Tuesday, February 26, 2013

ആംഗ്യം കാണിച്ചാല്‍ അഞ്ച് വര്‍ഷം

സ്ത്രീ  സംരക്ഷണത്തിനായി  കേന്ദ്ര  സര്‍ക്കാര്‍  കൊണ്ട്  വന്ന   ഓര്‍ഡിനന്‍സ്  പ്രകാരം  ഇന്ത്യന്‍  ശിക്ഷാ നിയമം,  തെളിവ്  നിയമം,  ക്രിമിനല്‍  നടപടി ക്രമം  എന്നിവയില്‍  പുതുതായി  ഉപവകുപ്പുകള്‍  കൂട്ടിച്ചേര്‍ത്തിരിക്കുന്നു   എന്ന്  പത്ര വാര്‍ത്ത.

  സ്ത്രീയെ  അപമാനിക്കാന്‍  ശ്രമിച്ചു  എന്ന  പരാതിയിന്മേല്‍  പുരുഷനെതിരായി   സാധാരണ  ഐപി.സി. 354  സെക്ഷന്‍  പ്രകാരം  പോലീസുകാര്‍  കേസെടുക്കുമായിരുന്നു.ഇപ്പോള്‍  ഐ.പി.സി. 354 എ, 354ബി,  354സി, 354ഡി. എന്നിങ്ങനെ  കൂട്ടി  ചേര്‍ക്കലുകള്‍  നിലവില്‍  വന്നിരിക്കുന്നു.
ഐ.പി.സി. 354 എ  സെക്ഷന്‍  പ്രകാരം  സ്ത്രീയെ  ദുരുദ്ദേശപരമായി  നോക്കുകയോ  ആംഗ്യം  കാണിക്കുകയോ  വാക്ക്  ഉപയോഗിക്കുകയോ   എന്തിനു  ഒന്ന്  സ്പര്‍ശിക്കുകയോ  ചെയ്താല്‍  പോലും  ആ  പ്രവര്‍ത്തി  കുറ്റകരമാണ്,  ശിക്ഷാര്‍ഹമാണ്.  കുറ്റം  തെളിഞ്ഞാല്‍  അഞ്ച്  വര്‍ഷം  തടവും  പിഴയും  ശിക്ഷ  വിധിക്കാമെന്ന്  ഓര്‍ഡിനന്‍സില്‍  പറയുന്നു.
   പുതുതായി വന്ന  മറ്റൊരു  ഭേദഗതിയും  ഇതിന്റെ  കൂടെ  ചേര്‍ത്ത്  വായിക്കുക. സ്ത്രീ  പീഡന  കേസുകളില്‍   ഇരയുടെ  മൊഴി മാത്രം  മതി  വേട്ടക്കാരന്‍  കുടുങ്ങുവാന്‍ .

