Sunday, February 3, 2013

സ്ത്രീകളുടെ സ്വാകാര്യതയും അന്തസ്സും നിയമം

സ്ത്രീകളുടെ  സ്വാകാര്യതയും അന്തസ്സും  സംരക്ഷണ  ബില്‍  2013  നിയമ സഭയില്‍  അവതരിപ്പിച്ച്  പാസ്സാക്കി  പ്രാബല്യത്തില്‍  വരുത്തുവാന്‍   മന്ത്രിസഭാ യോഗം  തീരുമാനമെടുത്തുവെന്ന്   പത്രവാര്‍ത്ത.

ബോധപൂര്‍വം അപമര്യാദയോടുള്ള  പെരുമാറ്റവും  സ്ത്രീയുടെ  അന്തസ്സിന്  ക്ഷതമേല്‍പ്പിക്കുന്ന  തരത്തിലുള്ള  പ്രവര്‍ത്തിയും  പീഡനമായി കണക്കാക്കി  അതിനു  ഇടയാക്കുന്ന  പുരുഷനെതിരെ  ഈ നിയമം പ്രകാരം  കേസ്  എടുക്കാം. വാക്കുകളിലൂടെയോ  രേഖാമൂലമോ ഇലക്ട്രിക്ക്  ഉപകരണങ്ങള്‍  മുഖേനെയോ നടത്തുന്ന  ചേഷ്ടകളും  ആംഗ്യങ്ങളും  പദപ്രയോഗങ്ങളും  ഇനി   പീഡനമായി  കണക്കിലെടുക്കും. അപമാനിക്കണമെന്ന ഉദ്ദേശത്തോടും  കരുതലോടെയും  സ്ത്രീയുടെ  ശരീര ഭാഗങ്ങളെ  സംബന്ധിച്ച്  അഭിപ്രായം  പറയുക, എസ്.എം.എസ്,  ഫോണ്‍കാള്‍,  വീഡിയോഗ്രാഫ്,  തുടങ്ങിയവയിലൂടെ  ശബ്ദമോ   ചിത്രമോ  പകര്‍ത്തുക,  ചിത്രങ്ങളോ  ശബ്ദരേഖയോ   ശേഖരിക്കുകയും വിതരണം  നടത്തുകയും   മോര്‍ഫിങ്ങ് `  നടത്തുകയോ   ചെയ്യുക  തുടങ്ങിയവയും  സ്വാകാര്യതയില്‍  കടന്നു കയറുന്നതായും പീഡനമായും   കണക്കിലെടുക്കപ്പെടും. അപകീര്‍ത്തി  പെടുത്തുമെന്ന്   ഭീഷണിപ്പെടുത്തുക, ലൈംഗികമായി ചൂഷണം  ചെയ്യുക,  തുടങ്ങിയവയും  ഈ നിയമത്തിന്റെ പരിധിയില്‍  വരും.  ക്യാമറ, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ഇതര  ഇലക്ട്രിക്  ഉപകരണങ്ങള്‍  എന്നിവയില്‍  സ്ത്രീകളുടെ സഭ്യമല്ലാത്ത ഫോട്ടോഗ്രാഫുകളുടെ ക്ലിപ്പിംഗുകളോ  ചിത്രങ്ങളോ ശബ്ദരേഖയോ   വീഡിയോകളോ  അവരെ  പീഡിപ്പിക്കാന്‍  ഉപയോഗിച്ചതോ  അല്ലെങ്കില്‍ ഉപയോഗിക്കാനുള്ള  ഉദ്ദേശത്തോടെ  കൈവശം വെച്ചതായോ  കണ്ടെത്തിയാല്‍   ഈ  നിയമ  പ്രകാരം കുറ്റകരവും  കുറ്റം  തെളിയിക്കപ്പെട്ടാല്‍   മൂന്ന്  വര്‍ഷം  തടവോ 25000രൂപാ  പിഴയോ  അല്ലെങ്കില്‍  പിഴയും  തടവും കൂടിയോ  പ്രതിയെ  ശിക്ഷിക്കാം.

ഡെല്‍ഹി  കൂട്ടമാനഭംഗ  കേസിന്റെ  വെളിച്ചത്തില്‍  ഈ   ബില്ല്  നിയമമാക്കേണ്ടത്  തന്നെയാണ്.

