Wednesday, May 15, 2013

ദാഹ ജലം തരുമോ...

സസ്യ ശ്യാമള കോമളമായ,    ആറും  തോടും  കര  കവിഞ്ഞൊഴുകിയിരുന്ന,  ഒരു  വർഷത്തിൽ  ഏഴു  മാസം  നല്ലവണ്ണം  മഴ  പെയ്തിരുന്ന  അതിനാൽ തന്നെ  ജല സമ്പുഷ്ടമായ   നമ്മുടെ  സ്വന്തം  പൊന്നു  മലയാള  നാട്ടിൽ  ഉടനീളം  ഇപ്പോൾ  കാണുന്ന  കാഴ്ചയാണ്  ഈ  ചിത്രങ്ങളിൽ.

ഓരോ  വീടിന്റെയും  വാതിൽക്കൽ  പാത്രങ്ങൾ  നിരത്തി   വെള്ളത്തിനു  വേണ്ടിയുള്ള  കാത്തിരിപ്പ്.  ഞങ്ങൾ  താമസിക്കുന്ന  സ്ഥലത്ത്  കൂടി   കടന്ന്  പോകുന്ന    പഞ്ചായത്ത്  റോഡിന്റെ  വശങ്ങളിൽ   ഓരോ വീടിന്റെയും  ഭാഗങ്ങളിൽ  കുടി  വെള്ളത്തിനായി  പാത്രങ്ങൾ  നിരത്തി  കാത്തിരുപ്പ്.
  എപ്പോഴാണ്  വെള്ളവും  വണ്ടിയും  വരുന്നതെന്നറിയില്ലല്ലോ.  അതിനാൽ  രാത്രിയും  പകലും  ദാഹ  ജലത്തിനായുള്ള  ഈ  കാത്തിരുപ്പ്  നീണ്ട് നീണ്ട്  പോകുന്നു.  വണ്ടി  വന്നാൽ  അവർക്ക്  ഉടനെ  തിരികെ  പോകണം,  ഇതേ  പോലെ  പാത്രങ്ങളുമായി  അനേകങ്ങൾ  കാത്തിരിക്കുകയാണ്.  അതിനാൽ  വെള്ളം  ആവശ്യമുള്ളവർ  പാത്രങ്ങൾ  എപ്പോഴും  തയാറാക്കി  നോക്കി  ഇരിക്കുന്നു.  കൊച്ച്  കുട്ടികൾക്ക്  വരെ  ഇതിന്റെ  ഗൗരവം  അറിയാം.  ഞങ്ങളുടെ  സഫായും   പാത്രങ്ങളുമായി  വെള്ളവും  വണ്ടിയും  വരുന്നത്  നോക്കി  നിൽക്കുകയാണ്.

 ഹൂറേ!!!  ദാ  വെള്ളവും  വണ്ടിയും  വന്നേയ്യ്........ ഓടി  വായോ  നാട്ടുകാരേയ്.....!!!


 പാത്രം  നിറച്ച്  ഒഴിക്കെന്റെ  ചേട്ടാ......കുട്ടികൾ  വരെ  വെള്ളത്തിന്റെ  കാര്യത്തിൽ  യാചിക്കുകയാണ്


ഇതാ  ഞങ്ങളുടെ   വീടിലേക്കുള്ള  വിഹിതവും   ഒഴിച്ച്  തരുന്നു.  ശരിക്കും  നിറച്ച്  തരുന്നുണ്ടോ  എന്ന  നിരീക്ഷണത്തിലണ്  കുട്ടികൾ.