354 സി. പ്രകാരം ഒരു  സ്ത്രീയുടെ  ചിത്രം  എടുത്താലോ  അതിനായി  ശ്രമിച്ചാലോ   ആദ്യ   തവണ  ചെയ്ത  കുറ്റത്തിനു  ഒരു  വര്‍ഷം  കഠിന  തടവ്.  വീണ്ടും  ഇപ്പണി തുടര്‍ന്നാല്‍  ഏഴു  വര്‍ഷം തടവും പിന്നെ   പിഴയും. പ്രകൃതി  ഭംഗിയോ   മറ്റെന്തെങ്കിലുമോ   ഫോട്ടോ  എടുക്കുന്നതിനായി  നിങ്ങള്‍  ക്യാമറായോ  മൊബൈല്‍ ക്യാമറയോ  ഉപയോഗിക്കാനായി   ശ്രമിക്കുമ്പോള്‍   പരിസരത്തെങ്ങും  സ്ത്രീകള്‍  ഇല്ലെന്ന്  ഉറപ്പു  വരുത്തുക.  കാരണം   ഫോട്ടോ  എടുക്കാനായി  ശ്രമം  നടത്തിയെന്ന്   സ്ത്രീ  പറഞ്ഞാലും  കുടുങ്ങിയത്  തന്നെ. കാരണം  പുതിയ  നിയമ നിര്‍ദ്ദേശ  പ്രകാരം  ഇരയുടെ  മൊഴി  മാത്രം  മതി  കേസെടുക്കാന്‍ .   ഇനി  അഥവാ   സ്ത്രീയുടെ  സമ്മതത്തോടെ  ഒരു  ഫോട്ടോ  എടുത്തെന്ന് തന്നെ  ഇരിക്കട്ടെ.  അത്  അവരുടെ  സമ്മതം  ഇല്ലാതെ  പരസ്യപ്പെടുത്തിയാലും  വകുപ്പ്  ഇത്  തന്നെ.  ഏതെങ്കിലും  പെണ്‍കുട്ടി  ഫോട്ടോ  എടുക്കാന്‍  സമ്മതിച്ച്  എന്ന്  കരുതി  അവരുടെ  സമ്മതം  ഇല്ലാതെ  അത്  ഫെയ്സ്  ബുക്കിലോ  മറ്റോ  ഷെയര്‍  ചെയ്യുന്നവര്‍  സൂക്ഷിക്കുക. അവര്‍  തിരിഞ്ഞ്  കുത്തിയാല്‍  നിങ്ങളുടെ  കാര്യം  പോക്ക്  കേസ്  തന്നെ.  അത്  കൊണ്ട്  സമ്മതത്തോടെ  എടുത്ത  ഫോ0ട്ടോ  ആയാലും സമ്മതം ഇല്ലാതെ  പരസ്യ പെടുത്താന്‍ ശ്രമിച്ചാല്‍  അത്  കുറ്റകരമാണ്    എന്ന്  മനസിലാക്കി  ആ  പ്രവര്‍ത്തിയില്‍  നിന്നും പിന്തിരിയുക.

ഐ.പി.സി.  354 ഡി  പ്രകാരം  ഇന്റര്‍നെറ്റിലൂടെയോ  മറ്റ്  പ്രകാരത്തിലോ  മാനസികമായി   പീഡിപ്പിച്ചു  എന്ന  ആരോപണത്തിന്മേല്‍  കേസെടുക്കാം.    കുറ്റക്കാരനെന്ന്  കണ്ടാല്‍ മൂന്ന്  വര്‍ഷം  തടവും  പിഴയും  ലഭിക്കും.

അതു  കൊണ്ട്  പുരുഷന്മാരേ!  നിങ്ങള്‍  സൂക്ഷിക്കുക. പണ്ട്  വളരെ  പണ്ട്  കാര്‍ന്നോന്മാര്‍  തറവാട്ടിലെ   പെണ്‍പ്രജകളോട്   താക്കീത്  ചെയ്യാറുണ്ട് “  മര്യാദക്ക്  അടങ്ങി  ഒതുങ്ങി   വീട്ടില്‍  കഴിഞ്ഞോണം.” എന്ന്.  ഈ  കാലത്ത്  ആണ്‍  പ്രജകള്‍ക്കാണ്  ഈ  താക്കീത്  ആവശ്യമായിരിക്കുന്നത്.  മുന്‍പിന്‍  നോക്കാതെ   ഫെയിസ്ബുക്കിലൂടെയും  മറ്റും  പ്രതികരിക്കുമ്പോള്‍   ഇങ്ങിനെ  ചില  നിയമങ്ങളെല്ലാം  ഇവിടെ  ഇപ്പോള്‍  നിലവിലുണ്ടെന്നും   അത്   നിങ്ങളുടെ   നേരെ  തിരിഞ്ഞ് വരാതിരിക്കാന്‍  നിങ്ങള്‍  വളരെ  സൂക്ഷിക്കേണ്ടതാണെന്നും  ഓര്‍ക്കുക.

  ഒന്നും  ചെയ്യാത്തവന്‍   ഭയക്കുന്നതെന്തിനു  എന്ന്  ആരെങ്കിലും  ഇവിടെ  ചോദ്യം  ഉയര്‍ത്തുന്നു  എങ്കില്‍    ഏതെങ്കിലും   കക്ഷിക്ക്    പക  ഉണ്ടെങ്കില്‍     ഒന്ന്  ആപ്പിലാക്കണമെന്ന്  ഉദ്ദേശമുണ്ടെങ്കില്‍   പ്രതി   ദുരുദ്ദേശപരമായി  ആംഗ്യം  കാണിച്ചെന്നു  മൊഴി  കൊടുത്താല്‍  മതിയെന്നും  ആ  മൊഴിയിന്മേല്‍  കേസെടുക്കാമെന്നും   തിരിച്ചറിയുക.