സ്ത്രീകളുടെ  നേരെയുള്ള  അതിക്രമങ്ങളുടെ  വെളിച്ചത്തില്‍  സ്ത്രീസംരക്ഷണ  നിയമങ്ങള്‍  ഒന്നിനു  പുറകേ  ഒന്നായി  വര്‍ഷങ്ങളായി  വന്ന്കൊണ്ടിരിക്കുന്നു.സ്ത്രീധനം ആവശ്യപ്പെട്ട്  ഭാര്യയെ  പീഡിപ്പിക്കുക (498 എ)  ഡൊമസ്റ്റിക്ക്  വയൊലന്‍സ്  ആക്റ്റ്,  മുസ്ലിം വിമന്‍സ് പ്രൊട്ട്ക്ഷന്‍  ‍(ഓണ്‍ ഡൈവേഴ്സ്) ആക്റ്റ്, ഇപ്പോള്‍  മേല്‍പ്പറഞ്ഞ  നിയമവും;  അങ്ങിനെ  നിയമങ്ങളുടെ  ഘോഷയാത്ര.

  സമൂഹത്തിലെ   ഏതാനും   പുരുഷന്മാര്‍  ചെയ്യുന്ന  കുറ്റങ്ങള്‍ക്ക്  പുരുഷ  സമൂഹത്തെ  സമൂലം   ഭയത്തിലാക്കി     ജീവിക്കാന്‍  പ്രേരിപ്പിക്കുന്ന  തരത്തിലാണ്  നിയമങ്ങളുടെ  നിര്‍മാണം  നടന്ന്  കൊണ്ടിരിക്കുന്നത്.തെറ്റ്   ചെയ്യാത്തവന്‍  ഭയപ്പെടേണ്ട ആവശ്യമില്ലല്ലോ   എന്നത്  ഭംഗി  വാക്കായി  പ്രയോഗിക്കാമെന്നല്ലാതെ  പ്രയോഗത്തില്‍  വരുമ്പോള്‍  നിരപരാധിയും  പ്രതികാര ബുദ്ധിയാല്‍  ക്രൂശിക്കപ്പെടാന്‍  സാദ്ധ്യത  ഏറെയാണ്  എന്ന്  തിരിച്ചറിയേണ്ടിയിരിക്കുന്നു.  ഏതൊരു  നിയമവും  ദുരുപയോഗം ചെയ്യപ്പെടാനിടയുള്ളതിനാല്‍   അപ്രകാരം   ദുരുപയോഗം  ചെയ്യുന്നതിനെതിരെ  ബന്ധപ്പെട്ട  നിയമത്തില്‍  വ്യവസ്ഥ  ചെയ്യുക  തന്നെ  വേണം.  

  യാതൊരു  വകതിരിവുമില്ലാതെ  സ്ത്രീ  ഉപദ്രവിക്കപ്പെടുമ്പോള്‍  ഇപ്രകാരം  നിയമങ്ങള്‍  നിര്‍മ്മിക്കപ്പെടേണ്ടത്  അവശ്യം  ആവശ്യം  തന്നെയാണ്. പക്ഷേ  നിയമങ്ങള്‍  ഇപ്രകാരം  നിര്‍മിച്ച്  കുന്നുകൂട്ടി  മൂലക്കിടുമ്പോഴും  പൂര്‍വാധികം  ക്രൂരമായി  സ്ത്രീകള്‍  പിന്നെയും  പിന്നെയും  പീഡിപ്പിക്കപ്പെടുന്നതിന്റെ  പൊരുള്‍  ഇനിയും  കണ്ടെത്തേണ്ടിയിരിക്കുന്നു. ശിക്ഷയുടെ  ഉദ്ദേശ  ലക്ഷ്യം  അത്  കുറ്റം  ചെയ്യുന്നവനുള്ള  പ്രതിക്രിയയും, ഇപ്രകാരം  കുറ്റം  ചെയ്താല്‍  അപ്രകാരം  ശിക്ഷ  ലഭിക്കുമെന്ന്  സമൂഹത്തോടുള്ള  താക്കീതുമാണ്. എന്നാല്‍  എത്ര  കര്‍ശനമായ  ശിക്ഷ  നടപ്പില്‍  വരുത്തിയിട്ടും  പീഡനങ്ങള്‍ക്ക്  അറുതി  വരുന്നുണ്ടോ  എന്നും   പരിശോധിക്കേണ്ടിയിരിക്കുന്നു. ഒരു  തെരുവില്‍   പീഡിക്കപ്പെട്ട   പെണ്‍കുട്ടിയോടുള്ള  സഹതാപമെന്ന  നിലയിലും  പീഡനം  നടത്തിയവനോടുള്ള  പ്രതിഷേധമെന്ന  നിലയിലും  ആയിരങ്ങള്‍  മെഴുകുതിരി  കത്തിച്ച്  ജാഥ  നടത്തുമ്പോള്‍    തന്നെ   അടുത്ത തെരുവില്‍  മറ്റൊരു  പെണ്‍കുട്ടിയെ   കാറില്‍  ബലമായി  കയറ്റിക്കൊണ്ട് പോകുന്ന  സ്ഥിതി വിശേഷമാണ്  ഇപ്പോള്‍  കാണപ്പെടുന്നത്.