ഇപ്രകാരം  കുടി  വെള്ളം  സർക്കാർ  ചെലവിൽ  കിട്ടിയില്ലെങ്കിൽ   ജനങ്ങളുടെകാര്യം  കട്ട  പൊഹ..   രാജസ്ഥാനിലെ  അവസ്ഥയല്ല  ഇത്,  നമ്മുടെ  കേരളത്തിലെ  അവസ്ഥയാണിത്. ഒരു  ലക്ഷം  കോടി  ലിറ്റർ  മഴ  വെള്ളം  പ്രതി  വർഷം  നമുക്ക്  ലഭിക്കുന്നുവെന്നും   ഒരു  ലിറ്ററിന്  ഒരു  രൂപാ  പ്രകാരം  അത്  കുപ്പിയിലാക്കി  കൊടുത്താലും  ഒരു  ലക്ഷം  കോടി  രൂപാ  അതായത്  നമ്മുടെ  സർക്കാർ  ബഡ്ജറ്റിലെ  വരവിനത്തിൽ  കാണിക്കുന്ന  തുകയേക്കാളും  നമുക്ക്  പ്രതിവർഷം  സമ്പാദിക്കാമെന്ന  വാർത്ത  പത്രത്തിൽ  വായിച്ചത്  തലയിലേക്ക്  വരുമ്പോൾ   പിന്നെ  എവിടെയാണ്  നമുക്ക്  പിഴച്ചതെന്ന്  ചിന്തിച്ച്  പോകുന്നു. വാട്ടർ  മാനേജ്മെന്റ്  ഏട്ടിൽ  മാത്രമായി   ഒതുങ്ങുന്നു.  കിണറുകൾ  മൂടപ്പെട്ടു.  തിരുവനന്തപുരം   നഗരത്തിൽ  ധാരാളം  കിണറുകൾ  ഉണ്ടായിരുന്നത്   ഒരെണ്ണം  പോലും  അവശേഷിക്കാത്ത  വിധത്തിൽ  വീടുകൾ  ഒരു  സെന്റിലും  ഒന്നര  സെന്റിലുമായി   പണിതുയർത്തി  കൊണ്ടിരിക്കുന്നു. വീട്ടാവശ്യത്തിന്  ജലത്തിന്  പൈപ്പ്  തന്നെ  ശരണം.  എന്തെങ്കിലും  കാരണവശാൽ  ജലവിതരണം  മുടങ്ങിയാൽ  ബാത്ത് റൂമിൽ  പോകാൻ  പത്ത്  സോഡായോ  കുപ്പി  വെള്ളമോ  പൊട്ടിച്ച്  ബക്കറ്റിലൊഴിച്ച്  കൊണ്ട്  പോകേണ്ട  അവസ്ഥയാണിന്ന്.  നമ്മളും  മോശമല്ല.  വീട്  നിർമാണത്തിനു  പ്ലാൻ  സഹിതം    നഗര   സഭയോടോ  പഞ്ചായത്തിനോടോ അനുവാദം  ചോദിക്കുമ്പോൾ  പ്ലാനിൽ  മഴ  വെള്ളം ശേഖരിക്കുന്ന  കുഴിക്കുള്ള  ഇടം  കണ്ടത്തെണമെന്ന  വ്യവസ്തയുണ്ട്.  അത്  പ്ലാനിൽ  മാത്രമൊതുക്കി  പരിശോധിക്കാൻ  വരുന്നവന്  കൈമടക്ക്   കുഴിക്കാത്ത  കുഴി  കാണിച്ച്   കൊടുത്ത്   കാര്യം  സാധിക്കാൻ  മിടുക്കരാണല്ലോ  നമ്മൾ.

അടുത്ത  യുദ്ധം  ജലത്തിനു  വേണ്ടിയാണെന്ന്  എല്ലാവരും  പറയുമ്പോൾ   ദൈവം  കനിഞ്ഞ്  നമുക്ക്  കിട്ടുന്ന  ജലമെന്ന  അപൂർവ  വസ്തു പാഴാക്കാതെ  വേണ്ട  വിധത്തിൽ  കൈകാര്യം  ചെയ്ത്   വേനൽക്കാലം  ഇത്  പോലെ  പാത്രങ്ങൾ  നിരത്തി  വണ്ടിയും  കാത്ത്  ഇരിക്കുന്ന  അവസ്ഥ  ഒഴിവാക്കാനായി   ലഭ്യമാകുന്ന  ജലം   അത്  ലഭിക്കാതിരിക്കുമ്പോൾ  പ്രയോജനപ്പെടുത്തുന്നതിനായി  പദ്ധതികൾ  ആസൂത്രണം  ചെയ്യേണ്ടിയിരിക്കുന്നു.

9 comments:

 1. പാടം നികത്തി കോൺ ക്രീറ്റ് സൌധങ്ങൾ പണിതവരെ , മരം മുറിച്ചും മലയിടിച്ചും പ്രക്രതിയെ നോവിക്കുന്നവരെ അനുഭവിക്കുക പ്രക്രതിയുടെ പ്രതികാരം

  ReplyDelete
 2. ഷെരീഫിക്ക, ഈ അവസ്ഥയ്ക്ക് നാം ഓരോരുത്തരും ഉത്തരവാദികളല്ലേ... മലയിടിച്ചും, മണൽ വാരി പുഴകളെ വെറും കുഴികളാക്കിയും, പാടങ്ങൾ നികത്തിയും, കാടുകൾ വെട്ടിവെളുപ്പിച്ചും നാം ആഘോഷിയ്ക്കുന്നു... നമ്മൾ അനുഭവിച്ച ശുദ്ധമായ പ്രകൃതി, അടുത്ത തലമുറയ്ക്കുകൂടി വേണ്ടിയുള്ളതാണെന്ന് എന്തേ നമ്മൾ തിരിച്ചറിഞ്ഞീല്ല...അറിഞ്ഞെങ്കിലും നാം പ്രതികരിച്ചില്ല.... കേഴുക.. നമ്മുടെ സുന്ദരകേരളത്തിന്റെ ഇന്നത്തെ അവസ്ഥയേക്കുറിച്ചോർത്ത്...

  ഓർക്കുക... നാം ഇനിയും വൈകിയിട്ടില്ല.. നമ്മുടെ നാടിനെ, പ്രകൃതിയെ രക്ഷപെടുത്തുവാനുള്ള ഒത്തുചേരലിന് ഈ ചിത്രങ്ങൾ ഒരു പ്രചോദനമാകട്ടെ...

