Tuesday, June 18, 2013

കുട്ടനാട്ടിലൊരു കൃഷി..

കുട്ടനാട്ടിൽ ഇപ്പോൾ നെൽകൃഷി കുറവാണ്. പകരം ഹൗസ് ബോട്ട് കൃഷിയാണ് കൂടുതലും. പള്ളാത്തുരുത്തി പാലത്തിൽ നിന്നുമൊരു ദൃശ്യം.

Saturday, June 15, 2013

മഴപെയ്തു മാനം തെളിഞ്ഞു...

                              മഴ പെയ്തില്ലാ എന്ന്  ഇനി  പറയരുത്.


ആരാണ് നീലാണ്ടൻ ബാലു ?

നീലാണ്ടൻ  ബാലു  ആരാണെന്നറിയില്ലേ?

അത്  അറിയുന്നതിനു  മുമ്പ്  വട്ടപ്പള്ളിയെ  പറ്റി  അറിയേണ്ടിയിരിക്കുന്നു. ആലപ്പുഴ  നഗരത്തിൽ സക്കരിയാ ബസാറിന് തെക്ക്  വശമുള്ള  പ്രദേശമാണ് വട്ടപ്പള്ളി  .. "ദോശ"  ,  "പട്ടാണി ഇക്കായുടെ   സുന്നത്ത്"    മുതലായ   എന്റെ  പല പോസ്റ്റിലും  വട്ടപ്പള്ളി  കഥാപാത്രമാണ്.   വട്ടപ്പള്ളിക്കാർ  മറ്റുള്ളവർക്ക്  ഇരട്ടപ്പേര്  (പരിഹാസ  പേര് )  ഇടുന്നതിൽ   വിരുതന്മാരാണത്രേ! വട്ടപ്പള്ളിയിൽ  ഇരട്ട  പേരില്ലാത്തവർ  ചുരുക്കം.  വിചിത്രമായ  കളി  പേരുകൾ  അവർ  ആൾക്കാർക്ക്  നൽകും. അതിലൊരു  പേരാണ്  നീലാണ്ടൻ  ബാലു.

ചെവിയിൽ  നിന്നും  പഴുപ്പ് ഒഴുകി  വരുന്നവരെ  ബാലു  എന്ന്  വട്ടപ്പള്ളിയിൽ  വിളിക്കും. പണ്ട്  കാലത്ത്  ഈ രോഗത്തിന്  ചികിൽസയോടൊപ്പം  ഏതെങ്കിലും പള്ളിയിൽ  (അത്  കാക്കാഴാം  പള്ളിയാകാം,  കാഞ്ഞിര മറ്റമാകാം, ബീമാ പള്ളിയോ  നാഗൂറോ  ആകാം.) നേർച്ച  നേരാറുണ്ട്. പഴുപ്പ് വരുന്ന  ചെവിയുടെ  താഴത്തെ  തട്ടിൽ വളരെ   ചെറിയ  ഒരു   വളയം--(അത്  സ്വർണമോ  വെള്ളിയോ  എന്തുമാകാം) കൊരുത്തിടും. ബാലു  ചെവിയിൽ  വളയം  കൊരുത്തിട്ടാൽ  നീലാണ്ടൻ  ബാലു  ആകും.  പഴുപ്പ്  നിലക്കുമ്പോൾ  നീലാണ്ടൻ  ബാലുമാർ  വളയം  വിറ്റ്  ബന്ധപ്പെട്ട   പള്ളിക്ക്  നേർച്ചനൽകുമായിരുന്നു. ഇത്   ഇത്രയും   ഒറ്റ   ചെവിയിൽ വളയം  തൂക്കിയിട്ടിരുന്ന പഴയ നീലാണ്ടൻ  ബാലുമാരുടെ  കഥ.