നമുക്ക്  വിഷയത്തിലേക്ക് തിരിച്ച്  വരാം.


ഏതൊരു  നിയമവും  ദുരുപയോഗം  ചെയ്യപ്പെടുന്നത്  ആ നിയമത്തോടുള്ള  അനാദരവ്  തന്നെയാണ്.  ഇവിടെ  സ്ത്രീ  സംരക്ഷണ  നിയമങ്ങള്‍  ദുരുപയോഗം ചെയ്യപ്പെടുന്നത്   നിത്യ  കാഴ്ച്ചയായി  മാറിയിരിക്കുന്നു.ഉദാഹരണത്തിനു  സ്ത്രീധന  പീഡന നിരോധന  നിയമത്തിന്റെ  പ്രയോഗവത്കരണത്തിലേക്ക്  കടക്കാം. വിവാഹം  കഴിച്ച് കൊണ്ട്  പോകുന്ന  വീട്ടില്‍   സ്ത്രീധനം  ആവശ്യപ്പെട്ട്   സ്ത്രീ  പീഡിപ്പിക്കപ്പെടരുത്  എന്ന  മുന്‍‌കരുതലിനു വേണ്ടിയാണ്   സ്ത്രീധന  പീഡന   നിരോധന  നിയമം പ്രാബല്യത്തില്‍  വരുത്തിയത്.  എന്നാല്‍  ഈ  നിയമം  ഇപ്പോള്‍  പുരുഷനെതിരെ  വ്യാപകമായി  ദുരുപയോഗം ചെയ്യപ്പെടുന്നു.  അമ്മായി  അമ്മ--നാത്തൂന്‍  പോരു  കുടുംബങ്ങളില്‍  പണ്ട്    മുതല്‍ക്ക്  തന്നെ  നിലവിലുണ്ട്. അമ്മായി  അമ്മയെയും  നാത്തൂന്മാരെയും പാഠം  പഠിപ്പിക്കാനും  ഏതൊരു   ഭര്‍ത്താവിനെയും  ഹര ഹര  പാടിക്കാനും  ഭാര്യ ,  അഭിഭാഷകന്‍  മുഖേനെ  498എ സെക്ഷന്‍  പ്രകാരം   കേസ് ഫയല്‍  ചെയ്താല്‍  3  വര്‍ഷക്കാലം  അമ്മായി  അമ്മ- നാത്തൂന്മാര്‍  കോടതി  തിണ്ണയില്‍   കേസിന്റെ  വിചാരണക്കായി  ഹാജരാകേണ്ടി  വരുന്നു.  തെളിവിന്റെ  അഭാവത്താല്‍  ഒരു  പക്ഷേ   പ്രതികളെ   വെറുതെ  വിട്ടാല്‍  തന്നെയും  ഈ മൂന്ന്  വര്‍ഷക്കാലം  ആ സ്ത്രീകളെ  സംബന്ധിച്ച്   പീഡന  വര്‍ഷങ്ങള്‍  തന്നെയായിരുന്നു. ഈ  സ്ത്രീ പോരുകള്‍ക്കിടയില്‍  അമ്മയെയും  ഭാര്യയെയും കുറ്റപ്പെടുത്താനാവാതെ  വെന്തുരുകുന്നത്  പാവം  പുരുഷന്‍  മാത്രവും.  വൈരാഗ്യവും  പകയും  മൂത്ത്  ഭാര്യ  സ്വന്തം  വീട്ടിലേക്ക്  മടങ്ങി  പോയി  ഭര്‍തൃ ഗൃഹക്കാരെ   ഒരു  പാഠം   പഠിപ്പിക്കാന്‍  അഭിഭാഷകന്റെ  സഹായം  തേടി   “കൂടുതല്‍  സ്ത്രീധനം  വാങ്ങിക്കൊണ്ട്  വാടീ  എന്ന് അമ്മായി  ആക്രോശിച്ച്  മുടിക്ക്  കുത്തി പിടിക്കുകയും   ഭര്‍ത്താവിന്റെ  സഹോദരി  ഈ  പ്രവര്‍ത്തിക്ക്  പ്രോത്സാഹനം  നല്‍കുകയും  ഭര്‍ത്താവ്  നാഭിക്ക്  തൊഴിക്കുകയും  ചെയ്ത്  അവശയാക്കി  വീടിനു  പുറത്ത്  തള്ളി”  എന്ന സ്ഥിരം  വാചകത്തോടെ  സ്ത്രീധന  പീഡന  കേസ്  ഫയല്‍ ചെയ്തപ്പോള്‍  അതിന്റെ  ഭവിഷ്യത്തുകള്‍  കൂടുതലും  അനുഭവിച്ച്  തീര്‍ത്തതും  ഭര്‍ത്താവ്  തന്നെയായിരുന്നു.