മറ്റൊന്നു  കൂടി  അറിഞ്ഞിരിക്കുക  സ്ത്രീയുടെ  മൊഴി  മാത്രം  മതി  കേസ്  എടുക്കാമെന്നിരിക്കെ   പുരുഷനെ  പീഡിപ്പിച്ചു  എന്ന  കാരണത്തിന്മേല്‍   കേസെടുക്കാന്‍   യാതൊരു   പുരുഷ  സംരക്ഷണ  നിയമ  ഓര്‍ഡിനന്‍സും  ഇത്  വരെ  പുറത്തിറങ്ങിയിട്ടില്ല.

11 comments:

 1. പുതിയ നിയമ നിര്‍ദ്ദേശ പ്രകാരം ഇരയുടെ മൊഴി മാത്രം മതി കേസെടുക്കാന്‍ . പിന്നെ എന്താ പീ ജെ കുരിയനെതിരെ കേസ്‌ എടുക്കാത്തെ?
  പുരുഷന്മാര്‍ എല്ലാം കറുത്ത കണ്ണടയും വെച്ച് കൈകള്‍ രണ്ടും പാന്റിന്റെ പോകെട്ടില്‍ ഇട്ട്‌ നടന്നാല്‍ മതി.

  ReplyDelete
 2. കാത്തിരുന്നു കാണാം

  ReplyDelete
  Replies
  1. കുര്യന് എതിരെ ഒരു തവണ കേസ് എടുത്തിരുന്നു. ആ കേസ് നിലനില്‍ക്കില്ലാ എന്ന് പരമോന്നത കോടതി വരെ ഫൈന്റിങ്സ് ഉണ്ടായി. ഒരു തവണ കോടതിയില്‍ കുറ്റം ചാര്‍ത്തപ്പെടുകയും വിധി ഉണ്ടാകുകയും വിചാരണ നടത്തിയോ നടത്താതെയോ വെറുതെ വിടുകയും ചെയ്ത കേസില്‍ ഇനിയും അയാള്‍ക്കെതിരെ അതേ കേസ് ചാര്‍ജ് ചെയ്യണമെങ്കില്‍ കോടതി ഉത്തരവ് വേണമെന്നാണ് നിയമ വൃത്തങ്ങള്‍ പറയുന്നത്.

   Delete
  2. ഈ കേസിന്റെ വിശദാംശങ്ങള്‍ ഒന്നു പറയാമോ? ഏത് കോടതിയിലാണു കേസു ചാര്‍ജ് ചെയ്തത്? എന്നായിരുന്നു?

   Delete
 3. You are right, Mr. Shraeef, that's what the law states. John

  ReplyDelete
 4. 40 ദിവസം കൊണ്ടുനടന്ന് അനുഭവിച്ചവര്‍ക്കെതിരെ ഇതിലേതെങ്കിലും നിയമം വര്‍ക്ക് ഔട്ട് ചെയ്തുവോ സര്‍?

  നിയമം ഒരു ചിലന്തിവലയാണെന്ന് ആ ദാര്‍ശനികന്‍ പറഞ്ഞതെത്ര ശരി?

