞു വിളിച്ച് ആദ്യമെത്തിയ സൈനബ ഉമ്മയേയും എന്‍റെ സ്വന്തം ആള്‍ക്കാരല്ലാതെ എങ്ങിനെ കാണാനാവും 

  ReplyDelete
 4. എന്റെ അഭിപ്രായത്തോട് യോജിച്ചതിനു നന്ദി ചങ്ങാതിമാരേ!

  ReplyDelete
 5. മതങ്ങളുടെ വേലിക്കെട്ടുകളും കെട്ടുപാടുകളൊന്നുമില്ലാതെയൊക്കെ തന്നെയായിരുന്നു നമ്മുടെയൊക്കെ ബാല്യം. നോമ്പ് തുറയ്ക്ക് ഉണ്ടാക്കുന്ന പലഹാരങ്ങള്‍ തൊട്ടുമുമ്പിലുള്ള ഞങ്ങളുടെ വീട്ടിലെത്തിക്കാതെ അയല്‍‌പക്കത്തെ മമ്മൂക്കയുടെ വീട്ടില്‍ നോമ്പ് തുറക്കാറില്ല. പ്രഥമന്‍ അവരുടെ വീട്ടിലെത്തിക്കാതെ എന്റെ അമ്മ ഓണസദ്യ വിളമ്പാറുമില്ല. ഇന്നും അതൊക്കെ തുടരുന്നുണ്ട്. മതപരമായ ആശയ സംഘട്ടനങ്ങള്‍ ആളുകള്‍ക്കിടയില്‍ വളര്‍ന്നുവരുന്നതിനു അന്താരാഷ്ട്രകാരണങ്ങളൊന്നും തേടിപ്പോകേണ്ടതില്ല എന്ന് എനിക്ക് പലപ്പോഴും തോനിയിട്ടുണ്ട്. അയല്‍‌പക്കങ്ങളിലെ അല്ലെങ്കില്‍ വീട്ടിനടുത്തുള്ള ഇതരമതസ്തരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും എന്നത് സ്വയം ചെയ്യുകയും, അത് സ്വന്തം കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുക എന്ന എറ്റവും ലളിതമായ കാര്യം ഓരോരുത്തരും ചെയ്താല്‍ മാത്രം മതി.

  ReplyDelete
 6. Kalka Presakthiyulla Oru Post.... Mathamethayalum Jai Hind Ennu Urakke Parayan Kazhiyunnavar Orumichu Thamasikkunna Oru sthalam athanu Keralam.....Athu eppozhum angane thanne aakatteee. Ippozhathe ee Face Bookum Social Mediayum karanam Vargiya Visham vallare azhathil malayilikalude manassil aazhnnu irangunnoyennu oru Samshayam..... Mammukka/Lallettante Padathinethirayayi Idunna Commentukal Polum Malayalees Innu Vargiyavalkarikkunnuu...And your post is really an eye opener to such people. Thank U Sir & Jai Hind

  ReplyDelete

 7. കണ്ണുതുറപ്പിക്കുന്ന ഗൗരവകരമായ ഒരു നല്ല ലേഖനം. കൊടുകൈ!

  ReplyDelete
 8. നിങ്ങളുടെ എല്ലാം മനസിലും ഈ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം.

  ReplyDelete