 ഇവിടെ  ആദ്യം  സൂചിപ്പിച്ച   പുതിയ  നിയമവും  ദുരുപയോഗം  ചെയ്യാന്‍  ഏറെ  സാദ്ധ്യതയുള്ളതാണ്. സ്ത്രീ  പുരുഷന്മാര്‍  തൊഴില്‍  ശാലകളിലും  പൊതുസ്ഥലത്തും  ഇട  പഴകുന്ന  ഈ  കാലഘട്ടത്തില്‍  ഒരു  പുരുഷനോടുള്ള  വൈരാഗ്യം  തീര്‍ക്കാനോ ,ധനലാഭത്തിനോ   ഒരു  സ്ത്രീ  മുതിര്‍ന്ന്  നടേ പറഞ്ഞ  നിയമത്തിലെ ഏതെങ്കിലും ഒരു വകുപ്പ്  എടുത്ത്  അവര്‍  ഉദ്ദേശിക്കുന്ന  പുരുഷനെതിരെ  പ്രയോഗിച്ചാല്‍ തന്റെ  നിരപരധിത്വം  തെളിയിക്കാന്‍  അയാള്‍  വിയര്‍ക്കുമെന്നത്  തീര്‍ച്ച.   കുരുട്ട്  ഭാഗ്യത്തിനു  വര്‍ഷങ്ങള്‍ക്ക് ശേഷം  കേസില്‍ അയാള്‍  നിരപരാധിയാണെന്ന്  തെളിയിക്കപ്പെട്ടാലും   കേസിന്റെ ആരംഭകാലത്ത്  അയാള്‍  നേരിട്ട  മാധ്യമ- ചാനല്‍ വിചാരണാ  പീഡനം ,  ആ  കാലഘട്ടത്തില്‍  അയാളുടെ   കുട്ടികള്‍  പാഠശാലകളില്‍  അനുഭവിച്ച  ആക്ഷേപങ്ങള്‍ ,  അയാളുടെ  കുടുംബാംഗങ്ങള്‍  പൊതു സമൂഹത്തില്‍  നിന്നുമനുഭവിച്ച  മാനക്കേട്  എന്നിവക്ക്  ആരു   ഉത്തരം  പറയും.

   സമൂഹത്തിനെ  വിപത്തീല്‍  നിന്നും   കാത്ത്  രക്ഷിക്കുന്ന  നിയമങ്ങള്‍ ആവശ്യം  തന്നെയാണ്.  എങ്കില്‍  തന്നെയും   അപ്രകാരം പൊതു സമൂഹത്തെ  ബാധിക്കുന്ന  തരത്തില്‍  നിയമം  സൃഷ്ടിക്കപ്പെടുമ്പോള്‍  അത്  ദുരുപയോഗം  ചെയ്യപ്പെടാതിരിക്കാനുള്ള  കരുതലും   ആ  നിയമത്തില്‍  അവസാനം  കൂട്ടി  ചേര്‍ത്തിരിക്കണം. പുതിയ   നിയമങ്ങള്‍  നടപ്പില്‍  വരുത്തുമ്പോള്‍  സൂക്ഷ്മത  പാലിക്കാന്‍  നിയമ  പാലകര്‍ക്ക്  കര്‍ശന  നിര്‍ദ്ദേശവും  നല്‍കിയിരിക്കണം.പുരുഷ  പീഡനത്തില്‍  നിന്നും  സ്ത്രീയെ   സംരക്ഷിക്കാന്‍  നിയമം  സൃഷ്ടിക്കുമ്പോള്‍   “ആയിരം  കുറ്റവാളിയെ  വെറുതെ വിട്ടാല്‍  തന്നെയും ഒരു  നിരപരാധി ശിക്ഷിക്കപ്പെടരുത്“  എന്ന ആപ്ത വാക്യം സഫലമാകാന്‍  പ്രസ്തുത  നിയമം  ദുരുപയോഗം  ചെയ്യുന്നതിനെതിരെയുള്ള  മുന്‍  കരുതലും  എടുക്കേണ്ടതല്ലേ?  എങ്കില്‍  മാത്രമല്ലേ തുല്യ  നീതി  നടപ്പിലാവുകയുള്ളൂ.