കാലം  ഏറെ  കടന്ന്  പോയപ്പോൾ വട്ടപ്പള്ളിയും  നീലാണ്ടൻ  ബാലുമാരും  ഓർമയുടെ അറകളിൽ  എവിടെയോ  ചേക്കേറി. ചെവിയിൽ  നിന്നും  പഴുപ്പ്  വരുന്ന രോഗത്തിന് ഫലപ്രദമായ  ചികിൽസ   കണ്ട്  പിടിച്ചത്  കാരണമായിരിക്കാം  ആരും  ഒറ്റ  ചെവിയിൽ വളയം  ധരിച്ച്  പിന്നീട്  കാണപ്പെട്ടില്ല. പക്ഷേ  പിന്നീട്  എപ്പോഴോ  സിനിമാ നടനും കരാട്ടാ വിദഗ്ദനുമായ  ബാബു  ആന്റണിയുടെ  ഒറ്റ ചെവിയിൽ ഞാൻ  വളയം  കണ്ടു.  അയ്യോ  കഷ്ടം!. നല്ല  ആരോഗ്യമുള്ള  ചെറുപ്പക്കാരൻ. അയാൾക്കും  ചെവിയിൽ നിന്നും  പഴുപ്പ്  വരാൻ തുടങ്ങിയോ  എന്ന്  ഞാൻ   പരിതപിച്ചു. അത് കഴിഞ്ഞ്  ഏ.ആർ.റഹുമാന്റെ  ഡ്രം  പ്ലയർ  തലയിൽ ചുവപ്പ് തൂവാല കെട്ടിയ  കറുമ്പന്റെ  (മണി  എന്നോ മറ്റോ  ആണ്   അയാളുടെ പേര്) ഒറ്റ  ചെവിയിലും  ഞാൻ  വളയം  കണ്ടു. ഇവർക്കെല്ലാം  വിദഗ്ദ  ചികിൽസ  തേടിക്കൂടേ? ഈ  നേർച്ച  വളയുമായി  നടക്കണോ  എന്ന്  ഞാൻ  അൽഭുതം  കൂറി.  ഇതാ  ഇപ്പോൾ മിക്ക  ചെറുപ്പക്കാരും  ഒറ്റ  ചെവിയിൽ  വളയം  ധരിക്കുന്നു. രോഗം  പടർന്ന്  പിടിച്ച്  എല്ലാ ചെറുപ്പക്കാരും  നീലാണ്ടൻ  ബാലുമാരായി  തീരുകയാണോ  എന്ന്  ഞാൻ  ശങ്കിച്ചു. അപ്പോഴല്ലേ  കാര്യം  പിടി  കിട്ടുന്നത്.  ഇത്  ഫാഷനാണ്  പോലും. ഈ നീലാണ്ടന്മാരെല്ലാം  ഫാഷനു  വേണ്ടിയാണ്  ഒറ്റ  ചെവിയിൽ  വളയം  ധരിക്കുന്നതത്രേ!  എന്നാൽ  ഇവർക്കൊക്കെ  ആഫ്രിക്കൻ കാട്ട് ജാതിക്കാരെ  പോലെ   രണ്ട്  ചെവിയിലും  വേണമെങ്കിൽ  മൂക്കിലും  വളയം  ധരിച്ച്   നടന്ന്  കൂടേ?!  ഏതോ  കാട്ട് ജാതിക്കാരന്റെ  ചെവിയിലെ  രണ്ട്  വളയങ്ങളിൽ  ഒരെണ്ണം  ഒരു ദിവസം കളഞ്ഞ്  പോയി  . മറ്റൊരെണ്ണം  വാങ്ങി  ഇടാൻ  അവന്  സമയവും  നേരവും  കിട്ടി  കാണില്ല.  ഒറ്റ ചെവിയിൽ  വളയവുമായി  അവനെ  കണ്ട  ഫാഷൻ  പിള്ളാര്  അത്  അനുകരിച്ചതായിരിക്കും  ഇപ്പോഴത്തെ  ഈ നീലാണ്ടൻ  ബാലുമാർ.

ഫാഷനെല്ലാം  ഇങ്ങിനെയെല്ലാമാണ്  ആരംഭിക്കുന്നത്. പണ്ടൊരിക്കൽ  രണ്ട്  കാലിലും  മന്ത് വന്ന   ആലപ്പുഴയോ  ചേർത്തലയോ  ഉള്ള  ഒരു  ചെറുപ്പക്കാരൻ  പെണ്ണ്  കാണാൻ  പോയപ്പോൾ  തന്റെ  കാലിലെ  മന്ത്  മറക്കാനായി  പാന്റ്സിന്റെ  അടി  ഭാഗം  വീതി കൂട്ടി  തയ്പ്പിച്ചു. അതും  ധരിച്ച്  അവൻ  നിരത്തിൽ കൂടി  പോയത്  കണ്ട  മറ്റ്  വായിൽ  നോക്കികൾ  അവരുടെ  പാന്റ്സിന്റെ  അടി  ഭാഗവും   വീതി കൂട്ടി  തയ്പ്പിച്ച്  അതിന് ബെൽബോട്ടം പാന്റ്സ്  എന്ന്  പേരിട്ടു.  പണ്ടത്തെ ബ്ലാക്ക്  ആന്റ്  വൈറ്റ്  സിനിമകളിൽ  നമ്മുടെ  ജയനും  നസീറുമെല്ലാം   അന്നത്തെ   ഫാഷനായ  ഈ  പാന്റ്സ്  ധരിച്ചിരിക്കുന്നത്  നിങ്ങൾക്ക്  കാണാം. 