  പണ്ട് മള്ളൂരും ആയിരം രൂപയുമുണ്ടെങ്കില്‍ ആരെ വേണമെങ്കിലും കൊല്ലാം എന്നൊരു ചൊല്ലുണ്ടായിരുന്നു

  ReplyDelete
  Replies
  1. Anonymous : കേസിന്റെ വിവരങ്ങള്‍ എനിക്കാറിയാവുന്നത് ഇതാണ്.സൂര്യനെല്ലി കേസിലെ അന്നത്തെ പെണ്‍കുട്ടി പോലീസില്‍ കൊടുത്ത പരാതി പോലീസ് തെളിവിന്റെ അഭാവം കാരണം പറഞ്ഞ് തള്ളിയപ്പോള്‍ പെണ്‍കുട്ടി കുര്യനെതിരായി സ്വകാര്യ അന്യായം മജിസ്റ്റ്ട്രേട്ട് കോടതിയില്‍ ഫയല്‍ ചെയ്ത് നടപടികള്‍ തുടരവേ കുര്യന്‍ ഹൈ കോടതിയില്‍ ബന്ധപ്പെട്ട സെക്ഷന്‍ പ്രകാരം ആ കേസ് ഡിസ്ചാര്‍ജ് ചെയ്യാന്‍ കേസ് കൊടുക്കുകയും ഹൈക്കോടതി കുര്യനെകുറ്റവിമുക്തനാക്കി അതായത് കീഴ്ക്കോടതിയില്‍ നിലവിലുള്ള കേസ് നിലനില്‍ക്കില്ലാ എന്ന് കണ്ട് വിധി ഉണ്ടാകുകയും ചെയ്തു.എന്റെ ഓര്‍മ്മ. ശരിയാണെങ്കില്‍ തുടര്‍ന്ന് സുപ്രീം കോടതിയില്‍ അപ്പീല്‍ പോയെന്നും അവിടെയും കുര്യനു അനുകൂലമായി വിധി ഉണ്ടായെന്നുമാണ് അറിവ്.

   Delete
  2. നിങ്ങളൊരു വക്കീല്ലല്ലേ. ലേഖനത്തില്‍ നിങ്ങളെഴുതി, സ്ത്രീയുടെ മൊഴി മാത്രം മതി കേസ് എടുക്കാന്‍ എന്ന്. അപ്പോള്‍ പിന്നെ ഹൈക്കോടതി ചെയ്തത് നിയമവിരുദ്ധമല്ലേ? കീഴ്ക്കോടതി ശിക്ഷിച്ചവരെ ഹൈക്കോടതി വെറുതെ വിട്ടു എന്നായിരുന്നു കുര്യന്റെ സുപ്രീം കോടതിയിലെ വാദം. ആ വിധി തന്നെ ഇപ്പോള്‍ സുപ്രീം കോടതി റദ്ദാക്കിയപ്പോള്‍ കുര്യനെ സുപ്രീം കോടതി കുറ്റ വിമുക്തനാക്കി എന്നു പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്?

   Delete
  3. Anonymous : ആദ്യമേ തന്നെ ഒന്ന് പറഞ്ഞ് വെക്കട്ടെ. ഞാന്‍ വക്കീലല്ല. എന്റെ പൂര്‍വാശ്രമം നീതിന്യായ വകുപ്പായിരുന്നു. അത്രമാത്രം.