6 comments:

  1. ചിന്താര്‍ഹമായ വിഷയം..വിലയിരുത്തല്‍

    ReplyDelete
  2. ഒരു കുറ്റവാളി പോലും ശിക്ഷിയ്ക്കപ്പെടാതെ പോകരുത്
    ഒരു നിരപരാധി പോലും ശിക്ഷിയ്ക്കപ്പെടരുത്

    ReplyDelete
  3. അതേ നിയമം പാസ്സാക്കുമ്പോള്‍ അതിന്റെ ദുരുപയോഗം കുടി തടയാന്‍ കഴിയണം ....

    ReplyDelete
  4. വേണ്ടിയിരുന്നില്ല ഈ സ്ത്രീവിരുദ്ധ പോസ്റ്റ്.... പുരുഷമേധാവിത്വത്തിനു ഏറ്റ പ്രഹരത്തിന്റെ ദീന സ്വരം മാത്രമാണു ഈ പോസ്റ്റിൽ നിന്ന് പുറത്ത് വരുന്നത്!!

    ReplyDelete
  5. ഷെരീഫിക്ക.. ഇങ്ങനെയൊരു നിയമം എന്തായാലും നമ്മുടെ സമൂഹത്തിന് അത്യവശ്യം തന്നെയാണ്.. കാരണം നമ്മൾ കണ്ടുകൊണ്ടിരിയ്ക്കുന്നതും, അറിയപ്പെടാതെപോകുന്നതുമായ ധാരാളം കുറ്റകൃത്യങ്ങൾക്ക് അല്പമെങ്കിലും കുറവുവരുത്താൻ ഈ നിയമത്തിനു സാധിയ്ക്കുമെങ്കിൽ അത് വളരെ വലിയ കാര്യം തന്നെയാണ്... പക്ഷേ ഇക്ക പറഞ്ഞതുപോലെ അതിന്റെ ദുരുപയോഗത്താൽ ഉണ്ടാകാനിടയുള്ള ഭവിഷ്യത്തും വളരെ വലുതാണ്.. മുകളിൽ സൂചിപ്പിച്ച് സ്ത്രീധനപീഡന നിരോധന നിയമത്തിന്റെ പേരിൽ വർഷങ്ങളായി കോടതിവരാന്തയിൽ കഴിച്ചുകൂട്ടുന്ന തികച്ചും നിരപരാധികളായ രണ്ടു കുടുംബങ്ങളെ എനിയ്ക്ക് വ്യക്തിപരമായി അറിയാം... പക്ഷേ എന്തുചെയ്യാം... നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകുന്നതുകൊണ്ട് അവർക്ക് ശിക്ഷ കിട്ടുമെന്ന് ഉറപ്പാണ്..

    ഈ നിയമത്തിന് അത്തരമൊരു ഭവിഷ്യത്ത് ഉണ്ടാകില്ല എന്ന് നമുക്ക് ഇപ്പോൽ പ്രതീക്ഷിയ്ക്കാം.. ചിന്താർഹമായ ഈ പോസ്റ്റിന് അഭിനന്ദനങ്ങൾ.... ഷിബു തോവാള.

    ReplyDelete
  6. നിയമങ്ങള്‍ അത്യാവശ്യം. ശിക്ഷ പേടിച്ചു കുറച്ചെങ്കിലും മാറ്റം വരാതിരിക്കില്ല
    പക്ഷെ ദുരുപയോഗം തടയാന്‍...? തീര്‍ച്ചയായും ഒരു ശതമാനമെങ്കിലും ദുരുപയോഗം ഉണ്ടാകും. പെണ്ണുങ്ങളായി എന്ന് വെച്ച് പുണ്യവതികള്‍ ആകണം എന്നില്ലല്ലോ. ആരെയെങ്കിലും കുടുക്കണം എന്ന ദുഷ്‌വിചാരം ഉള്ളവര്‍ക്ക് ഇതൊരു തുറുപ്പായിരിക്കും. ചിന്തിക്കേണ്ട വിഷയം തന്നെ.

    ReplyDelete