അടുത്ത  കാലത്ത്   ഒരു  ദിവസം സായിപ്പ്   ഷേവ്  ചെയ്ത്  കൊണ്ടിരുന്നപ്പോൾ  അയാൾക്ക് പെട്ടെന്ന്  പ്രകൃതിയുടെ   വിളി  വന്നു  കക്കൂസയിലേക്ക്  ഓടി  കയറി. ഷേവ്  പൂർത്തീകരിക്കാതെ  താടിയിൽ കുറച്ച്  രോമങ്ങൾ  അവശേഷിപ്പിച്ച  അവസ്ഥയിലായിരുന്നു  സായിപ്പ്.  കാര്യങ്ങളെല്ലാം  കഴിഞ്ഞ്  പാവം  ശൗചാലയത്തിൽ  നിന്നും  പുറത്തിറങ്ങി  വന്നപ്പോൾ  സമയം  കുറേ  കഴിഞ്ഞു.  ആഫീസിൽ  പോകാൻ  തിരക്കുള്ളതിനാൽ  മേൽപ്പടിയാൻ   മുഖത്ത്  ബാക്കി   ഷേവ്   ചെയ്യാനുണ്ടായിരുന്ന  രോമങ്ങൾ  അതേ  പടി  നില  നിർത്തി  നിരത്തിൽ  കൂടി  നടന്ന്  പോയി. താടിയിൽ  മാത്രം  രോമങ്ങൾ  നിർത്തി  പോകുന്ന  ആ  ബുൾഗാൻ  മോഡൽ  കണ്ടവരെല്ലാം   ഉടൻ  തന്നെ  അത്  അനുകരിച്ചു.  ദേ!  ഇപ്പോൾ  എല്ലാ  കുട്ടി  കുരങ്ങന്മാരും  ചേനക്ക്  വേര്  വന്നത്  പോലെ  നാലഞ്ച്   രോമങ്ങൾ  താടിയിൽ  അവശേഷിപ്പിച്ച്   ഫാഷൻ  കളിച്ച്  നടക്കുന്നു.  താടിയിൽ  മാത്രം  രോമങ്ങൾ  നില  നിർത്തിയ  അവർ  ബുദ്ധി  ജീവികളാണ്  പോലും.  പണ്ട്  ആരോ  പറഞ്ഞത്  പോലെ  എങ്കിൽ  നമ്മുടെ  പാത്തുമ്മായുടെ  മുട്ടനാടിനും   ഇപ്രകാരമുള്ള  താടി  ഉണ്ടല്ലോ.  അവനും  ബൂജി  ആണോ?

ഞങ്ങളുടെ  താടി  ഞങ്ങളുടെ  മുഖം  ഞങ്ങൾക്ക്  ഇഷ്ടമുള്ളത്    ഞങ്ങൾ ചെയ്യും  നിങ്ങൾക്കെന്താ മാഷേ!  എന്ന്  ചോദിച്ചാൽ  അരണ  വണ്ടിയുടെ  കീഴിലേക്ക്  ഓടി  പോകുന്നത്  അരണയുടെ  കാര്യം. പക്ഷേ  അത്  ചതഞ്ഞരഞ്ഞ്  കിടക്കുന്നത്  കാണുമ്പോൾ  എനിക്ക്  ഓക്കാനം  വരുന്നത്  എന്റെ  കാര്യമാണല്ലോ   കുട്ടാ!!!

Saturday, June 1, 2013

കാലവർഷ പെണ്ണ്

അങ്ങ്  ദൂരെ   ഇന്ത്യൻ  മഹാ സമുദ്രത്തിനക്കരെ  നിന്നും   ഇക്കരെ വന്ന്  ബംഗാൾ   ഉൾക്കടലിലൂടെയും കടന്ന്  അറബിക്കടലിൽ  വന്ന്   പിന്നെ  ഞങ്ങളുടെ  വീട്ട് മുറ്റത്ത്  അവൾ    എത്തി  ചേർന്നിരിക്കുന്നു.   അവർ   തെക്ക്  പടിഞ്ഞാറൻ  മൺസൂണെന്നും  നാം  ഇടവപ്പാതിയെന്നും  വിളിക്കുന്ന  കാല വർഷ പെണ്ണ്!!! നേരം  പുലർന്ന്  വീട്ട് മുറ്റത്തേക്ക്  ഇറങ്ങിയപ്പോൾ   മുഖവും  കറുപ്പിച്ച  അവൾ  ദാ! നിൽക്കുന്നു.!!!