   ഇനി താങ്കളുടെ ചോദ്യത്തിന് മറുപടി. സ്ത്രീയുടെ മൊഴി മാത്രം മതി കേസെടുക്കാന്‍ എന്ന വകുപ്പ് ഇപ്പോള്‍ മാത്രമാണ് നിലവില്‍ വന്നത് . അന്ന് ഹൈക്കോടതി കുര്യനെ കുറ്റ വിമുക്താനാക്കിയ സമയം അത് നിലവിലില്ല. തനിക്കെതിരെ ഇന്ന കോടതിയില്‍ നിലവിലുള്ള കേസ് കെട്ടി ചമച്ചതാണെന്നും അത് ഇന്ന ഇന്ന കാരണങ്ങളാല്‍ ആ കേസ് നില നില്‍ക്കില്ലെന്നും അത് കൊണ്ട് തനിക്കെതിരെ ചാര്‍ജ് ചെയ്ത കേസില്‍ നിന്നും തന്നെ വിമുക്തനാക്കണമെന്നും ആ വശ്യപ്പെട്ട് കീഴ്ക്കോടതിയിലെ പ്രതി ക്രിമിനല്‍ പ്രൊസീഡര്‍ കോഡിലെ ബന്ധപ്പെട്ട വകുപ്പിന്‍ പ്രകാരം അന്ന് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സാധാരണ നടപടി ക്രമങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ ഹൈക്കോടതി അന്ന് കുറ്റ വിമുക്തനാക്കിയത് എന്നാണ് എന്റെ അറിവ്..സ്ത്രീയുടെ മൊഴി മാത്രം മതി കേസെടുക്കാന്‍ എന്ന നിയമ ഭേദഗതി ഇപ്പോള്‍ നിലവില്‍ വന്നപ്പോള്‍ ആ കാഴ്ചപ്പാടില്‍ പ്രതിക്കെതിരെ കേസിലെ പെണ്‍കുട്ടി ഇപ്പോള്‍ ആദ്യം പോലീസ് സ്റ്റേഷനിലും അവര്‍ നടപടികള്‍ എടുക്കാത്തതിനാല്‍ പിന്നീട് കോടതിയില്‍ സ്വകാര്യ അന്യായം മുഖേനെയും സങ്കട പരിഹാരത്തിനു ഇപ്പോള്‍ ശ്രമം നടത്തുന്നു എന്ന് പത്ര വാര്‍ത്ത ഉണ്ടായിരുന്നു. സുപ്രീകോടതിയിലെ കുര്യന്റെ വാദം അന്ന് ഏത് ഗ്രൌണ്ടീലായിരുന്നു എന്ന് ഞാന്‍ ഓര്‍മ്മിക്കുന്നില്ല. പക്ഷേ സുപ്രീം കോടതിയില്‍ ഇപ്പോള്‍ വിധിച്ച കേസിലെ വിധിയില്‍ പഴയ കേസിന്റെ വിധി എടുത്ത് പറയാത്തിടത്തോളം കാലം പണ്ട് വെറുതെ വിട്ട കേസിലെ വിധി ഇപ്പോഴത്തെ വിധിയിലൂടെ അസ്തിരപ്പെടില്ല എന്നാണെന്നെന്റെ അറിവ്. പഴയ വിധി അസ്ഥിരപ്പെടുത്താന്‍ പ്രത്യേകമായി തന്നെ മൂവ്മെന്റ് ഉണ്ടാകണമെന്ന് തോന്നുന്നു.

   നിയമത്തിനും കോടതികള്‍ക്കും അതിന്റേതായ നടപടി ക്രമങ്ങളും രീതികളും വ്യവസ്ഥകളും ഉണ്ട്. പുറത്ത് എന്ത് കോലാഹലം നടന്നാലും അവയൊന്നും കോലാഹലത്തിനു അനുസൃതമായി മാറ്റാനും മറിക്കാനും കഴിയില്ല. നിയമം അത് എഴുതി വെച്ച വഴിയേ പോകും. പക്ഷേ പുതുതായി നിയമം സൃഷ്ടിക്കപ്പെടുമ്പോള്‍ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന അതിന്റെ ന്യൂനതകള്‍ കൂട്ടി ചേര്‍ക്കലോ തിരുത്തലോ മുഖേനെ പരിഹരിക്കാന്‍ നിയമ നിര്‍മ്മാതാക്കളെ ഉദ്ബുദ്ധരാക്കുന്നതിനു ന്യൂനതകള്‍ ചൂണ്ടിക്കാണിക്കേണ്ടത് ജനാധിപത്യ വ്യവസ്ഥയില്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്.

   Delete
  4. പെണ്‍കുട്ടി പുതിയ അന്യായം ഫയല്‍ ചെയ്യന്‍ പോകുന്നു എന്ന വാര്‍ത്ത ഉണ്ടായിരുന്നു. ധര്‍മ്മരാജന്റെയും, ഇടിക്കുളയുടെ ഭാര്യയുടെയും, ബി ജെ പി നേതാവിന്റെയുമൊക്കെ പുതിയ വെളിപ്പെടുത്തലുകൂടി കണക്കിലെടുത്താല്‍ കുര്യനെതിരെ ഒരു കേസു നിലനില്‍ക്കില്ലേ?

   Delete
  5. കൊടുത്ത കേസ് മജിസ്ട്രേറ്റ് തള്ളിയതായി ഇന്ന് വാര്‍ത്ത ഉണ്ടയിരുന്നു.

   Delete