  ReplyDelete
 3. കാലം മാറി ആളുകളും മാറി തോടുകളും പുഴകളും കൂടെ മാറി അതെന്നെ..

  ReplyDelete
 4. വെള്ളം വേണ്ടാ, പ്രകൃതി വേണ്ടാ..പണം വാരിക്കൂട്ടിയാല്‍ മതി

  അങ്ങനെയാണ് ചിന്താഗതി

  ReplyDelete
 5. ഇതിനു കാരണക്കാർ നമ്മൾ തന്നെയല്ലേ
  കുട്ടനാട്ടിൽ ഒരു പത്തു വര്ഷം മുന്പുള്ള കഥയല്ലിപ്പോൾ, മിക്കവാറും പാടം തരിശും അതിലേറെ നികത്തിയും കഴിഞ്ഞു. അപ്പോൾ വെള്ളം ഭൂമിക്കടിയിൽ എത്തുക തന്നെ പ്രയാസം.
  മാഷിന്റെ വീടിന്റെ മുറ്റവും കോണ്‍ക്രീട്ടാണല്ലേ ...?

  ReplyDelete
 6. സംഭവിക്കേണ്ടത് സംഭവിക്കുന്നു... വികസനം ഇനിയും വരും.... വികസനം വന്നല്ലേ പറ്റു? നമുക്ക് എന്ത് ചെയ്യാന്‍ കഴിയും(?)എന്ന് ചിന്തിക്കുക.തൊട്ട് മുന്നില്‍ , റോഡ് പുറം പോക്ക് അങ്ങനെ എത്ര എത്ര സ്ഥലങ്ങള്‍ നമ്മുടെ കണ്മുന്നില്‍ ഫ്രീ ആയി കിടക്കുന്നു... നമുക്ക് വാചകമടി നിര്‍ത്താം എന്നിട്ട് ഒരു മരം നടാം..... പിന്നെയും പിന്നെയും മരം നടാം... പിന്നെയും... പിന്നെയും.... മരം നടാം;... നട്ട് നനച്ച് വളര്‍ത്താം......... (പക്ഷെ, എന്റെതും വെറും വാചകമടിയില്‍ ഒതുങ്ങുന്നു...) അത്കൊണ്ട് വാചകമടികൊണ്ട് പുഴ സമൃദ്ധമായി ഒഴുകില്ല... മഴയും സ മൃദ്ധമായി പെയ്യില്ല

  ReplyDelete
 7. ബ്ലോഗറുടെ വീടാണോ ഫോട്ടോയില്‍ ഉള്ളത്? മുറ്റം മുഴുവന്‍ ഇന്റര്‍ലോക് റ്റയില്‍ .. കിണറു മൂടിയതല്ല പ്രശ്നം.. ഇനി കിണറു കുഴിച്ചിട്ടും പ്രയോചനം ഉണ്ടന്നു തോനുന്നില്ല.. മഴക്കുഴികളെ കുറിച്ചൊക്കെ ഗവണ്‍മെന്റ്ഉം മറ്റു പല സംഘടനകളും പറഞ്ഞുകൊണ്ടേ ഇരിക്കുന്നു.. എത്ര പേര്‍ അതു മൈന്റൈന്‍ ചെയ്യുന്നുണ്ട്? നമുക്ക് ബ്ലോഗിലൂടെയും ചായക്കടയിലും സ്വികരണ മുറിയിലെ സോഫയിലും ഇരുന്നു ചര്‍ച്ച ചെയ്യാം....!!!
  സന്തോഷ്

  ReplyDelete
 8. ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ എന്റെ എല്ലാ ചങ്ങാതിമാർകും നന്ദി.
  ഫോട്ടൊയിൽ കാണുന്ന വീടിന്റെ മുമ്പിൽ ഇന്റർ ലോക്ക് കട്ട നിരത്തിയിരിക്കുന്നത് വാഹനം ഇറങ്ങി വരാനുള്ള ഭാഗം മാത്രമാണ്. അതും മഴ വെള്ളം ഇറങ്ങാനുള്ള വിടവിട്ട് കഴിഞ്ഞ് മാത്രം. അവിടെ വാഹനം ഇറങ്ങി വരാൻ കഴിയാതെ കുണ്ടും കുഴിയുമായി നിരപ്പില്ലാതെ കിടന്നിരുന്നതിനാലണത് ചെയ്തത്.. അത് മാത്രമല്ല കിണറിന്റെ ഭാഗം വെള്ളം കെട്ടി നിൽക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ജലം ആഗീരണം ചെയ്യാൻ സസ്യങ്ങളും. എന്തും ചെയ്തിട്ട് എന്ത് ഫലം.ഈ തവണ വെയിലിൽ ഞങ്ങൾ വല്ലാതെ കുഴങ്ങി.തെറ്റിദ്ധാരണ മാറ്റാനായി വിശദീകരിച്ചതാണ്

  ReplyDelete
 9. നെൽവയലുകളുടെ രോദനം ......പ്രകൃതി കേൾക്കാതിരിക്കുമോ........?

  ReplyDelete